തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരവും ചുമതലയും എന്തെന്ന് ബോധ്യപ്പെടുത്തിത്തരുംമുമ്പ് മദ്രാസ് ക്രിസ്ത്യൻകോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളെ വരച്ചവരയിൽ നിർത്തിയ വാർഡനെക്കുറിച്ചുള്ള ചിത്രമാണ് ടി.എൻ. ശേഷനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്നത്. ഇന്റർമീഡിയറ്റ് കോഴ്സിന് എം.സി.സി.യിൽ ഞാൻ ചേർന്നപ്പോൾ ശേഷൻ കോളേജിൽനിന്ന് എം.എസ് സി. ഫിസിക്സ് പഠനം പൂർത്തിയാക്കിയിരുന്നു. കോഴ്സിനുശേഷം ജോലി അന്വേഷിക്കുന്നതിനായി ശേഷൻ കുറച്ചുകാലം കോളേജ് ഹോസ്റ്റൽവാർഡനായി പ്രവർത്തിച്ചു. ഞാനും ഈ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. ശ്രീലങ്കയിൽനിന്ന് കുറെ വിദ്യാർഥികൾ അന്ന് കോളേജിൽ പഠിച്ചിരുന്നു.
ഹോസ്റ്റലിൽ രാത്രി വൈകി എത്തുകയും ബഹളംവെക്കുകയും ചെയ്യുന്ന ശ്രീലങ്കൻവിദ്യാർഥികളെ നിയന്ത്രിക്കുകയെന്നത് ഹോസ്റ്റൽ വാർഡന്മാർക്ക് വലിയ പ്രയാസമായിരുന്നു. ഹോസ്റ്റൽനിയമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ കണിശക്കാരനായ ശേഷൻ ശ്രീലങ്കൻകുട്ടികളെ നേരിട്ടു. ഇത് പലപ്പോഴും ഹോസ്റ്റലിൽ പ്രശ്നങ്ങൾക്ക് കാരണമായി. ഒടുവിൽ താത്കാലികാധ്യാപകന്റെ ജോലി നൽകി കോളേജ് അധികൃതർ ശേഷനെ വാർഡൻസ്ഥാനത്തുനിന്ന് മാറ്റി. താമസിയാതെ ഐ.എ.എസ്. ലഭിച്ചെങ്കിലും സ്വപ്നംകണ്ടതുപോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സംവിധാനം അനുവദിക്കില്ലെന്ന് ശേഷൻ തിരിച്ചറിഞ്ഞു. മധുര കളക്ടറായിരിക്കേ ഒരു വെടിവെപ്പ് സംഭവത്തെത്തുടർന്ന് നിർബന്ധിതഅവധിയിൽ പ്രവേശിക്കേണ്ടിവന്നു.
ഡൽഹിയിൽ വിവിധ മന്ത്രാലയങ്ങളിൽ ജോലിചെയ്തെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം രാജ്യത്തിന് ലഭിക്കാതെപോയി എന്നാണ് കരുതുന്നത്. ഭരിക്കുന്നവരുടെ ഉപകരണമായി പ്രവർത്തിക്കാൻ തയ്യാറാവുന്നവരെമാത്രമേ ഭരണാധികാരികൾക്ക് ആവശ്യമുള്ളൂവെന്ന് ശേഷൻ തിരിച്ചറിഞ്ഞു. പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദവി കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശേഷന് സാധിക്കുമായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലുമുള്ള താത്പര്യമാണ് ഇത്തരം പ്രയാസങ്ങളെ അതിജീവിക്കാൻ ശേഷന് സഹായകമായത്. ഡൽഹിയിലുള്ളപ്പോൾ പല അവസരത്തിലും സൗഹൃദംപങ്കിടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച ഭരണാധികാരിയെന്ന് പേരെടുത്ത ശേഷൻ ശാസ്ത്രവിഷയത്തിൽ പ്രവർത്തനം തുടർന്നിരുന്നെങ്കിൽ മികച്ച ശാസ്ത്രജ്ഞൻ എന്നനിലയിലാവുമായിരുന്നു അറിയപ്പെടുക.