ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണെന്നാണല്ലോ റിപ്പോർട്ടുകൾ കാരണമെന്താണ്

റേഷൻകടകളിൽ കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.  വസ്തുത അതല്ല. 1978-ലാണ് ശ്രീലങ്കയിൽ റേഷൻ സമ്പ്രദായം ആരംഭിക്കുന്നത്; തുറന്ന കമ്പോളസാമ്പത്തിക വ്യവസ്ഥയും. വൻനഗരത്തിലും ചെറുപട്ടണങ്ങളിലും ഭക്ഷണം വിതരണംചെയ്യുന്നത് സൂപ്പർ മാർക്കറ്റിലൂടെയാണ്. ഗ്രാമീണമേഖലകളിലും ഭക്ഷ്യവിതരണത്തിന് സർക്കാർ സംവിധാനമുണ്ട്. ഗ്രാമീണമേഖലയിൽ ധാന്യവിതരണത്തിൽ കുറവുവന്നിട്ടുണ്ട്. അതല്ലാതെ ശ്രീലങ്കയിൽ ഒരുതരത്തിലുള്ള ഭക്ഷ്യക്ഷാമവുമില്ല.
കോവിഡും ലോക്ഡൗണും കാരണം ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട് നേരിയ പ്രശ്നങ്ങളുണ്ട്. തെക്കേ ഏഷ്യൻ രാജ്യങ്ങളിലെ മറ്റുരാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ശ്രീലങ്ക ഉന്നതിയിലാണ്. വളരെ അച്ചടക്കമുള്ള ജനതയുള്ള രാജ്യമാണ്. കോവിഡ് പ്രോട്ടോകോൾ കാരണം സാധനങ്ങൾ വാങ്ങാൻ ആളുകൾ സാമൂഹികഅകലം പാലിച്ചുനിൽക്കുന്ന ഫോട്ടോയാണ് ഭക്ഷ്യപ്രതിസന്ധിയെന്നുപറഞ്ഞ് മാധ്യമങ്ങളിൽ വരുന്നത്. അരിയാണ് ശ്രീലങ്കക്കാരുെട മുഖ്യഭക്ഷണം. അരിക്ക് ഒരു ക്ഷാമവുമില്ല. കോവിഡ് കാരണം ഗോതമ്പിനും പഞ്ചസാര ലഭ്യതയിലും നേരിയ കുറവുവന്നിട്ടുണ്ട്. അത് മറ്റുരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. 60 ശതമാനം പഞ്ചസാരവരുന്നതും പുറത്തുനിന്നാണ്.

തൊഴിലില്ലായ്മനിരക്ക് നാലുശതമാനമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സ്ത്രീയും പുരുഷനും ജോലിചെയ്യുന്നുണ്ട്. 
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമെന്താണ്

 ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയിലെ പ്രശ്നങ്ങൾകാരണം ഗോതമ്പിന് കൂടുതൽ വിലലഭിക്കുമെന്നുകണ്ടതോടെ മൊത്തക്കച്ചവടക്കാർ പൂഴ്ത്തിവെക്കാൻ തുടങ്ങി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൂഴ്ത്തിവെച്ച സാധനങ്ങൾ കണ്ടെടുത്ത് വിതരണം നടത്തുന്നുണ്ട്. ജനങ്ങൾക്കുവേണ്ടിയാണ് സർക്കാർ ഇതുചെയ്യുന്നത്. അല്ലാതെ അവരുടെ പൗരാവകാശങ്ങളുടെ ലംഘനമൊന്നും നടക്കുന്നില്ല.

