subhash chandrabose

..........................................................................................................................................................................................................

ര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു യുവാവ് അയാളുടെ ജ്യേഷ്ഠസഹോദരന് എഴുതി: 'എന്നാണ് ബംഗാളി ആണത്തത്തോടെ എഴുന്നേറ്റുനില്‍ക്കുക എന്ന് ഞാന്‍  പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. പണത്തിനുവേണ്ടിയുള്ള അത്യാഗ്രഹം ഉപേക്ഷിക്കുകയും ജീവിതത്തിലെ ഉന്നതമായ കാര്യങ്ങള്‍ക്കുവേണ്ടി സ്വപ്നം കാണുകയും ചെയ്യുന്ന ഒരു കാലം; എല്ലാ കാര്യങ്ങളിലും സ്വന്തം കാലില്‍ ഇച്ഛാശക്തിയോടെ എഴുന്നേറ്റുനില്‍ക്കുന്ന കാലം; ഒരേസമയം ഭൗതികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിനുവേണ്ടി ശ്രമിക്കുന്ന കാലം; സ്വയംപര്യാപ്തമാവുകയും മറ്റു രാജ്യങ്ങള്‍ അവന്റെ മനുഷ്യത്വത്തെയും പൗരുഷത്തെയും കണ്ടറിഞ്ഞാദരിക്കുകയും ചെയ്യുന്ന കാലം... അതാണെന്റെ സ്വപ്‌നം'.

ഇതെഴുതുമ്പോള്‍ ആ യുവാവിന്റെ പ്രായം ഇരുപതുകള്‍ കടന്നിട്ടുണ്ടായിരുന്നില്ല. അതൊരു തീപ്പൊരി മാത്രമായിരുന്നു, അന്ന്. പിന്നീട് അത് കത്തിപ്പിടിക്കാന്‍ തുടങ്ങി...

..........................................................................................................................................................................................................
 

ഇന്ത്യയുടെ സ്വന്തം ഐ.എന്‍.എ

സത്യാഗ്രഹത്തിന്റെയും അഹിംസയുടെയും മാത്രമല്ല തോക്കിന്റേയും ബോംബിന്റെയും മാര്‍ഗവും ഇന്ത്യക്കാരന് അന്യമല്ല എന്നു തെളിയിച്ചു നേതാജിയുടെ ഈ പട.

അയാള്‍ സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസരെയും ആഴത്തില്‍ വായിച്ചറിഞ്ഞു. ആ വാക്കുകള്‍ അയാളില്‍ സ്‌ഫോടകശേഷിയുള്ള ധൈര്യംനിറച്ചു. മാനവികതയിലേക്കും ദൈവികതയിലേക്കുമുള്ള വാതിലുകള്‍ തുറന്നു. ഐറിഷ് നേതാവായ എമോണ്‍ ദെ വലേറയെ വായിച്ചു; അത് ആ യുവാവില്‍ സമരവീര്യം നിറച്ചു. അടിമത്തം എന്താണെന്നും തന്റെ മാതൃരാജ്യം അടിമയാണെന്നും അറിഞ്ഞ് അയാള്‍ തപിച്ചു. അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഐ.സി.എസ്സിന് പഠിക്കാന്‍ തയ്യാറായി ഇംഗ്ലണ്ടിലേക്കു പോയി; നാലാം സ്ഥാനത്തോടെ വിജയിച്ചു. സ്വന്തം രാജ്യത്തെ അടക്കിഭരിക്കുന്നവര്‍ക്ക് കീഴാളനായി ഇരിക്കാന്‍ മടിച്ച് ഐ.സി.എസ്. വലിച്ചെറിഞ്ഞ് മഹാത്മാഗാന്ധിയുടെ സമരത്തിന്നണിയില്‍ ചേര്‍ന്നു.

പിന്നീട് ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ പ്രിയപ്പെട്ട ശിഷ്യനായി. കല്‍ക്കത്തയുടെ മേയറായി. രണ്ടുവട്ടം ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി. രാജ്യം ആ യുവാവിന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ക്കാന്‍ തുടങ്ങി.

subhash chandrabose

അന്നത്തെ സ്വാതന്ത്ര്യസമരവഴികളും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളും തണുപ്പനായിരുന്നു. ഗാന്ധിയുടെ സമരമാര്‍ഗങ്ങളും അതിന്റെ സമയാസമയങ്ങളിലെ വഴിത്തിരിവുകളും അത്രപെട്ടെന്ന് പലര്‍ക്കും മനസ്സിലാവുന്നതായിരുന്നില്ല. ഉള്ളില്‍ വിവേകാനന്ദന്റെ തീ കെടാതെ കിടക്കുന്നതിനാല്‍ ആ യുവാവിന് വഴിമാറി നടക്കാതിരിക്കാനായില്ല. അയാള്‍ വിപ്ലവത്തിന്റെ അഗ്‌നിവീഥിയിലേക്ക് ചുവടുമാറി യാത്ര തുടങ്ങി. 'ഫോര്‍വേഡ് ബ്ലോക്ക്' എന്ന പാര്‍ട്ടി രൂപവത്കരിച്ചു. സ്വാതന്ത്ര്യസമരത്തില്‍ ആയോധനമാര്‍ഗങ്ങളുമാവാം എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. തിളയ്ക്കുന്ന ഈ മനുഷ്യന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് ഗാന്ധിയേക്കാള്‍ തലവേദനയായി. അവര്‍ പലതവണ അയാളെ ജയിലിലടച്ചു. ഒടുവില്‍ വീട്ടുതടങ്കലിലും.

ഒരു രാത്രി അയാള്‍ കല്‍ക്കത്തയിലെ വീട്ടുതടങ്കലില്‍നിന്നും വേഷം മാറി അത്ഭുതകരമാംവിധം രക്ഷപ്പെട്ടു. കാബൂള്‍ വഴി സമര്‍ഖണ്ഡിലൂടെ മോസ്‌കോയിലെത്തി. അവിടെനിന്ന് ജര്‍മനിയിലും. അഡോള്‍ഫ് ഹിറ്റ്‌ലറെ കണ്ടു. പിന്നീട് ബെനിറ്റോ മുസ്സോളിനിയെയും ജനറല്‍ ടോജോയെയും കണ്ടു. ഐ.എന്‍.എ. എന്ന പട രൂപവത്കരിച്ചു. സിംഗപ്പൂരില്‍നിന്നും ടോക്കിയോവില്‍നിന്നും മാതൃരാജ്യത്തെ നോക്കി പൊള്ളുന്നഭാഷയില്‍ പ്രസംഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ മറപിടിച്ച് മണിപ്പൂരിലെ കാടുകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രൂക്ഷമായി പോരാടി. ബോംബര്‍ മുങ്ങിക്കപ്പലില്‍ മൂന്നു മാസത്തിലധികം മുട്ടുമടക്കിയിരുന്ന് സമുദ്രാന്തര്‍ഭാഗങ്ങളിലലഞ്ഞു. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ സ്വതന്ത്രസര്‍ക്കാറുകള്‍ രൂപവത്കരിച്ചു. അയാള്‍ ഭാരതത്തിന്റെ ജനകോടികളുടെ മനസ്സില്‍ ആകാശത്തോളം ഉയര്‍ന്ന വീരനായകനായി. നാടോടിക്കഥകളില്‍പ്പോലും ആ വീരചരിതം നിറഞ്ഞു.

ഔന്നത്യത്തിന്റെ ആകാശത്തിലൂടെ അങ്ങനെ പറക്കവേ ആ ധീരന്‍ തീപിടിച്ച് താഴേക്കു വീണു. തായ്‌വാനിലെ തായ്‌ഹോക്കു വിമാനത്താവളത്തിലെ തറയില്‍ മേലാസകലം പൊള്ളിക്കൊണ്ട് ആ വീരന്‍ കിടന്നു. ആശുപത്രിയില്‍ ആറു മണിക്കൂറോളം മരണത്തിനും ജീവിതത്തിനുമിടയില്‍ ബോധാബോധങ്ങളുടെ വഴിയില്‍ സഞ്ചരിച്ചു. ഒടുവില്‍ മരിച്ചു. മരിക്കുന്നതിന് തൊട്ടുമുന്‍പ് തൊട്ടടുത്ത കിടക്കയില്‍ പൊള്ളലേറ്റുകിടക്കുന്ന സഹപ്രവര്‍ത്തകന്‍ മേജര്‍ ഹബീബ് റഹ്മാനോട് പറഞ്ഞു: 'ഹബീബ്, എന്റെ അവസാനം ഇതാ വളരെ അടുത്തുവരുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നതും. താങ്കള്‍ പോയി എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും-എത്രയും പെട്ടെന്ന്!'
..........................................................................................................................................................................................................

