അടുത്ത ദിവസങ്ങളിലായി സ്പീക്കർ ആരോപണങ്ങളുടെ പുകമറയിലാണല്ലോ ? എന്താണ് ഇതിന് കാരണം

 ഭൂതക്കണ്ണാടി എന്ന സിനിമയിൽ നായകകഥാപാത്രത്തെ ഇല്ലാത്ത ഭ്രാന്ത് ആരോപിച്ച്  ശരിക്കും ഭ്രാന്തനാക്കുന്ന രംഗമുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷത്തെ ആരോപണങ്ങൾ ആ സിനിമയെയാണ് ഓർമിപ്പിക്കുന്നത്. ആ അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനാണ് ശ്രമം. ഉയരുന്ന ആരോപണത്തിലൊന്നും ഒരുശതമാനംപോലും സത്യമില്ല. എട്ടുപത്തുമാസം മുമ്പുതന്നെ ഉയർന്ന ആരോപണങ്ങളാണ് ശങ്കരനാരായണൻതമ്പി സ്മാരകഹാൾ നിർമാണവുമായി ബന്ധപ്പെട്ടവ. അതിലൊന്നും ഒരു സത്യവും ഇല്ലെന്ന് ബോധ്യമായിട്ടും വീണ്ടും അത് ഉന്നയിക്കുന്നതിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കാര്യങ്ങൾ നിർവഹിച്ചത്. സ്പീക്കർ എന്ന നിലയിൽ ഒരു വ്യക്തിക്കുമാത്രം ചെയ്യാൻകഴിയുന്ന കാര്യങ്ങളല്ല അതൊന്നും. ആറു തലങ്ങളിലെങ്കിലുമുള്ള വിവിധ വിദഗ്‌ധകമ്മിറ്റികൾ പരിശോധിച്ചശേഷമാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. ലോക കേരളസഭയുടെ കാര്യത്തിലും ഇ-വിധാൻസഭയുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാർഥ്യം.

 സ്പീക്കറുടെ വിദേശയാത്രയെക്കുറിച്ചും ആക്ഷേപമുണ്ടല്ലോ

 മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. അവിടെ നാനൂറോളം കുടുംബങ്ങളുള്ളതിൽ 360 പേരെങ്കിലും ഗൾഫ് നാടുകളിലാണ്. അവരുൾപ്പെടെ ഒട്ടേറെ സംഘടനകൾ വിവിധ പരിപാടികൾക്കായി ക്ഷണിക്കാറുണ്ട്. പത്തും ഇരുപതും ക്ഷണങ്ങൾ വരുമ്പോൾ ആ പരിപാടികൾക്കായി പോയിട്ടുണ്ട് എന്നതു സത്യം. അതൊന്നും സർക്കാർ പണം ഉപയോഗിച്ചല്ല നടത്തിയത്. ഔദ്യോഗിക ചുമതലയുമായി ഒട്ടേറെ സർക്കാർ പരിപാടികൾക്കായും വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. ഔദ്യോഗികമായാലും അനൗദ്യോഗികമായാലും എല്ലാ യാത്രകളുടെയും വിശദ വിവരങ്ങൾ ഓഫീസിലുണ്ട്. ആർക്കും അത് പരിശോധിക്കാം. ഭരണഘടനാ സംവിധാനത്തിന്റെ ഒരു പരിവേഷവും ഇല്ലാതെ ഒരു സാധാരണ പൗരനെപ്പോലെത്തന്നെ അന്വേഷണത്തിന് വിധേയനാകാം.
യാത്ര എനിക്ക് എന്നും ഇഷ്ടമായിരുന്നു. പുതിയ അനുഭവങ്ങളും അന്വേഷണങ്ങളും നൽകുന്നതാണ് യാത്രകൾ. മുമ്പും ഇത്തരത്തിൽ ഇന്ത്യക്കകത്തും പുറത്തും വിപുലമായി യാത്രചെയ്തിട്ടുണ്ട്. യാത്രകളോട് അത്രകണ്ട് താത്‌പര്യമുണ്ട്. അതൊരു തെറ്റായ കാര്യമായി ഇപ്പോഴും തോന്നുന്നില്ല.

  ധാരാളം ജനപ്രതിനിധികൾ വിദേശയാത്ര നടത്താറുണ്ട്. പിന്നെന്താണ് താങ്കളുടെ യാത്ര വിവാദമാകുന്നത്?

 അതാണ് എനിക്കും മനസ്സിലാവാത്തത്. അനാവശ്യമായ പുകമറ സൃഷ്ടിക്കുകയാണ് ചിലർ. ഇരുട്ടത്തു നിർത്തി ആക്രമിക്കുന്നു. സത്യമില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് എല്ലാ ആരോപണങ്ങളും വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നത്.

