താലിബാൻ സ്വാധീനത്തിലുള്ള അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും  അതിർത്തിപ്രദേശങ്ങളിലാണ് ഇപ്പോൾ പോളിയോ നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ തുടർന്നും  പോളിയോ നിലനിന്നാൽ ലോകവ്യാപകമായി രണ്ടുലക്ഷം പേരെയെങ്കിലും വർഷംതോറും പോളിയോ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളിൽനിന്നും പോളിയോ നിർമാർജനം ചെയ്യുന്നതിനുള്ള ഊർജിതശ്രമം നടന്നുവരുമ്പോഴാണ് താലിബാൻ ശക്തികളുടെ വാക്‌സിൻവിരുദ്ധ പ്രചാരണം ആരംഭിച്ചത്.  2018 മുതൽ താലിബാൻ പ്രവർത്തകർ വീടുവീടാന്തരമുള്ള പോളിയോ വാക്സിൻ വിതരണത്തെ തടസ്സപ്പെടുത്തിവരികയായിരുന്നു. കിഴക്കൻ നംഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലബാദിലെ പോളിയോ വാക്സിനേഷൻ വിതരണത്തിനായെത്തിയ  മൂന്ന് വനിതാ ആരോഗ്യപ്രവർത്തകരെ താലിബാൻ ഭീകരർ ഈ വർഷം മാർച്ച് മാസത്തിൽ വെടി​െവച്ചുകൊന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു.  ഏതാണ്ട്‌ 34 ലക്ഷം കുട്ടികൾക്കുകൂടി അഫ്ഗാനിസ്താനിൽ പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്.  താലിബാൻ പൂർണ അധികാരത്തിലെത്തിയ സ്ഥിതിക്ക് ഇനി രാജ്യത്ത് പോളിയോ വാക്‌സിൻ വിതരണം നടക്കില്ലെന്നുറപ്പാണ്.     

കോവിഡ് തരതമ്യേന കുറഞ്ഞതോതിൽ വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. 3.9 കോടി ജനസംഖ്യയുള്ള രാജ്യത്ത് 1,52,363 രോഗികളും 70,343 മരണവുമാണ് ഓഗസ്റ്റ് മൂന്നാം വാരംവരെ  റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, കോവിഡ് ടെസ്റ്റിങ്ങിന്റെ കാര്യത്തിൽ രാജ്യം വളരെ പിറകിലാണ്. ദശലക്ഷംപേരിൽ കേവലം 18,711 ടെസ്റ്റ് മാത്രം. പാകിസ്താനിൽ ദശലക്ഷത്തിൽ 75,352 പേർ ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.  ഇന്ത്യയിലാവട്ടെ 3,55,937 പേരും. കോവിഡ് വാക്സിനേഷനിലും രാജ്യം വളരെ പിന്നിൽത്തന്നെയാണ്, കേവലം രണ്ടുലക്ഷത്തിയിരുപതിനായിരം പേർക്കാണ് രണ്ടു ഡോസും നൽകിയിട്ടുള്ളത്. അതായത് കേവലം 0.6 ശതമാനം പേർക്കുമാത്രം.  രണ്ടാം തരംഗം അഫ്ഗാനിസ്താനിൽ കെട്ടടങ്ങിവരുന്നുണ്ട്. രണ്ടാംതരംഗത്തിൽ ദിനംപ്രതി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറിനുതാഴെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നത്. എന്നാൽ, വാക്സിനേഷൻ മന്ദഗതിയിലായതുകൊണ്ടും രോഗസാധ്യതയുള്ളവരുടെ എണ്ണം കൂടുതലായതുകൊണ്ടും മൂന്നാം തരംഗത്തിന് രാജ്യം അതിവേഗം വിധേയമാവുമെന്നുറപ്പാണ്.  

 എന്നാൽ, പോളിയോ വാക്സിൻപോലെ  കോവിഡ് വാക്സിനേഷനും നിരോധിക്കേണ്ടതാണെന്ന നിലപാടാണ്  താലിബാൻ സ്വീകരിച്ചുപോരുന്നത്. കിഴക്കൻ പ്രദേശമായ പാക്തിയായിൽ കോവിഡ് വാക്സിൻ വിതരണത്തിനെത്തിയവരെ ബലംപ്രയോഗിച്ച് തടയുകയും പ്രദേശിക ആശുപത്രിയിലെ കോവിഡ് വാർഡ് അടച്ചുപൂട്ടുകയും ചെയ്തവിവരം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  താലിബാൻ ഭരണത്തിൽ കോവിഡ് വാക്സിൻ വിതരണം പൂർണമായും നിരോധിക്കപ്പെടുമെന്നുള്ളതുകൊണ്ട് രാജ്യം മൂന്നാംതരംഗത്തിലേക്ക് അതിവേഗം കടക്കുമെന്നു മാത്രമല്ല, കൂടുതൽ തീവ്രതയും മരണസാധ്യതയും വ്യാപനനിരക്കുമുള്ള വൈറസ് വകഭേദത്തിന് ജന്മംനൽകാനും സാധ്യതയുണ്ട്.    വാക്സിനേഷനെതിരായ താലിബാൻ നിലപാടുമൂലം   പോളിയോ, കോവിഡ് മഹാമാരികൾ സമീപരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.  താലിബാൻ സമ്പൂർണാധികാരത്തിലെത്തിയത് അഫ്ഗാൻ ജനതയുടെ മാത്രമല്ല  ലോകജനതയുടെ  ആകെ ആരോഗ്യത്തിന് ഭീഷണിയായിമാറിയിരിക്കുകയാണ്.

Content Highlights: Taliban regime is a threat to world health