അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ‘നിതാന്തയുദ്ധം’ അവസാനിച്ചു. അമേരിക്കൻ സൈനികരിൽ 90 ശതമാനവും തിരിച്ചുപോയി. അമേരിക്ക സൈനികനടപടികൾ ഏകോപിപ്പിച്ചിരുന്ന ബാഗ്രാം വ്യോമതാവളം അഫ്ഗാൻ സൈന്യത്തിന്‌ കൈമാറി. ഓഗസ്റ്റ് 31-ന് അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാൻ മണ്ണിൽനിന്ന്‌ പുറത്തുകടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണത്. അപ്പോഴേക്കും അഫ്ഗാനിസ്താൻ ആരുടെ കൈയിലായിരിക്കും? അമേരിക്ക താങ്ങിനിർത്തിയിരുന്ന ജനാധിപത്യ സർക്കാരിന്റെയോ ജില്ലകൾ ഓരോന്നായി പിടിച്ചടക്കി മുന്നേറുന്ന താലിബാന്റെയോ? അതോ, ആഭ്യന്തരയുദ്ധത്തിൽ മുങ്ങിപ്പോകുമോ?

അമേരിക്കയുടെ വരവ്

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽ ഖായിദ ഭീകരർ തകർത്തതുമുതൽ തുടങ്ങുന്നു അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ എത്തിയതിന്റെ ചരിത്രം. ആക്രമണത്തിന്റെ ആസൂത്രകനായ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പിടിക്കാനായിരുന്നു ആ അധിനിവേശം. 2001 സെപ്റ്റംബർ 26-ന് പഞ്ചശിർ വാലിയിൽ ബോംബിട്ടുകൊണ്ട് ലാദൻവേട്ട തുടങ്ങി. അൽ ഖായിദയ്ക്കും ലാദനും സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരണകൂടത്തെ അധികാരത്തിൽനിന്ന്‌ പുറത്താക്കി. അൽ ഖായിദ നേതാക്കൾ പാകിസ്താനിലേക്കുകടന്നു. അവിടെ ഒളിവിൽക്കഴിഞ്ഞിരുന്ന ഉസാമയെ വർഷങ്ങൾക്കുശേഷം ഒബാമ സർക്കാർ വധിച്ചു. പാശ്ചാത്യശക്തികൾ മുൻകൈയെടുത്ത് അഫ്ഗാനിസ്താനിൽ ജനാധിപത്യഭരണം സ്ഥാപിച്ചെങ്കിലും താലിബാന്റെ ഭീഷണിയൊഴിഞ്ഞില്ല. അഫ്ഗാനിസ്താനിൽ സ്ഥിരതയുള്ള ഭരണമുണ്ടാക്കാൻ യു.എസ്., നാറ്റോ സേനകൾ അവിടെത്തുടർന്നു. യുദ്ധം അവസാനിച്ചില്ല. അഫ്ഗാനിസ്താൻ സ്ഥിരതയുള്ള രാഷ്ട്രമായില്ല. താലിബാന്റെ ശക്തി ക്ഷയിച്ചുമില്ല.

പിൻമാറാൻ ശ്രമം

അഫ്ഗാനിസ്താൻ എന്ന ചക്രവ്യൂഹത്തിൽനിന്ന്‌ പുറത്തുകടക്കാനായി പിന്നെ അമേരിക്കയുടെ ശ്രമം. അവിടെനിന്ന് അമേരിക്കൻ പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ആദ്യം വാഗ്ദാനംചെയ്തത് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. അതുപാലിക്കാനുള്ള ശ്രമമെന്നനിലയ്ക്ക് ചരിത്രത്തിലാദ്യമായി താലിബാനുമായി അഫ്ഗാൻ സർക്കാർ ചർച്ചനടത്തി. 2015 ജൂലായിൽ പാകിസ്താനിലായിരുന്നു ചർച്ച. അതുകൊണ്ട് ഗുണമുണ്ടായില്ല.

