ഇരുപതു വർഷം നീണ്ട യുദ്ധം അതിന്റെ പര്യവസാനത്തിൽ, പ്രത്യേകിച്ചും 2011-ൽ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ യു.എസ്. സൈന്യത്തിന്റെ പിൻവാങ്ങൽ പ്രഖ്യാപിച്ചതിനുശേഷം കാബൂളിലേക്കുള്ള താലിബാന്റെ തിരിച്ചുവരവ് ഒഴിവാക്കാനാകാത്ത ഒന്നായിമാറിയിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് എതിർക്കപ്പെടാനാരുമില്ലാതെ താലിബാൻ കടന്നുകയറുന്നതിന്റെയും പാലായനത്തിന്റെയും ദൃശ്യങ്ങളും കാബൂൾ വീണുപോയ രീതിയുമെല്ലാം ആഗോളചിത്രംതന്നെ മാറിമറിയാൻ പോകുന്നതിന്റെ മുന്നോടിയാണ്.

ഭീകരവാദികൾക്ക് പുതിയ ഉത്സാഹം

അഫ്ഗാനിൽ താലിബാനെതിരേ നിൽക്കുന്നവരടക്കം ദക്ഷിണേഷ്യയിലെയും ആഫ്രിക്കമുതൽ പശ്ചിമേഷ്യവരെയുമുള്ള ജിഹാദി സംഘടനകൾ മുഴുവൻ ഇതിനെ ഇസ്‌ലാമിന്റെ അനിഷേധ്യവിജയമെന്ന് വാഴ്‌ത്തും. ഖൊറാസന്റെ (ആധുനിക അഫ്ഗാനിസ്താൻ ഉൾപ്പെടുന്ന ചരിത്ര നഗരം) മണ്ണിൽ ‘അവിശ്വാസികളെ ജയിച്ച മുസ്‌ലിം സൈന്യ’മെന്ന ജിഹാദി ലക്ഷ്യം നിറവേറ്റിയവരെന്ന് താലിബാന്റെ വിജയം വരുംകാലങ്ങളിൽ ചിത്രീകരിക്കപ്പെടും. ഇസ്‌ലാമിക് സ്റ്റേറ്റിനെയും അൽ ഖായിദയെയും ബോക്കോ ഹറാമിനെയുംപോലെ അടുത്തകാലത്ത് പരാജയപ്പെട്ട ഭീകരസംഘടനകളുടെ ആരാധകർ മൗലിക ഇസ്‌ലാമിന്റെ പുതിയ മുഖമെന്നുകണ്ട് താലിബാനുമായി സന്ധിചെയ്യാൻ തുടങ്ങും, പ്രത്യേകിച്ചും ജിഹാദി സംഘടനകൾ. ദക്ഷിണേഷ്യയിൽ താലിബാന്റെ കുടക്കീഴിൽ ഇവർ വീണ്ടും നിർബാധം വിഹരിക്കും. മറ്റിടങ്ങളിൽ, ഇസ്‌ലാമിക് എമിറേറ്റ്‌സ് എന്ന പേരിൽ ആഗോളതലത്തിൽ ഉടൻ അംഗീകരിക്കപ്പെടാൻ പോകുന്ന താലിബാന്റെ രീതികൾ പരക്കേ അനുകരിക്കപ്പെടും.

കാബൂൾ താലിബാന് കീഴടങ്ങുന്നതിന് തൊട്ടുമുന്പ് അഫ്ഗാനിസ്താനുമായുള്ള എല്ലാ അതിർത്തികളും പാകിസ്താൻ അടിച്ചിരുന്നു. താലിബാൻ അഫ്ഗാൻ ഭരണമേറ്റെടുത്താൽ അവിടെനിന്ന് പലായനം ചെയ്യുന്നവർ ഇറാൻ വഴി പടിഞ്ഞാറൻ നാടുകളിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന് പാകിസ്താന് മുൻകൂട്ടി ബോധ്യമുണ്ടായിരുന്നതിനാലാണിത്. യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികൾക്കിടയിൽ നുഴഞ്ഞുകയറാൻ തീവ്രവാദ സംഘടനകൾക്ക് വീണ്ടും ഇത് അവസരമുണ്ടാക്കും.കാബൂളിലെ സംഭവവികാസങ്ങൾ, ബോക്കോ ഹറാമിനെയും ഇസ്‌ലാമിക് സ്റ്റേറ്റിനെയും പോലെയുള്ള സംഘടനകൾക്ക് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്ന് വിദേശസൈന്യങ്ങൾ പിൻവാങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന നിശ്ശബ്ദസന്ദേശം നൽകുന്നുണ്ട്. ഇറാഖിൽ, അമേരിക്ക ഇറാഖി സൈന്യത്തിന് ചുമതല കൈമാറുന്ന നിമിഷം കാത്തിരിപ്പാണ്‌  ഐസിസ്. സാഹേലിൽനിന്നുള്ള ഫ്രഞ്ച് സൈന്യത്തിന്റെ പിന്മാറ്റം ആഫ്രിക്കയിലെ ജിഹാദി സംഘടനകളെയും ശക്തിപ്പെടുത്തും.

