2021 ജൂലായ്‌ ഒന്നിനാണ് കാർട്ടർ മൽകാഷ്യാൻ എഴുതിയ ‘ദ അമേരിക്കൻ വാർ ഇൻ അഫ്ഗാനിസ്താൻ: എ ഹിസ്റ്ററി’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. 2015-2019 കാലത്ത് ജനറൽ ജോസഫ് ഡൺഫോഡിന്റെ (ചെയർമാൻ ഓഫ് ദ ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്) സ്പെഷ്യൽ അസിസ്റ്റന്റായും ഹെൽമണ്ട് പ്രവിശ്യയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പൊളിറ്റിക്കൽ ഓഫീസറായും പ്രവർത്തിച്ചിരുന്ന മൽകാഷ്യാന്‌ ചരിത്രത്തിൽ ഓക്സ്ഫഡിൽനിന്ന് ഗവേഷണബിരുദമുണ്ട്. കൂടാതെ പഷ്‌നോ ഭാഷ അനായാസേന കൈകാര്യം ചെയ്യാനുമറിയാം, അദ്ദേഹത്തിന്. ഇപ്പോൾ താലിബാന്റെ ‘മിന്നൽ വിജയ’ത്തിന്റെ അമ്പരപ്പിലാണ് ലോകം.

10-15 ദിവസങ്ങൾക്കുള്ളിൽ താലിബാന്‌ സ്വതവേ സ്വാധീനമില്ലാത്ത ഉത്തര അഫ്ഗാൻ പ്രവിശ്യകളും പിന്നീട് താലിബാന്റെ ശക്തികേന്ദ്രങ്ങളായ കാണ്ഡഹാർ ഉൾപ്പെടെയുള്ള തെക്കൻ പ്രവിശ്യകളും അഫ്ഗാൻ ദേശീയസൈന്യത്തിന്റെ നാമമാത്ര ചെറുത്തുനിൽപ്പുപോലും നേരിടാതെ കീഴടക്കുകയും തുടർന്ന് കാബൂൾ ഒരു പീരങ്കിവെടിപോലും പൊട്ടിക്കാതെ കൈവശപ്പെടുത്തുകയും ചെയ്ത താലിബാന്റെ വിജയത്തിനുപിന്നിലുള്ള ‘ഇന്ദ്രജാലം’ എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. അമേരിക്കയുടെ 20 കൊല്ലം നീണ്ട അഫ്ഗാൻ യുദ്ധപർവത്തെ വിവസ്ത്രമാക്കി നിഷ്കരുണം പരിശോധിക്കുന്നു മൽകാഷ്യാൻ. താലിബാൻ വിജയത്തിൽ ഒരു ഭ്രമാത്മകതയ്ക്കും സ്ഥാനമില്ലെന്ന് സ്ഥാപിക്കുന്ന മൽകാഷ്യാൻ, ഇപ്പോൾ മാധ്യമങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾക്കു പുറമേ മറ്റുചില ഘടകങ്ങൾ കൂടി അനാച്ഛാദനം ചെയ്യുന്നു.

അമേരിക്ക പരിശീലിപ്പിച്ച് ആധുനിക സൈനിക സാമഗ്രികൾ നൽകി, ‘യുദ്ധസജ്ജ’മാക്കിയ മൂന്ന്-മൂന്നരലക്ഷം വരുന്ന അഫ്ഗാൻ ദേശീയ സൈന്യവും പോലീസും സ്പെഷ്യൽ കമാൻഡോ യൂണിറ്റുകളും ഒരുഭാഗത്ത്. മറുഭാഗത്ത് പരമാവധി മുക്കാൽ ലക്ഷം വരുന്ന താലിബാനികൾ. അവർക്കൊപ്പം പാകിസ്താനിൽനിന്നുള്ള അഫ്ഗാൻ താലിബാൻ അനുകൂല ഭീകരസംഘടനകളിൽനിന്ന് യുദ്ധമുഖത്തേക്ക് പ്രവഹിച്ച ഒരു കാൽലക്ഷവും ചേർന്നാൽ താലിബാന്റെ അംഗബലം ഒരു ലക്ഷം. മൂന്നുലക്ഷം വരുന്ന അഫ്ഗാൻ സൈനികരുടെ അഞ്ചിലൊന്ന് മാത്രമേ യഥാർഥത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയെല്ലാം ‘ഫാന്റം റോൾസിൽ’ വരുന്ന, ഇല്ലാത്ത സൈനികരുടെ പേരുവിവരപ്പട്ടികയാണെന്നും അവരുടെ പേരിൽ അഫ്ഗാനിലെ ചെറുതും വലുതുമായ കമാൻഡർമാർ പണം തട്ടുകയായിരുന്നുവെന്നും ഇപ്പോൾ ലോകത്തിനറിയാം. 8,300 കോടി ഡോളറാണ് സൈന്യമുൾപ്പെടെയുള്ള അഫ്ഗാൻ സുരക്ഷാവിഭാഗങ്ങളെ പരിശീലിപ്പിക്കാനും ആയുധമണിയിക്കാനും അമേരിക്ക ചെലവഴിച്ചത്. കൂടാതെ സൈന്യത്തിലുൾപ്പെടെ പടർന്ന ഭീകരമായ അഴിമതി, മാസങ്ങളായി ശമ്പളം കിട്ടാത്ത സൈനികർ, സേവനങ്ങളുടെയും സെനികോപകരണങ്ങളുടെയും വിതരണത്തിൽ സംഭവിച്ച ഗുരുതരവീഴ്ചകൾ, കൃത്യമായ സൈനിക തന്ത്രത്തിന്റെ അഭാവം, വളരെ നേർത്ത സുരക്ഷാ സംവിധാനങ്ങളുള്ള പാറാവതിർത്തികൾ, പാകിസ്താന്റെ അകമഴിഞ്ഞ പിന്തുണ എന്നീ ഘടകങ്ങളെല്ലാം പലരും ഇതിനിടെ ചൂണ്ടിക്കാണിച്ചതാണ്.

