സർക്കാരിനുപുറത്തുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെവേണം പ്രാദേശികപദ്ധതികൾ ആസൂത്രണംചെയ്യാൻ. നിർത്തലാക്കിയ വിദഗ്ധസമിതികൾ തിരിച്ചുകൊണ്ടുവരണം. വാർഡ് അടിസ്ഥാനത്തിൽ ഫണ്ട് വിഭജിക്കുന്നത് ആസൂത്രണത്തിന് എതിരാണ്. ജനപ്രതിനിധിയെ വിലയിരുത്തുന്നത് ചെലവാക്കിയ ഫണ്ടിന്റെ അടിസ്ഥാനത്തിലല്ല -കാൽനൂറ്റാണ്ടിലെ പഞ്ചായത്തീരാജ് സംവിധാനത്തെ വിലയിരുത്തുന്നു
ഭരണഘടനയുടെ 73, 74 ഭേദഗതികൾ വന്നയുടൻ തദ്ദേശസർക്കാരുകളുടെ ശാക്തീകരണത്തിന് ‘മഹാസ്ഫോടനം’ എന്നുവിശേഷിപ്പിക്കാവുന്ന സമീപനമാണ് കേരളം സ്വീകരിച്ചത്. അന്നുതൊട്ട് രാജ്യത്ത് അധികാരവികേന്ദ്രീകരണത്തിൽ കേരളമാണ് മാർഗദർശിയും അഗ്രഗാമിയും. നേതൃപദവിയും കേരളത്തിനുതന്നെ. രാജ്യത്ത് എല്ലാസംസ്ഥാനങ്ങളും ഗ്രാമപ്പഞ്ചായത്തുകളുടെ ആസൂത്രണത്തിന് പങ്കാളിത്തസമീപനം സ്വീകരിച്ചതിന്റെ കീർത്തിയും കേരളത്തിലെ ജനകീയാസൂത്രണത്തിനാണ്. അതിനെത്തുടർന്ന് രാജ്യത്തെ 2.4 ലക്ഷം ഗ്രാമപ്പഞ്ചായത്തുകൾ പ്രാദേശിക വികസനപദ്ധതികൾക്ക് രൂപംനൽകുകയുണ്ടായി. പിന്നീട്, 2018 മുതൽ കേന്ദ്രസർക്കാർ ഒക്ടോബർ രണ്ടുമുതൽ ഡിസംബർ അവസാനംവരെ ജനകീയാസൂത്രണപ്രചാരണവും (പീപ്പിൾസ് പ്ലാൻ കാമ്പയിൻ) നടത്താൻ തുടങ്ങി.
ഭരണത്തെ ജനാധിപത്യവത്കരിച്ചപ്പോൾ
ഭരണത്തെ ജനാധിപത്യവത്കരിച്ചതാണ്, പ്രത്യേകിച്ചും വികസനത്തിന്റെ കാര്യത്തിൽ, കഴിഞ്ഞ കാൽനൂറ്റാണ്ടിൽ നമ്മൾ കൈവരിച്ച പ്രധാന നേട്ടം. പണം തദ്ദേശസ്ഥാപനങ്ങളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും ചിട്ടയോടെ ഒഴുകിയെത്തി. ഏറ്റവും അവികസിത പ്രദേശങ്ങൾക്ക് താരതമ്യേന കൂടുതൽ വിഹിതംകിട്ടി. ഫണ്ടിന്റെ വിതരണം ആക്ഷേപങ്ങളില്ലാത്ത, വിവേചനരഹിതമായ തരത്തിലായിരുന്നു. അതിനാൽ സ്വാധീനശക്തിയോ കക്ഷിരാഷ്ട്രീയമോ എവിടെ സ്ഥിതിചെയ്യുന്നുവെന്നതോ ബാധിക്കാതെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സ്വയമേവ പണംകിട്ടുന്നു. അത് അങ്ങേയറ്റം സ്വാഭാവികമായി സംഭവിക്കുന്നതിനാൽ ആ സംവിധാനത്തിനുള്ളിലെ ജനാധിപത്യസ്വഭാവം നമ്മുടെ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല. 1997-നുമുമ്പ് കേരളത്തിൽപ്പോലും തദ്ദേശസ്ഥാപനങ്ങൾക്ക് പണം അനുവദിക്കുന്നതിൽ വലിയതോതിലുള്ള വിവേചനം നിലനിന്നുവെന്ന് ഓർക്കണം.
