രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള വിദ്യാർഥിസംഘടനയായ എ.ഐ.എസ്.എഫ്. സി.പി. ഐ. നിയന്ത്രണത്തിലാണെന്നതിനാൽ സി.പി.എം. അനുകൂല എ.ഐ. എസ്.എഫുകാരാണ് കേരളത്തിൽ കെ.എസ്.എഫ്. രൂപവത്‌കരിച്ചത്. ബംഗാളിൽ ഈ വിഭാഗം ബി.എസ്.എഫും പഞ്ചാബിൽ പി.എസ്.യു.വും സംഘടിപ്പിച്ചു. വിമോചന സമരകാലത്ത് ഉദയംചെയ്ത കെ.എസ്.യു.വിന് കോളേജ്‌ വിദ്യാർഥികൾക്കിടയിൽ ഉണ്ടാക്കാൻകഴിഞ്ഞ സ്വാധീനത്തെ വെല്ലുവിളിക്കാൻ മാത്രം പിന്തുണ അക്കാലത്ത് കെ.എസ്.എഫിന് ഉണ്ടായിരുന്നില്ല. പിണറായി വിജയൻ, വൈക്കം വിശ്വൻ, പാട്യം രാജൻ തുടങ്ങിയവർ നയിച്ച കെ.എസ്.എഫ്. ഒടുവിലായപ്പോൾ ‘നക്‌സൽ ഭീഷണി’യിൽ ആടിയുലയുകയും ചെയ്തു. സി.പി.എം. നേതൃത്വത്തെ ധിക്കരിച്ച് നക്‌സൽവാദിയായ ഫിലിപ്പ് എം. പ്രസാദിനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന സ്ഥിതിവരെയുണ്ടായി. പിന്നീട് മറ്റൊരു കൺവെൻഷൻ വിളിച്ച് ഫിലിപ്പ് എം. പ്രസാദിനെയും സംഘത്തെയും മാറ്റുകയായിരുന്നു. ഒടുവിൽ സി.പി. അബൂബക്കർ പ്രസിഡന്റും സി. ഭാസ്കരൻ സെക്രട്ടറിയുമായിരിക്കേയാണ് തിരുവനന്തപുരത്ത് വിവിധ സംസ്ഥാനങ്ങളിലെ സി.പി.എം. നിയന്ത്രണത്തിലുള്ള വിദ്യാർഥിപ്രവർത്തകരുടെ സമ്മേളനം നടത്തി അഖിലേന്ത്യാ സംഘടന രൂപവത്‌കരിക്കുന്നത്. കേരളത്തിൽ ആദ്യ പ്രസിഡന്റായി ജി. സുധാകരനും സെക്രട്ടറിയായി സി.പി. അബൂബക്കറും. ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ ജോയന്റ് സെക്രട്ടറി.

കൊടിയുടെ കഥ
ലോകവ്യാപകമായി വിദ്യാർഥിരാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരുന്ന ആശയത്തർക്കങ്ങൾ എസ്.എഫ്.ഐ.യുടെ യൂണിറ്റ് മുതൽ എല്ലാതലത്തിലെയും സമ്മേളനങ്ങളിലും കാമ്പസ് കൂട്ടായ്മകളിലും അന്ന് വലിയ ചർച്ചയായി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് മുദ്രണംചെയ്ത ശുഭ്രപതാക എസ്.എഫ്.ഐ. പതാകയായി അംഗീകരിക്കുന്നതുതന്നെ രൂക്ഷമായ തർക്കത്തിനൊടുവിലാണ്. കൊടി ചുവപ്പുതന്നെ വേണമെന്ന് കേരളഘടകം പ്രഥമ അഖിലേന്ത്യാ സമ്മേളനത്തിൽ വാശിപിടിച്ചു. ബംഗാളടക്കമുള്ള ഘടകങ്ങൾ വെള്ളപ്പതാക മതിയെന്നും. ഒടുവിൽ സമ്മേളനത്തിനുശേഷം നടന്ന ദേശീയ നിർവാഹകസമിതി യോഗത്തിലാണ് പതാക അംഗീകരിച്ചത്. 

വളർച്ചയുടെ പടവുകൾ
എസ്.എഫ്.ഐ. രൂപംകൊണ്ട് മൂന്നുവർഷത്തിനുശേഷമാണ് കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയം നേടുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ്, കൊല്ലം എസ്.എൻ., തൃശ്ശൂർ കേരളവർമ, തലശ്ശേരി ബ്രണ്ണൻ എന്നിവിടങ്ങളിലാണ് അത്തവണ ആദ്യമായി എസ്.എഫ്.ഐ. വിജയിച്ചത്. ബ്രണ്ണനിൽ ചെയർമാനായി ജയിച്ചത് ഇപ്പോൾ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ. ബാലൻ. 1973-ൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ ’78 വരെ ആ സ്ഥാനത്ത് തുടർന്നു. അക്കാലത്ത് ആദ്യം ജി. സുധാകരനും പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് എം.എ. ബേബിയും തുടർന്ന് എ.കെ. ബാലനും സംസ്ഥാന പ്രസിഡന്റ്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് ജി. സുധാകരൻ, എം. വിജയകുമാർ, എം.എ. ബേബി എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയർത്തി അറസ്റ്റിലായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മിസ പ്രകാരം 18 മാസമാണ് ജയിലിലടച്ചത്. 
 