കാണ്ഡഹാറിലെ പല താലിബാൻ നേതാക്കളുമായി പലവട്ടം സംസാരിച്ചിട്ടുള്ള, താഴെത്തട്ടിലെ അഫ്ഗാൻ യാഥാർഥ്യം മനസ്സിലാക്കിയ മൽകാഷ്യാൻ മറ്റുചില സുപ്രധാന സംഭവങ്ങളിലേക്കും കാരണങ്ങളിലേക്കും വെളിച്ചംവീശുന്നു.

2006-ൽ, താലിബാനെ അമേരിക്ക പുറത്താക്കി അഞ്ചുവർഷം കഴിഞ്ഞ്, വിയറ്റ്‌നാമിൽ അമേരിക്ക അഭിമുഖീകരിച്ച അതിദുഷ്കര യുദ്ധത്തിന് സമാനമായ ഒരു വമ്പിച്ച ആക്രമണം താലിബാൻ നടത്തിയിരുന്നു. 2018-ലും 2019 വേനൽക്കാലത്തുമാണ് അഫ്ഗാൻ സൈന്യത്തിനും പോലീസിനും  സിവിലിയന്മാർക്കും വൻതോതിൽ അത്യാഹിതം ഉണ്ടായത്. മൽക്കാഷ്യാൻ എഴുതുന്നു: ‘യുദ്ധത്തിനു പിറകെ യുദ്ധം നടന്നിട്ടും സംഖ്യാപരമായും  സൈനികസാമഗ്രികളുടെ കാര്യത്തിലും മേന്മയേറിയ അഫ്ഗാൻ സൈന്യത്തെ  ഇതൊന്നുമില്ലാത്ത താലിബാൻ അസാധാരണമാംവിധം കീഴടക്കുന്നതാണ് കണ്ടത്’. ഇതേപ്പറ്റി 2019-ൽ കാണ്ഡഹാറിലെ ഒരു താലിബാൻ കമാൻഡറോട് ചോദിച്ചപ്പോൾ  കിട്ടിയ മറുപടി ഇതായിരുന്നു: ‘‘ഞങ്ങൾ യുദ്ധം ചെയ്യുന്നത് വിശ്വാസത്തിനുവേണ്ടിയും ജന്നത്തിനു (സ്വർഗം) വേണ്ടിയും അവിശ്വാസികളെ കൊന്നൊടുക്കുന്നതിനുവേണ്ടിയുമാണ്. അഫ്ഗാൻ സൈന്യവും പോലീസും പോരാടുന്നത് പണത്തിനുവേണ്ടി മാത്രമാണ്.’’2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ നാലുകോടിയോളം വരുന്ന അഫ്ഗാനികളിൽ വെറും 18 ലക്ഷം പേർ മാത്രമാണ് വോട്ടുചെയ്തത്. 2014 മുതൽ അഫ്ഗാനിസ്താൻ ഭരിക്കുന്ന അഷ്‌റഫ് ഗനി സർക്കാരിൽ ജനങ്ങൾ എത്രമാത്രം അവിശ്വാസം രേഖപ്പെടുത്തി എന്നതിന്റെ നിദർശനമാണത്. അക്കാലത്തുതന്നെ അഫ്ഗാനിലെ പല ഗ്രാമീണ മേഖലകളുടെയും നിയന്ത്രണം താലിബാനായിരുന്നു. 

