ഈ രാജ്യത്ത് സ്ഥിതിഗതികൾ നേരെയാവാത്തത് നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല, അവ കർശനവും ഫലപ്രദവുമായി നടപ്പാക്കാത്തതുകൊണ്ടാണെന്ന് ജനങ്ങളെ ഓർമിപ്പിക്കുകയും അലങ്കോലമായിക്കിടന്ന തിരഞ്ഞെടുപ്പുരംഗം ശുദ്ധീകരിക്കുകയുംചെയ്ത ഭരണാധികാരിയായിരുന്നു ടി.എൻ. ശേഷൻ. താങ്കളുടെ പ്രഭാതഭക്ഷണം എന്താണെന്ന ചോദ്യത്തിന് രാഷ്ട്രീയനേതാക്കളാണെന്ന് മറുപടി പറഞ്ഞ ധീരനായ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ. ശേഷൻ അടിത്തറയിട്ട പാതയിലൂടെയാണ് പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാസ്ഥാപനം വളർന്നതും ഇന്നുകാണുന്ന രീതിയിലായതും.
സർക്കാരുമായും കോടതിയുമായും പലപ്പോഴും അദ്ദേഹം നിരന്തരം ഏറ്റുമുട്ടി. സുപ്രീംകോടതി ശേഷന്റെ അതിരുവിട്ട പ്രസ്താവനകളെ പല സന്ദർഭങ്ങളിലും അതിരൂക്ഷമായി വിമർശിച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ശേഷനെ ഇംപീച്ച്ചെയ്ത് പുറത്താക്കാനുള്ള നീക്കം ആരംഭിച്ചത്. ഇടതുപക്ഷമായിരുന്നു അതിനുപിന്നിൽ. ശേഷൻ ബിൽ പരിഗണിക്കാൻ സമ്മേളനം ചേർന്നെങ്കിലും ‘ശേഷൻ സെഷൻ’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ച ആ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് നടന്നില്ല. തിരഞ്ഞെടുപ്പുരംഗം ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങിയ ശേഷനെ പുറത്താക്കുന്നതിനോട് ചിലരെങ്കിലും വിയോജിച്ചതിനെത്തുടർന്ന് നീക്കം പാളി. അതിനുശേഷമാണ് ഭരണഘടനാപ്രകാരംതന്നെ തുല്യാധികാരങ്ങളുള്ള രണ്ടംഗങ്ങളെക്കൂടി കമ്മിഷനിലുൾപ്പെടുത്തിയത്. തുല്യാധികാരത്തെ ശേഷൻ ചോദ്യംചെയ്തെങ്കിലും ഒടുവിൽ കോടതി സർക്കാർനടപടി ശരിവെക്കുകയാണ് ചെയ്തത്.
രാജീവ് ഗാന്ധി സർക്കാരിൽ കാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷനെ പ്രധാനമന്ത്രി വി.പി. സിങ് ആസൂത്രണ കമ്മിഷൻ അംഗമാക്കി. പെരിശാസ്ത്രി പെട്ടെന്ന് മരിച്ചപ്പോൾ 1990 ഡിസംബറിൽ ശേഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനാക്കിയത് പ്രധാനമന്ത്രി ചന്ദ്രശേഖർ ആയിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി അദ്ദേഹം ചന്ദ്രശേഖറിനെ സമീപിച്ചു. പ്രധാനമന്ത്രി സമ്മതിച്ചില്ല. 1991 മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ മാറി. പ്രചാരണത്തിനിടയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ, ആരോടും ആലോചിക്കാതെ അദ്ദേഹം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. പിന്നീട് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ പഞ്ചാബ് തിരഞ്ഞെടുപ്പും വോട്ടെടുപ്പിന് തൊട്ടുമുമ്പ് ശേഷൻ മാറ്റിവെച്ചു.
25 രൂപയുടെ പുസ്തകം വാങ്ങാൻ നേരത്തേ ഒരു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സർക്കാരിന് കത്തെഴുതി മറുപടിക്ക് കാത്തിരിക്കേണ്ടിവന്നതും നിയമമന്ത്രിയെ കാണാൻ മുറിക്കുപുറത്ത് കാത്തുനിൽക്കേണ്ടിവന്നതുമായ കാലം ഇനിയുണ്ടാവില്ലെന്ന് ശേഷൻ ഉറക്കെ പ്രഖ്യാപിച്ചു.1990 വരെ ആർക്കും യഥേഷ്ടം കടന്നുചെല്ലാൻ പറ്റുന്ന കെട്ടിടമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ ‘നിർവാചൻ സദൻ’. പെരിശാസ്ത്രി സി.ഇ.സി. ആയിരുന്നപ്പോൾ ഏതാണ്ടൊരു ഭാർഗവീനിലയംപോലെ ആയിരുന്നു അത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പേര് പൊതുവിജ്ഞാന പുസ്തകങ്ങളുടെ അവസാനതാളുകളിൽമാത്രം ഇടംപിടിച്ചിരുന്ന കാലം. അക്കാലങ്ങളിൽ പാസൊന്നുമില്ലാതെ ആർക്കും കമ്മിഷനിൽ പോകാമായിരുന്നു. അന്നും ശേഷന്റെകൂടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സെക്രട്ടറി മലയാളിയും പാലക്കാട്ടുകാരനുമായ കെ.പി.ജി.കുട്ടി ആയിരുന്നു. ശേഷന്റെ വരവോടെ എല്ലാവർക്കും പാസ് നിർബന്ധമാക്കി. ഇപ്പോൾ കേന്ദ്രസർക്കാരിന്റെ അക്രഡിറ്റേഷനും സെക്യൂരിറ്റി ക്ലിയറൻസുമുള്ള പത്രലേഖകർക്കുപോലും സന്ദർശകരജിസ്റ്ററിൽ പേരെഴുതാതെ അവിടേക്ക് പ്രവേശനമില്ല. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ ഓഫീസുകൾക്കും ബാധകമല്ലാത്ത മാധ്യമനിയന്ത്രണം ശേഷൻ സ്വയം നടപ്പാക്കി. അത് ഇപ്പോഴും തുടരുന്നു.
53 കൊല്ലം തിരഞ്ഞെടുപ്പ് കമ്മിഷനിൽ സേവനമനുഷ്ഠിച്ച് നിയമോപദേശകനായി വിരമിച്ച എസ്.കെ. മേന്ദിരത്ത പറഞ്ഞത് തനിക്ക് ഒരു മേൽവിലാസമുണ്ടായത് ശേഷൻ സി.ഇ.സി. ആയതിനുശേഷം മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പുവേളകളിൽ നിശ്ചിതസമയത്ത് വാർത്താസമ്മേളനം എന്ന പതിവ് തുടങ്ങിയതും ശേഷന്റെ സമയത്താണ്. ആ പത്രസമ്മേളനങ്ങളും ഒരുതരം ‘ഭീകരാനുഭവം’ ആയിരുന്നു. അല്പം കിറുക്കനായിരുന്ന ഒരു പ്രാദേശിക പത്രലേഖകൻ ശേഷനോട് ‘ആർ യു എ മാൻ, ഓർ എ കോൺഗ്രസ് മാൻ’ എന്ന് ചോദിച്ചതും അദ്ദേഹത്തെ ഇറക്കിവിട്ടതും ഇപ്പോഴും ഓർക്കുന്നു.