ഒബാമയുടെ പിൻഗാമിയായെത്തിയ ഡൊണാൾഡ് ട്രംപാകട്ടെ അമേരിക്കയും താലിബാനും തമ്മിൽ നേരിട്ടുള്ള ചർച്ചതുടങ്ങി. താലിബാനുമായി കരാറുണ്ടാക്കി. 2020 ഫെബ്രുവരിയിലുണ്ടാക്കിയ ആ കരാറനുസരിച്ച് ഇക്കൊല്ലം മേയ് ഒന്നിന് മുഴുവൻ അമേരിക്കൻ സേനാംഗങ്ങളും അഫ്ഗാനിസ്താൻ വിടേണ്ടതായിരുന്നു. അതുണ്ടായില്ല. ആക്രമണം കുറയ്ക്കുമെന്നും അൽ ഖായിദ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ മറ്റുഭീകരസംഘടനകളെ നിയന്ത്രിക്കുമെന്നുമൊക്കെയുള്ള കരാർ ധാരണകൾ താലിബാനും പാലിച്ചില്ല.

ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻ, സൈന്യത്തിന്റെ പിൻമാറ്റക്കാലപരിധി സെപ്റ്റംബർ 11 വരെ നീട്ടി. ആ സമയക്രമം താലിബാന്‌ സ്വീകാര്യമായില്ല. വാഗ്ദാനംചെയ്തതുപോലെ അമേരിക്കൻ സൈന്യം മേയ് ഒന്നിനുതന്നെ പൂർണമായി ഒഴിഞ്ഞുപോയില്ല എന്നതിന്റെപേരിൽ താലിബാൻ തുടങ്ങിയ ആക്രമണമാണ് ജില്ലകൾ ഓരോന്നായി കൈയടക്കി മുന്നേറുന്നത്.

താലിബാന്റെ കൈയിൽ

അഫ്ഗാനിസ്താനിലെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു. മൂന്നിലൊന്നുജില്ലകളും ഏതാനും ആഴ്ചയ്ക്കുള്ളിലാണ് അവർ കൈയടക്കിയത്. എന്നാൽ, അഫ്ഗാൻ സർക്കാർ ഇത്‌ സമ്മതിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വതന്ത്രസ്ഥിരീകരണം സാധ്യമായിട്ടുമില്ല. ഒന്നരക്കോടിയോളം അഫ്ഗാൻകാർ താലിബാൻ നിയന്ത്രണജില്ലകളിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. ഒരുകോടിപ്പേർ സർക്കാർഭരണത്തിൻകീഴിലും. ബാക്കി 90 ലക്ഷം പേർ പാർക്കുന്ന പ്രദേശങ്ങളുടെ അവകാശം ആർക്കെന്നതിനെച്ചൊല്ലി തർക്കമാണ്. ജില്ലകൾ താലിബാൻ നിയന്ത്രണത്തിലെന്നാൽ അവിടത്തെ വിദ്യാഭ്യാസവും നികുതിപിരിവും ഉൾപ്പെടെ എല്ലാകാര്യങ്ങളും അവരുടെ ഷൂറകൾക്ക് (കൗൺസിലുകൾ) ആണെന്നർഥം.

1996 മുതൽ 2001 വരെയുള്ള താലിബാന്റെ ശിലായുഗസമാനമായ ഭരണം പല അഫ്ഗാൻകാരുടെയും മനസ്സിലുണ്ട്. അന്ന് സ്ത്രീകളുടെ ജീവിതം ദയനീയമായിരുന്നു. അമേരിക്കൻ അധിനിവേശം അവരുടെ ജീവിതത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്. പെൺകുട്ടികളുടെ ചിരിമുഴങ്ങുന്ന പള്ളിക്കൂടങ്ങളും വഴികളും പതിവുകാഴ്ചയായി. സ്ത്രീകൾക്ക് തൊഴിൽചെയ്യാനും പോലീസിലും പട്ടാളത്തിലുംവരെ ചേരാനും കഴിഞ്ഞു. 2018-ലെ കണക്കനുസരിച്ച് അഫ്ഗാൻ പോലീസിൽ 3231-ഉം വ്യോമസേനയിലുൾപ്പെടെ സൈന്യത്തിൽ 1312-ഉം സ്ത്രീകളുണ്ട്. സിവിൽ സർവീസിൽ 21 ശതമാനം സ്ത്രീകൾ. പാർലമെന്റിൽ 27 ശതമാനവും. 20 ആണ്ടുകൊണ്ട് ഇത്രമേൽ മാറിപ്പോയ സ്ത്രീജീവിതങ്ങളെ താലിബാൻ എങ്ങനെ കൈകാര്യംചെയ്യുമെന്ന ഭയമുയരുന്നു. അധികാരത്തിലെത്തിയാൽ പഠിക്കാനും ജോലിക്കുപോകാനും സ്ത്രീകളെ അനുവദിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇപ്പോൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ.