ഡോളർപ്രതിസന്ധി സത്യമാണോ
 കോവിഡ് അപ്രതീക്ഷിതമായിരുന്നു. രാജ്യം സാമ്പത്തികമായി ഉന്നതിപ്രാപിക്കാൻ തുടങ്ങുമ്പോഴാണ് കോവിഡ് വന്നത്. കോവിഡ് വന്നപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഒൻപതുശതമാനം താഴ്ന്നപ്പോഴും ശ്രീലങ്കൻരൂപയുടെ മൂല്യം 6.7 ശതമാനംമാത്രമാണ് താഴ്ന്നത്.
ശ്രീലങ്ക നേരിടുന്നത് പണലഭ്യതയുടെ പ്രശ്നമാണ്. നിലവിലെ വിദേശകടം 3510 കോടി ഡോളറാണ്. 2020-ൽ 4920 കോടി ഡോളർ വിദേശകടമുണ്ടായിരുന്നിടത്താണ് 2021 ഏപ്രിലിലെ കണക്കുപ്രകാരം ഇത്രയായി ചുരുങ്ങിയത്. വിദേശകടത്തെ കുറച്ചുകൊണ്ടുവരാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വന്നതോടെ ലോകരാഷ്ട്രങ്ങൾ നേരിട്ട താത്‌കാലിക സാമ്പത്തികപ്രതിസന്ധിമാത്രമാണ് ശ്രീലങ്കയും നേരിട്ടത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന ശ്രീലങ്കക്കാരുടെ വരുമാനത്തിലുണ്ടായ കുറവും സാമ്പത്തികമേഖലയെ നേരിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

കോവിഡ് വിനോദസഞ്ചാരമേഖലയെ ബാധിച്ചതെങ്ങനെ
 കോവിഡ് മൊത്തം ആഭ്യന്തരോത്‌പാദനമേഖലയെയും വിനോദസഞ്ചാരമേഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് താത്‌കാലിക തിരിച്ചടിമാത്രമാണ്. 
അമ്പതുശതമാനം ജനങ്ങൾക്ക് രണ്ടുവാക്സിൻ നൽകിക്കഴിഞ്ഞു; എൺപതുശതമാനം പേർക്ക് ഒറ്റഡോസും. ഈ പ്രവർത്തനത്തെ മുൻനിർത്തി ലോകാരോഗ്യസംഘടനയുടെ അംഗീകാരം ശ്രീലങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫൈസർ, സ്പുട്‌നിക്, കോവിഷീൽഡ്, സിനോഫോം, മൊ​േഡണ, ആർസനിക്ക(ജപ്പാൻ) ഉൾപ്പെടെ എല്ലാ കോവിഡ് വാക്സിനുകളും ശ്രീലങ്കയിൽ ലഭ്യമാണ്. ഇത് സൗജന്യമായാണ് നൽകുന്നത്. സൈന്യവും നാവിക-വ്യോമ സേനയും ചേർന്നാണ് കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. വാക്സിൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് സേന ചെയ്യുന്നത്.

സൈനികവത്‌കരണം എന്ന ആരോപണമുണ്ടല്ലോ
 ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി സൈന്യത്തെ ഉപയോഗിക്കുകയാണ്. കേരളത്തിൽ പ്രളയംവന്നപ്പോൾ സൈന്യം എത്തിയില്ലേ? അതിൽ കവിഞ്ഞൊന്നും ശ്രീലങ്കയിൽ നടക്കുന്നില്ല. 2009-ൽ യുദ്ധം അവസാനിച്ചപ്പോൾ രാജ്യത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലേക്ക് സൈന്യത്തെ മാറ്റുകയായിരുന്നു.

റോഡുകളുടെ നിർമാണം, പൈതൃകകെട്ടിടങ്ങളുടെ സംരക്ഷണം, ഓരോയിടത്തെയും ശുചിത്വവും അതിന്റെ പരിപാലനവും എന്നിവ സൈന്യമാണ് കൈകാര്യംചെയ്യുന്നത്. കോവിഡ് ടാസ്ക്‌ ഫോഴ്‌സിൽ ആരോഗ്യവകുപ്പ്, ആരോഗ്യപ്രവർത്തകർ, പൊതുഭരണവകുപ്പ്, തൊഴിൽമന്ത്രാലയം, വിനോദസഞ്ചാരവകുപ്പ്, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുമുണ്ട്. അവർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തീരുമാനമെടുക്കുന്നത്. ഒറ്റയ്ക്കാണ് തീരുമാനം കൈക്കൊള്ളുന്നതെന്ന വാദം ശരിയല്ല.

