അങ്ങനെ കാവിപ്പടയുടെ യുവസൈനികരും കരി ഓയില്‍ കയ്യിലെടുത്തു. ചുടുചോറ് മാന്തി എറിയുകയാണ് വീണ്ടും വീണ്ടും കുട്ടിക്കുരങ്ങന്മാര്‍.

ആദ്യം കരി ഓയില്‍ എടുത്തത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമാണ്. ലോകബാങ്കിന് എതിരേ ആയിരുന്നു പ്രതിഷേധം. കെ.എസ്.യുവിന്റെ കരി ഓയില്‍ കേശവേന്ദ്ര കുമാറിന് എതിരേ ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആയിരിക്കേ ആയിരുന്നു പ്രതിഷേധം. കുട്ടികള്‍ പിന്നീട് നല്ല നടപ്പിന് തയ്യാറായി.

കാവിപ്പടയുടെ പോരാട്ട വീര്യത്തിന് ഇരയാവുന്നത് ശശി തരൂരാണ്. ഹിന്ദു പാക്കിസ്താനാണ് വിഷയം. അതേപ്പറ്റി മുന്‍പേ  പറഞ്ഞു കഴിഞ്ഞു. അതിനാല്‍ അതിലേക്ക് കടക്കുന്നില്ല. പക്ഷേ തരൂരിനോടുള്ള പോരില്‍ ചില ശരികേടുകളുണ്ട്.

ബിജെപിക്ക് മനസിലാവട്ടെ, ശ്രീരാമനില്‍ തുടങ്ങാം. രാമായണത്തില്‍ നിന്നാണ്. ഭരതകുമാരന്‍ കാണാനെത്തിയപ്പോള്‍ വനവാസകാലത്ത് രാമന്‍ ആരാഞ്ഞു. ''കുമാരാ, ചാര്‍വാകന്മാര്‍ക്ക് സുഖമല്ലേ'' എതിര്‍ശബ്ദത്തിന് ഇടം കൊടുക്കുന്ന വലിയ മാതൃകകളില്‍ ഒന്നാണത്. തീരുന്നില്ല, ശംബൂകവധം അടക്കമുള്ള കാര്യങ്ങളില്‍ രാമനെ ചോദ്യം ചെയ്യുന്നുണ്ട് ഊര്‍മ്മിള. പത്‌നിയെ നിശ്ശബ്ദമാക്കാന്‍ വാളൂരാന്‍ ഒരുങ്ങുന്ന ലക്ഷ്മണനെ കര്‍ശനമായി ചെറുക്കുന്നതും ശ്രീരാമന്‍ തന്നെയാണ്. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വലുപ്പമാണ് ശ്രീരാമനെ മര്യാദാപുരുഷോത്തമന്‍ ആക്കുന്ന ഘടകങ്ങളില്‍ ഒന്ന്. തര്‍ക്കങ്ങളും ദുഃഖങ്ങളും തീര്‍ത്ത് രമിപ്പിക്കുന്നവന്‍ രാമന്‍ എന്ന് സങ്കല്‍പം. വില്ലേന്തിയ കോദണ്ഡരാമനേക്കാള്‍ അയോധ്യാപുരി കൊതിച്ചത് ശ്രീരാമനെയാണ്. 

ശശി തരൂര്‍ തീര്‍ച്ചയായും ബിജെപി ഇഷ്ടപ്പെടാത്ത എതിര്‍സ്വരമാണ്. അദ്ദേഹത്തെ മൗനിയാക്കാനുള്ള നടപടികള്‍ എല്ലാ തലത്തിലും നടക്കുന്നുണ്ട്. കേസും കോടതിയും ഒരു വഴിക്ക്. ഗോസ്വാമി വഴിയുള്ള പുലഭ്യങ്ങള്‍ ഇനിയൊരിടത്ത്. അവതാര പരമ്പരയില്‍ അവസാനത്തേത് ആവില്ല കരി ഓയില്‍. ബി.ജെ.പി നേതാക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. മഹിളാമോര്‍ച്ചയും വിദ്യാര്‍ത്ഥി പരിഷത്തും വരിയിലുണ്ട്.

''എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ട്. എന്നാല്‍ അതിനോട് വിയോജിക്കാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി മരിക്കാനും തയ്യാറാണ്.''  എന്നിടത്തു മാത്രമാണ് ജനാധിപത്യത്തിന്റെ ഉദയം. പാക്കിസ്ഥാന്‍ പരാമര്‍ശത്തെ ചൊല്ലി തരൂരിനെ ആക്രമിക്കുന്നവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയില്‍ അവശേഷിക്കുന്ന മനുഷ്യാവകാശങ്ങളും ജനാധിപത്യബോധവും ഇല്ലാതാക്കലാണ്. അത് ഹിറ്റ്‌ലറും ഗീബല്‍സും ചെയ്തതിന് തുല്യമാണ്. സംശയിക്കുന്നവരില്‍ റീഷ്സ്റ്റാഗിലെ തീ അണയാതിരിക്കട്ടെ. 
 
