പ്രകൃതിദുരന്തങ്ങളുടെ നിഴലിലാണ്‌ കേരളമിപ്പോൾ. ജൈവവൈവിധ്യങ്ങളുടെ കലവറയായ, ഈ കൊച്ചുസംസ്ഥാനത്ത്‌ ഭാവിയിൽ നടത്തപ്പെടുന്ന ഏതുവികസനവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായിരിക്കണം. ദൂരക്കാഴ്ചയില്ലാത്ത സമീപനവും സുതാര്യമല്ലാത്ത നിലപാടുകളും ഒരു ജനപഥത്തെത്തന്നെ പാടേ തകർത്തുകളയും. ഈ പശ്ചാത്തലത്തിൽ വേണം സിൽവർലൈൻ പദ്ധതിയെന്ന, കേരളം കൊട്ടിഘോഷിക്കുന്ന കെ-റെയിൽ പദ്ധതിയെ വിലയിരുത്തേണ്ടത്‌. കേരളം ഇന്നുവരെ നടത്തിയിട്ടില്ലാത്ത ഏറ്റവും വലിയ നിക്ഷേപമാണ്‌ സിൽവർലൈൻ പദ്ധതിക്കുവേണ്ടി നടത്താൻ തീരുമാനിച്ചിട്ടുള്ളത്‌. അഗാധമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന, കേരളത്തെ വമ്പിച്ച കടക്കെണിയിൽപ്പെടുത്തുന്ന ദുർവ്യയമായി മാറുകയാണ്‌ ഈ പദ്ധതി. ഇതുവരെ സുതാര്യമായ ചർച്ചകളോ സമഗ്രമായ പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക പഠനങ്ങളോ സർക്കാ൪ നടത്തിയിട്ടില്ല എന്നതാണ്‌ സത്യം.

ചർച്ചയെ ഭയന്ന്‌ സർക്കാർ

ഇത്രയും ബൃഹത്തായ ഒരു പദ്ധതി ധൃതിപിടിച്ച്‌ നടപ്പാക്കുമ്പോൾ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെയും പ്രൗഢമായ അഭിപ്രായങ്ങൾ ഒരു ഭരണകൂടം കേൾക്കേണ്ടതാണ്‌.  ഇതുവരെ ഒരു പൊതുചർച്ചയ്ക്ക്‌ സർക്കാർ ഈ വിഷയം കൊണ്ടുവന്നിട്ടില്ല. പൊതുസമൂഹത്തിന്റെ ന്യായമായ സംശയങ്ങളും മൂർത്തമായ ചോദ്യങ്ങളും അവഗണിച്ചുകൊണ്ട്‌ സർക്കാരിന്‌ മുന്നോട്ടുപോകാൻ കഴിയില്ല. ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാതെ വിഷമിക്കുമ്പോഴാണ്‌ ഒരു സ്വപ്നപദ്ധതിയായി സിൽവർലൈനിനെ ഈ സർക്കാർ കാണുന്നത്‌.
സിൽവർലൈൻ പദ്ധതി നടപ്പാക്കാനായി കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്തമായി കേരള റെയിൽവേ െഡവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ എന്ന ഒരു കമ്പനിക്ക്‌ രൂപംകൊടുത്തതായി കേരള സർക്കാർ അവകാശപ്പെടുന്നു. എങ്കിൽ റെയിൽവേമന്ത്രാലയവുമായി ചേർന്നുണ്ടാക്കിയ കമ്പനിയിൽ റെയിൽവേയുടെ പങ്കാളിത്തം എങ്ങനെയാണ്‌? ഇത്രയും ബൃഹത്തായ പദ്ധതിക്ക്‌ കേരളം അനുമതികൊടുത്തെങ്കിൽ റെയിൽവേമന്ത്രിയും പ്രധാനമന്ത്രിയും അറിഞ്ഞിട്ടായിരിക്കും. എങ്കിൽ, ആ വ്യവസ്ഥകൾ കേരളത്തിലെ 
ജനങ്ങൾക്ക്‌ അറിയാൻ അവകാശമുണ്ട്‌.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌, കേരള പരിസ്ഥിതി ഐക്യവേദി, യുവകലാസാഹിതി തുടങ്ങിയ സംഘടനകളെല്ലാം വ്യക്തമായ പഠനങ്ങളിലൂടെ പദ്ധതിക്കെതിരേ രംഗത്തുവന്നുകഴിഞ്ഞു. കോൺഗ്രസും പ്രതിപക്ഷരാഷ്ട്രീയസംഘടനകളുമെല്ലാം ശക്തമായി സമരമുഖത്താണ്‌. അതിപരിസ്ഥിതിലോലമായ കേരളംപോലെ ഒരു കൊച്ചുസംസ്ഥാനത്തിന്റെ നെഞ്ചുപിളർന്നുകൊണ്ട്‌, കേരളത്തെ രണ്ടായി വിഭജിച്ചുള്ള ഈ പദ്ധതി വമ്പിച്ച പാരിസ്ഥിതികാഘാതം സൃഷ്ടിക്കും എന്നതിൽ തർക്കമില്ല.വിശദമായ പദ്ധതിറിപ്പോർട്ട്‌ (ഡി.പി.ആർ.) ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. അതിനുമുമ്പാണ്‌ ഏഴുജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്‌.