വിനോദസഞ്ചാരമേഖലയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾ
 കോവിഡ് സാമ്പത്തികരംഗത്ത് നൽകിയ തിരിച്ചടി താത്‌കാലികംമാത്രമാണ്. ലോക്ഡൗൺ പിൻവലിക്കപ്പെട്ടാൽ സാമ്പത്തികരംഗം പൂർവാധികം ശക്തിയോടെ അതിന്റെ ഗരിമയിലേക്ക് തിരിച്ചെത്തും. മുപ്പതുവർഷത്തെ ആഭ്യന്തരയുദ്ധം ശ്രീലങ്കയെ തകിടംമറിച്ചെങ്കിലും ഇടത്തരം സാമ്പത്തികശക്തിയായി രാജ്യം മാറിക്കഴിഞ്ഞു. ‌ഓരോ പൗരന്റെയും ജീവിതനിലവാരം വളരെയധികം മെച്ചപ്പെട്ടു. ശ്രീലങ്കയിലെ പ്രതിശീർഷവരുമാനം 3682 ഡോളറാണ്. ഇന്ത്യയുടെ പ്രതിശീർഷവരുമാനം 1900-ത്തിനടുത്താണ്. ശ്രീലങ്കയിൽ മൂന്നോളം ബില്യൺ കമ്പനികളുണ്ടെങ്കിലും രാജ്യത്തിന്റെ വരുമാനം പൂർണമായും ജനങ്ങളിലെത്തുകയാണ്. 

ജൈവകൃഷിരീതി ഉത്‌പാദനത്തെ ബാധിച്ചോ
 ജൈവകൃഷിരീതിക്ക്‌ തുടക്കംകുറിച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. അത് വേണ്ടരീതിയിൽ നടപ്പാക്കാനായില്ല. ഈ സർക്കാർ അത് നടപ്പാക്കാൻ തുടങ്ങി. ചായ, സുഗന്ധദ്രവ്യങ്ങൾ, തേങ്ങയുടെ അനുബന്ധ ഉത്‌പന്നങ്ങൾ എന്നിവയാണ് കയറ്റുമതിചെയ്യുന്നത്. ജൈവകൃഷി നടപ്പാക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അപ്പോൾത്തന്നെ ഇത് ഉത്‌പാദനത്തെ ബാധിച്ചെന്ന റിപ്പോർട്ടുകൾ ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. ശ്രീലങ്കയിലെ വിവിധയിടങ്ങളിൽ കൃഷിക്ക് ഉപയുക്തമായ ഭൂമി നാലായിരംമുതൽ അയ്യായിരം ഏക്കർവരെ കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയിട്ടുണ്ട്. അവർ ജൈവരീതിയിൽ നെല്ലുത്‌പാദനം തുടങ്ങിയിട്ടുണ്ട്. രാസവളങ്ങൾ നിരോധിക്കുമ്പോൾ ഉത്‌പാദനത്തെ ബാധിക്കാത്തരീതിയിൽ മറ്റുമാർഗങ്ങൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.