Subhas Chandra Bose

..........................................................................................................................................................................................................

ധീരമായ ഒരു ജീവിതത്തിന്റെ അവസാനനിമിഷങ്ങളില്‍ അതിനൊത്ത വാക്കുകള്‍.

പക്ഷേ, ആ മരണം ലോകം വിശ്വസിച്ചില്ല. 63 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു വലിയ ജനത ആ മനുഷ്യന്‍ തിരിച്ചുവരുന്നത് കാത്തിരിക്കുന്നു. ഹിമാലയത്തിന്റെ വഴികളിലെവിടെയോ അദ്ദേഹം അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ആത്മാര്‍ഥതയില്‍ ഒരു മനുഷ്യായുസ്സിന്റെ പരമാവധി ദൈര്‍ഘ്യത്തെക്കുറിച്ചുള്ള ശാസ്ത്രസത്യംപോലും അവര്‍ മറന്നുപോവുന്നു. ഇത് ലോകചരിത്രത്തില്‍ നേതാജി സുഭാഷ്ചന്ദ്ര ബോസിനുമാത്രം സിദ്ധിച്ച സുകൃതം. 

അമരനും അനശ്വരനുമായ നേതാജി.

ജീവിതരേഖ

Subhas Chandra Bose1897 - ജാനകീനാഥ ബോസിന്റെയും പ്രഭാവതീദേവിയുടെയും മകനായി ഒറീസയിലെ കട്ടക്കില്‍ ജനവരി 23ന് ജനനം.
1913 -     സ്‌കൂളില്‍ രണ്ടാമനായി മെട്രിക്കുലേഷന്‍ വിജയിച്ചു. പ്രസിദ്ധമായ കല്‍ക്കത്താ പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനത്തിനു ചേരുന്നു.
1915 - ഇന്റര്‍മീഡിയേറ്റ് പരീക്ഷ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുന്നു.
1916 - ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരില്‍ പ്രസിഡന്‍സി കോളേജില്‍നിന്ന് പുറത്താക്കപ്പെടുന്നു.
1917 -സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ തത്ത്വചിന്തയില്‍ ഉപരിപഠനത്തിന് പ്രവേശനം 
ലഭിക്കുന്നു.
1919 -ഒന്നാം ക്ലാസോടെ തത്ത്വചിന്താ ബിരുദം നേടുന്നു. ഐ.സി.എസ്. (ക*ട) പരീക്ഷയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നു.
1920 -ഇംഗ്ലീഷില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഐ.സി.എസ്. വിജയിക്കുന്നു.
1921 -    കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് പ്രസിദ്ധമായ ട്രിപ്പോസ് ബിരുദം നേടുന്നു.
1922 - ഗയാ കോണ്‍ഗ്രസ്സില്‍വെച്ച് ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ്യദളില്‍ ചേരുന്നു.
1923  -    ഓള്‍ ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. ഒപ്പംതന്നെ ബംഗാള്‍ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായും ദേശബന്ധു സ്ഥാപിച്ച 'ഫോര്‍വേഡ്' പത്രത്തിന്റെ എഡിറ്ററായും നിയമിതനാവുന്നു.
1924 - കല്‍ക്കത്ത മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ സ്വരാജ്യദള്‍ വിജയിക്കുന്നു. ദേശബന്ധുവിനെ കല്‍ക്കത്ത മേയറായും സുഭാഷ് ചന്ദ്രബോസിനെ സി.ഇ.ഒ. ആയും തിരഞ്ഞെടുക്കുന്നു. ഒക്‌ടോബറില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
1925  -    ദേശബന്ധുവിന്റെ മരണം.
1927  -    ജവാഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.
1928 - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തില്‍ വെച്ച് ഒരു വളണ്ടിയര്‍ സംഘടന രൂപവത്കരിക്കുകയും അതിന്റെ ഓഫീസര്‍ ഇന്‍ കമാന്‍ഡ് ആവുകയും ചെയ്യുന്നു.
1930- ജനവരിയില്‍ വീണ്ടും ജയിലില്‍. ജയിലില്‍വെച്ച് കല്‍ക്കത്ത കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നു.
1931  -    മാര്‍ച്ച് 23ന് ഭഗത്‌സിങ്ങിനെ തൂക്കിലേറ്റി.
    നേതാജിയില്‍ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം.
1932-36 - ഇറ്റലിയില്‍വെച്ച് മുസ്സോളിനിയെയും ജര്‍മനിയില്‍വെച്ച് ഫെല്‍ഡറെയും ഐര്‍ലന്‍ഡില്‍വെച്ച് ഡി വലേറയെയും ഫ്രാന്‍സില്‍ വെച്ച് റോമെയ്ന്‍ റോളണ്ടിനെയും കണ്ടുമുട്ടുന്നു.
1936  -ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ഏപ്രില്‍ 13ന് ബോംബെയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
1936-37 -മാര്‍ച്ചില്‍ ജയില്‍ മോചനം. യൂറോപ്പിലേക്ക് യാത്രതിരിക്കുന്നു. 'ഇന്ത്യന്‍ സ്ട്രഗിള്‍' പുറത്തിറങ്ങുന്നു.
1938-    ഹരിപുരയില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍വെച്ച് നേതാജിയെ ആദരിക്കുന്നു.
1939 - ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരാമയ്യയെ തോല്‍പ്പിച്ച് വീണ്ടും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റാവുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് 'ഫോര്‍വേഡ് ബ്ലോക്ക്' രൂപവത്കരിക്കുന്നു.
1940 - വീണ്ടും അറസ്റ്റില്‍, വീട്ടുതടങ്കലില്‍. ഉപവാസത്താല്‍ ആരോഗ്യം ക്ഷയിക്കുന്നു.
1941 - ജനവരി 7ന് രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലൂടെ റഷ്യ വഴി ജര്‍മനിയില്‍ എത്തുന്നു.
1941 - ഏപ്രില്‍ 9ന് ജര്‍മനിസര്‍ക്കാരിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുന്നു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നു.
1941 -    പ്രവാസി ഭാരതീയ സര്‍ക്കാരും പ്രവാസി ഭാരതീയ റേഡിയോയും സ്ഥാപിക്കുന്നു.
1942 - അധിനിവേശ ശക്തികളുമായി പോരാടാന്‍ ആദ്യ ഇന്ത്യന്‍ ലീജിയന്‍ സ്ഥാപിക്കുന്നു.
1943 - മുങ്ങിക്കപ്പലില്‍ ജപ്പാനിലേക്ക് യാത്ര തുടങ്ങുന്നു. (രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങികപ്പല്‍വഴി നടത്തിയ ഏക മനുഷ്യക്കൈമാറ്റം ഇതാണ്). ടോക്കിയോവില്‍ എത്തി ടോക്കിയോ റേഡിയോവഴി പ്രസംഗിക്കുന്നു. 1943 ഡിസംബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജപ്പാന്‍ പ്രതീകാത്മകമായി കൈമാറുകയും 'ഷഹീദ്', 'സ്വരാജ്' എന്നിങ്ങനെ പുനര്‍നാമകരണം നടത്തുകയും ചെയ്തു.
1944 - ആസാദ് ഹിന്ദ് സേന അരാക്കന്‍ മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലില്‍വെച്ച് യുദ്ധമുണ്ടാവുകയും കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
1945 - അണുബോംബ് വീണതിനു തൊട്ടുപിറകെ ജപ്പാന്‍ കീഴടങ്ങുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
    അല്‍പ്പദിവസത്തിനുശേഷം ആഗസ്ത് 18ന് 
നേതാജി ഒരു വിമാനാപകടത്തില്‍ മരിച്ചതായി വിവരം ലഭിക്കുന്നു.

..........................................................................................................................................................................................................

ഗാന്ധി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോള്‍ സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യക്ക് ഏറ്റവും വലിയ ഹീറോ ആയത്. യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. കോണ്‍ഗ്രസ്സിന്റെ മെല്ലെപ്പോക്കിനോടും ഗാന്ധിയുടെ പരമമായ അഹിംസയോടുമുള്ള വിയോജിപ്പിന്റെ സന്ധിയില്‍വെച്ചാണ് യഥാര്‍ഥ നേതാജി ജനിക്കുന്നത്. തന്റെ വഴി സ്വയം അദ്ദേഹം തിരിച്ചറിയുന്നത് അപ്പോഴാണ്.