2020 ഫെബ്രുവരിയിൽ ദോഹയിൽ വെച്ച് ട്രംപും താലിബാൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ ‘ഇടപാട്’ ഇതാണ്; 2021 െസപ്‌റ്റംബർ 11-നകം അമേരിക്കൻ സൈന്യവും നാറ്റോ സൈന്യവും അഫ്ഗാനിൽനിന്ന് പൂർണമായും പിന്മാറും അമേരിക്കൻ സൈന്യത്തെയോ സഖ്യകക്ഷികളുടെ സൈന്യത്തെയോ താലിബാൻ ആക്രമിക്കരുത്. അൽഖായിദയെപ്പോലുള്ള ഭീകരസംഘടനകൾക്ക്  അഭയം നൽകരുത്. ഇവയല്ലാതെ ഒരു വെടിനിർത്തൽ കരാറിനോ അഫ്ഗാനിസ്താനിലെ ഭാവി രാഷ്ട്രീയക്രമത്തെപ്പറ്റിയോ ഒരു ധാരണയും താലിബാനുമായി ഉണ്ടാക്കാൻ പിന്നീട് അമേരിക്ക ശ്രമിച്ചതേയില്ല. അങ്ങനെ താലിബാന് അമേരിക്ക രാഷ്ട്രീയസാധൂകരണം നൽകി. ഇതേസമയം, അഫ്ഗാൻ സൈന്യത്തെ തലങ്ങും വിലങ്ങും താലിബാൻ ‘കൈകാര്യം’ ചെയ്യുന്നുണ്ടായിരുന്നു. ഈവർഷം മേയിൽ അമേരിക്കൻ സൈന്യവും നാറ്റോ സൈന്യവും പിന്മാറിത്തുടങ്ങിയപ്പോൾ അഫ്ഗാനിസ്താൻ എന്ന യുദ്ധക്കളം താലിബാന് മലർക്കെ തുറന്നിടുകയായിരുന്നു, അമേരിക്ക. അഷ്‌റഫ് ഗനി സർക്കാർ വീഴുമെന്ന് അമേരിക്കയ്ക്കും നാറ്റോ സഖ്യകക്ഷികൾക്കും പാകിസ്താനും താലിബാനും മുൻപേ അറിയാമായിരുന്നു. സമയത്തിന്റെ കാര്യത്തിലേ ചെറിയ പിഴവ് സംഭവിച്ചുള്ളൂ! അഫ്ഗാൻ ഭൂപ്രദേശം പ്രതിരോധിക്കാൻ പര്യാപ്തമായ ഒരു അഫ്ഗാൻ സൈന്യത്തെയല്ല അമേരിക്ക സജ്ജമാക്കിയത്. ‘ഭീകരതയ്ക്കെതിരേ യുദ്ധം’ ചെയ്യാവുന്ന ഒരു സൈന്യത്തെയാണ്. ആത്മവീര്യം ചോർന്നുപോയ അഫ്ഗാൻ സൈനികരിൽ ഭൂരിഭാഗത്തിനും ഗനി സർക്കാരിനുവേണ്ടി പോരാടി മരിക്കാൻ അശേഷം താത്‌പര്യവുമുണ്ടായിരുന്നില്ല. താലിബാൻ ഭരണത്തിൽ ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ’ രണ്ടാം വരവോടെ സ്ത്രീകളും  പെൺകുട്ടികളും യുവതയുമാണ് ഉൾക്കിടിലം കൊള്ളുന്നത്. കഴിഞ്ഞ 20 വർഷം അവർ അനുഭവിച്ച സ്വാതന്ത്ര്യവും വിദ്യാഭ്യാസ- സഞ്ചാര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പെട്ടെന്ന് പോയ്‌മറയുന്നു എന്ന നടുക്കം ഇവരെ തെല്ലൊന്നുമല്ല ബാധിക്കുക. താലിബാനും പാകിസ്താനും ചൈനയും ഒരു അച്ചുതണ്ട് പോലെ പ്രവർത്തിച്ചാലുള്ള സുരക്ഷാപ്രശ്നങ്ങൾ ഇന്ത്യയെ അലട്ടുന്നു. 

(അധ്യാപകനും എഴുത്തുകാരനും വിദേശകാര്യ വിദഗ്ധനുമാണ്‌ ലേഖകൻ) 

Content Highlights: Taliban 'victory' and Pan-Asian security