 വിവാദനായിക സ്വപ്നാ സുരേഷ് ഏതെങ്കിലും യാത്രയിൽ കൂടെ ഉണ്ടായിരുന്നോ

 ഒരു യാത്രയിലും അവർ ഉണ്ടായിരുന്നില്ല. ഔദ്യോഗിക യാത്രകളിലും ഉണ്ടായിരുന്നില്ല. വിദേശത്ത് ഞാൻ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും സ്വപ്ന പങ്കെടുത്തിട്ടില്ല. മറ്റ് ചടങ്ങുകളിലും ഉണ്ടായിരുന്നില്ല. യു.എ.ഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാൽ, എനിക്ക് പറ്റിയ ഒരേ ഒരു അബദ്ധം അവരുടെ നിർബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാർബൺ എന്നൊരു കട ഉദ്ഘാടനം ചെയ്യാൻ പോയി എന്നതു മാത്രമാണ്.  സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആ യാത്ര. ഇപ്പോൾ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട സന്ദീപ് നായരുമായി പരിചയമുണ്ടായിരുന്നില്ല. അയാൾക്ക് അത്തരം പരിപാടികൾ ഉണ്ടെന്ന് അറിഞ്ഞതുമില്ല. ആ കട ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ആക്ഷേപങ്ങളത്രയും രൂപപ്പെട്ടുവന്നത്. മൂന്നുതവണ ആ പരിപാടിയിൽനിന്ന് ഒഴിഞ്ഞുമാറിയതാണ്. ഒടുവിൽ നിരന്തരമുള്ള സ്വപ്നയുടെ ഫോൺവിളികളെത്തുടർന്നാണ് നിയമസഭ പിരിഞ്ഞശേഷം ആ പരിപാടിക്ക് പോയത്. ഒരു നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരുടെ  ഫോൺവിളികളെ കണ്ടത്. എന്നാൽ, കടയെക്കുറിച്ചുള്ള  വിശദവിവരങ്ങൾ അന്വേഷിക്കാതിരുന്നത് വീഴ്ചയായിപ്പോയി. ഇന്റലിജൻസ് വിഭാഗമാകട്ടെ വിവരങ്ങൾ അന്വേഷിച്ച് അറിയിച്ചതുമില്ല.

 അഴിമതി ആരോപണങ്ങളും ഉണ്ടല്ലോ

 നിയമാനുസൃതം വിവിധ സമിതികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇതിന് ആധാരമായ എല്ലാ കാര്യങ്ങളും നടന്നത്. അത് സ്പീക്കർ എന്ന വ്യക്തിയല്ല നടത്തിയത്. ഇതിലൊന്നും സ്പീക്കർ നേരിട്ട് ഇടപെട്ടിട്ടുമില്ല. ആർക്കെങ്കിലും പണം കൊടുക്കാനും പറഞ്ഞിട്ടില്ല. പാലാരിവട്ടം പാലത്തിന്റെ പേരിൽ അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ചെയ്തതുമായി ഇതിനെ താരതമ്യം ചെയ്യാനുമാവില്ല. അദ്ദേഹം ചെയ്തത് തെറ്റും സ്പീക്കർ ചെയ്തത് ശരിയുമെന്ന പ്രതിപക്ഷനേതാവിന്റെ ആക്ഷേപത്തിലും കഴമ്പില്ല. അത് രണ്ടും രണ്ടായി കാണണം.

 ആക്ഷേപങ്ങൾക്ക് എതിരേ നിയമനടപടി സ്വീകരിക്കുമോ

 ഇനിയും അത് തുടരുന്നപക്ഷം അത്തരം നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരും. ശൂന്യതയിൽനിന്ന് കഥകളുണ്ടാക്കി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തിക്ക് പൊതുവേദിയിൽ പറയുന്നതിന് പരിമിതികളുണ്ട്. എന്നാൽ, ആ പരിമിതി ഒരു ദൗർബല്യമായി കാണരുത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ അസഹിഷ്ണുതയില്ല. എന്നാൽ, വസ്തുത മനസ്സിലാക്കിവേണം വിമർശനം ഉന്നയിക്കേണ്ടത്. ഈ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതകൂടി കണക്കിലെടുക്കണം.

  ആരോപണം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പറയുമോ എന്നാണല്ലോ കെ. സുരേന്ദ്രന്റെ ഒടുവിലത്തെ ചോദ്യം

 അങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. ഏതെങ്കിലും തരത്തിൽ അവിഹിത കാര്യങ്ങൾക്കായി ഞാൻ കൂട്ടുനിന്നിട്ടില്ല. ഏത് ഏജൻസിക്കു മുന്നിലും സാധാരണ പൗരനെപ്പോലെ അന്വേഷണത്തിന് വിധേയനാകാം. എന്നാൽ, സത്യത്തെ അംഗീകരിക്കാൻ ആക്ഷേപം ഉന്നയിക്കുന്നവർ തയ്യാറാവണം. സത്യത്തെ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരുകതന്നെ ചെയ്യും.

 താങ്കളെ ആരോപണവിധേയനാക്കി നിർത്തുന്നതിന് മറ്റെന്തെങ്കിലും കാരണം സംശയിക്കുന്നുണ്ടോ

 ആക്ഷേപം ഉന്നയിക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടാകാം. വ്യക്തിപരമാണ് ചില ആരോപണങ്ങളെങ്കിലും അതിനുപിന്നിൽ രാഷ്ട്രീയം തന്നെയാവണം. എന്നാൽ, വസ്തുതാപരമല്ലാത്ത, അടിസ്ഥാനരഹിതമായ ഇത്തരം ചെയ്തികൾ ജനാധിപത്യ വ്യവസ്ഥിതിക്ക് ഒരിക്കലും ഭൂഷണമല്ല.

