പതിമ്മൂന്ന് വർഷത്തെ രാഷ്ട്രീയജീവിതത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി എതിർപക്ഷത്തുനിൽക്കുന്നവർ മുന്നോട്ടുവെക്കുന്ന എന്തിനെയും കണ്ണടച്ച്‌ എതിർക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിലും ബദ്ധശത്രുക്കളിൽനിന്നുപോലും സമവായം തേടുന്ന ഐക്യരാഷ്ട്രസഭയിലെ 29 വർഷത്തെ അനുഭവത്തിൽനിന്നും ഉണ്ടായതാകണം അത്.

ഒരു കോൺഗ്രസുകാരനായ ഞാൻ മുഖ്യമന്ത്രി പിണറായി വിജയനോട് അതി ഉദാരത പുലർത്തുകയാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന രണ്ടുസംഭവങ്ങളാണ് ഏറ്റവും ഒടുവിലത്തേത്. കെ-റെയിലിനെ എതിർത്ത് കേരളത്തിലെ യു.ഡി.എഫ്. എം.പി.മാർ റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ഞാൻ ഒപ്പിട്ടില്ലെന്നതാണ് ആദ്യത്തെ സംഭവം. ഇത് വലിയ ഊഹാപോഹങ്ങളിലേക്കാണ് നയിച്ചത്. എന്റെ മണ്ഡലമായ തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനവേളയിൽ സംസ്ഥാനത്ത് സ്വകാര്യനിക്ഷേപകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എന്റെ വാക്കുകളും കെ-റെയിലുമായി ചേർത്ത് വായിക്കപ്പെട്ടു.

പഠിച്ചശേഷംമാത്രം തീരുമാനം

ഇവിടെ സംഭവിച്ചതെന്താണെന്ന്‌ വ്യക്തമായിപ്പറയാം. തിരുവനന്തപുരം-കാസർകോട് സെമി ഹൈ-സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് തോന്നിയതിനാലാണ് കത്തിൽ (അതിന്റെ ഉള്ളടക്കം എന്താണെന്ന് എന്നെ കാണിച്ചിട്ടുമുണ്ടായിരുന്നില്ല) ഒപ്പുവെക്കാതിരുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് നിർണായകമായ പദ്ധതിയെക്കുറിച്ച് നന്നായി പഠിച്ചാൽ മാത്രമേ അക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാനാകൂ. ഒരു കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു, നിവേദനത്തിൽ ഒപ്പിട്ടില്ല എന്നതിനർഥം ഞാൻ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് നിലപാട് പരസ്യമാക്കുന്നതിനുമുമ്പ് അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്.
എന്റെ സഹപ്രവർത്തകരായ യു.ഡി.എഫ്. എം.പി.മാർ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയിൽ പദ്ധതി ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. സമൂഹത്തിൽ, പ്രത്യേകിച്ചും കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശവാസികളുടെ കാര്യത്തിൽ പദ്ധതിയുണ്ടാക്കുന്ന പ്രത്യാഘാതം. കഴിഞ്ഞവർഷങ്ങളിലായി സ്വതവേ ദുർബലമായ കേരളത്തിന്റെ പരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കും? പരിസ്ഥിതിലോല മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ? വൻ ചെലവുവരുന്ന ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണ്, പദ്ധതിയുടെ ഫണ്ടിങ്ങിനെക്കുറിച്ചും അത് കേരളത്തിലെ നികുതിദായകർക്കും യാത്രക്കാർക്കുമുണ്ടാക്കുന്ന ബാധ്യതയെക്കുറിച്ചും അടക്കമുള്ള ജനങ്ങളുടെ ആശങ്കകൾക്ക് സർക്കാർ മറുപടി പറയുമോ? സമഗ്രമായ കൂടിയാലോചന വേണ്ട കാര്യങ്ങളാണിത്.