കീറിമുറിച്ച്‌, കോട്ടകെട്ടി

കഴിഞ്ഞ ലോക്‌സഭാസമ്മേളനത്തിൽ കേരളത്തിലെ എം.പി.മാരുടെ ചോദ്യത്തിന്‌ ഉത്തരമായി പരിസ്ഥിതിവകുപ്പ്‌ മന്ത്രി ഖണ്ഡിതമായി പറഞ്ഞത്‌, സിൽവർലൈനിന്‌  പാരിസ്ഥിതികാനുമതി നൽകിയിട്ടില്ലെന്നാണ്‌. പരിസ്ഥിതി മാനേജ്മെന്റ്‌ റിപ്പോർട്ടുകൂടി പൂർത്തിയായാലേ എത്രായായിരം വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരുമെന്നും എത്ര പതിനായിരങ്ങൾ കുടിയൊഴിയേണ്ടിവരുമെന്നും അറിയാൻ കഴിയുകയുള്ളൂ. നാലുവരി ദേശീയപാതയ്ക്കുവേണ്ടി ആയിരക്കണക്കിന്‌ വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി, പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചതേയുള്ളൂ. വീണ്ടും കേരളത്തെ രണ്ടായി വിഭജിച്ചുകൊണ്ട്‌ സിൽവർലൈൻ എന്ന പദ്ധതിയും.തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ എൻവയോൺമെന്റ്‌ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ എന്ന സ്ഥാപനം നടത്തുന്ന പാരിസ്ഥിതികാഘാതപഠനമല്ല വേണ്ടത്‌. ബൃഹത്തായ ഈ പദ്ധതിയെക്കുറിച്ച്‌ വളരെ ഗൗരവപൂർണമായ പഠനങ്ങൾ സമർപ്പിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ്‌ വേണ്ടത്‌.
529.45 കിലോമീറ്റർ നീളമുള്ള പാതയ്ക്ക്‌ ഇരുവശവും കനത്ത മതിലുകൾ നിർമിക്കപ്പെടുകയാണ്‌. ഈ മതിലുകൾക്ക്‌ എംബാങ്ക്‌മെന്റ്‌ എന്ന ഓമനപ്പേരാണ്‌ നൽകിയിട്ടുള്ളത്‌. കരിങ്കല്ലും മണ്ണും ഉപയോഗിച്ച്‌ എംബാങ്ക്‌മെന്റ്‌ നിർമിച്ചശേഷം, ശക്തമായ കോൺക്രീറ്റുകൊണ്ടുള്ള സംരക്ഷിതമതിലുകൾ. മൂന്നുമീറ്റർ വരുന്ന ഈ മതിലുകൾ പൂർത്തിയാകുമ്പോൾ കാസർകോടുമുതൽ തിരുവനന്തപുരംവരെ ഇരുവശവും കോട്ടകെട്ടിയിരിക്കും. ഇതിനുപുറമേ നിർമിക്കുന്ന ഒട്ടേറെ ടണലുകളും പാലങ്ങളും കേരളത്തെ ഒരു പ്രാകാരമാക്കി മാറ്റും.

സിൽവർ ലൈനിനായി 529 കിേലാമീറ്ററിൽ ഇരട്ടപ്പാത നിർമിക്കുമ്പോൾ ഇതിനാവശ്യമുള്ള മണ്ണും കരിങ്കല്ലും ചെങ്കല്ലും എത്ര വേണ്ടിവരുമെന്ന്‌ സങ്കല്പിക്കുക. ഇത്‌ എവിടെനിന്ന്‌ ലഭിക്കും. പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തെത്തന്നെ വീണ്ടും തുരക്കേണ്ടിവരും. 675 പേരെ നാലുമണിക്കൂർകൊണ്ട്‌ കാസർകോടുനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിക്കാൻ നാം കാണിക്കുന്ന ഭ്രാന്തമായ ധൃതി. 2025 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേ കേരളത്തിലടക്കം 50,000 കോടിരൂപ വകയിരുത്തി, ഇന്ത്യയിലെ മുഴുവൻ തീവണ്ടിപ്പാതകളിലും 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന അത്യാധുനിക സംവിധാനത്തിലേക്ക്‌ മാറുമ്പോഴാണ്‌ ഒരു സംസ്ഥാനത്തെ തകർത്തുകൊണ്ടുള്ള ദുർവ്യയം എന്നോർക്കുക.