‘സ്ഥിരത’ മുന്നിൽക്കണ്ട് മേഖലയിൽ സ്വേച്ഛാധിപത്യനിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു പാശ്ചാത്യരാജ്യങ്ങൾ. ഇതുമാത്രമാണ് താലിബാനടക്കമുള്ള ജിഹാദി സംഘടനകൾക്കുവേണ്ടിയിരുന്നതും. തങ്ങൾക്ക് രാജ്യത്തിന്റെ ചുമതല വഹിക്കാനാകുമെന്ന് സംശയമെന്യേ തെളിയിക്കാൻ  പശ്ചിമ ആഫ്രിക്കയിൽ ബോക്കോ ഹറാമിനോ ഇറാഖിലെ ഐസിസിനോ കഴിഞ്ഞാൽ പതിയെപ്പതിയെ അവർ ഐക്യരാഷ്ട്രസഭയിൽപ്പോലും ഇരിപ്പിടം കരസ്ഥമാക്കും.  

രാഷ്ട്രീയമാനങ്ങൾ

താലിബാന് ഇനി സ്വന്തം സമ്പത്ത് വളർത്തിയെടുക്കാം. ദക്ഷിണേഷ്യയിലെ മറ്റ് ജിഹാദി സംഘടനകളിലുള്ള സ്വാധീനം വർധിപ്പിച്ച് മേഖലയിലെ ചൈനയുടെ സാമ്പത്തിക ഇടനാഴിയുടെ കാവലാളായിമാറാൻ താലിബാനാകും. അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിലൂടെ കടന്നുപോകുന്ന 1.4 ലക്ഷം കോടി ഡോളറിന്റെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ തീവ്രവാദസംഘടനകളും പാകിസ്താനിലെ ദേശീയവാദ സംഘടനകളും ലക്ഷ്യമിടുന്നത് പതിവാണ്. ചൈനീസ് കമ്പനികൾക്കു സമർപ്പിക്കാൻ 51.9 ലക്ഷം കോടി രൂപവരുന്ന അഫ്ഗാനിസ്താന്റെ ധാതുശേഖരസമ്പത്ത് താലിബാന് മുന്നിലുണ്ട്. യു.എസിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രമാണങ്ങളെക്കുറിച്ച് ചൈനയ്ക്ക് വിഷമിക്കേണ്ടതില്ലല്ലോ. പകരം ഉയ്ഗുർ മുസ്‌ലിങ്ങൾക്കുനേരെ ചൈന നടത്തുന്ന മനുഷ്യാവകാശധ്വംസനങ്ങളെ താലിബാനും പിന്തുണയ്ക്കും. തങ്ങളുടെ ഭരണത്തെ നിയമപരമായി അംഗീകരിക്കാൻ മുസ്‌ലിംവിരുദ്ധ ഭരണകൂടങ്ങളുമായി സഹകരിക്കാനും താലിബാൻ തയ്യാറാണ്. ഇന്ന് നിയമപരമായ അംഗീകാരത്തിൽ കുറഞ്ഞൊന്നും മൗലിക ഇസ്‌ലാമിക സംഘടനകൾ ആഗ്രഹിക്കുന്നുമില്ല. അതാണ് ഇപ്പോൾ ആഗോള ജിഹാദിന്റെ പ്രധാനലക്ഷ്യം.

ഈ വ്യഗ്രതയിൽ, ഇത്തരം സംഘടനകൾക്ക് അഫ്ഗാൻ താലിബാനെ ചുറ്റിപ്പറ്റിയുള്ള കഥകൾ പ്രോത്സാഹനമാകും. ഇമ്രാൻഖാനെപ്പോലെയുള്ള ഇസ്‌ലാമിക മുതലെടുപ്പ് രാഷ്ട്രീയക്കാർ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചുവെന്ന് താലിബാനെ അഭിനന്ദിക്കും. താലിബാനെ ചർച്ചയ്ക്ക് ക്ഷണിക്കുമെന്ന്  തുർക്കിയിലെ രജപ് തയ്യിപ് ഉർദുഗാൻ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം, പടിഞ്ഞാറൻ രാജ്യങ്ങളിൽ ചിലർ കോളനിവത്കരണത്തിനെതിരേയുള്ള ശക്തിയായി ചിത്രീകരിച്ച് താലിബാന് നിയമപരമായി സാധുതനൽകാനുള്ള സാധ്യതകളാരായുന്നു.

മതന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഭിന്നലിംഗത്തിൽപ്പെട്ടവരെയും തങ്ങൾക്കെതിരേ നിൽക്കുന്ന മറ്റെല്ലാവരെയും തുടച്ചുനീക്കാനായി മറ്റു സംഘടനകളും ജിഹാദി ആശയങ്ങൾ ഉപയോഗിക്കും. വൻ ശക്തികളോട്‌ യുദ്ധം പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാൻ പ്രായോഗിക ജ്ഞാനം നേടിയിട്ടുള്ളതാണ് ഈ പുതിയ ജിഹാദ്. ഇതിനു പ്രതിഫലമെന്നോണം ഇസ്‌ലാമിക ഭരണകൂടങ്ങളുടെ ആഭ്യന്തര മനുഷ്യാവകാശ ധ്വംസനങ്ങളോടു കണ്ണടയ്ക്കുകയാകും പാശ്ചാത്യലോകം ചെയ്യുക.

(പാകിസ്താനിലെ പ്രമുഖ കോളമിസ്റ്റും പത്രപ്രവർത്തകനുമാണ്‌ ലേഖകൻ)