വിഷയങ്ങൾക്ക്‌ അനുസരിച്ചാകണം നിലപാടുകൾ

നമ്മുടെ രാഷ്ട്രീയം ഇത്രയേറെ സങ്കുചിതമാകാനുള്ളതല്ലെന്ന ബോധ്യമാണ് പ്രചരിച്ച അസംബന്ധങ്ങളിൽ വിശദീകരണം നൽകാനുള്ള കാരണം. കറുപ്പും വെളുപ്പുമെന്ന രണ്ട് കള്ളികളിൽമാത്രമാണ് മാധ്യമങ്ങൾ കാര്യങ്ങൾ കാണുന്നത്. ജോർജ് ഡബ്ല്യു. ബുഷിന്റെ പ്രസിദ്ധമായ വാക്കുപോലെ “നിങ്ങൾ ഞങ്ങൾക്കൊപ്പമാണോ അതോ ഞങ്ങൾക്കെതിരാണോ” എന്ന രീതിയിലാണ് മാധ്യമങ്ങൾ പോകുന്നത്. (യു.എസ്. മുൻ വിദേശകാര്യസെക്രട്ടറി ജോൺ ഫോസ്റ്റർ സമാനചോദ്യം നെഹ്രുവിനോട് ചോദിച്ചിരുന്നു: ‘‘അതെ, നിങ്ങളോടു യോജിക്കുമ്പോൾ ഞാൻ നിങ്ങൾക്കൊപ്പമാണ്, നിങ്ങളോട് വിയോജിക്കുമ്പോൾ നിങ്ങൾക്കെതിരേയും. അത് വിഷയങ്ങൾക്കനുസരിച്ചാണ്” -ഇതായിരുന്നു നെഹ്രുവിന്റെ മറുപടി.) എന്നാൽ, നെഹ്രുവിന്റെ നിലപാട് മാധ്യമങ്ങൾക്ക് ഉൾക്കൊള്ളാനാവുന്നില്ല. ഒന്നുകിൽ മുഖ്യമന്ത്രിക്കൊപ്പം, അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിര് എന്നതാണ് അവരുടെ സമീപനം. മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും നയങ്ങളിലും സ്വീകാര്യവും വിമർശനാത്മകവും നല്ലതോ ചീത്തയോ അല്ലാത്തതുമായ കാര്യങ്ങളുമുണ്ടാകുമെന്നത് നമ്മുടെ രാഷ്ട്രീയനിരീക്ഷകർക്ക് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യമാണ്.

രാഷ്ട്രീയത്തിൽ ഭിന്നതകളുണ്ടെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും വിഷയങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും നമ്മുടെ രാഷ്ട്രീയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? മറുഭാഗത്തുള്ളവർ ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയർത്താനും അവരുടെ തുടർന്നുള്ള നടപടികൾ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണ്? മറുപക്ഷത്തുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ആശയപരമായി കാണാനും കേൾക്കാനും നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?  

സ്വതന്ത്രചിന്ത തടയാൻ ആയുധം പാർട്ടി അച്ചടക്കം

നമ്മുടെ രാഷ്ട്രീയം പുലർത്തുന്ന ഈ കാഴ്ചപ്പാടിനെ മാധ്യമങ്ങൾകൂടി ഊട്ടിയുറപ്പിക്കുന്നത് അതിനെ കൂടുതൽ ദുഷിപ്പിക്കുന്നു. ഒരു ഭാഗം ചെയ്യുന്നതെല്ലാം യാന്ത്രികമായി മറുഭാഗത്തിന് ദോഷവും അംഗീകരിക്കാനാകാത്തതുമാകുന്ന തരത്തിലേക്ക് ഇത് ജനാധിപത്യത്തെ തരംതാഴ്ത്തുന്നു.
യു.പി.എ. സർക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങൾതന്നെ പിന്തുണച്ചിട്ടുള്ള പല പദ്ധതികളെയും ബി.ജെ.പി. പിന്നീട് എതിർത്തു. എൽ.ഡി.എഫ്‌. എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച്‌ എതിർക്കുന്ന യു.ഡി.എഫും ഇതു തന്നെയാണ് ചെയ്യുന്നത്. വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു.

