speaker p sreeramakrishnanപ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത രണ്ടാം ലോകകേരളസഭ കഴിഞ്ഞദിവസം സമാപിച്ചു. പ്രതിപക്ഷം ബഹിഷ്കരിച്ചു. ഒട്ടേറെ വിമർശനങ്ങളും ഉയർന്നു.  ഈ പശ്ചാത്തലത്തിൽ ലോകകേരളസഭ എന്ന ആശയത്തെക്കുറിച്ച്  സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാതൃഭൂമി പ്രതിനിധി എസ്.എൻ. ജയപ്രകാശുമായി സംസാരിക്കുന്നു  

രണ്ടാം സമ്മേളനം പിന്നിടുമ്പോൾ ലോകകേരളസഭ ഒട്ടേറെ വിമർശനങ്ങൾ നേരിടുന്നല്ലോ

നിക്ഷേപകരുടെയും പണക്കാരായ പ്രാഞ്ചിയേട്ടൻമാരുടെയും സമ്മേളനമായി ഇതിനെ ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഡാരോൺ അക്മുഗലെയും ജെയിംസ് റോബിൻസണും  ചേർന്നെഴുതിയ  ‘നാരോ കോറിഡോർ ടു ലിബർട്ടി’ എന്നൊരു പുസ്തകമുണ്ട്. ലിബർട്ടി എന്നത് വിമോചനമാണ്. എല്ലാ സംസ്കൃതികളും ഇതിലേക്ക്‌ എത്തുന്നില്ല. ചില സംസ്കൃതികളിൽ  മനുഷ്യർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. മറ്റുചിലർ അടിമകളെപ്പോലെ കഴിയുന്നു. അതിന്റെ കാരണം പൗരസമൂഹത്തിന്റെ ശക്തിയും സ്റ്റേറ്റിന്റെ  ശക്തിയും തമ്മിൽ തുലനമില്ലാത്തതാണ്. ശക്തമായ പൗരസമൂഹമുള്ളിടത്തുമാത്രമേ ശക്തമായ സ്റ്റേറ്റിന് പ്രസക്തിയുള്ളൂ. പൗരസമൂഹം ശക്തിപ്പെടുന്നത് ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളിലേക്ക്‌ വികസിപ്പിക്കുമ്പോഴാണ്.

ലോകത്തെമ്പാടുമുള്ള മലയാളികളുടെ അഭിപ്രായങ്ങൾകേട്ട് അവരുടെ അനുഭവങ്ങളും ജ്ഞാനവും  പ്രയോഗവും സമ്പത്തും നമുക്ക് ഉപയോഗിക്കാൻ കഴിയുമോയെന്നാണ് ലോകകേരളസഭ നോക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ജൈവികവികസനമായി വേണം കാണാൻ. കേരളം ലോകത്തിനുമുന്നിൽ വെക്കുന്ന ജനാധിപത്യത്തിന്റെ പുതിയ അനുഭവമായി ലോകകേരളസഭയെ കണ്ടാൽ അതിനോടുള്ള അസ്വസ്ഥത മാറും. 

ഇവിടെ എല്ലാകാലത്തും ജനാധിപത്യം ഇങ്ങനെത്തന്നെ നിൽക്കുമെന്ന് ആരുപറഞ്ഞു? അത് മാറും; മാറണം. ജനാധിപത്യത്തിൽ പാരമ്പര്യവാദമില്ല. പാരമ്പര്യം എന്നത് അഭയകേന്ദ്രമല്ല. ആയുധപ്പുരയാണ്. പാരമ്പര്യത്തിൽനിന്ന് നമുക്ക് ചിലതെടുക്കാം. എന്നാൽ, എല്ലാമങ്ങനെ നിലനിർത്തേണ്ട കാര്യമില്ല. 