പങ്കാളിത്ത ആസൂത്രണമാണ് കേരളം പിന്തുടരുന്നത്. ജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനയെ സ്വാധീനിക്കാം. അതിനുമപ്പുറം ഗ്രാമസഭയുടെയും വാർഡ് സഭയുടെയും തീരുമാനങ്ങളെ പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ കോർപ്പറേഷനുകൾക്കോ അട്ടിമറിക്കാനാകാത്തതിനാൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിലുൾപ്പെടെ തങ്ങളുടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയുംചെയ്യാം.
വിദഗ്ധസമിതികൾ തിരിച്ചുവരണം
2005-ൽ അറിയാനുള്ള അവകാശം നിയമമാകുന്നതിന് ആറുവർഷംമുമ്പുതന്നെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നിയമങ്ങളിൽ അത്തരം അവകാശം ഉറപ്പാക്കിയിരുന്നു. പദ്ധതികൾ തയ്യാറാക്കുന്നതിനും അവ അംഗീകരിക്കുന്നതിനും തദ്ദേശസർക്കാരുകളെ സഹായിക്കാൻ സർക്കാരിനുപുറത്തുള്ള വിദഗ്ധർക്ക് ഔപചാരികമായ പങ്കാളിത്തം ഉറപ്പാക്കുന്ന ആസൂത്രണരീതിയാണ് കേരളം സ്വീകരിച്ചത്. 2013 വരെ പൊതുപദ്ധതികൾക്ക് സാങ്കേതികാനുമതി നൽകുന്നതിൽ ഇത്തരം വിദഗ്ധരുടെ സേവനം നിർബന്ധവുമായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ ആ സമ്പ്രദായം നിർത്തലാക്കി. പദ്ധതികളുടെ സങ്കേതികവിലയിരുത്തലിലും അവയ്ക്ക് അംഗീകാരം നൽകുന്നതിലുമുള്ള ക്രമക്കേടുകൾ ഒഴിവാക്കാൻ ആ സമ്പ്രദായത്തിന് കഴിഞ്ഞിരുന്നുവെന്നതിനാൽ അവ തുടരേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു.
ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ വിലയിരുത്തുമ്പോൾ പാർപ്പിടം, ശുചീകരണം, കുടിവെള്ളവിതരണം, വൈദ്യുതി, റോഡ്, പൊതുസ്ഥാപനങ്ങൾ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ മികവുകാട്ടിയെന്നത് സാർവത്രികമായി അംഗീകരിക്കപ്പെടുന്നുണ്ട്. അയൽക്കൂട്ടസംഘങ്ങളുടെ ശൃംഖലയായ കുടുംബശ്രീയുമായുള്ള പങ്കാളിത്തം ദാരിദ്ര്യത്തിലും വലിയ കുറവുണ്ടാക്കി. പൊതുസേവനങ്ങളുടെ ഗുണനിലവാരവും കാര്യമായി ഉയർന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക് കൈമാറിയ സർക്കാർ സ്കൂളുകളിൽ കൂടുതൽ കുട്ടികൾ എത്തിക്കൊണ്ടിരിക്കുന്നു. 