എസ്.എൻ.ഡി.പി. യോഗവും മറ്റു ചില ഹൈന്ദവ സാമുദായിക സംഘടനകളും കേരളത്തിന്റെ രാഷ്ട്രീയ അജൻഡ നിശ്ചയിക്കുന്ന തലത്തിലേക്ക്‌ ഉയർന്നുവരികയാണോ? കേരളത്തിലെ ആനുകാലിക സംഭവവികാസങ്ങൾ നിരീക്ഷിക്കുമ്പോൾ അങ്ങനെയാണ് തോന്നുക. കുറച്ചുദിവസങ്ങളായി ഇവിടെ നടന്നുവരുന്ന രാഷ്ട്രീയ വിശകലനങ്ങൾ ശ്രീനാരായണപ്രസ്ഥാനത്തെ കേന്ദ്രീകരിച്ചാണല്ലോ. ഒരു രാഷ്ട്രീയകക്ഷി രൂപവത്‌കരിക്കണം എന്ന തീരുമാനത്തിലേക്ക്‌ എസ്‌.എൻ.ഡി.പി.യോഗം എത്തിച്ചേർന്നത്‌ വലിയ മാറ്റമാണ്‌. ഒരു പുതിയ ഹിന്ദുമഹാമണ്ഡലത്തിന്റെ സൂചനകളാണ് കാണുന്നത്. അതിന്‌ കേരളരാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്‌.

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഹിന്ദുസമൂഹം വല്ലാത്ത ഒരു അവസ്ഥയിലാണ് എന്നത് നമ്പൂതിരി മുതൽ വനവാസികൾ വരെയുള്ള എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അവഗണനയും മറ്റുമാണ് അവരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്. കരയുന്നകുഞ്ഞിനേ പാലുള്ളൂ എന്നാണ് മുമ്പൊക്കെ പറയാറുള്ളത്. എന്നാൽ, അതുകൊണ്ടും പ്രയോജനമില്ല എന്നതായി അവസ്ഥ.

ഇടതുവലതു മുന്നണികൾ ഇക്കാര്യത്തിൽ ഭിന്നരല്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എസ്.എൻ.ഡി.പി.യോഗം ഈ പ്രശ്നത്തിലെടുത്ത നിലപാടിനോട് എൻ.എസ്.എസ്സിനും തത്ത്വത്തിൽ അഭിപ്രായഭിന്നത ഉണ്ടാവാനിടയില്ല. ഹിന്ദുസമൂഹം നേരിടുന്ന പ്രതിസന്ധി, വിഷമങ്ങൾ എന്നിവ സംബന്ധിച്ച് വെള്ളാപ്പള്ളിക്കും ജി. സുകുമാരൻ നായർക്കും സമാനമനസ്സാണ് എന്നുവേണം കരുതാൻ. അത്തരം വിഷയങ്ങളിൽ കേരളത്തിലെ ഇടതുവലതു മുന്നണികൾ അനുകൂല നിലപാട് എടുക്കാതിരുന്നപ്പോൾ മറ്റുമാർഗങ്ങൾ ആരായാൻ അവരിൽ ചിലരൊക്കെ തയ്യാറായി. അതിൽ അസ്വാഭാവികത ഒന്നുമില്ല.

 പൊതുവേ ഹിന്ദുത്വാനുകൂല നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി.യുമായി ചർച്ചനടത്താൻ എസ്.എൻ.ഡി.പി.യോഗം നേതൃത്വത്തെ പ്രേരിപ്പിച്ചതും സ്വാഭാവികം. 