നിയമസഭാ മന്ദിരം വിശുദ്ധപശുവോ ആരും കയറാൻ പാടില്ലാത്ത സവർണമന്ദിരമോ അല്ല. അത്‌ ജനങ്ങളുടേതാണ്‌. ബ്രിട്ടീഷ് പാർലമെന്റ്‌ മന്ദിരത്തിന്റെ അരികിലുള്ള ഹാളുകളെല്ലാം വാടകയ്ക്ക് കൊടുക്കും. അവിടെയെല്ലാം സമ്മേളനങ്ങൾ നടക്കും. അങ്ങനെയെല്ലാം ലോകത്ത് നടക്കുന്നുണ്ട്.

ഈ പരിശ്രമത്തോട് പ്രവാസലോകത്തിന്റെ പ്രതികരണം എന്താണ് 

പ്രവാസലോകം ലോകകേരളസഭയെ പോസിറ്റീവായും വളരെ പ്രതീക്ഷയോടുമാണ് കാണുന്നത്.  ഇതിൽ പങ്കെടുക്കാനും ചർച്ചകളിൽ പങ്കാളികളാവാനും തീരുമാനങ്ങളുടെ ഭാഗമായി നിൽക്കാനും അവർ ആഗ്രഹിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം അവരുടെ പങ്കാളിത്തവും സന്തോഷവുമുണ്ട്. ഒരു ക്ലബ്ബുപോലെ ചർച്ചനടത്തി പിരിഞ്ഞുപോകുകയല്ല ചെയ്യുന്നത്. ഒന്നാംസഭയിൽനടന്ന ചർച്ചകളുടെ തുടർച്ചയായി  ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിനെ അതിൽ പങ്കാളിയാക്കി. അതിൽ സ്റ്റാൻഡിങ് കമ്മിറ്റികളുണ്ടാക്കി. അവയുടെ നിർദേശങ്ങൾ സമാഹരിച്ചു. അതിൽ എട്ടെണ്ണം നടപ്പാക്കി. ഇവിടെയല്ലാതെ ലോകത്തെവിടെയെങ്കിലും പ്രവാസിക്ക് പെൻഷൻ ഫണ്ട് ഉണ്ടോ? ഈസ് ഓഫ് ഡൂയിങ് നിയമമുണ്ടാക്കി. നോർക്കയുടെ ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചു. ഇതിന് സർക്കാരിനെ പ്രചോദിപ്പിച്ചത് ആദ്യസഭയിലെ പ്രതിപക്ഷത്തിന്റെകൂടി പങ്കാളിത്തമാണ്.  

പക്ഷേ, പ്രതിപക്ഷം ബഹിഷ്കരിച്ചല്ലോ? അവരുടെ ബഹിഷ്കരണം തടസ്സമുണ്ടാക്കുന്നുണ്ടോ 

ഇത്തവണ ആകെയുണ്ടായ കുറവ് പ്രതിപക്ഷമുണ്ടായില്ല എന്നതാണ്. തടസ്സമുണ്ടായിട്ടല്ല. അവരുടെ അഭാവം പ്രയാസമുണ്ടാക്കി. വീട്ടിൽനിന്ന് പുറത്തുപോയ മക്കളെല്ലാം ഒത്തുകൂടുമ്പോഴുള്ള സന്തോഷത്തിന്റെ അന്തരീക്ഷമാണ് ലോകകേരളസഭയിൽ. അതിൽ ചില മക്കളില്ലാതെ വരുമ്പോൾ വിഷമമുണ്ടാകില്ലേ. അവരും ഈ വീട്ടിലെ മക്കൾതന്നെയാണ്. ആ വിഷമം പരിഹരിക്കാൻ നന്നായി പരിശ്രമിക്കും.