1990-കളുടെ പകുതിയിൽ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ സർവേയിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ 28 ശതമാനമായിരുന്നു. എന്നാൽ, ദേശീയ സാമ്പിൾസർവേ ഓർഗനൈസേഷന്റെ സർവേയിൽ 2014-ൽ അത് 33.3 ശതമാനമായും 2017-18ൽ 47.8 ശതമാനമായും ഉയർന്നു. ജില്ലാതലത്തിലും അതിനുതാഴെയുമുള്ള എല്ലാ സർക്കാർ ആശുപത്രികളും തദ്ദേശസ്ഥാപനങ്ങളാണ് ഭരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾ പ്രതീക്ഷിച്ചതിലുമപ്പുറം മികവുപുലർത്തിയത് കരുതലിന്റെയും സഹാനുഭൂതിയുടെയും രംഗത്താണ്. തദ്ദേശസ്ഥാപനങ്ങളും സാമൂഹികസംഘടനകളും ചേർന്ന് നടത്തുന്ന പാലിയേറ്റീവ് കെയർ പ്രസ്ഥാനം അതിന്റെ വ്യാപ്തിയുടെയും ഗുണനിലവാരത്തിെന്റയും കാര്യത്തിൽ ഇന്ന് അന്താരാഷ്ട്ര മാതൃകയാണ്. കേരളത്തിലുടനീളം ആശ്വാസചികിത്സ ആവശ്യമുള്ള കിടപ്പുരോഗികളെ പരിശീലനംകിട്ടിയ നഴ്‌സ് മാസത്തിലൊരിക്കലെങ്കിലും സന്ദർശിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലെ രണ്ടോ മൂന്നോ ശതമാനംവരുന്ന പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള ആശ്രയപദ്ധതിക്ക് പ്രധാനമന്ത്രിയുടെ പുരസ്കാരം ഉൾപ്പെടെ ദേശീയതലത്തിൽ അംഗീകാരംകിട്ടി. മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബഡ്സ് സ്കൂളുകളാണ് എടുത്തുപറയേണ്ട മറ്റൊരു വിജയം.
ആഗോള ആദരം
2018-ലെയും 2019-ലെയും പ്രളയങ്ങളോടും ഇപ്പോഴത്തെ മഹാമാരിയോടുമുള്ള പ്രശംസനീയപ്രതികരണം കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ആഗോളാംഗീകാരം നേടിക്കൊടുത്തു. തദ്ദേശസ്ഥാപനങ്ങളാണ് ഈ ഘട്ടങ്ങളിൽ മുന്നിൽനിന്ന് നയിച്ചത്. ആവശ്യക്കാർക്ക് ആശ്വാസമെത്തിക്കുന്നതിൽ ഉദ്യോഗസ്ഥരെയും സന്നദ്ധസേവകരെയും സമർഥമായി ഏകോപിപ്പിക്കുന്നതിൽ അവ വിജയിച്ചു. തദ്ദേശസർക്കാരുകളെ സർക്കാരിന്റെ മുൻനിരയായി കാണാൻമടിച്ചിരുന്ന സംശയാലുക്കളുടെയും വിമർശകരുടെയും മനസ്സുമാറ്റാൻപോന്ന പ്രകടനമാണ് അവ കാഴ്ചവെച്ചത്.
കുടുംബശ്രീ പങ്കാളിത്തം
കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിലെ മറ്റൊരു വിജയം കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഉത്പാദനപരമായ പങ്കാളിത്തമാണ്. അത് തീർച്ചയായും സ്ത്രീകളെ ശാക്തീകരിച്ചു. അവരെ അവകാശങ്ങളെപ്പറ്റി ബോധവത്കരിച്ചു.
കൃഷിയിലും സൂക്ഷ്മവ്യവസായസംരംഭങ്ങളിലും നൂതനമായ പല പദ്ധതികളും ഈ പങ്കാളിത്തത്തിലൂടെ യാഥാർഥ്യമായി. 2015-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകളിൽ 62 ശതമാനവും കുടുംബശ്രീ അംഗങ്ങളായിരുന്നുവെന്നത് ഈ പങ്കാളിത്തത്തിന്റെ ബഹിർസ്ഫുരണമാണ്.