ഇനി എത്രനാൾ

മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ സമയമായിട്ടില്ല എന്ന പെന്റഗണിന്റെ വാക്ക് കണക്കിലെടുക്കാതെയാണ് ബൈഡൻ മുന്നോട്ടുപോയത്. അഫ്ഗാനിസ്താനെ സ്ഥിരതയുള്ള ജനാധിപത്യരാജ്യമാക്കാൻ അമേരിക്കൻസൈന്യം ഇനിയുമവിടെ തുടരണമെന്ന വാദത്തിന് ന്യായീകരണമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താനിലേതിനെക്കാൾ ശ്രദ്ധയാവശ്യം പശ്ചിമേഷ്യയിലാണ്. അതിനെക്കാളുപരി പസഫിക് മേഖലയിൽ ചൈനയുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും വേണം. ദാരിദ്ര്യം, വംശീയാസമത്വം, കോവിഡ് പോലുള്ള പുതുരോഗങ്ങൾ എന്നിവയെ നേരിടാൻ ആളും അർഥവും വേണം. പുത്തൻ സാങ്കേതികവിദ്യകൾക്കായി പണംമുടക്കണം. അങ്ങനെവരുമ്പോൾ അഫ്ഗാനിസ്താനെ കൈവെടിയുന്നതാണ് ലാഭം.

അരക്ഷിതത്വത്തിലേക്കുവീഴുകയാണ് അഫ്ഗാനിസ്താൻ. ആറുമാസത്തിനുള്ളിൽ അഫ്ഗാൻസർക്കാർ വീഴുമെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ താലിബാനുമായി അടുപ്പത്തിനുനോക്കുകയാണ് അഫ്ഗാനിസ്താന്റെ അയൽരാജ്യങ്ങൾ.

ഇന്ത്യയുടെ ബന്ധം

അഫ്ഗാനിസ്താനിലെ ജനാധിപത്യപുനഃസ്ഥാപനത്തിനും അടിസ്ഥാനസൗകര്യ നിർമാണത്തിലും നിർണായക പങ്കുവഹിച്ചിരുന്നു ഇന്ത്യ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചാൽ അത് ഇന്ത്യക്ക് ദോഷകരമായി ഭവിക്കും. കാരണം, പാകിസ്താൻ പോറ്റിവളർത്തിയ പല ഭീകരസംഘങ്ങളിലൊന്നാണ് താലിബാൻ. 1990-കളിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച മൂന്നുരാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. താലിബാൻ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യ ഏറെ ദുരിതമനുഭവിച്ചു. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളും കാണ്ഡഹാർ വിമാനറാഞ്ചലും ഉദാഹരണങ്ങൾ.

അമേരിക്ക പിൻമാറുന്ന അഫ്ഗാനിസ്താനിൽ ഇടപെടാൻ ഒരുക്കംകൂട്ടുകയാണ് പാകിസ്താനും ചൈനയും റഷ്യയും. റഷ്യ ഇതിനകം പലതവണ താലിബാനുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.  അഫ്ഗാനിസ്താന്റെ കിഴക്കേ അതിർത്തി പങ്കിടുന്ന ചൈനയാകട്ടെ കൈനനയാതെ മീൻപിടിക്കാൻ നോക്കുന്നു. പാകിസ്താനെ മുന്നിൽനിർത്തിയാണ് ഈ ശ്രമം. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള ഹൈവേകൾ അഫ്ഗാനിസ്താനിലൂടെ പണിയാൻ നോക്കുന്നു. ചൈനയെ സുഹൃത്തെന്നുവിളിച്ച താലിബാനാകട്ടെ, അഫ്ഗാനിസ്താനിൽ നിക്ഷേപമിറക്കാൻ അവരെ ക്ഷണിച്ചും കഴിഞ്ഞു. 