 ആരോപണം ഉന്നയിക്കുന്നതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. അധ്യക്ഷൻ കെ. സുരേന്ദ്രനുമാണല്ലോ മുന്നിൽ. ഇവർക്ക് എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ

 ബാർകോഴയുമായി ബന്ധപ്പെട്ട മൊഴിയിൽ പ്രതിപക്ഷനേതാവിന് എതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് നിയമാനുസൃതമായ അന്വേഷണത്തിന് അനുമതി നൽകിയത്. അത്തരം അന്വേഷണങ്ങളെ തടസ്സപ്പെടുത്താൻ നിയമസഭാ അധ്യക്ഷന് കഴിയില്ല. അതിന്റെ പേരിലാവാം അദ്ദേഹം ആരോപണം ശക്തമായി ഉന്നയിക്കുന്നത്.
കേരളത്തിലെ ലൈഫ് പദ്ധതിയെ ആകെ തടസ്സപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചപ്പോഴാണ് അത് അവകാശലംഘനത്തിന് എതിരായ പരാതിയായി മുന്നിലെത്തിയത്.  അത് നിയമസഭാ സമിതിക്ക് കൈമാറുകയാണ് സ്പീക്കർ ചെയ്തത്. കേന്ദ്ര ഏജൻസിക്ക് എതിരേ നടപടിയെടുക്കാൻ ശ്രമിച്ചതാവാം ബി.ജെ.പി. നേതാവിനെ പ്രകോപിപ്പിച്ചത്. നിയമാനുസൃതമായ ഒരു അന്വേഷണവും തടയാൻ ശ്രമിച്ചിട്ടില്ല.
സി.എ.ജി. റിപ്പോർട്ട്‌  സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നൽകിയ പരാതിയിലും ധനകാര്യ മന്ത്രി നൽകിയ പരാതിയിലും യുക്തിയുണ്ട് എന്നതിനാലാണ് അവ നിയമസഭാ സമിതിക്ക് കൈമാറിയത്. എന്നാൽ, എല്ലാ പരാതികളിലും കണ്ണുംപൂട്ടി അന്വേഷണത്തിന് അനുമതി നൽകാറില്ല. വി.ഡി. സതീശന്റെ വിദേശയാത്ര സംബന്ധിച്ചും അൻവർ സാദത്ത് എം.എൽ.എ.യെക്കുറിച്ചുള്ള പരാതിയിലും അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല.
കേസെടുക്കാൻ പര്യാപ്തമായ കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ നൽകാനാണ് ഈ രണ്ട് പരാതിയിലും ആവശ്യപ്പെട്ടിരിക്കുന്നത്.  സ്പീക്കറുടെ നടപടികളിലെ നിഷ്പക്ഷത കാണിക്കാനാണ് ഇത് ചൂണ്ടിക്കാണിച്ചത്.

പക്ഷേ, ആരോപണങ്ങൾ തുടരുകയാണല്ലോ

 നാലുവർഷവും ആക്ഷേപങ്ങളൊന്നും എവിടെയും ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായത് സ്വാഭാവികമായി കാണാനാവില്ല. തെറ്റിദ്ധാരണ കൊണ്ടാണോ അതല്ല, തെറ്റായി ധരിച്ചിട്ടാണോ അത് എന്നതിലാണ് സംശയം. ആരെയോ അടിക്കാനുള്ള വടിയായി സ്പീക്കറെ ഉപയോഗിക്കുകയാണ്.
സ്പീക്കർ പദവി ഏറ്റെടുത്തശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ല. എന്നാൽ, അതിനർഥം പാർട്ടിക്കാരനല്ലാതായി എന്നല്ല. ഈ പദവിയിൽ ഇരുന്നുകൊണ്ട് തീർത്തും നിഷ്പക്ഷമായി എല്ലാ വിഭാഗത്തിന്റെയും അംഗീകാരം വാങ്ങിയാണ് മുന്നോട്ടുപോയത്. എന്നാൽ, ഭീഷണികൊണ്ടോ കുപ്രചാരണങ്ങൾ കൊണ്ടോ ഭയപ്പെട്ട് പിന്മാറാൻ തീരുമാനിച്ചിട്ടില്ല.  
ആരോപണങ്ങൾകൊണ്ട് പുകമറ സൃഷ്ടിച്ച് വ്യക്തികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനുള്ള ഈ  ശ്രമങ്ങൾ മാതൃകയായി എല്ലാവരും സ്വീകരിച്ചാൽ ജനാധിപത്യത്തിന്റെ സുഗന്ധം നഷ്ടമാവും. രാഷ്ട്രീയത്തിൽ ദുർഗന്ധം വമിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

Content Highlights: Speaker Sreeramakrishnan talks with p p saseendran