അധികാരം പോലെ മറ്റൊരു ലഹരിയില്ല. ലഹരിയുടെ അനന്തമായ ഈ പാനപാത്രം ശരദ് പവാറിനെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോദിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ടെന്നു പറയുമ്പോള്‍ പവാര്‍ ലക്ഷ്യമിടുന്നത് മോദി ഇപ്പോള്‍ ഇരിക്കുന്ന ആ കസേരയാണ്. 1978 ല്‍ 38 ാമത്തെ വയസ്സില്‍ മഹാരാഷ്്രടയുടെ ഏറ്റവും ചെറുപ്പക്കാരനായ മുഖ്യമന്ത്രിയായ പവാറിന് ഇനിയും നിറവേറാത്ത ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിപദമാണ്. 2000 ല്‍ 60 ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ പവാര്‍ തന്റെ അനുയായികളുമായി പങ്കുവെച്ച ആഗ്രഹമാണിത്. വാജ്പേയിയും നരസിംഹറാവുവും പ്രധാനമന്ത്രിയായത് 70 വയസ്സ് പിന്നിട്ടതിനു ശേഷമാണെന്നും അതുകൊണ്ടുതന്നെ താന്‍ പ്രധാനമന്ത്രിയാവുന്നതിന് സമയമാവുന്നേയുള്ളുവെന്നുമാണ് അന്ന് പവാര്‍ പറഞ്ഞത്. അധികാരത്തോടുള്ള ആഗ്രഹം പവാര്‍ ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ല. 

1991 ല്‍ റാവുവിന് പകരം താന്‍ പ്രധാനമന്ത്രിയാവുമെന്ന് പവാര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ആഗ്രഹങ്ങളും അഭിലാഷങ്ങളും മറച്ചുവെക്കാത്ത പവാറിനെയല്ല ദുര്‍ബ്ബലനെന്ന പ്രതിച്ഛായ സ്വയം സൃഷ്ടിച്ചെടുത്ത നരസിംഹറാവുവിനെയാണ് അന്ന് പി എന്‍ ഹക്സര്‍ സോണിയാഗാന്ധിക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തത്. ഈ റാവുവും പിന്നീട് തനിക്കെതിരെ തിരിയുന്നത് സോണിയാഗാന്ധിക്ക് കാണേണ്ടിവന്നു. ബിജെപിയല്ല പവാറാണ് സോണിയയെ ഏറ്റവും ക്രൂരമായി ആക്രമിച്ചിട്ടുള്ളത് എന്ന ചരിത്രം ആരു മറന്നാലും രാഹുല്‍ഗാന്ധി മറക്കാനിടയില്ല. വിദേശ ഉത്പ്ത്തി പ്രശ്നം ഉന്നയിച്ച് 1999 ല്‍ സംഗ്മയ്ക്കും താരിഖ് അന്‍വറിനുമൊപ്പം സോണിയയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പവാര്‍ എന്‍ സി പിക്ക് രൂപം നല്‍കിയത്. അന്ന് പവാറിന്റെ ആക്രമണത്തിനു മുന്നില്‍ മനം തകര്‍ന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയ സോണിയയ്ക്ക് പിന്നാലെ കൂപ്പുകൈകളുമായി പോയ അര്‍ജുന്‍സിങിന്റെ ചിത്രം പിന്നീടൊരിക്കല്‍ കെ കരുണാകരന്‍ ഓര്‍ത്തെടുത്തിട്ടുണ്ട്.

leaders

അധികാരത്തിനും ആദര്‍ശത്തിനുമിടയില്‍ പാലങ്ങളില്ലെന്ന് പവാര്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധി പാടെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് പവാര്‍ അവരെ വിട്ട് ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മന്ത്രിസഭയുണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിനൊപ്പവും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പവും  ഒരേസമയം നീങ്ങാന്‍ എന്‍ സി പിക്കാവുന്നത് പവാറിന്റെ ഈ മെയ്വഴക്കം കൊണ്ടുതന്നെയാണ്.

sharad pawar

ഇന്നിപ്പോള്‍ ഈ 78 ാം വയസ്സില്‍ കാലവുമായായുള്ള പോരാട്ടത്തിലാണ് പവാര്‍. അതുകൊണ്ടുതന്നെ കാത്തിരിക്കാനുള്ള ക്ഷമ ഈ മറാത്തക്കാരനില്ല. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തില്‍ പ്രധാനമന്ത്രിയാവുക എന്നത് നടക്കുന്ന പരിപാടിയല്ലെന്ന് പവാറിന് വ്യക്തമായറിയാം. അപ്പോള്‍ പിന്നെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ബിജെപിയുമായുള്ള ബാന്ധവം ഒന്നുമാത്രമേ പവാറിന് മുന്നിലുള്ളൂ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്നാണ് പവാര്‍ കണക്കുകൂട്ടുന്നത്. 1996 ലേതിനു സമാനമായ ഒരവസ്ഥ ഉടലെടുത്താല്‍ ദേവഗൗഡയെപ്പോലെ  പ്രധാനമന്ത്രി സ്ഥാനം തന്നെ തേടിയെത്തുമെന്ന് ്പവാര്‍ കനവുകാണുന്നു. റഫാല്‍ വിമാന ഇടപാടില്‍ മോദിക്കുവേണ്ടിയുള്ള പവാറിന്റെ ഈ മലക്കം മറിച്ചില്‍ അതിനായുള്ള ഒരു സര്‍ക്കസ് മാത്രമാണ്. അത് കണ്ട് മനപ്പായസമുണ്ണാനാണ് ബിജെപി പോവുന്നതെങ്കില്‍ ദൈവം അവരെ രക്ഷിക്കട്ടെയെന്നു മാത്രമേ പറയാനുള്ളൂ.

ഒഡീഷയില്‍ നവീന്‍പട്നായിക്കുമായും തമിഴകത്ത് എം കെ സ്റ്റാലിനുമായും ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ളയുമായും ബംഗാളില്‍ മമതയുമായും തരക്കേടില്ലാത്ത സൗഹൃദം പവാറിനുണ്ട്. ഈ കൂട്ടുകെട്ടുകള്‍ 2019 ല്‍ തന്നെ തുണയ്ക്കുമെന്നും പവാര്‍ വിലയിരുത്തുന്നുണ്ട്. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ രണ്ടു പേര്‍ നരേന്ദ്ര മോദിയും സോണിയാഗാന്ധിയും പവാറിനെ ഒരുപോലെ അവിശ്വസിക്കുന്നവരാണ്. ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും വിശ്വാസ്യത പ്രധാനപ്പെട്ട ഘടകമാണ്.  2019 ല്‍ തനിക്ക് പ്രധാനമന്ത്രിയാവാനാവുന്നില്ലെങ്കില്‍ ശരദ്പവാറിനെ മോദി പിന്തുണയ്ക്കുന്ന കാര്യം സംശയമാണ്. ബിജെപിക്കൊപ്പം  നീങ്ങാന്‍ പവാറിനായാലും താരിഖിനാവില്ല. കാലം പവാറിന്റെ കൂടെയല്ലെന്ന് താരിഖ് അന്‍വര്‍ മനസ്സിലാക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി എന്താണെന്നറിയണമെങ്കില്‍ പവാറിനോട് ചോദിച്ചാല്‍ മതിയെന്ന് പണ്ട് നരസിംഹറാവു പറയുമായിരുന്നു. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ റാവു പവാറിനുപകരം മിക്കവാറും ചൂണ്ടിക്കാട്ടുക താരിഖ് അന്‍വറിനെയായിരിക്കും.