പഠനകാലത്തുതന്നെ തന്റെ ജന്മം എന്തിനുവേണ്ടിയുള്ളതാണെന്നും അത് എത്രമാത്രം ഏകാന്തമായിരിക്കുമെന്നുമുള്ള  ബോധ്യം നേതാജിക്കുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യകാല കത്തുകളില്‍ തെളിയുന്നുണ്ട്. രാജ്യത്തിനുവേണ്ടിയുള്ള ബലിയാണ് താനെന്ന് അദ്ദേഹം പലയിടത്തും പറയുന്നുമുണ്ട്. അതേസമയം തികഞ്ഞ ജീവിതവിരക്തിയില്‍ നിന്നുണ്ടായതല്ല അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം. തത്ത്വചിന്തകനും റൊമാന്റിക്കും ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ പ്രണയിക്കുന്ന ആളുമായിരുന്നു അദ്ദേഹം. കല്‍ക്കത്തയിലെ നഗരബഹളങ്ങളില്‍നിന്നും അകന്ന് ഹിമാലയത്തില്‍ ഡാര്‍ജീലിങ്ങിനടുത്തുള്ള കുറോസോങ്ങില്‍ പ്രകൃതിഭംഗിയിലലിഞ്ഞുകഴിഞ്ഞ നാളുകളില്‍ അദ്ദേഹം എഴുതിയ കത്തുകള്‍ വായിച്ചാല്‍ എല്ലാ യുവാക്കളെയുംപോലുള്ള നിറമുള്ള ഒരു മനസ്സ് ഈ മനുഷ്യനുമുണ്ടായിരുന്നു എന്ന് ബോധ്യമാവും. രാജ്യത്തിനുവേണ്ടി അത് അദ്ദേഹം ബലികഴിക്കുകയായിരുന്നു.

ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ കടന്നുപോയാല്‍ അടിമുടി വിപ്ലവകാരിയായ ഒരു മനുഷ്യനെയാണ് കാണാന്‍ സാധിക്കുക. നേതാജിയുടെ മരുമകന്‍ അശോക്‌നാഥ് ബോസ് വിവാഹം കഴിക്കുന്നതിനു തൊട്ടുമുന്‍പ് അമ്മാവനോട് അനുഗ്രഹം ചോദിച്ചുകൊണ്ട് കത്തെഴുതി. അതിന് നേതാജിയുടെ മറുപടി ഇങ്ങനെയായിരുന്നു:

''നിന്റെ കത്ത്. വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ യാഥാസ്ഥിതിക ഹിന്ദുസമൂഹത്തില്‍നിന്നും ഏറെ ഭിന്നമാണ്.
സ്വന്തമായി വരുമാനം ആയിക്കഴിഞ്ഞതിനു ശേഷമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ. അങ്ങനെ ഇപ്പോള്‍ വിവാഹം ചെയ്യാന്‍ നീ പ്രാപ്തനും യോഗ്യനുമാണ് എന്ന് നിനക്ക് തോന്നിയാല്‍ ധൈര്യമായി ചെയ്യുക. ആണിനും പെണ്ണിനും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടാവണം. മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ ഉപദേശിക്കാം. അത്രമാത്രം.കുറച്ചുകാലത്തെ പരസ്പര സൗഹൃദത്തിനും അടുപ്പത്തിനും ശേഷം മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വീട്ടുകാര്‍ അന്വേഷിച്ച് തീരുമാനിച്ച  കല്യാണത്തിന് ഞാന്‍ എതിരാണ്. നീയൊരു മല്ലിക് പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്ന കാര്യത്തില്‍ വീട്ടുകാര്‍ക്കുള്ള എതിര്‍പ്പിനെയും നീരസത്തെയും നീ കാര്യമാക്കേണ്ടതില്ല. അവസാനമായി, വിവാഹത്തിനുമുന്‍പ് ആണും പെണ്ണും സെക്‌സിനെക്കുറിച്ചുള്ള ഒരു നല്ല പുസ്തകം നിര്‍ബന്ധമായും വായിച്ചിരിക്കണം. സെക്‌സിനെക്കുറിച്ച് അജ്ഞതയോടെ ആരും വിവാഹം ചെയ്യരുത്.''

..........................................................................................................................................................................................................

Subhas Chandra Bose3രാഷ്ട്രീയത്തിലേതുപോലെ ജീവിതത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അടിയുറച്ചതായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു ഒറ്റയാള്‍ പട്ടാളമുണ്ടെങ്കില്‍ അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവര്‍ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോള്‍ വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനുവേണ്ടിയാണ് എല്ലാവരാലും എതിര്‍ക്കപ്പെട്ടിട്ടും അദ്ദേഹം വേദനയോടെ ഇന്ത്യ വിട്ടത്. അങ്ങനെ പാഞ്ഞുകത്തിത്തീര്‍ന്ന ഒരു ജീവിതമായി നേതാജിയുടേത്. നേതാജിയുടെ സ്വഭാവത്തില്‍ ഒരു സ്വേച്ഛാധിപതിയുടെ നിഴലുകള്‍ വീണുകിടക്കുന്നുണ്ട് എന്നു നിരീക്ഷിച്ചവരുണ്ട്. ''ഒരു നല്ല ആദര്‍ശത്തിനുവേണ്ടിയാണെങ്കില്‍ സ്വേച്ഛാധിപത്യത്തോടും വ്യക്തിപരമായി എനിക്ക് എതിര്‍പ്പില്ല'' എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പിന്നീട്, ഹിറ്റ്‌ലറുമായും മുസ്സോളിനിയുമായുള്ള ചര്‍ച്ചയും ഈ നിരീക്ഷണത്തെ ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നേതാജിയോളം  ജനാധിപത്യവിശ്വാസിയും  തെളിഞ്ഞ കാഴ്ചപ്പാടുള്ളവനുമായ ഒരു നേതാവ് കുറയും. ഇന്ത്യയോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെയും വിചാരങ്ങളെയും എക്കാലവും നയിച്ചിരുന്നത്. 1944 ജൂലൈ 6ന് റംഗൂണ്‍ റേഡിയോ വഴി മഹാത്മജിയോടു ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:

 

''ബ്രിട്ടീഷ് ഭരണത്തിലെ ഏതു പരമോന്നത സ്ഥാനത്തേക്കാളും അഭികാമ്യം സ്വതന്ത്രഭാരതത്തില്‍ ഒരു തൂപ്പുകാരനെങ്കിലും ആയിരിക്കുകയാണെന്നുള്ള ചിന്തയാണ് ഇന്ന് ഞങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയുടെ ഭാഗധേയം ഏറ്റെടുക്കാന്‍ കഴിവുള്ള ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം'

ആ ഭാഗധേയം ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യന്‍ നേതാജിയായിരുന്നു. പക്ഷേ, അതിന് അദ്ദേഹം കാത്തുനിന്നില്ല. നശ്വരമായ ഭരണസിംഹാസനങ്ങളെക്കാള്‍ ജനമനസ്സിലെ അനശ്വരമായ സിംഹാസനമായിരുന്നു അദ്ദേഹം കൊതിച്ചത്.

..........................................................................................................................................................................................................


subhash chandrabose

..........................................................................................................................................................................................................

ലളിതജീവിതത്തിന്റെ തെളിമ

ഏറെ ലളിതമായിരുന്നു ബോസിന്റെ നിത്യജീവിതം. നേതാജിയുടെ ജീവിതചര്യയെപ്പറ്റി ഐ.എന്‍.എ. ഭടനും നാടകാചാര്യനുമായ എന്‍.എന്‍. പിള്ള ആത്മകഥയില്‍ എഴുതിയിട്ടുണ്ട്:

'വെറുംസാധാരണ പട്ടാളക്കാരന് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള ആഹാരം മാത്രമാണ് അദ്ദേഹം കഴിച്ച് ഞാന്‍ കണ്ടിട്ടുള്ളത്. ചോറ്, പരിപ്പുകറി (ദാല്‍), കിട്ടിയ പച്ചക്കറിസാധനങ്ങള്‍ എല്ലാം ചേര്‍ത്ത് മസാലയില്‍ കുഴച്ച് കടുകെണ്ണയില്‍ കുളിപ്പിച്ചെടുത്ത ഒരു കൂട്ടുകറി (സബ്ജി), കരിന്തൊലി അടര്‍ത്തിക്കളഞ്ഞ് വൃത്തിയാക്കിയ രണ്ടുമൂന്ന് സവാള ഉള്ളി. ഇതാണ് സാധാരണ മെനു. മത്സ്യമാംസങ്ങളോട് വെറുപ്പില്ല. നിര്‍ബന്ധവുമില്ല. ഊണ് കഴിക്കുമ്പോള്‍ സര്‍വാംഗം വിയര്‍ത്തുകുളിക്കുന്ന ഒരു പ്രത്യേക സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സദാ കളിയടക്ക ചവച്ചുകൊണ്ടിരിക്കും. നിവൃത്തിയുണ്ടെങ്കില്‍ കിട്ടുന്ന സന്ദര്‍ഭത്തില്‍ ബാഡ്മിന്റണ്‍ കളിക്കും. അതിനാരെയും കൂട്ടുപിടിക്കും. എന്നാല്‍ ഒരിക്കല്‍പോലും ആ മുഖത്ത് ഒരു ചിരി വിടര്‍ന്നു കണ്ടിട്ടില്ല. അദ്ദേഹം സിഗരറ്റ് വലിക്കും; കുടിക്കുന്നത് കണ്ടിട്ടില്ല. അല്‍പ്പസ്വല്‍പ്പം കുടിക്കുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കര്‍ശനമായ ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്നതായിട്ടാണറിവ്. ഏതൊരു വിഷമഘട്ടത്തിലും മനഃശാന്തിക്ക് അദ്ദേഹം അവലംബിച്ചിരുന്നത് ഗീതാപാരായണമായിരുന്നു'.

