എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്, എന്റെകൂടെ വർഷങ്ങൾ പഠിച്ച ശാന്തനും ലജ്ജാലുവുമായ ആ കുട്ടി എങ്ങനെ ഇത്ര രൗദ്രനായി? സദാസമയവും പുസ്തകത്തിൽ മുഖമാഴ്ത്തിയിരിക്കുന്ന ആ കുറിയ മനുഷ്യൻ എങ്ങനെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കിടുകിടാ വിറപ്പിച്ച ടി.എൻ. ശേഷനെന്ന മേധാവിയായി? എനിക്ക് ഒരുകാലത്തും ഉൾക്കൊള്ളാനായിട്ടില്ല ഈ മാറ്റം.1942-ൽ രണ്ടാം ഫോറത്തിലാണ്(ആറാം ക്ലാസ്) ഞാൻ പാലക്കാട് ബി.ഇ.എം. ഹൈസ്കൂളിൽ ചേരുന്നത്. ആ സമയത്ത് സ്കൂളിൽ ടോപ്പ് സ്കോററായി ടി.എൻ.ശേഷനുണ്ടായിരുന്നു. എന്നാൽ, ആ വർഷംമുതൽ ഞാൻ ആ കുത്തക തകർത്തു. ഞാനായി സ്കൂളിൽ ഫസ്റ്റ്. ശേഷൻ രണ്ടാംസ്ഥാനക്കാരനായി. ഞങ്ങൾക്കിടയിൽ ഒരുതരത്തിലുമുള്ള അസൂയയോ കുശുമ്പോ ഉണ്ടായിരുന്നില്ല. അതേസമയം, നല്ല മത്സരമുണ്ടായിരുന്നു. നല്ലസുഹൃത്തുക്കളായി ഞങ്ങൾ തുടർന്നു. ശേഷൻ വലുപ്പംകൊണ്ട് ചെറിയ ആളായിരുന്നതിനാൽ എപ്പോഴും മുൻബെഞ്ചിലായിരുന്നു സ്ഥാനം. ഞാനാണെങ്കിൽ പിൻബെഞ്ചിലും. എനിക്ക് കായികമേഖലയിൽ താത്പര്യമുണ്ടായിരുന്നു; പ്രത്യേകിച്ച് ഫുട്ബോളിൽ. എന്നാൽ, ശേഷൻ സദാസമയവും പുസ്തകങ്ങളുടെ ലോകത്തായിരിക്കും. അതുകൊണ്ട് അദ്ദേഹത്തിന് പല ഗുണങ്ങളുമുണ്ടായി. ആറാം ക്ലാസുകാരന്റെ ഇംഗ്ലീഷ് പ്രാവീണ്യം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മനോഹരമായ ഭാഷ സ്വന്തമായുണ്ടായിരുന്നു ശേഷന്.
ഞങ്ങളുടെ ആരോഗ്യകരമായ മത്സരത്തിന് പരിസമാപ്തിയുണ്ടായത് ശേഷന്റെ മുന്നേറ്റത്തോടെയാണ്. 1947-ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 452 മാർക്കോടെ ശേഷൻ ഒന്നാംസ്ഥാനത്തെത്തി. ഒരു മാർക്ക് നഷ്ടത്തിൽ, 451 മാർക്ക് നേടി അതുവരെ ഒന്നാംസ്ഥാനക്കാരനായിരുന്ന ഞാൻ രണ്ടാംസ്ഥാനക്കാരനായി. ഇന്റർമീഡിയറ്റിനും ഞങ്ങൾ രണ്ടുപേരും പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ ചേർന്നു. 1947-‘49 കാലഘട്ടത്തിൽ കോളേജിൽനിന്ന് എൻജിനിയറിങ്ങിന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ ഞങ്ങളായിരുന്നു. ഞാൻ കാക്കിനഡയിലെ ഗവ. കോളേജിൽ എൻജിനിയറിങ്ങിന് ചേർന്നു. എന്നാൽ, ശേഷന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ ജ്യേഷ്ഠനെപ്പോലെ ഐ.എ.എസായിരുന്നു. മദ്രാസ് ക്രിസ്ത്യൻകോളേജിൽ ബി.എ. ഓണേഴ്സിന് അദ്ദേഹം ചേർന്നു. അതിനുശേഷവും ഞങ്ങൾ രണ്ടുപേരും ഒരിക്കൽക്കൂടി ഒരുമിച്ച് പഠിച്ചു. അത് ദെഹ്റാദൂണിലെ ഇന്ത്യൻ ഫോറസ്റ്റ് കോളേജിലെ രണ്ടുമാസത്തെ പരിശീലനസമയത്തായിരുന്നു. അതുകഴിഞ്ഞ് ശേഷൻ സിവിൽസർവീസിലേക്കും ഞാൻ റെയിൽവേ ബോർഡിലേക്കും വഴിപിരിഞ്ഞു.
ഔദ്യോഗികരംഗത്ത് ഞങ്ങൾ തമ്മിൽ അധികം ബന്ധപ്പെടേണ്ടിവന്നിട്ടില്ല. 1989-ലാണെന്നുതോന്നുന്നു കാബിനറ്റ് സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹം വിളിച്ച് ഒരു സഹായം ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെവിടെയോ പണിമുടങ്ങിക്കിടക്കുന്ന സ്കൂൾക്കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ സഹായിക്കുമോ എന്നായിരുന്നു ചോദ്യം. റെയിൽവേ ഇത്തരം ജോലികൾ ഏറ്റെടുക്കാറില്ലെന്നും ശേഷൻ പറഞ്ഞതുകൊണ്ട് ചെയ്യാമെന്നും ഞാനേറ്റു. അത് ചെയ്തുകൊടുക്കുകയും ചെയ്തു. വിവിധ സ്ഥാനത്തിരുന്ന് ഉഗ്രപ്രതാപിയായി ശേഷൻ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമ്പോൾ ഞാൻ ആ പഴയ കുറിയ കുട്ടിയെ ഓർക്കും. സഹപ്രവർത്തകർ ‘അൾസേഷ്യൻ’ എന്ന് വിളിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു നേർവഴി വിട്ട് ഒരിഞ്ചുപോലും ആ മനുഷ്യൻ സഞ്ചരിക്കില്ലെന്ന്. ഞങ്ങളിരുവരും വിരമിച്ചതിനുശേഷം, 2008-ലോ മറ്റോ ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് അവസാനമായി കണ്ടത്.