സിലോൺ തേയിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയമേറെയാണ്. ഒട്ടേറെ യൂറോപ്യൻ കമ്പനികൾ ശ്രീലങ്കയിൽ തേയില ഇറക്കുമതിചെയ്ത്, തെക്കെ ആഫ്രിക്കൻ തേയിലയുമായി കലർത്തി, ശ്രീലങ്കൻ തേയില എന്നനിലയിൽ വിപണനംനടത്തുന്നുണ്ട്. എന്നിട്ടുപോലും ശ്രീലങ്കൻ തേയിലയുടെ പ്രാധാന്യം യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. ഓർഗാനിക് ടീ എന്ന നിലയിൽ ലോകവിപണിയെ ലക്ഷ്യംവെച്ച് കൂടുതൽ ഉത്‌പാദനം തുടങ്ങിയിട്ടുണ്ട്. ജൈവകൃഷിക്കുവേണ്ടി സർക്കാർ പ്രത്യേകപദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

ചൈനയുടെ സ്വാധീനം
 ശ്രീലങ്കയുടെ മൊത്തം വിദേശകടം 3510 കോടി ഡോളറാണ്. അതിൽ പത്തുശതമാനംമാത്രമാണ് ചൈന നൽകിയ വായ്പ. ഇത് മുൻനിർത്തിയാണ് ചൈനയുടെ കെണിയിൽ ശ്രീലങ്ക പെട്ടിരിക്കുകയാണെന്ന വ്യാപക പ്രചാരണം നടക്കുന്നത്. ഇന്ത്യയിൽനിന്ന് അഞ്ചുശതമാനം കടം വാങ്ങിയിട്ടുണ്ട്. അപ്പോൾ ശ്രീലങ്ക ഇന്ത്യയുടെ കെണിയിലാണെന്നും പറയാമല്ലോ.
ഹംബാദോട്ടാ തുറമുഖം ഇപ്പോൾ ചൈനീസ് കോളനിയാണെന്ന വ്യാപകപ്രചാരവുമുണ്ട്. 50,000 ഏക്കർ സ്ഥലം ചൈന കൈവശപ്പെടുത്തിയെന്നും പ്രചാരമുണ്ട്.
ഹംബാദോട്ട തുറമുഖം രൂപപ്പെടുത്താൻ തുടക്കംകുറിച്ചത് 2001-ലാണ്. 2005-ൽ പ്രസിഡന്റ് മഹിന്ദ രാജപക്സെ, ഇന്ത്യയോടാണ് അത് രുപപ്പെടുത്താനുള്ള സഹായം ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യ അതിനോട് പ്രതികരിച്ചില്ല. പിന്നീടാണ് ചൈന വന്നത് അവരത് നിർമിക്കുകയും ശ്രീലങ്കൻ സർക്കാരിന് കൈമാറുകയും ചെയ്തു. 2015 വരെ ശ്രീലങ്കയാണ് തുറമുഖം നടത്തിയിരുന്നത്. പുതിയ സർക്കാർനയത്തിന്റെ ഭാഗമായി 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് നൽകുകയായിരുന്നു. അവിടെ മുപ്പതുശതമാനം ഇപ്പോഴും ശ്രീലങ്കൻ സർക്കാരിന്റെ കൈവശമാണ്. ആ തുറമുഖത്തിന്റെ നടത്തിപ്പ്‌ ഇപ്പോൾ ചൈനയ്ക്കാണ്‌. അവിടെയുള്ള സുരക്ഷാച്ചുമതല ശ്രീലങ്കൻ നാവികസേനയുടെ കൈവശംതന്നെയാണ്. 1500 ഏക്കർ ചൈനയുടെ കൈവശമുണ്ടെന്ന പ്രചാരണം തെറ്റാണ്.
അതിനുസമീപം വ്യവസായമേഖലയുണ്ട്. അത് 400 ഏക്കറോളമുണ്ട്‌. ഫാർമസ്യൂട്ടിക്കൽ മേഖല ഹംബാദോട്ട എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള എല്ലാ വിദേശനിക്ഷേപങ്ങളും സ്വീകരിക്കാൻ ശ്രീലങ്ക ഒരുക്കമാണ്.

ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം
 ടാറ്റ, ഭാരതി എയർടെൽ എന്നീകമ്പനികൾ നിലവിൽ ശ്രീലങ്കയിലുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇന്ധനവിതരണത്തിന്റെ മൂന്നിലൊരു ഭാഗം നിയന്ത്രിക്കുന്നത്.