മുന്നോട്ടെങ്ങനെ?
തദ്ദേശസർക്കാരുകളുടെ അടിസ്ഥാനം ജനകീയപങ്കാളിത്തമാണ്. നിർഭാഗ്യവശാൽ ജനകീയപങ്കാളിത്തം കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനകീയ ബോധവത്കരണത്തിലൂടെ, പ്രധാനമായും കുടുംബശ്രീയിലൂടെ അത് തിരിച്ചുകൊണ്ടുവരണം. പൗരാവശ്യങ്ങളുടെ ഫലവത്തായ വേദിയായി ഗ്രാമ-വാർഡ് സഭകളെ പുനരുജ്ജീവിപ്പി
ക്കണം. ജനകീയാസൂത്രണത്തിലെ ഏറ്റവും നവീനമായ ആശയമായിരുന്നു സന്നദ്ധസാങ്കേതികസേന (വൊളന്ററി ടെക്‌നിക്കൽ കോർപ്‌സ്). ഇ.എം.എസ്സാണ് അതിനുവേണ്ടി അതിശക്തമായി നിലകൊണ്ടത്. പ്രയോജനപ്പെടുത്താതെപോയ അതും പുനരുജ്ജീവിപ്പിക്കണം.
സാങ്കേതികവിദ്യയുടെ വികാസംകാരണം ലോകത്തെങ്ങുമുള്ള സാങ്കേതികവിദഗ്ധരെ ഇപ്പോൾ നമുക്ക് ഒന്നിപ്പിക്കാനാവും. സുസ്ഥിരവികസനരംഗത്ത് കേരളം പുതിയ വെല്ലുവിളികൾ നേരിടുമ്പോൾ സർക്കാരിതര വിദഗ്ധർക്ക് വികസനപദ്ധതികളുടെ നടത്തിപ്പിൽ കാര്യമായ പങ്കാളിത്തം ഇനിയെങ്കിലും ഉറപ്പാക്കേണ്ടതുണ്ട്.
വെല്ലുവിളികൾ ഒട്ടേറെ
മുന്നോട്ടുപോകുമ്പോൾ കേരളത്തിന്റേതുമാത്രമായ ഒട്ടേറെ വെല്ലുവിളികൾ ഉയർന്നുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മുതിർന്ന പൗരരുള്ള സംസ്ഥാനമാണ് കേരളം. 2026 ആകുമ്പോൾ കേരളത്തിൽ അറുപതുവയസ്സിന് മുകളിലുള്ളവരുടെ എണ്ണം പതിനഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന് തുല്യമാകുമെന്നാണ് വിലയിരുത്തുന്നത്. ആയുർദൈർഘ്യം വികസനത്തിന്റെ ലാഭവിഹിതമാണെന്നതിൽ തർക്കമില്ല. എന്നാൽ, വയോജനങ്ങളുടെ സംരക്ഷണം വലിയ വെല്ലുവിളിയാണ്.
കേരളത്തിന്റെ പാരിസ്ഥിതികജീർണത വെളിപ്പെടുത്തുന്നതായിരുന്നു പിന്നിട്ട രണ്ടുപ്രളയങ്ങളും. സൈലന്റ്‌വാലി സംരക്ഷണത്തിനായി നടന്ന ജനകീയപ്രക്ഷോഭത്തിലൂടെ വളരെ മുന്നേതന്നെ പാരിസ്ഥിതികാവബോധശ്രമങ്ങൾക്ക് വിജയകരമായി തുടക്കമിട്ട കേരളത്തിലെ ജനങ്ങളെ ഗാഡ്ഗിൽ സമിതിയുടെ വിവേകപൂർണമായ ശുപാർശകൾക്കെതിരേ നിക്ഷിപ്തതാത്പര്യക്കാർക്ക് തിരിക്കാനായി എന്നത് വിശ്വസിക്കാനാവുന്നില്ല. ആ പ്രതികരണത്തിന്റെ വിഡ്ഢിത്തം പ്രകൃതി നമുക്ക് മനസ്സിലാക്കിത്തന്നു. നീണ്ട തീരദേശവും ദുർബലമായ പശ്ചിമഘട്ടനിരയുമുള്ള കേരളത്തിന്റെ ഭാവി അതിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിലാണ്.