ഇത് ന്യായമായ സംവാദത്തിന്റെ സാധ്യതയെപ്പോലും ഇല്ലാതാക്കുകയും തങ്ങളെപ്പോലെത്തന്നെ ചിന്തിക്കുന്നയാളുകളായി രാഷ്ട്രീയക്കാരെ കാണുന്നതിൽനിന്ന് പൊതുജനങ്ങളെ അകറ്റുകയും ചെയ്യുന്നു. പകരം പാർട്ടിയുടെ അംഗീകാരത്താൽമാത്രം നിർവചിക്കപ്പെടുന്ന സ്ഥായീരൂപത്തിലേക്ക് എല്ലാവരും തരംതാഴ്ത്തപ്പെടുന്നു. ആളുകൾ സ്വതന്ത്രമായി ചിന്തിക്കുന്നത് തടയാൻ ‘പാർട്ടി അച്ചടക്കം’ പ്രയോഗിക്കുന്നു.

ഇത് നമ്മുടെ ജനാധിപത്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. നൊബേൽ ജേതാവ് അമർത്യ സെൻ പറഞ്ഞതുപോലെ “ജനാധിപത്യമെന്നത് രാജ്യത്തിനാകെ ഗുണമേകുന്ന യുക്തിപരമായ ചിന്തയുടെ പ്രക്രിയയാകണം. തുടർപ്രക്രിയയാകണം ജനാധിപത്യം. അവിടെ കൊടുക്കൽ വാങ്ങലുകളും സംവാദങ്ങളും ഭിന്നാശയങ്ങൾ തമ്മിൽ വിട്ടുവീഴ്ചകളുമുണ്ടാകണം. അടിയും തിരിച്ചടിയുമെന്ന നിലയിലേക്ക് ജനാധിപത്യത്തെ തരംതാഴ്ത്തരുത്. പാവ്‌ലോവിന്റെ നായകളാകേണ്ടവരല്ല ജനാധിപത്യത്തിലെ രാഷ്ട്രീയക്കാർ.

വേണ്ടത്‌ തുറന്ന ചർച്ച

സർക്കാർ പ്രതിനിധികളും കെ-റെയിലിന്റെ സാങ്കേതിക-ഭരണ മേധാവികളും പ്രാദേശിക ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു ഫോറം രൂപവത്കരിച്ച് അതിൽ ഓരോ ആശങ്കയും ചോദ്യങ്ങളും അവധാനതയോടെ തുറന്ന രീതിയിൽ ചർച്ച ചെയ്യണമെന്നാണ് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്. സങ്കീർണവും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ കെൽപ്പുള്ളതുമായ ഒരു പദ്ധതിയെക്കുറിച്ച് യോജ്യമായ നിഗമനത്തിലെത്താൻ ഇത്തരം സമീപനമാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക. ഒരുപക്ഷേ, സർക്കാരിന്റെ വാദങ്ങൾ ഒടുവിൽ നമുക്ക് ബോധ്യപ്പെട്ടേക്കില്ല. പക്ഷേ, അവർക്കു പറയാനുള്ളത് കേൾക്കുന്നതിനുമുമ്പേ സർക്കാരിന്റെ നിലപാടുകൾ അപ്പാടേ തള്ളിക്കളയുന്നത് അനവസരത്തിലുള്ളതും ജനാധിപത്യവിരുദ്ധവുമാണ്.

