കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന സിൽവർലൈൻ പദ്ധതിയുടെ ദോഷഫലങ്ങൾ അനുഭവിക്കാൻപോകുന്ന ബഹുഭൂരിപക്ഷം ജനതയുടെ ആശങ്കകൾ നേരിട്ടും അല്ലാതെയും അറിയുന്ന ജനപ്രതിനിധിയാണു ഞാൻ. ഈ വിഷയത്തിൽ ഒട്ടേറെ ഫോറങ്ങളിൽ; നീതി ആയോഗിലും റെയിൽവേ സ്റ്റാൻഡിങ്‌ കമ്മിറ്റി  അംഗമെന്നനിലയിൽ റെയിൽവേ മന്ത്രാലയത്തിലും എം.പി. എന്നനിലയിൽ കേന്ദ്ര റെയിൽവകുപ്പ് മന്ത്രിയോടും  ലോക്‌സഭയിലും ചോദ്യങ്ങളുന്നയിക്കുകയും ചെയ്തതാണ്. ഈ ഫോറങ്ങളിൽനിന്നെല്ലാം അറിയാൻകഴിഞ്ഞത്, സിൽവർ ലൈൻ പദ്ധതിയുടെ ഭീമമായ സാമ്പത്തികബാധ്യതകളിൽ  കേന്ദ്രത്തിന്‌ ഉത്തരവാദിത്വമുണ്ടാവില്ല എന്നാണ്. എന്നുവെച്ചാൽ നാലുലക്ഷം കോടി രൂപയുടെ ഭീമമായ കടം നിലനിൽക്കുന്ന, ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകളിൽ നിരന്തരം കടമെടുക്കുന്ന കേരള സർക്കാർ 63,941 കോടി രൂപയുടെ ബാധ്യതകൂടി മലയാളിക്കുമേൽ കെട്ടിവെക്കാൻപോകുന്നു എന്നതാണ്. 

വെള്ളാനയെ എഴുന്നള്ളിക്കാൻ ധൃതി
കേരള സർക്കാർ, റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച  തിരുവനന്തപുരം-കാസർകോട്‌ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിക്ക്‌ തത്ത്വത്തിൽ  മാത്രമാണ് അംഗീകാരം എന്നിരിക്കെ അതിവേഗ കുടിയൊഴിപ്പിക്കലുമായി മുന്നോട്ടുപോകുന്നത് ആരുടെ താത്‌പര്യമാണെന്നും  
അതിനുപിന്നിലെ  അജൻഡ എന്താണെന്നും കെ-റെയിൽ അധികൃതരും സർക്കാരും വിശദമാക്കിയേ മതിയാവൂ. 

റെയിൽവേ ബോർഡ് ഇൻഫ്രാസ്ട്രക്‌ചർ അംഗവും റെയിൽവേവകുപ്പ് എക്സ്  ഒഫീഷ്യോ സെക്രട്ടറിയുമായ സഞ്ജീവ് മിത്തൽ, ഈ വിഷയം സംബന്ധിച്ച് ഞാൻ നൽകിയ കത്തിനുതന്ന മറുപടിയിൽ അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നത്, സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നാണ്.

ഏറെ പ്രാധാന്യമുള്ള പ്രാദേശിക ഇടപെടലുകളിൽ, ഭരണപരമായ പ്രവർത്തനങ്ങൾ ആവശ്യമായ പദ്ധതിയുടെ കാര്യക്ഷമമായ വിഭാവനവും നടപ്പാക്കലുംപോലും സാധിക്കാത്ത സർക്കാരാണ് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി പതിനൊന്നു ജില്ലകളിലും വില്ലേജ്  ഓഫീസുകൾതോറും സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ തുറന്നുവെച്ച്  ‘എന്തൊക്കെയോ നടക്കുന്നു’, എന്ന  പ്രതീതിസൃഷ്ടിക്കാൻ കിണഞ്ഞുശ്രമിക്കുന്നത്!
സിൽവർ ലൈൻ റെയിൽ പദ്ധതിയെക്കാൾ കേരളത്തിന് ഇപ്പോൾ ആവശ്യം നിലവിലുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണവും തിരുവനന്തപുരം-കാസർകോട്‌ സമാന്തര റെയിൽപ്പാതയും നവീകരിച്ച സിഗ്നൽ സംവിധാനത്തോടുകൂടിയുള്ള ശേഷിവർധനയുമാണ്.

നിയമക്കുരുക്കുകളിൽപ്പെട്ടും സ്ഥലമേറ്റെടുപ്പിൽ ഉണ്ടാകാവുന്ന കാലവിളംബംകൊണ്ടും അനുമാനിക്കപ്പെട്ട ആകെ പദ്ധതിത്തുകയുടെ ഇരട്ടിയിലധികമായിമാറുന്ന സാഹചര്യം ഈ പദ്ധതിക്ക് വരില്ല എന്ന് ഒരുറപ്പും കെ-റെയിൽ കോർപ്പറേഷന്  നൽകാൻകഴിയില്ല എന്നിരിക്കെ,  പ്രാരംഭദശയിൽത്തന്നെ വൻനഷ്ടംമാത്രം സമ്മാനിക്കുമെന്ന വസ്തുത എങ്ങനെയാണ് പി.ആർ. പ്രചാരണവേലകൾകൊണ്ട് ഇല്ലാതാക്കാനാവുക? 