..........................................................................................................................................................................................................

ദേശബന്ധുവിന്റെ ശിഷ്യന്‍

മഹാത്മാഗാന്ധിക്ക് ഗോപാലകൃഷ്ണ ഗോഖലെ രാഷ്ട്രീയ ഗുരുവായതുപോലെ നേതാജിക്കുമുണ്ടായിരുന്നു ഒരു ആചാര്യന്‍ - ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്. രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തിലും നേതാജി മുന്നില്‍ മാതൃകയായിക്കണ്ട ദീപം ദേശബന്ധുവായിരുന്നു.

നേതാജി ഇംഗ്ലണ്ടില്‍നിന്ന് പഠനംകഴിഞ്ഞ് ഇന്ത്യയില്‍ എത്തുന്ന സമയത്ത് ദേശബന്ധു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനില്ക്കുകയായിരുന്നു. ഒരു നിയമജ്ഞന്‍ എന്നനിലയിലും ചിത്തരഞ്ജന്‍ ദാസ് അതുല്യനായിരുന്നു. ആലിപ്പുര്‍ ബോംബ് കേസില്‍ അരബിന്ദഘോഷിനുവേണ്ടി വാദിച്ചത് ദേശബന്ധുവായിരുന്നു. ആ വാദം ചരിത്രപ്രസിദ്ധമാണ്.

ഇംഗ്ലണ്ടില്‍നിന്ന് വന്ന് ആദ്യം ഗാന്ധിയെ കണ്ടതിനുശേഷം നേതാജി നേരെ പോയത് ചിത്തരഞ്ജന്‍ ദാസിനരികിലേക്കാണ്. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ യാത്ര. പ്രഥമസമാഗമത്തില്‍തന്നെ ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. ഉള്ളിലെ ദേശസ്‌നേഹവും മനുഷ്യസ്‌നേഹവും തൊട്ടറിഞ്ഞു.

'ത്രിമുഖ ബഹിഷ്‌കരണ'ത്തിന്റെ നാളുകളായിരുന്നു അത്. കോണ്‍ഗ്രസ്സുകാര്‍ സാമാജികസഭകള്‍ ബഹിഷ്‌കരിച്ചു. അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചു. വിദ്യാര്‍ഥികള്‍ പഠിപ്പ് ഉപേക്ഷിച്ചു. ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നാഷണല്‍ വോളന്റിയര്‍ കോറിന്റെയും പബ്ലിസിറ്റി ദേശബന്ധു ബോസിനെയാണ് ഏല്‍പ്പിച്ചത്. എല്ലാ ചുമതലകളും അദ്ദേഹം ഭംഗിയായി നിറവേറ്റി.

1921 നവംബറില്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യ മുഴുവന്‍ പ്രതിഷേധമിരമ്പിയപ്പോള്‍ കല്‍ക്കത്ത ബോസിന്റെ നേതൃത്വത്തില്‍ ജ്വലിച്ചു. കോണ്‍ഗ്രസ് നിയമവിരുദ്ധമായി. ദേശബന്ധുവിനൊപ്പം ബോസിനെയും തടവിലിട്ടു. ആറുമാസത്തെ ആ ശിക്ഷാകാലത്താണ് ബോസ് തന്റെ ഗുരുവിനെ അടുത്തറിഞ്ഞത്.

'രാഷ്ട്രീയത്തിലും മഹത്തരമാണ് മനുഷ്യജീവിതം' എന്ന് ദേശബന്ധു ജയിലില്‍വെച്ച് ബോസിന് ബോധ്യമാക്കിക്കൊടുത്തു. ഇടുങ്ങിയ മനോഭാവം ഒട്ടുമില്ലാത്ത, രാഷ്ട്രീയകാര്യങ്ങളില്‍ മറ്റെല്ലാം മറന്ന് മുഴുകിയ മഹാവ്യക്തിയാണ് തന്റെ ആചാര്യന്‍ എന്ന് ബോസിന് മനസ്സിലായി.

1921ലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി സമ്മേളിച്ചത് ദേശബന്ധുവിന്റെ വീട്ടില്‍വെച്ചായിരുന്നു. അവിടെവെച്ചാണ് മോത്തിലാല്‍ നെഹ്‌റു, ലാലാ ലജ്പത് റായ്, മൗലാനാ മുഹമ്മദലി എന്നിവരെ ബോസ് പരിചയപ്പെടുന്നത്.

ചിത്തരഞ്ജന്‍ ദാസ് വഴിയാണ് ബോസ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. 1931ല്‍ അദ്ദേഹം എ.ഐ.ടി.യു.സി. പ്രസിഡന്റായി. തുടര്‍ന്ന് ജംഷേദ്പുരിലെ 'ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി'യുടെ തൊഴിലാളി സംഘടനയുടെ പ്രസിഡന്റ്സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. ഈ പദവികള്‍ ദേശബന്ധുവും വഹിച്ചിരുന്നതായിരുന്നു.

ഗയാ കോണ്‍ഗ്രസ്സിലെ അഭിപ്രായവ്യത്യാസത്തിനുശേഷം ദേശബന്ധു 'സ്വരാജ് പാര്‍ട്ടി' രൂപവത്കരിച്ചപ്പോള്‍ അതിന്റെ മുഖ്യചുമതല ബോസിനായിരുന്നു. 'ഫോര്‍വേഡ്' എന്ന ഇംഗ്ലീഷ് പത്രം തുടങ്ങിയപ്പോള്‍ ബോസായിരുന്നു അതിന്റെ ചുമതലക്കാരന്‍. കല്‍ക്കത്തയുടെ പ്രഥമ മേയറായി ദേശബന്ധു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹത്തിനൊപ്പം ബോസുമുണ്ടായിരുന്നു.

ബോസ് ബര്‍മയില്‍ തടവുകാരനായി കഴിയവേയാണ് 1925 ജൂണ്‍ 16ന് ദേശബന്ധു പെട്ടെന്ന് മരിക്കുന്നത്. ജയിലിലെ മോശം അവസ്ഥയേക്കാള്‍ ആചാര്യന്റെ ദേഹവിയോഗ ദുഃഖമാണ് അക്കാലത്ത് ബോസിന്റെ ആരോഗ്യം ക്ഷയിപ്പിച്ചത്. ദേശബന്ധുവിന്റെ വിധവ വാസന്തീദേവിക്ക് അക്കാലത്ത് അദ്ദേഹം ഹൃദയംതകര്‍ന്ന വാക്കുകളില്‍ എഴുതിയ കത്തുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും സുദൃഢമായ ഗുരുശിഷ്യബന്ധത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്.

..........................................................................................................................................................................................................

ക്ഷണികജീവിതത്തിലെ ക്ഷണികദാമ്പത്യം

രാജ്യത്തിനുവേണ്ടി പാഞ്ഞുകത്തിയപ്പോള്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലോകങ്ങള്‍ക്കുകൊടുക്കാന്‍ നേതാജിക്ക് സമയമില്ലായിരുന്നു. ഒടുവില്‍ ക്ഷണികമായ ഒരു ദാമ്പത്യത്തില്‍ അദ്ദേഹം ഭര്‍ത്താവും അച്ഛനുമായി.

സമരങ്ങളില്‍നിന്നും സമരങ്ങളിലേക്കുള്ള യാത്രയില്‍ സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളും ബോസ് മറന്നുപോയിരുന്നു. വിവാഹം അദ്ദേഹത്തിന്റെ അജന്‍ഡയില്‍ ഇല്ലായിരുന്നു. സംന്ന്യാസത്തോടും ഏകാന്തതയോടുമുള്ള അഭിനിവേശം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ കലര്‍ന്നിരുന്നു. പക്ഷേ, ഒടുവില്‍ അദ്ദേഹം വിവാഹിതനായി. ഓസ്ട്രിയക്കാരിയായ എമിലി ഷെങ്കല്‍ ആയിരുന്നു ഭാര്യ. അവര്‍ക്ക് ഒരു മകളും പിറന്നു; അനിത.