അതിലൊക്കെ വല്ലാത്ത വിഷമം നടിച്ചത് ഇടതു പ്രസ്ഥാനങ്ങളാണ്. ഇവിടെ എൽ.ഡി.എഫ്. ഇന്നിപ്പോൾ വലിയ പ്രതിസന്ധിയിലാണ്. അവർതന്നെ അത് സമ്മതിക്കുന്നുണ്ട്‌. സി.പി.എം. കഴിഞ്ഞാൽ ആ മുന്നണിയിൽ കുറച്ചെങ്കിലും വോട്ടുള്ള ഏകകക്ഷി സി.പി.ഐ.യാണ്. ഈ സ്ഥിതിയിൽ ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചുകയറുക അസാധ്യമാവുമെന്ന ഭയം അവരിലുണ്ട്‌. അതുകൊണ്ടാണല്ലോ പോയവരെയെല്ലാം തിരികെക്കൊണ്ടുവരണമെന്നും മുന്നണിയെ ശക്തിപ്പെടുത്തണമെന്നും സി.പി.എം. അടക്കമുള്ളവർ തീരുമാനിച്ചത്. എന്നാൽ, അതൊന്നും നടന്നില്ല. കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നൊന്നായി തോറ്റു. ഏറ്റവുമൊടുവിൽ അരുവിക്കരയിൽ പഠിച്ചപണി പതിനെട്ടും പരീക്ഷിച്ചിട്ടും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി. അതിനിടയിലാണ് വെള്ളാപ്പള്ളിയുടെ ഡൽഹി സന്ദർശനവും നരേന്ദ്രമോദിയും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും. അതോടെ സി.പി.എമ്മിന് നിൽക്കക്കള്ളിയില്ലാതായി. ഈഴവവോട്ടർമാർ ഇപ്പോൾത്തന്നെ തങ്ങളെ വിട്ടുപോകുന്നു എന്നും സമുദായത്തിലെ യുവാക്കൾ പലയിടത്തും സംഘപരിവാറിലേക്ക്, ബി.ജെ.പി.യിലേക്ക് അടുക്കുന്നു എന്നതും സി.പി.എം. വിലയിരുത്തിയ കാര്യമാണ്. ശ്രീനാരായണപ്രസ്ഥാനം തങ്ങൾക്കെതിരെ പരസ്യമായ ഒരു നിലപാട് കൈക്കൊണ്ടാൽ കാര്യങ്ങൾ അവതാളത്തിലാവുമെന്ന് ഇടതുപാർട്ടികൾ ഭയപ്പെട്ടതിൽ കാര്യമുണ്ട്‌. 

അതേസമയം? കമ്യൂണിസ്റ്റ് പാർട്ടികളോ? തങ്ങളുടെ ചുമടുതാങ്ങികളായാണ് അവർ എക്കാലത്തും ശ്രീനാരായണീയരെ കണ്ടത്‌ എന്ന തോന്നൽ വ്യാപകമായുണ്ട്‌. അത് ഈഴവസമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് കാലം കുറച്ചായി. കോൺഗ്രസ്സും സഖ്യകക്ഷികളും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംരക്ഷകരായി എന്ന തോന്നലും ശക്തമായി. ഇതിനിടയിൽ എന്താണ് ചെയ്യാനാവുക എന്നത് ഹിന്ദുക്കളിലെ വലിയൊരുവിഭാഗം ചിന്തിച്ചു എന്നത് മറന്നുകൂടാ. 

ശ്രീനാരായണപ്രസ്ഥാനവും യോഗക്ഷേമസഭയും ബ്രാഹ്‌മണസഭയും മുതൽ പട്ടികജാതി-വർഗ സമുദായ സംഘടനകൾവരെ കൈകോർത്താൽ കേരളത്തിൽ അതൊരു രാഷ്ട്രീയശക്തിയാവും എന്നത് മറന്നുകൂടാ. ആർ. ശങ്കറും മന്നത്തു പത്മനാഭനും ചേർന്ന് മുൻപ് ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കിയത് ഓർക്കുക. എസ്.എൻ.ഡി.പി., എൻ.എസ്.എസ്. ഐക്യമായിരുന്നു അതിന്റെ കരുത്ത്. ഇന്നിപ്പോൾ എൻ.എസ്.എസ്. ഈ കൂട്ടായ്മയുടെ ഭാഗമാവാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്‌. നാളെ അവരുടെ നിലപാടിൽ മാറ്റം വന്നുകൂടായ്കയില്ല. ഇനി എൻ.എസ്‌.എസ്‌.  മാറിനിന്നാൽപ്പോലും കരുത്തുറ്റ ഒരു ഹൈന്ദവ രാഷ്ട്രീയമുന്നേറ്റം ഇവിടെ സാധ്യമാവും. എന്നാൽ, ഇവിടെ വിജയം കൈവരിക്കണമെങ്കിൽ അതുമാത്രം മതിയാവില്ല എന്നത് എടുത്തുപറയേണ്ടതില്ല. ശ്രീനാരായണീയരുടെ പ്രാധാന്യം കൂടുന്നത്‌ അവിടെയാണ്‌. ഗുരുദേവനെ കുരിശിൽത്തറയ്ക്കുന്ന സി.പി.എമ്മുമായി അവർക്ക് നീക്കുപോക്കുണ്ടാക്കാൻ കഴിയില്ലല്ലോ. ന്യൂനപക്ഷപ്രീണനം മാത്രം അജൻഡയാക്കിയ യു.ഡി.എഫുമായും ചേരാനാവില്ല. അവിടെയാണ് ബി.ജെ.പി.യുടെ പ്രസക്തി. ഇവിടെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാനപ്രശ്നം എസ്.എൻ.ഡി.പി.ക്കും മറ്റു ശ്രീനാരായണപ്രസ്ഥാനങ്ങൾക്കും ആർ.എസ്.എസ്സുമായോ ബി.ജെ.പി.യുമായോ കൂട്ടുകൂടാൻ എങ്ങനെ കഴിയും എന്നതാണ്. രണ്ടും രണ്ടുതട്ടിൽ നിൽക്കുന്നവരെന്നും തൊട്ടുകൂടാൻ പാടില്ലാത്തവരെന്നുമാണ് ആക്ഷേപം. ബി.ജെ.പി.യെ തൊട്ടാൽ കുളിക്കണമെന്ന അയിത്തചിന്തയാണ് സി.പി.എമ്മും വി.എം. സുധീരനും മുന്നോട്ടുവെക്കുന്നത്. പഴയ ബേപ്പൂർ, വടകര സഖ്യത്തിന്റെ കാര്യമൊക്കെ കോൺഗ്രസ്സുകാർ മറക്കുന്നു.