 കുടിയൊഴിപ്പിക്കൽ പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനുമപ്പുറം

സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി 15 മുതൽ 25 മീറ്റർ സ്ഥലംമതിയെന്ന് കെ-റെയിൽ അധികാരികൾ പറഞ്ഞുവെക്കുമ്പോൾ നാം ആലോചിക്കേണ്ടത്, ദേശീയപാതതന്നെ നിലവിലെ ദൂരപരിധി മൂന്നുമീറ്ററിൽനിന്ന്‌ ഏഴരമീറ്ററായി ദേശീയ ഹൈവേ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട് എന്നതാണ്. അപ്പോൾ സിൽവർ ലൈൻ പദ്ധതിക്ക് ബഫർസോൺ മിനിമം പരിധി, ഇന്ത്യൻ റെയിൽവേ നിഷ്‌കർഷിച്ച  30 മീറ്റർ എന്ന പരിധിയെക്കാൾ കൂടുതലാവും എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അങ്ങനെവരുമ്പോൾ കുടിയൊഴിപ്പിക്കൽ അധികൃതർ പറയുന്നതിലും ഇരട്ടിയാകും എന്നതും വസ്തുതയാണ്. ഇത്തരത്തിൽ കുടിയൊഴിപ്പിക്കലിന്റെ  ഭീകരമായ യാഥാർഥ്യങ്ങൾ അധികൃതർ ജനങ്ങളിൽനിന്നും മറച്ചുവെക്കുകയാണ്. 

 പിഴയ്ക്കുന്ന കണക്കുകൾ
ലിഡാർ സർവേ മാത്രമാണ് നടത്തിയത്‌. വിവിധ പ്രദേശങ്ങളിൽ പാതയുടെയും നിലവിലുള്ള കെട്ടിടങ്ങളുടെയും മലനിരകളുടെയും ഉയരം കണക്കാക്കുന്നതിനുള്ള ടോപ്പോഗ്രാഫിക്കൽ സർവേ,  പദ്ധതിമേഖലയിലെ ജലനിരപ്പ്, ജലാശയങ്ങൾക്കു മുകളിലൂടെയുള്ള പാലം, എലിവേറ്റഡ് പാലം, മണ്ണിന്റെ ഘടന, അടിത്തറനിർമാണത്തെപ്പറ്റിയുള്ള വിലയിരുത്തൽ എന്നിവ കണക്കാക്കാനുള്ള ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ എന്നിവയ്ക്കായുള്ള ടെൻഡർ ക്ഷണിച്ചത് അടുത്തുമാത്രമാണ്. അപ്പോൾ ടോപ്പോഗ്രാഫിക്‌, ഹൈഡ്രോഗ്രാഫിക്  സർവേകൾ പൂർത്തിയായില്ല എന്നകാര്യം വ്യക്തമാണ്.  അങ്ങനെയുള്ള സാഹചര്യത്തിൽ ഏത്  ശാസ്ത്രീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവകാശങ്ങൾ ഉന്നയിക്കുന്നതെന്ന്‌ കെ-റെയിൽ അധികൃതർ വ്യക്തമാക്കണം. 

രണ്ടു പ്രളയങ്ങളും വെള്ളക്കെട്ടുകളും കടൽക്ഷോഭങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളും പേറുന്ന കേരള സംസ്ഥാനം ഇനിയുമൊരു പരിസ്ഥിതിനശീകരണത്തിനെ    അതിജീവിക്കുമോ എന്നത് ചിന്ത്യമാണ്. സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി നടത്തിയ പ്രാഥമിക പരിസ്ഥിതി ആഘാത പഠനത്തിൽപ്പോലും പറയുന്നത് പതിനൊന്നു കിലോമീറ്ററോളം പാലങ്ങൾ, തുരങ്കങ്ങൾ എന്നിവ നിർമിക്കുകയും ഒട്ടേറെ പൊതുകെട്ടിടങ്ങൾ, വീടുകൾ ഉൾപ്പെടെ പൊളിക്കുകയും വേണമെന്നാണ്. ഇത്രയധികം നിർമാണപ്രവൃത്തികൾക്കാവശ്യമുള്ള വസ്തുക്കൾ എവിടെനിന്നു കൊണ്ടുവരും? അതിനായി പുതുതായി എത്ര ക്വാറികൾ വേണ്ടിവരും? ഇതൊക്കെ പൊതുവിൽത്തന്നെ പരിസ്ഥിതിദുർബലമായ കേരളത്തിന്റെ നിലനിൽപ്പിനെ എങ്ങനെയൊക്കെ ബാധിക്കും?  ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ,  അതും ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണൂറിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ മാത്രമുള്ള കേരളത്തിൽ എങ്ങനെയാണ് കുടിയൊഴിപ്പിക്കലുകൾ നടപ്പാക്കുക?  ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായം അംഗീകരിച്ച്‌ സിൽവർ ലൈൻ എന്ന മഹാബാധ്യതയെ സർക്കാർ റദ്ദുചെയ്യണം

യോഗം വിളിച്ച്‌ ചർച്ചചെയ്യണം
സിൽവർ ലൈൻ സംബന്ധിച്ച എല്ലാ വിഷയങ്ങളും വിശദമായി ചർച്ചചെയ്യാൻ  കേരളത്തിലെ എം.പി.മാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ വിളിക്കുകയും അവരുടെ അഭിപ്രായം തേടുകയും വേണം. ഒപ്പംതന്നെ, കേരളത്തിനെയൊന്നാകെ നെടുകെ പിളർന്നുകൊണ്ടുപോകുന്ന  രീതിയിലെ നിർമിതിയായ സിൽവർ ലൈൻ പദ്ധതികാരണം  പതിനായിരക്കണക്കിന്‌ ആളുകളുടെ കിടപ്പാടവും കൃഷിഭൂമിയും ആശുപത്രികളും ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ട സാഹചര്യവും ഗൗരവമായി പരിഗണിക്കണം. 

(രാജ്യസഭ എം.പി.യാണ്‌ ലേഖകൻ)