ചൈനയെക്കാൾ ഉയർന്ന മാനുഷികവിഭവ വികസന സൂചിക കൈവരിക്കാനായതിൽ കേരളത്തിന് തീർച്ചയായും അഭിമാനിക്കാം. എന്നാൽ, ഒട്ടേറെ രണ്ടാംതലമുറ പ്രശ്നങ്ങൾ ഈ നേട്ടത്തെ നേരിടുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ജീവിതശൈലീ രോഗങ്ങളും പുതുതായിവരുന്ന പകർച്ചവ്യാധികളുമാണ് പ്രശ്നം. കോവിഡ് ഉയർത്തുന്നവെല്ലുവിളിയാണ് ഇതിൽ ഏറ്റവും ഗുരുതരം. തൊഴിൽ ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വർധിക്കണം.
കോവിഡനന്തരം പ്രാേദശികതലത്തിൽ തൊഴിലവസരങ്ങൾ കൂട്ടേണ്ടതുണ്ട്. ഇത് കൃഷിയിലൂടെയും (അഗ്രോ ഇക്കോളജിക്കൽ ഇനിഷ്യേറ്റീവ്‌സ്) സൂക്ഷ്മസംരംഭങ്ങളിലൂടെയും സാധിക്കാം. രണ്ടിലായാലും ആദ്യം തദ്ദേശീയ ആവശ്യങ്ങൾക്കായുള്ള നേരിട്ടുള്ള വിൽപ്പന എന്ന ഗാന്ധിയൻ ആശയം സ്വീകരിക്കണം. അതിനുശേഷം വിശാലവിപണിയിലേക്ക് കടക്കാം.
ആറാം തലമുറ ഓർക്കണം
വികേന്ദ്രീകരണത്തിന്റെ കാൽനൂറ്റാണ്ടത്തെ സചോദനമായ അനുഭവം നമ്മെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ശക്തിയും ദൗർബല്യവും വിജയവും പരാജയവും അനാവരണംചെയ്തു. തദ്ദേശസർക്കാരുകളിലേക്ക് ഭരണഘടനാഭേദഗതിക്കുശേഷമുള്ള ആറാംതലമുറയെ തിരഞ്ഞെടുക്കാനുള്ള അവസരത്തിൽ സ്ഥാനാർഥികളും ജനങ്ങളും ഈ കാൽനൂറ്റാണ്ടിന്റെ അനുഭവങ്ങളെപ്പറ്റി ചിന്തിക്കണം. തദ്ദേശസർക്കാരുകളെ പുതിയ തലങ്ങളിലേക്ക് ഉയർത്താനും അതുവഴി ജനസൗഹൃദഭരണവും സുസ്ഥിര പ്രാദേശികവികസനവും ഉറപ്പുവരുത്താനുള്ള നിശ്ചയദാർഢ്യം പ്രകടിപ്പിക്കണം.
(സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറിയുമായിരുന്നു ലേഖകൻ)
ഭാവിക്കായുള്ള പാഠങ്ങൾ
പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ചില മാർഗങ്ങൾ നിർദേശിക്കാം
#1 ആസൂത്രണമെന്നത് ദീർഘകാലത്തെ ലക്ഷ്യമിട്ടും സ്ഥിതിവിവരങ്ങളെയും ജനങ്ങളുടെ മുൻഗണനകളെയും അടിസ്ഥാനമാക്കിയാവണം. വാർഡ് അടിസ്ഥാനത്തിൽ ഫണ്ട് വിഭജിക്കുന്ന ഇപ്പോഴത്തെ രീതി പാഴ്‌ച്ചെലവും ആസൂത്രണത്തിന്റെ അടിസ്ഥാനതത്ത്വത്തിന് എതിരുമാണ്. അന്തസ്സ്, ഉത്തരവാദിത്വം, പ്രതിബദ്ധത എന്നിവയാണ് പ്രതിനിധികളെ വിലയിരുത്താൻ ജനം സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ. അല്ലാതെ എത്ര ഫണ്ട് ചെലവഴിച്ചുവെന്നതല്ല. ജനങ്ങളുടെ മുൻഗണന ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സദ്‌ഭരണം എന്നിവയിലാണ്. അല്ലാതെ ചെറിയ ചെറിയ പ്രാദേശിക നിർമാണപ്രവർത്തനങ്ങളിലല്ല.
#2 അഴിമതിയെന്നത് പാവപ്പെട്ടവരുടെ ശത്രുവും വികസനത്തെ വക്രീകരിക്കുന്നതും ജനാധിപത്യത്തിന്റെ വിലയിടിക്കുന്നതുമാണ്. പ്രാദേശികതലത്തിലെ അഴിമതി തടയുന്നതിന് എത്രയുംവേഗം ശക്തമായ ശ്രമമുണ്ടാവണം. തദ്ദേശസർക്കാരുകളിലെ അഴിമതി ജനങ്ങളെ ദോഷൈകദൃക്കുകളാക്കും. സർക്കാരിൽത്തന്നെയുള്ള വിശ്വാസം അവർക്ക് നഷ്ടമാവും. അതിനാൽ സദ്‌ഭരണലക്ഷ്യത്തിനായുള്ള ആധുനികരീതികളായ പൗരാവകാശരേഖ, സിറ്റിസൺ സ്കോർ കാർഡ്, കമ്യൂണിറ്റി ബേസ്‌ഡ് മോണിറ്ററിങ്, സോഷ്യൽ ഒാഡിറ്റ് എന്നിവ ഫലപ്രദമായി നടപ്പാക്കണം.
#3 പൊതു അവകാശങ്ങളെ വ്യക്തികളുടെ സ്വാർഥതയിൽനിന്ന് സംരക്ഷിക്കാനുള്ള വലിയ നിയന്ത്രണാധികാരങ്ങൾ തദ്ദേശ സർക്കാരുകൾക്കുണ്ട്. ജലാശയങ്ങൾ, വയലുകൾ, കടപ്പുറങ്ങൾ എന്നിങ്ങനെയുള്ളവ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നാൽക്കൂടിയും ജനസാമാന്യത്തിനുള്ളതാണ്. മനുഷ്യരാശിയുടെ ഭാവിക്കായി അവ സംരക്ഷിച്ചേതീരൂ.
#4 വൃത്തിയുള്ള കേരളം യാഥാർഥ്യമാക്കുന്നതിനുള്ള പൊതുസേവനങ്ങൾ ഉറപ്പാക്കുന്നതിന് മുൻഗണന നൽകണം. അത് ഇവിടത്തെ ജനങ്ങളുടെ മാത്രമല്ല, പരിസ്ഥിതിയുടെയും സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യത്തിന് അനിവാര്യമാണ്.
ഉണ്ട്, പരാജയങ്ങൾ
വികസനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പട്ടികജാതി-വർഗക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും അവർക്ക് കിട്ടേണ്ടിയിരുന്ന ഗുണം കിട്ടിയില്ല എന്നത് അധികാരവികേന്ദ്രീകരണത്തിന്റെ നിർണായകപരാജയമാണ്. നാണക്കേടുണ്ടാക്കുന്ന ഈ കുറവ് ഏതുവിധത്തിലും അടിയന്തരമായി പരിഹരിക്കപ്പെടണം. അല്ലെങ്കിൽ കാലാകാലമുള്ള തദ്ദേശഭരണസംവിധാനങ്ങളുടെ പ്രതിച്ഛായയെ അത് നശിപ്പിക്കും.