1934ല്‍ വിയന്നയില്‍വെച്ചാണ് ബോസ് ആദ്യമായി എമിലി ഷെങ്കലിനെ കാണുന്നത്. 'ഇന്ത്യന്‍ സ്ട്രഗിളി'ന്റെ ആമുഖത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഏകവ്യക്തി എമിലിയാണ്. അദ്ദേഹം എഴുതി: 'In conclusion, I have to express my thanks to Fraulein E. Schenkal who assisted me in writing this book and to all those friends who have been of help to me in many ways.'

ആ ബന്ധം പതുക്കെ വളര്‍ന്നു. 1934 നവംബര്‍ 30ന് അദ്ദേഹം റോമില്‍ വെച്ച് എമിലിക്ക് എഴുതി: ‘I am always a bad correspondent, but not a bad man i hope'.

..........................................................................................................................................................................................................

 പിന്നീട് അവര്‍ നിരന്തരം എഴുത്തുകള്‍ കൈമാറി. Letters to Emilie Schenkal എന്നപേരില്‍ ഈ കത്തുകള്‍ പുസ്‌കതമായിട്ടുണ്ട്. വിപ്ലവകാരിയായ നേതാജിയുടെ മറ്റൊരു മുഖം ഇതില്‍ കാണാം.

തന്റെ പ്രസിദ്ധമായ അന്തര്‍വാഹിനി യാത്രയ്ക്ക് തൊട്ടുമുമ്പ് 1943 ഫിബ്രവരി 8ന് മൂത്ത സഹോദരന്‍ ശരത്ചന്ദ്ര ബോസിന് എഴുതിയ കത്തില്‍ നേതാജി എഴുതി: 

 

'ഞാന്‍ വീണ്ടും അപകടത്തിന്റെ പാതയിലേക്കിറങ്ങുകയാണ്. പക്ഷേ, ഇത്തവണ വീടിന്റെ ദിശയിലാണ് യാത്ര. ഈ പാതയുടെ അവസാനം കാണുമോ എന്നകാര്യം എനിക്കറിയില്ല. ഞാന്‍ ഇവിടെവെച്ച് വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. എനിക്ക് ജീവിതംമുഴുവന്‍ അങ്ങ് നല്‍കിപ്പോന്ന സ്‌നേഹം എന്റെ അഭാവത്തില്‍ അവര്‍ക്ക് നല്‍കുക.' മൂന്നു മാസം മാത്രമായിരുന്നു മകള്‍ക്ക് അപ്പോള്‍ പ്രായം.
അനിത പിന്നീട് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മിത്രമായി. പല തവണ ഇവിടെ വന്നു. തന്റെ അച്ഛന്‍ മരിച്ചു എന്നുതന്നെയാണ് ആ മകള്‍ വിശ്വസിക്കുന്നത്.

..........................................................................................................................................................................................................

 

subhash chandrabose

സമരത്തിന്റെ 'ഫോര്‍വേഡ് ബ്ലോക്ക്' 

സന്ധിയില്ലാത്ത സമരമായിരുന്നു ബോസിന്റെ രീതി. അതിനദ്ദേഹം കെട്ടിപ്പടുത്തതാണ് ഫോര്‍വേഡ് ബ്ലോക്ക്.

ത്രിപുരി കോണ്‍ഗ്രസ് സമ്മേളനം കഴിഞ്ഞതോടെ കോണ്‍ഗ്രസ്സിനുള്ളില്‍തന്നെ സുസംഘടിതവും സുശിക്ഷിതവുമായ ഒരു ഇടതുപക്ഷചേരി വേണം എന്ന കാര്യം ബോസിന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡണ്ട് സ്ഥാനം ഒഴിയുംമുമ്പേ അദ്ദേഹം കോണ്‍ഗ്രസ്സിനുള്ളിലെ ഉത്പതിഷ്ണുക്കളായ പുരോഗമനവാദികളെ ഒന്നിച്ചണിനിരത്തിക്കൊണ്ട് ഒരു ഇടതുപക്ഷ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതാണ് 'ഫോര്‍വേഡ് ബ്ലോക്ക്' ആയത്.

1939 മെയ്മാസം മുതല്‍ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തനങ്ങള്‍ രാജ്യമെങ്ങും സജീവമായി. കോണ്‍ഗ്രസ്സിന്റെ നയങ്ങളെ അത് നിശിതമായി വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരരുത് എന്നു പുതിയ കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദ് ബോസിനോട് പറഞ്ഞു. ആ നിര്‍ദേശം ജനാധിപത്യവിരുദ്ധമായി തോന്നിയതുകൊണ്ട് അനുസരിക്കാന്‍ ബോസ് വിസമ്മതിച്ചു. ഇതിന്റെ ശിക്ഷാനടപടിയായി ബോസിനെ മൂന്നു കൊല്ലക്കാലത്തേക്ക് പാര്‍ട്ടിയില്‍ ഏതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നതില്‍നിന്നും അയോഗ്യനാക്കി.
1939 സപ്തംബര്‍ 3ന് മദ്രാസിലെ കടപ്പുറത്ത് ഫോര്‍വേഡ് ബ്ലോക്കിന്റെ വന്‍ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ബ്രിട്ടനും ജര്‍മനിയും തമ്മില്‍ യുദ്ധമാരംഭിച്ച കാര്യം ബോസ് അറിയുന്നത്. അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു: 'ഇന്ത്യയുടെ സുവര്‍ണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേര്‍ക്ക് നാം ഉടനെ ആഞ്ഞടിക്കണം'. 

1939 ജൂണ്‍ 22ന് ബോംബെയില്‍ വച്ചാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നത്. സ്വന്തം കക്ഷികള്‍ പിരിച്ചുവിട്ട് ഫോര്‍വേഡ് ബ്ലോക്കില്‍ ലയിക്കണം എന്ന ബോസിന്റെ അഭ്യര്‍ഥനയോട് മറ്റു ഇടതുപാര്‍ട്ടികള്‍ യോജിച്ചില്ല. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എം.എന്‍. റോയിയുടെ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ ഫ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ബോസിനെ ചെയര്‍മാനാക്കിക്കൊണ്ട് ഒരു ഏകീകരണ കമ്മിറ്റി രൂപീകരിച്ചു. പക്ഷേ ഈ കക്ഷികള്‍ക്കിടയിലുണ്ടായ യോജിപ്പില്ലായ്മ ഇടതുപക്ഷഏകീകരണകമ്മിറ്റിയേയും കോണ്‍ഗ്രസ്സിന്റെ ദുര്‍ബലഅനുകരണമാക്കിത്തീര്‍ത്തു. അങ്ങനെ യുദ്ധവിരുദ്ധപ്രവര്‍ത്തനവും തീക്ഷ്ണമായ സമരത്തിനുവേണ്ടിയുള്ള പ്രചാരണവും ബോസിന്റെയും ഫോര്‍വേഡ് ബ്ലോക്കിന്റെയും ചുമതലയിലായി.

1940ല്‍ ബീഹാറിലെ രാംഖറില്‍വച്ച് 'അഖിലേന്ത്യാ അനുരഞ്ജന വിരുദ്ധ സമ്മേളനം' എന്ന പേരില്‍ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരും സ്വാമി സഹജനാനന്ദ് സരസ്വതിയുടെ നേതൃത്വത്തിലുള്ള കിസാന്‍ സഭയിലെ അംഗങ്ങളും ചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിച്ചു. അതേസമയത്ത് അതേ സ്ഥലത്ത് കൂടിയിരുന്ന കോണ്‍ഗ്രസ് വാര്‍ഷികസമ്മേളനത്തേക്കാള്‍ ബൃഹത്തായിരുന്നു ഇത്.

1939 ആഗസ്ത് മാസത്തില്‍ സ്വന്തം പത്രാധിപത്യത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് എന്ന വാരിക ബോസ് തുടങ്ങി. അതില്‍ ബോസ് എഴുതിയ മുഖപ്രസംഗങ്ങളും ലേഖനങ്ങളും ഒരു കാലഘട്ടത്തെ പിടിച്ചുകുലുക്കിയവയായിരുന്നു.

അനുരഞ്ജനവിരുദ്ധസമ്മേളനത്തിനുശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരെ വേട്ടയാടി. അവയൊന്നും കൂസാതെ 1940 ജൂണില്‍ ബോസ് നാഗ്പൂരില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ രണ്ടാം സമ്മേളനം സംഘടിപ്പിച്ചു. 'എല്ലാ അധികാരങ്ങളും ഇന്ത്യന്‍ ജനതയിലേക്ക്' എന്ന മുദ്രാവാക്യം അദ്ദേഹം അപ്പോള്‍ പറഞ്ഞതാണ്.