കൊളംബോയിലെ പ്രധാനപ്പെട്ട ഇടങ്ങളിലാണ് താജ് ഹോട്ടലിനും ഐ.ടി.സി. ഹോട്ടലുമുള്ളത്. ഇന്ത്യയിലെ അംബുജ സിമന്റ്‌സ്, അശോക് െെലലാൻഡ് ഉൾപ്പെടെ ഒട്ടേറെ കമ്പനികൾക്ക് ശ്രീലങ്കയിൽ ശക്തമായ സാന്നിധ്യമുണ്ട്. ചൈനീസ് കമ്പനികൾ അടിസ്ഥാനസൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എല്ലാ കമ്പനികൾക്കും സാമ്പത്തികതാത്‌പര്യം മാത്രമാണുള്ളത്. അല്ലാതെ ജിയോ സ്ട്രാറ്റജിക് താത്‌പര്യമുണ്ടെന്ന പ്രചാരണം തെറ്റാണ്.

ജാഫ്‌ന മേഖലയിൽ ഒട്ടേറെ ചെറിയ തടാകങ്ങളുണ്ട്. മത്സ്യവ്യവസായത്തിനുപറ്റിയ ഒട്ടേറെ സൗകര്യങ്ങളുമുണ്ട്. അവിടെ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികളെ ക്ഷണിക്കുകയാണ്. ചൈനീസ് കമ്പനികളും ഇവിടെ നിക്ഷേപം നടത്താനെത്തിയിട്ടുണ്ട്.

ഇന്ത്യ-ശ്രീലങ്ക ബന്ധം
 ഇന്ത്യയാണ് അടുത്ത ബന്ധു. ഇന്ത്യക്കാണ് ആദ്യപരിഗണന. രാമായണത്തിന്റെ നടത്താര, ബുദ്ധപാതയും ഇന്ത്യയും ശ്രീലങ്കയുമായി ബന്ധപ്പെട്ടതാണ്. ആത്മീയവും സാംസ്കാരികവുമായ ബന്ധം ഇന്ത്യയുമായുണ്ട്. രാഷ്ട്രീയബന്ധമുണ്ട്. ഇന്ത്യയുമായി നൂറ്റാണ്ടുകൾ തമ്മിലുള്ള വ്യവഹാരങ്ങളുണ്ട്. എന്നാൽ, ശ്രീലങ്കയുടെ പരമാധികാരത്തിൽ കൈകടത്താൻ ഒരു രാജ്യത്തെയും അനുവദിക്കില്ല.
ആഭ്യന്തരയുദ്ധമുണ്ടായപ്പോൾ ഒട്ടേറെ ലോകരാജ്യങ്ങൾ യുദ്ധംനിർത്താൻ അവശ്യമുന്നയിച്ചെങ്കിലും ഞങ്ങൾ നിർത്തിയില്ല. 
ഇന്ന് ജാഫ്‌നയിലുണ്ടായ വികസനം ആരെയും അതിശയിപ്പിക്കും. റോഡുകൾ, ഹോട്ടലുകൾ അങ്ങനെ സമഗ്രവികസനം.

ഇന്ത്യയിൽനിന്നുള്ള അറുപതിനായിരത്തോളം പ്രവാസികൾ ശ്രീലങ്കയിലുണ്ട്. ശ്രീലങ്ക തകരാൻ പോവുകയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും തിരിച്ചുവരാൻ ഒരുങ്ങുന്നുണ്ടോ? അവരുടെ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. നല്ല സ്കൂളുകൾ, നല്ല ആരോഗ്യസൗകര്യങ്ങൾ, വൃത്തിയുള്ള നഗരങ്ങൾ എന്നിവ ഇന്ന് ശ്രീലങ്കയിലുണ്ട്. അവരാരെങ്കിലും തിരിച്ചുവരാൻ തയ്യാറാവുമോ എന്നും അന്വേഷിക്കാം.