ആ അഗ്‌നിക്ക് എന്തും ഇന്ധനമാണ്. നുണകള്‍ വിറകുകള്‍. കള്ളപ്രചാരണം തീയെ കാറ്റിനെപ്പോലെ പടര്‍ത്തും. സത്യം ചുവടുവയ്ക്കുമ്പോഴേക്കും നുണകള്‍ പല കാതം പിന്നിട്ടിരിക്കും. തരൂരിനെ ചെറുക്കാന്‍ ബിജെപി ഒഴിച്ച കരി ഓയില്‍ മുന്‍ കരി ഓയിലുകളേക്കാള്‍ വിഷലിപ്തമാവുന്നത് അതിന്റെ തുടര്‍ച്ചകള്‍ കാത്തിരിക്കുന്നതിനാലാണ്. ഇവിടെ തരൂരിന്റെ പാര്‍ട്ടി നിസ്സഹായമാണ്. രമേശ് ചെന്നിത്തലയുടെ ഒറ്റവാര്‍ത്താ സമ്മേളനം മതി. എതിരാളിക്ക് പിന്നെ ജയഭേരി മുഴക്കാം. സ്വന്തമായി സംസ്ഥാന പ്രസിഡന്റ് പോലും വേണ്ട. കരി ഓയിലില്‍ ചവിട്ടി ബിജെപിക്ക് ചുവടുവയ്ക്കാം. 
എല്ലാവരേയും എല്ലാവര്‍ക്കും അറിയാം. എം.പിയുടെ ഓഫീസിന് നേരേ പാഞ്ഞടുത്ത അക്രമികളേയും. പക്ഷേ അവരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസിന് ശേഷിയുണ്ടോ എന്നത് കേരളത്തിന്റെ ജനാധിപത്യം അന്വേഷിക്കുന്നുണ്ട്. അഭിമന്യുവിന്റെ കൊലയാളികളെ പോലെ അവരും മാഞ്ഞുപോവാതിരിക്കട്ടെ. 

ദേശീയത സ്വാതന്ത്യം കിട്ടുന്നതു വരെ മാത്രം പുരോഗമനപരമാണ് എന്നതാണ് ദേശീയതാവാദികള്‍ മറന്നുപോകുന്നത്. തിലകന്‍ ആഘോഷിച്ച ഗണേശോത്സവമല്ലാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേതെന്ന് അറിവുള്ള അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് തരൂര്‍. ഹിന്ദുവാദികളേക്കാള്‍ അവര്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ മനനം ചെയ്തിട്ടുള്ള മനുഷ്യന്‍. അദ്ദേഹത്തിന് നേരേയുള്ള ആക്രമത്തിലൂടെ സ്വന്തം  ലക്ഷ്യം എന്തെന്ന്  വ്യക്തമാക്കുകയാണ് സംഘപരിവാര്‍.

ഹിന്ദുവെച്ചൊല്ലിയാണല്ലോ തര്‍ക്കങ്ങള്‍. അതിനാല്‍ ഒന്നു കൂടി. അഹല്യാമോക്ഷം എന്ന കഥയ്ക്ക് ഒരു വ്യാഖ്യാനമുണ്ട്. ആദായനികുതി വകുപ്പില്‍ നിന്ന് വിരമിച്ച ഒരു സുഹൃത്ത് പറഞ്ഞതാണ്. 
ഇന്നോളം ഇന്ത്യ ഭരിച്ച രാജാക്കന്മാരില്‍ ഏറ്റവും കുറച്ച് നികുതി പിരിച്ചത് ശ്രീരാമനാണ്. നെഹ്‌റു തൊട്ട് മോദി വരെ  താരതമ്യപ്പെടുത്തിയാല്‍ പോലും. എന്തെന്നാല്‍ അഞ്ചിലൊന്നായിരുന്നു രാമനികുതി. എന്നുവച്ചാല്‍ ഇരുപതു ശതമാനം.. ഇപ്പോള്‍ ആദായനികുതി പ്രത്യക്ഷവും പരോക്ഷവും ഒക്കെ ചേര്‍ത്താല്‍ എഴുപതു ശതമാനത്തിലേറെ വരും. ശ്രീരാമന്‍ നികുതി കുറച്ചപ്പോള്‍ സമൂഹം അന്നത്തെ വ്യവസായമായ കൃഷിക്ക് ഇറങ്ങി. അതുവഴി അന്നോളം ഹലം  കലപ്പ- ഏല്‍ക്കാതെ കിടന്ന ഭൂമിയെ  അഹല്യയെ- രാമന്‍ തൊട്ടു. കാര്‍ഷിക വിളകളാല്‍ അഹല്യ മോഹിനിയായി. 
 
നവദേശീയതാവാദികള്‍ രാമായണമാസത്തില്‍ നരേന്ദ്രമോദിയോട് പ്രാര്‍ത്ഥിക്കേണ്ടത് അഹല്യാമോക്ഷത്തിനാണ്. റോഡില്‍ ഇറങ്ങുമ്പോഴുള്ള നികുതിക്കൊള്ള നിര്‍ത്തലാക്കാനാണ്. എന്നിട്ടാവാം തരൂരിനുള്ള തിരുത്തും കരി ഓയിലും.

Content Highlights: Shashi Tharoor, Dr. M Sumitra, Protest outside Shashi Tharoor's office