എന്നാൽ, അത്തരമൊരു ആശങ്കയോ ആശയക്കുഴപ്പമോ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിനോ അണികൾക്കോ ഉണ്ടെന്ന്‌ തോന്നുന്നില്ല. ഹിന്ദുസമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് സമാജത്തിൽ തുല്യസ്ഥാനം നൽകാനായി സംഘപ്രസ്ഥാനങ്ങൾ ചെയ്തതുപോലെ വേറെയാരാണ് അടുത്തകാലഘട്ടത്തിൽ ചെയ്തത്. 1980-ലെ വിശാലഹിന്ദു സമ്മേളനം, പാലിയം വിളംബരം എന്നിവ അതിൽ പ്രധാനം. ‘ജന്മംകൊണ്ടല്ല കർമംകൊണ്ടാണ് ബ്രാഹ്‌മണ്യം’ എന്ന് പ്രഖ്യാപിച്ചതാണ് പാലിയം വിളംബരത്തിന്റെ പ്രാധാന്യം.

പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ളവരെ ഒട്ടേറെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത് അടക്കം അനവധി ഉദാഹരണങ്ങൾ.
ഇവിടെ ഉരുത്തിരിഞ്ഞുവരുന്നത് രാഷ്ട്രീയകൂട്ടായ്മയാണ് എന്നതും മറന്നുകൂടാ; എസ്.എൻ.ഡി.പി.യുടെ പ്രവർത്തകരും മറ്റുചില ഹൈന്ദവസംഘടനകളുടെ പ്രതിനിധികളും ചേർന്ന് രൂപവത്‌കരിക്കുന്ന രാഷ്ട്രീയകക്ഷിയും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി.യും തമ്മിലുള്ള സഖ്യം. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അയിത്തം കല്പിച്ചുനിർത്തേണ്ട കാര്യമെന്ത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ അതിനൊക്കെയുള്ള മറുപടിയുണ്ട്‌. പിന്നെ ഇത് മത്സരിച്ച് ശക്തിപരീക്ഷിക്കാനുള്ള ശ്രമമല്ല; ജയിച്ചുകയറാനുള്ള തീവ്രശ്രമമാണ്. ദശാബ്ദങ്ങൾക്കുമുൻപ് മന്നത്തു പത്മനാഭനും ആർ. ശങ്കറും എന്താണോ ഉദ്ദേശിച്ചത് അതുതന്നെയാണ് ഇന്നിപ്പോൾ കാണുന്നത്. 

 ആർ.എസ്.എസ്. കേരളത്തിൽ ഇന്നത്തെപ്പോലെ ഒരു വലിയ ശക്തിയൊന്നുമായിരുന്നില്ലെങ്കിലും ശങ്കറിനും മന്നത്തിനുമൊപ്പം അണിനിരന്നിരുന്നു. അക്കാലത്ത് ജനസംഘത്തിൽ ചേരാൻ ആർ. ശങ്കർ താത്‌പര്യം പ്രകടിപ്പിച്ചത് മറന്നുകൂടാ. സമാനമായ സാഹചര്യങ്ങളിലാണ് ഇന്നിേപ്പാൾ കേരളം. ശങ്കറും മന്നവും നടത്തിയതിന് സമാനമായ നീക്കങ്ങളാണ് ഇന്നിപ്പോൾ നടക്കുന്നതും. അതുകൊണ്ടാണ്‌ അതിനെ മറ്റൊരു ഹിന്ദുമഹാമണ്ഡലത്തോട് ഉപമിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനെ പഴയ എസ്.ആർ.പി.യോടും എൻ.ഡി.പി.യോടുമൊക്കെ താരതമ്യംചെയ്യാൻ ചിലർ ആഗ്രഹിക്കുന്നുണ്ട്‌. അതല്ല ഇന്നത്തെ സ്ഥിതി എന്നറിയാത്തവരല്ല അക്കൂട്ടർ. മനസ്സമാധാനത്തിന് അങ്ങനെയൊക്കെ ചിന്തിക്കാം, പറഞ്ഞുനടക്കാം.