..........................................................................................................................................................................................................

Subhas Chandra Bose

..........................................................................................................................................................................................................

വിഫലമായ പോരാട്ടം

1944ല്‍ നേതാജി തന്റെ തലസ്ഥാനം സിംഗപ്പൂരില്‍ നിന്നും റംഗൂണിലേക്കു മാറ്റി. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആസാദ്ഹിന്ദ്ഫൗജിന് എളുപ്പത്തില്‍ മുന്നേറാന്‍ വേണ്ടിയായിരുന്നു ഇത്. ആരക്കന്‍ സമരമുഖത്താണ് ആ സേന ആദ്യമായി യുദ്ധമറിഞ്ഞത്. ചിറ്റഗോങ്ങിലേക്കുള്ള വഴിയില്‍ ആരക്കന്‍ മലനിരകളില്‍ ആസാദ്ഹിന്ദ്ഫൗജ് ശത്രുക്കള്‍ക്ക് മേല്‍ ആധിപത്യം തെളിയിച്ചു. ജപ്പാന്‍ സൈന്യത്തിനിടയില്‍ ഇത് ഫൗജിന്റെ മതിപ്പുയര്‍ത്തി.

1944 മാര്‍ച്ചില്‍ ഇംഫാല്‍ ആക്രമണം ആരംഭിച്ചു. ബര്‍മ താവളമാക്കി പ്രവര്‍ത്തിച്ചിരുന്ന ജപ്പാന്റെ മൂന്നു സേനാവിഭാഗങ്ങളും എം.എന്‍. കിയാനിയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എ.യും കിഴക്കന്‍ ഏഷ്യാ യുദ്ധത്തിലെ ഈ കടന്നാക്രമണത്തില്‍ പങ്കെടുത്തു. താമസിയാതെ തുടങ്ങുന്ന ഇന്ത്യാ വിമോചനസമരത്തിനുവേണ്ടിയുള്ള ഭദ്രമായ ഒരു താവളം നേടിയെടുക്കലായിരുന്നു ഈ യുദ്ധപങ്കാളിത്തംവഴി നേതാജിയുടെയും ആസാദിഹിന്ദ്ഫൗജിന്റെയും ലക്ഷ്യം. മാത്രമല്ല, ബ്രഹ്മപുത്രാ നദീതടത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്യും.

ഏപ്രില്‍ ഒന്നിന് സൈന്യം കൊഹിമ കീഴടക്കി. ആ മാസം അവസാനിക്കുമ്പോഴേക്കും ഇംഫാലിനടുത്തെത്തി. ദുര്‍ഘടമായ ആ ചുരങ്ങളില്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ നേതാജി നടത്തിയ സൈനികവിജ്ഞാപനം ചരിത്രത്തിലെ പ്രതിധ്വനിക്കുന്ന വാക്കുകളാണ്:

'അതാ അവിടെ, അങ്ങ് ദൂരെ ആ നദിക്കുമപ്പുറം, ആ കാടുകള്‍ക്കപ്പുറം കുന്നുകള്‍ക്കപ്പുറം നമ്മുടെ വാഗ്ദത്ത ഭൂമി-നമ്മള്‍ പിറന്ന മണ്ണ്, നമ്മള്‍ ഉടന്‍ മടങ്ങിച്ചെല്ലുന്ന സ്വന്തം നാട്. രക്തം രക്തത്തെ സ്വാഗതം ചെയ്യുകയാണ്. നമ്മുടെ സഹോദരീസഹോദരന്മാര്‍ നമ്മെ മാടിവിളിക്കുന്നുണ്ടാവണം. ഉണരുവിന്‍, ഒരു നിമിഷംപോലുമില്ല നമുക്ക് പാഴാക്കുവാന്‍. നിങ്ങള്‍ ആയുധങ്ങളേന്തുവിന്‍. അതാ നിങ്ങള്‍ക്ക് മുന്നില്‍ കാണുന്നത് നിങ്ങളുടെ മുന്‍ഗാമികള്‍നിര്‍മിച്ച പാതയാകുന്നു. അതിലൂടെ നാം അണിയണിയായി മാര്‍ച്ച് ചെയ്തു പോകും. ശത്രുക്കളെ തകര്‍ത്ത് നാം മുന്നേറുകയും ചെയ്യും. അഥവാ ദൈവനിശ്ചയമതാണെങ്കില്‍ നമുക്ക് രക്തസാക്ഷികളായി മരണം വരിക്കാം. എങ്കില്‍ നമ്മുടെ സൈന്യത്തെ ഡല്‍ഹിയില്‍ എത്തിക്കുന്ന പെരുവഴി ചുംബിച്ചുകൊണ്ടായിരിക്കും നാം അന്ത്യനിദ്രയില്‍ വിലയിക്കുക. സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗം, ഡല്‍ഹിയിലേക്കുള്ള വഴിയാകുന്നു. ചലോ ഡല്‍ഹി.'

എന്നാല്‍ ആ പടനീക്കം പാതിവഴിയില്‍ തകര്‍ന്ന് തടസ്സപ്പെട്ടു. പലതായിരുന്നു കാരണങ്ങള്‍. കാലവര്‍ഷം പതിവിലും നേരത്തെ തുടങ്ങി. കൂടാതെ ഇന്ത്യ-ജപ്പാന്‍ സൈന്യത്തിന് പോര്‍വിമാനങ്ങള്‍കൊണ്ടുള്ള സംരക്ഷണം ഇല്ലായിരുന്നു. ആയുധസാമഗ്രികള്‍, വെടിക്കോപ്പ്, ഭക്ഷണം എന്നിവ കൊണ്ടുവരാനുള്ള മാര്‍ഗം ദീര്‍ഘവും അപകടപൂര്‍ണവുമായിരുന്നു. അതേസമയം ബ്രിട്ടീഷ്-അമേരിക്കന്‍ സേനകള്‍ക്ക് പൂര്‍ണമായ വൈമാനിക ശക്തിപ്രകടനത്തിന് എല്ലാ സൗകര്യവും ലഭിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ ഇംഫാലിന്റെ സംരക്ഷണത്തിനായി സൈന്യബലം വര്‍ദ്ധിപ്പിച്ചു. മനുഷ്യന് സാധ്യമാവുന്ന എല്ലാ തരത്തിലും ഐ.എന്‍.എ. ഭടന്മാര്‍ പൊരുതിനിന്നെങ്കിലും ചിന്‍ഡ്‌വി- ഇരാവതി യുദ്ധമേഖലകളില്‍ അവര്‍ക്ക് കനത്ത ആള്‍നാശമുണ്ടായി. അങ്ങനെ തന്റെ സ്വപ്നം തകരുന്നത് നേതാജി നേരില്‍ കണ്ടു.

ഇവെയ്ച്ചി ഫുജിവാറ എന്ന ജപ്പാന്‍ പട്ടാളക്കാരന്റെ പിന്തുണയോടുകൂടി മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ഏഷ്യയില്‍ രൂപംകൊണ്ട സേനയാണ് ഐ.എന്‍.ഐ. ഇന്ത്യയുടെ വിമോചനമായിരുന്നു ലക്ഷ്യം. 'ഇന്ത്യന്‍ സ്വതന്ത്ര ലീഗി'നെ റാഷ്ബിഹാരി ബോസും ഐ.എന്‍.എ.യെ മോഹന്‍സിങ്ങും നയിച്ചു. പക്ഷേ, അന്താരാഷ്ട്ര കാര്യങ്ങളിലുള്ള പരിചയക്കുറവും നേതൃത്വത്തിന്റെ അപര്യാപ്തതയും മൂലം ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും ഗാന്ധിജിയുമായുള്ള ആശയഭിന്നതയെത്തുടര്‍ന്ന് ഇന്ത്യവിട്ട നേതാജി കിഴക്കന്‍ ഏഷ്യയില്‍ സജീവമായപ്പോള്‍ അദ്ദേഹം ഐ.എന്‍.എ.യെ ഏറ്റെടുക്കുകയും ഉടച്ചുവാര്‍ത്ത ഒരു സേനയാക്കി മാറ്റുകയും ചെയ്തു.

1943 ജൂലായ് 4ന് സിംഗപ്പൂരില്‍വെച്ചു ചേര്‍ന്ന ഇന്ത്യന്‍ സ്വതന്ത്രലീഗിന്റെ പൊതുസമ്മേളനത്തില്‍വച്ച് ആ പ്രസ്ഥാനത്തിന്റെ നേതൃത്വം റാഷ്ബിഹാരി ബോസ് നേതാജിക്ക് കൈമാറി. അന്ന് പ്രസംഗത്തില്‍ വികാരഭരിതനായി നേതാജി പറഞ്ഞു.

'ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സംഭവത്തിന് സാക്ഷ്യംവഹിച്ച വര്‍ഷമായി 1943 സ്മരിക്കപ്പെടും. ക്രിയാശൂന്യമായ സഹനസമരത്തില്‍നിന്നും ക്രിയാത്മകമായ ചെറുത്തുനില്‍പ്പിലേക്കുള്ള മനഃശാസ്ത്രപരമായ മാറ്റമാണ് ആ പ്രധാന സംഭവം. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് നാം പ്രവേശിക്കാനുള്ള മുഹൂര്‍ത്തമായിക്കഴിഞ്ഞു. ഈ സംഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമേന്തുക എന്നതാണ്.'

..........................................................................................................................................................................................................

രണ്ടു കാര്യത്തിലായിരുന്നു നേതാജിയുടെ ശ്രദ്ധയൂന്നിയിരുന്നത്.

1) വിമോചനത്തിന് വേണ്ടിയുള്ള ഒരു സൈന്യം
2) ആ സൈന്യത്തിന്റെ പടനീക്കം നിയന്ത്രിക്കാനുള്ള ഒരു താല്‍ക്കാലിക സര്‍ക്കാര്‍.

1943 ജൂലായ് 5ന് സിംഗപ്പൂര്‍ ടൗണ്‍ഹാളിന്റെ മുന്നിലെ വിശാലസ്ഥലത്ത് ഐ.എന്‍.എ. സേനാവൃന്ദം സമരവ്യൂഹങ്ങളായിച്ചമഞ്ഞ് നിലയുറപ്പിച്ചു. നേതാജി സൈന്യാധിപവേഷത്തില്‍ സൈന്യപരിശോധന നടത്തി. 'എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസം' എന്നാണ് അതേക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത്. 'ആയുധശക്തികൊണ്ടും ചോരചിന്തിയും നമ്മള്‍ സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. ഇന്ത്യ മോചിക്കപ്പെട്ടുകഴിയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ഒരു സ്ഥിരം സൈന്യത്തെ സംഘടിപ്പിക്കേണ്ടതായി വരും. നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കും കാത്തുരക്ഷിക്കേണ്ടത് അവയുടെ ധര്‍മവും കര്‍ത്തവ്യവുമായിരിക്കും.... എന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചുരുക്കം.

1943 ഒക്‌ടോബര്‍ 21ന് സിംഗപ്പൂരില്‍ നടന്ന വന്‍ പൊതുയോഗത്തില്‍വെച്ച് 'താല്‍ക്കാലിക ആസാദ് ഹിന്ദ് ഗവണ്മെന്റി'ന്റെ ആവിര്‍ഭാവത്തെക്കുറിച്ച് നേതാജി ലോകത്തെ അറിയിച്ചു. ഈ താല്‍ക്കാലിക ഗവണ്മെന്റിനെ ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ ലോകശക്തികള്‍ അംഗീകരിച്ചു.

ഐ.എന്‍.എയിലെ വനിതാഘടകമായിരുന്നു 'ഝാന്‍സി റാണി റജിമെന്റ്'. സ്ത്രീപുരുഷസമത്വത്തില്‍ നേതാജിക്കുണ്ടായിരുന്ന വിശ്വാസവും കാഴ്ചപ്പാടുമാണ് ഈ വനിതാ സേനാവിഭാഗത്തിന്റെ പിറകില്‍.

1943 നവംബര്‍ മാസത്തില്‍ ടോക്കിയോവില്‍വെച്ച് നടന്ന 'അസംബ്ലി ഓഫ് ഗ്രേറ്റര്‍ ഈസ്റ്റ് ഏഷ്യാറ്റിക് നാഷന്‍സി'ല്‍ നേതാജി പങ്കെടുത്തു. ആ സമ്മേളനത്തില്‍വെച്ചാണ് അക്കാലത്ത് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ആസാദ്ഹിന്ദ് ഗവണ്മെന്റിന്റെ പരിധിക്കുള്ളിലാക്കി വിട്ടുകൊടുത്തിരിക്കുന്നതായി പ്രധാനമന്ത്രി ടോജാ പ്രഖ്യാപിച്ചത്. 1943 ഡിസംബര്‍ 29ന് നേതാജി ആന്‍ഡമാനിലെത്തി ജിംഘാനാമൈതാനിയില്‍വച്ച് വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ വ്യാഘ്രരൂപം തുന്നിയ ത്രിവര്‍ണപതാക ഉയര്‍ത്തി.

..........................................................................................................................................................................................................

Subhas Chandra Bose2

..........................................................................................................................................................................................................

മരിച്ചിട്ടും മരിക്കാതെ 

ജനമനസ്സില്‍ അമരനായിരിക്കുക എന്നതാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ യശസ്സ്. ആ അര്‍ഥത്തില്‍തന്നെ അത് ഏറ്റവുമധികം ലഭിച്ച ആളാണ് നേതാജി.

 

''എന്റെ മരണം ഏതുവിധത്തിലായാല്‍കൊള്ളാമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ വളരെ ഉയരത്തില്‍ പറക്കുകയായിരിക്കണം; പിന്നെ പെട്ടെന്ന് വിമാനം തകര്‍ന്ന് ഭൂമിയില്‍ വീഴണം; അങ്ങനെ ഞാന്‍ മരിക്കണം. അത് അത്യധികം അത്ഭുതകരമായിരിക്കും''.

 

1939ലെ ഒരു രാത്രിയില്‍ ബോംബെയില്‍വെച്ച് സുഹൃത്തായ നാഥലാല്‍ പരീഖിനോട് നേതാജി സുഭാഷ്ചന്ദ്രബോസ് പറഞ്ഞ വാക്കുകളാണ് ഇവ. അദ്ദേഹത്തിന്റെ ആ സ്വപ്നം ആറുവര്‍ഷത്തിനുശേഷം തായ്‌വാനിലെ തയ്‌ഹോക്കു വിമാനത്താവളത്തില്‍വെച്ച് സഫലമായി. സെയ്‌ഗോണില്‍ നിന്ന് മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു വിമാനത്തില്‍ 'അജ്ഞാത രാജ്യത്തി'ലേക്കുള്ള സാഹസികയാത്ര' എന്ന് അദ്ദേഹം വിശേഷിപ്പിച്ച യാത്രയ്ക്കിടയിലാണ് ആ ദുരന്തമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ജനറല്‍ ഷിഡേയും നേതാജിക്കൊപ്പം കൊല്ലപ്പെട്ടു. മറ്റൊരു സഹയാത്രികനായ കേണല്‍ ഹബീബുര്‍ റഹ്മാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

..........................................................................................................................................................................................................

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍കാര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതിന്റെ രണ്ടാംദിവസമായിരുന്നു നേതാജിയുടെ ഈ യാത്ര. നേതാജിക്കൊപ്പം കേണല്‍ ഹബീബുര്‍ റഹ്മാന്‍, കേണല്‍ പ്രീതംസിങ്, എസ്.എ. അയ്യര്‍, ജാപ്പനീസ് ലെയ്‌സണ്‍ ഓഫീസര്‍ എന്നിവരുണ്ടായിരുന്നു. സെയ്‌ഗോണില്‍വെച്ച് ഉടന്‍ യാത്രപുറപ്പെടുന്ന ഒറ്റസീറ്റു മാത്രമുള്ള ഒരു ബോംബര്‍ വിമാനമാണ് ആ സംഘത്തിന് തുടര്‍യാത്രയ്ക്കായി ലഭിച്ചത്. നേതാജി അതില്‍ പോവാന്‍തീരുമാനിച്ചു. അദ്ദേഹംതന്നെ ജാപ്പനീസ് അധികൃതരോട് നിര്‍ബന്ധിച്ചുപറഞ്ഞ് ഒരു സീറ്റുകൂടി സംഘടിപ്പിച്ചു. അവിടെ ഹബീബുര്‍ റഹ്മാന്‍ ഇരുന്നു. ആഗസ്ത് 17ന് വൈകുന്നേരം 5.15നാണ് ആ വിമാനം സെയ്‌ഗോണ്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നത്.