പ്രവാസികൾ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയശക്തിയാണ്. എന്നിട്ടും ലീഗ് ഇതുമായി സഹകരിച്ചില്ല

അതവരുടെ രാഷ്ട്രീയതീരുമാനമാണ്. ആ തീരുമാനം യു.ഡി.എഫ്. എടുത്തു. നമ്മൾ എത്ര നിർബന്ധിച്ചാലും രാഷ്ട്രീയതീരുമാനം മാറ്റുന്നത് എളുപ്പമല്ല. ആ തീരുമാനത്തിന് ഒരു രാഷ്ട്രീയകാരണമുണ്ടാവും. ആ കാരണത്തിന്റെ സമയം കഴിഞ്ഞാൽ നിലപാടിനെക്കുറിച്ച് പുനർവിചിന്തനം വേണം.

പ്രവാസികളുടെ വിശ്വാസമാർജിക്കുന്നതിൽ ലോകകേരളസഭ വിജയിച്ചോ

രണ്ടാം സമ്മേളനവും ആവേശകരമായിരുന്നു. ഒരുപാട് നിർദേശങ്ങളുയർന്നു. ഒരുപാട് വാഗ്ദാനങ്ങൾവന്നു. നിക്ഷേപം മാത്രമല്ല, എന്റെ നാട്, എന്റെ ഭാഷ, എന്റെ സംസ്കാരം തുടങ്ങിയ ആന്തരികദാഹങ്ങൾ മനുഷ്യനുണ്ട്. ഇതിൽ കോൺഗ്രസ്, മുസ്‌ലിംലീഗ്, സി.പി.എം., സി.പി.ഐ. അനുഭാവമുള്ള ഒരുപാടുപേർ പങ്കെടുത്തു. അവരെല്ലാം ഒരത്താണി എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നത്. 

ഈ സമ്മേളനം മുന്നോട്ടുവെച്ച സവിശേഷപരിപാടികൾ എന്തെല്ലാം

പ്രവാസികളുടെ രജിസ്റ്റർ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആഗോള ഹാക്കത്തോണും സംഘടിപ്പിക്കും. കേരളത്തിന് സന്തോഷകരമായ സംസ്ഥാനമാകാൻ പറ്റുന്ന ആശയങ്ങൾ മറ്റുരാജ്യങ്ങളിൽനിന്ന് പകർത്താനാണ് ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളി സാങ്കേതികവിദഗ്ധരുടെ മേഖലാസമ്മേളനങ്ങൾ ചേരും. നമ്മുടെ കുറവുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംവാദങ്ങൾ നടത്തും. വിദേശത്ത് തൊഴിൽതേടിപ്പോകുന്ന മലയാളികളായ യുവാക്കളുടെ സാങ്കേതികജ്ഞാനം വർധിപ്പിക്കാനുള്ള സ്ഥാപനം തുടങ്ങാമെന്ന് യു.എ.ഇ.യിലെ മുന്നൂറോളം വരുന്ന എൻജിനീയർമാരുടെ സംഘടന വാഗ്ദാനംചെയ്തിട്ടുണ്ട്. ലോകത്തെ വിവിധ സർവകലാശാലകളിലെ അധ്യാപകരുടെ സഹകരണപങ്കാളിത്തത്തോടെയുള്ള അന്തർദേശീയ വിദ്യാഭ്യാസഹബ്ബിന് വാഗ്ദാനമുണ്ട്. നമ്മൾ കുറച്ചുകൂടി മനസ്സുതുറന്ന് സ്വീകരിക്കാൻ ശ്രമിച്ചാൽ അവർ തയ്യാറാണ്.

ഭാവിയിലും ലോകകേരളസഭ നിലനിൽക്കാൻ നിയമനിർമാണം സഹായകമാകുമോ

ഏത് സർക്കാർവന്നാലും ലോകകേരളസഭ തുടരണം. ഏത് സ്പീക്കറും അതിൽ പങ്കാളിയാവണം. നിയമമുണ്ടായാൽ ഇത് സ്ഥിരംവേദിയാവും. പിരിച്ചുവിടണമെങ്കിൽ പിന്നെയൊരു നിയമമുണ്ടാക്കണം. ലോക കേരളസഭയെ  ഗളഹസ്തം ചെയ്യാനുള്ളത്ര  ക്രൂരത ആർക്കെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.