പടിഞ്ഞാറേ അതിർത്തിരാജ്യമായ ഇറാനാണ് ഇടപെടാനിടയുള്ള മറ്റൊരു കൂട്ടർ. ഇതെല്ലാം മനസ്സിലാക്കിയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ഇറാൻ സന്ദർശിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം അഫ്‌ഗാൻ പ്രസിഡന്റ്‌ ഗനിയേയും കണ്ടിരുന്നു. താലിബാനുമായി ഇന്ത്യ പിൻവാതിൽ ചർച്ചകൾ നടത്തുന്നു എന്ന വാർത്തയും ജൂൺ ആദ്യം പുറത്തുവന്നിരുന്നു.  

ആസന്നമായ ആഭ്യന്തരയുദ്ധം

കടലാസിൽ കരുത്തരും നാറ്റോയുടെ പരിശീലനംകിട്ടിയവരുമെങ്കിലും അഫ്ഗാൻസൈന്യത്തിന് ആത്മവീര്യം പോരാ. ചില ജില്ലകളിൽ പട്ടാളക്കാർ താലിബാന് ആയുധംവെച്ച്‌ കീഴടങ്ങി. ആയിരത്തോളംപേർ അയൽരാജ്യമായ താജികിസ്താനിലേക്ക് ഓടിപ്പോയി. തുർക്‌മെനിസ്താൻ അതിർത്തിയോടുചേർന്ന ഫര്യാബാദ് പ്രവിശ്യയിൽ കീഴടങ്ങിയ കമാൻഡോകളിൽ 22 പേരെ താലിബാൻ വിധിച്ചെന്ന വാർത്തകളും വരുന്നു. നാട്ടുകാരോടും പഴയ യുദ്ധപ്രഭുക്കളോടും താലിബാനെതിരേ ആയുധമെടുക്കാൻ ആവശ്യപ്പെടുന്നു അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷറഫ് ഗനി. പണ്ട് സോവിയറ്റ് യൂണിയനോടും താലിബാനോടും ഏറ്റുമുട്ടിയ അത്ത മുഹമ്മദ് നൂറിനെപ്പോലുള്ളവർ സ്വന്തം നിലയ്ക്ക് ചെറുത്തുനിൽപ്പ് നടത്തുന്നു. ഖോർ പ്രവിശ്യയിൽ സ്ത്രീകൾ ആയുധമെടുത്തിറങ്ങുന്നു.

ട്രംപിന്റെ ഉടമ്പടിയിലെപ്പോലെ താലിബാനും അഫ്ഗാൻ ഭരണകൂടവും ചർച്ചനടത്തി അധികാരം പങ്കിടാൻ ധാരണയായാൽ ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് താത്കാലികമായെങ്കിലും അറുതിയാവും. അതിന് ആര് മുൻകൈയെടുക്കുമെന്നതാണ് ചോദ്യം. അമേരിക്കയുടെ കാര്യമെടുത്താൽ, അവർ നടത്തിയതോ മുഖ്യപങ്കാളികളായതോ ആയ യുദ്ധങ്ങളൊന്നും ഒടുങ്ങിയിട്ടില്ല. അന്നാടുകളിലൊന്നും സ്വതന്ത്രജനാധിപത്യം പുലരുന്നുമില്ല. ഇറാഖും ലിബിയയും സിറിയയും യെമെനുമെല്ലാം ഉദാഹരണം. അഫ്ഗാനിസ്താനും മറ്റൊരു അശാന്തഭൂമിയായി ഒടുങ്ങുമോ എന്നേ ഇനി അറിയാനുള്ളൂ.