ലുലു മാൾ ഉദ്ഘാടനവേളയിൽ എന്റെ പ്രസംഗത്തിൽ രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ആദ്യത്തേത്, തിരുവനന്തപുരത്ത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും വിനോദത്തിനുമെല്ലാമായി ഇത്തരത്തിലുള്ള കൂടുതലിടങ്ങൾ വേണം. ദേശീയ, അന്താരാഷ്ട്ര കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് അത് അത്യാവശ്യമാണ് (മുതിർന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യങ്ങളുള്ള നഗരമേഖലകളാണ് താത്പര്യമെന്നതിനാൽ ടെക്നോപാർക്കിൽ മികച്ചരീതിയിൽ വളർന്നിരുന്ന ഒരു ഐ.ടി. കമ്പനി ബെംഗളൂരുവിലേക്ക് പറിച്ചുനടപ്പെട്ട സംഭവമുണ്ടായിരുന്നു. ഇത് ഉദാഹരണമാക്കിയാണ് ഞാൻ സംസാരിച്ചത്). നിലവിലുള്ളതിനെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിെല യുവാക്കൾക്ക് ആവശ്യമാണെന്നതായിരുന്നു രണ്ടാമത്തേത്‌. ഇതിനുള്ള ഒരേയൊരു മാർഗം സ്വകാര്യമേഖലയിലെ നിക്ഷേപകർക്ക് സംസ്ഥാനത്ത് വാതിൽ തുറന്നുനൽകുകയാണ്. ലുലു സ്ഥാപകൻ യൂസഫലിക്കു നൽകുന്ന അതേ പരിഗണന ചെറുകിട-ഇടത്തരം വ്യവസായങ്ങളുമായെത്തുന്ന ചെറിയ നിക്ഷേപകർക്കും നൽകണം. ‘വ്യവസായത്തിന് പറ്റിയ സ്ഥലമാണ് കേരളം’ എന്ന സന്ദേശം ലോകത്താകമാനം പരക്കേണ്ടതുണ്ട്. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ ഈ സന്ദേശം അവതരിപ്പിച്ചതിനാണ് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇക്കാര്യം ഞാൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ സദസ്സിലുണ്ടായിരുന്നവർ കൈയടിച്ചെങ്കിലും എന്റെ കാഴ്ചപ്പാടിനോട് ആശയപരമായ ചില എതിർപ്പുകളുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ‘മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും തരൂർ” എന്ന വളച്ചൊടിച്ചുള്ള തലക്കെട്ടുകളും കെ-റെയിലിനെക്കുറിച്ച് എവിടെയും പരാമർശിച്ചിരുന്നില്ലെങ്കിലും അന്നത്തെ എന്റെ പ്രസംഗത്തെ കെ-റെയിൽ വിഷയത്തിലെ എന്റെ നിലപാടുമായി കൂട്ടിക്കുഴച്ചതും എന്നെ സംബന്ധിച്ചിടത്തോളം നൂറുശതമാനം അപ്രതീക്ഷിതമായിരുന്നു.

ശത്രുവിന് സഹായവും ആശ്വാസവുമേകുന്നുവെന്ന് എന്റെ സഹപ്രവർത്തകർപോലും ആക്ഷേപിച്ചു. ആദ്യമായിട്ടല്ലെങ്കിലും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടടക്കം സി.പി.എമ്മിന്റെ പിന്തിരിപ്പൻ നയങ്ങളെ എതിർത്ത്‌ എല്ലായ്‌പ്പോഴും ഞാൻ വികസനത്തെ പിന്തുണച്ചിരുന്നുവെന്നത് മറന്ന് സി.പി.എമ്മിന്റെ പല വക്താക്കളും എനിക്ക് കപടമായ അഭിനന്ദനം നേർന്നു. എന്റെ പരാമർശങ്ങളുടെ അന്തഃസത്ത ഇരുഭാഗങ്ങളും ഉൾക്കൊള്ളാതെ പോയി. തീർത്തും സുതാര്യമായ എന്റെ വാദങ്ങളാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണച്ചുവെന്ന രീതിയിൽ ചുരുങ്ങിപ്പോയത്.