അന്നു രാത്രി അവര്‍ ഇന്ത്യ-ചൈന അതിര്‍ത്തിയായ ടൂറെയിനില്‍ ഇറങ്ങി വിശ്രമിച്ചു. 18ന് രാവിലെ യാത്രതുടര്‍ന്നു. ഉച്ചയ്ക്കുശേഷം തയ്‌ഹോക്കുവില്‍ ഇറങ്ങി. അവിടെ അല്‍പ്പനേരം വിശ്രമിച്ചതിനുശേഷം വീണ്ടും പറന്നുപൊന്തുകയും തത്ക്ഷണം വിമാനം തകര്‍ന്നുവീണ് തീപ്പിടിച്ചമരുകയുംചെയ്തു എന്നാണ് രേഖകള്‍. ഗുരുതരമായി പരിക്കേറ്റ നേതാജി ആശുപത്രിയില്‍വെച്ചാണ് മരിച്ചത് എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

നേതാജിയുടെ ഭൗതികശരീരം ആരും കണ്ടിട്ടില്ല എന്നതാണ് അദ്ദേഹം മരിച്ചിട്ടില്ല എന്ന സംശയത്തെ ബലപ്പെടുത്തിയത്. ''ശരീരം ഇന്ത്യക്കാരെ ഏല്‍പിച്ചുകൊടുക്കുന്നതിന് എങ്ങോട്ടും കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് നിവൃത്തിയില്ലാത്തതുകൊണ്ട് തയ്‌ഹോക്കുവില്‍ വെച്ചുതന്നെ ദഹിപ്പിച്ചുകളഞ്ഞു' എന്നായിരുന്നു ജപ്പാന്‍കാര്‍ അയ്യരോടും സംഘത്തോടും പറഞ്ഞത്. പക്ഷേ, ഒപ്പമുണ്ടായിരുന്ന കേണല്‍ ഹബീബുര്‍ റഹ്മാന്‍, നേതാജി മരിച്ചുവെന്ന് തറപ്പിച്ചുപറഞ്ഞു. ആ അപകടത്തെപ്പറ്റി പിന്നീട് അദ്ദേഹം എഴുതി:

''...പോര്‍ട്ട് എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി. സ്റ്റാര്‍ ബോര്‍ഡ് എഞ്ചിന്‍ മാത്രമേ അപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുള്ളൂ. വിമാനം അമ്മാനമാടിത്തുടങ്ങി. വിമാനത്തിന്റെ ഭാരം മുഴുവന്‍ സ്റ്റാര്‍ബോര്‍ഡ് എഞ്ചിനില്‍ സമീകരിച്ചുനിര്‍ത്താന്‍ പൈലറ്റ് ഭഗീരഥപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിമാനം അതിവേഗത്തില്‍ താഴോട്ട് വീണുതുടങ്ങി. ഞാന്‍ തിരിഞ്ഞ് നേതാജിയുടെ നേര്‍ക്കു നോക്കി. അദ്ദേഹത്തില്‍ യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. സുദീര്‍ഘമായ ഒരു യാത്രയ്ക്കുശേഷം വിമാനം ഏറ്റവും സ്വാഭാവികമായും സുഖകരമായും നിലത്തിറങ്ങുകയായിരുന്നെങ്കില്‍ ഇതിലധികം സ്വസ്ഥചിത്തത ഉണ്ടാകാന്‍ വയ്യാത്തവണ്ണം പ്രശാന്തനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്... സെക്കന്‍ഡുകള്‍ക്കകം വിമാനം മൂക്കുകുത്തിവീണ് തകര്‍ന്നു. പിന്നീട് കുറച്ചു നേരത്തേക്ക് എല്ലാം കൂരിരുട്ടായിരുന്നു...


ലഗ്ഗേജെല്ലാം തകര്‍ന്ന് എന്റെ ദേഹത്തില്‍ വീണുകിടക്കുകയാണെന്നും എന്റെ മുന്‍പില്‍ തീ കത്തിത്തുടങ്ങിയെന്നും എനിക്കു ബോധ്യമായി. അപ്പോള്‍ പിന്‍ഭാഗത്തുകൂടെ പുറത്തുകടക്കാനുള്ള മാര്‍ഗം ലഗേജുകള്‍കൊണ്ട് പ്രതിബന്ധപ്പെട്ടിരുന്നു. മുന്‍വശത്തുകൂടെ പുറത്തു കടക്കണമെങ്കില്‍ തീക്കുള്ളില്‍ക്കൂടി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. നേതാജിക്ക് തലയ്ക്ക് പരിക്കുപറ്റിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം കാലുകള്‍ ചവിട്ടിക്കുടഞ്ഞ് തീയില്‍നിന്ന് രക്ഷനേടാനായി എന്റെ അടുക്കലേക്കു നീങ്ങി പുറത്തുകടക്കാന്‍ ഉദ്യമിക്കുകയായിരുന്നു. പക്ഷേ, അത് സാധ്യമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: 'ആഗേ സേ നികലിയേ നേതാജീ' (നേതാജീ ദയവായി മുന്‍വശത്തുകൂടെ പുറത്തു കടക്കുക).

അദ്ദേഹം സ്ഥിതിഗതികള്‍ സൂക്ഷ്മനിരീക്ഷണം നടത്തി. തുടര്‍ന്ന് കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന വിമാനത്തില്‍ മുന്‍വശത്തുകൂടെ പുറത്തുചാടാന്‍ ശ്രമിച്ചുനോക്കി. രണ്ടു കൈയും വീശിക്കൊണ്ട് തീക്കുണ്ഡത്തില്‍കൂടെ പുറത്തുകടന്നു. പുറത്തുകടന്ന് പത്തോ പതിനഞ്ചോ അടി ദൂരെ ഉത്കണ്ഠാഭരിതനായി എന്നെയും കാത്തുകൊണ്ട് അദ്ദേഹം നിന്നു.

വിമാനം തകര്‍ന്നപ്പോള്‍ നേതാജിയുടെ പഞ്ഞികൊണ്ടു പൊതിഞ്ഞ കാക്കിവേഷത്തില്‍ പെട്രോള്‍ തെറിച്ചുവീഴുകയും അദ്ദേഹം വിമാനത്തിന്റെ മുന്‍വശത്തെ തീക്കുണ്ഡത്തില്‍ക്കൂടെ പുറത്തുകടന്നപ്പോള്‍ അതിന് തീപ്പിടിക്കുകയും ചെയ്തു. വസ്ത്രം കത്തിയെരിയുന്ന നിലയിലാണ് അദ്ദേഹം അവിടെ നിന്നത്. ബുഷ്‌കോട്ടിന്റെയും അരക്കെട്ടിലെയും ബെല്‍റ്റുകളുടെ ബക്കിളുകള്‍ അഴിച്ചുമാറ്റാന്‍ അദ്ദേഹം കഠിനമായി യത്‌നിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിനിരികിലേക്ക് ഓടിയെത്തി ആ ബെല്‍റ്റുകള്‍ അഴിച്ചുമാറ്റിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഞാന്‍ തലയുയര്‍ത്തി നോക്കി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോള്‍ എന്റെ ഹൃദയമിടിപ്പ് മിക്കവാറും നില്ച്ചുപോയി. ആ മുഖം ഇരുമ്പുമായി കൂട്ടിയിടിച്ച് തകരുകയും തീപിടിച്ച് കരിയുകയും ചെയ്തിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം തളര്‍ന്നുവീണ് തയ്‌ഹോക്കു വിമാനത്താവളത്തിലെ തറയില്‍ അങ്ങനെ കിടന്നു...'

പിന്നീട് ആശുപത്രിയില്‍വെച്ച് ആദ്യമണിക്കൂറിനുശേഷം തന്റെ തൊട്ടരികില്‍വെച്ചാണ് ബോസ് മരിച്ചതെന്ന് ഹബീബുര്‍ റഹ്മാന്‍ വെളിപ്പെടുത്തി. മരിക്കും മുന്‍പ് അദ്ദേഹം ഹബീബിനോടു പറഞ്ഞു:

..........................................................................................................................................................................................................

Subhas Chandra Bose''ഹബീബ് എന്റെ അവസാനം ഇതാ വളരെ അടുത്തുവരുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ പടവെട്ടി. എന്റെ രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ മരിക്കുന്നത്. താങ്കള്‍ പോയി എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍. ഇന്ത്യ സ്വതന്ത്രയാകുകതന്നെചെയ്യും- ഉടന്‍തന്നെ'. ഇത്രയൊക്കെ വ്യക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ ഉണ്ടായിട്ടും നേതാജി മരിച്ചതായി ആരും വിശ്വസിച്ചില്ല; മഹാത്മാഗാന്ധിപോലും. പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ അപ്രത്യക്ഷമാകലിനെ ചുറ്റിപ്പറ്റി വന്നു. റഷ്യയുടെ പിടിയില്‍പെട്ട് സൈബീരിയയില്‍വെച്ചാണ് അദ്ദേഹം മരിച്ചത് എന്നുവരെ വ്യാഖ്യാനങ്ങള്‍ നീണ്ടു. ഇപ്പോഴും അദ്ദേഹം മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്.