ശക്തിസ്രോതസ്സ്
സി.പി.എം. രാഷ്ട്രീയത്തിൽ എൺപതുകളോടെയാണ് പ്രധാന ശക്തിസ്രോതസ്സായി എസ്.എഫ്.ഐ. മാറുന്നത്. എൺപതുകളുടെ പകുതിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ജയിക്കുന്നതിനുപുറമേ എല്ലാ സർവകലാശാലാ യൂണിയനുകളും എസ്.എഫ്.ഐ.യുടെ അധീനതയിൽവരുന്ന സ്ഥിതിയായി. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്‌കരണത്തിനെതിരായ പോരാട്ടവും ധൈഷണികരംഗത്തെ ഇടപെടലും എസ്.എഫ്.ഐ.ക്ക് മേൽക്കൈയുണ്ടാക്കി. തിരുവനന്തപുരത്ത് ഒന്നാം സമ്മേളനത്തിന്റെ പ്രകടനത്തിനിടയിലേക്ക് ബസ് ഇരച്ചുകയറിയതിൽ ചതഞ്ഞ് മരിച്ച ദേവപാലൻമുതൽ അഭിമന്യുവരെ 33 പേരാണ് എസ്.എഫ്.ഐ. പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായത്.

പാർട്ടിയുടെ പരമ്പരാഗതമായ സ്രോതസ്സിനുപുറത്തെ വലിയൊരുവിഭാഗത്തെ കാമ്പസുകളിലെ പ്രവർത്തനത്തിലൂടെ എസ്.എഫ്.ഐ. യിലേക്ക് ആകർഷിക്കാനും അതുവഴി പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാനും കഴിഞ്ഞതാണ് കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ വളർച്ചയുടെ അടിസ്ഥാനം. തൊഴിലാളി-ദരിദ്ര കർഷക വിഭാഗത്തിനപ്പുറത്ത് മധ്യവർഗത്തിൽനിന്നുള്ള റിക്രൂട്ട്‌മെന്റ്. എന്നാൽ, എസ്.എഫ്.ഐ.യിലൂടെ പ്രവർത്തകരായെത്തുന്നവരിൽ വലിയൊരുഭാഗം പാർട്ടിയുടെ പ്രവർത്തകരായി മാറുന്നില്ല, പഴയതുപോലെ മികച്ച കാഡർമാരെ കിട്ടുന്നില്ല എന്ന സ്വയംവിമർശനം പാർട്ടിക്കകത്തുണ്ട്. 
സി.പി.എമ്മിന്റെ ഇപ്പോഴത്തെ ദേശീയനേതൃത്വം പഴയ എസ്.എഫ്.ഐ. നേതാക്കളിലാണ്. കാരാട്ടും യെച്ചൂരിയും ബേബിയും മുൻ പ്രസിഡന്റ്-സെക്രട്ടറിമാർ. കേരളത്തിലെത്തിയാൽ പിണറായി കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി. കോടിയേരിയും എ.കെ. ബാലനും ഇ.പി. ജയരാജനും തോമസ് ഐസക്കും എ. വിജയരാഘവനും പി. രാജീവും കെ. എൻ. ബാലഗോപാലനും എത്തിയത് എസ്.എഫ്.ഐ.യിലൂടെ. മുൻ സംസ്ഥാന സെക്രട്ടറിയോ പ്രസിഡന്റോ മറ്റ് ഭാരവാഹികളോ ആയിരുന്നവരാണ് ജി. സുധാകരൻ,  എം. വിജയകുമാർ, സുരേഷ്‌കുറുപ്പ്, ജയിംസ് മാത്യു, വി. ശിവൻകുട്ടി, എ. പ്രദീപ്കുമാർ,  കെ.കെ. രാഗേഷ് എം.പി. എന്നിവർ. ആദ്യ സെക്രട്ടറിയായിരുന്ന സി.പി. അബൂബക്കർ മാത്രമാണ് രാഷ്ട്രീയം ഉപേക്ഷിച്ച് അധ്യാപകനായത്.  

അമ്പതാം വാർഷികം കേവലം ആഘോഷങ്ങൾക്കു വേണ്ടിയുള്ളതല്ല. കഴിഞ്ഞ അരനൂറ്റാണ്ടിൽ നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും അതിനിടയിൽ ജീവത്യാഗം ചെയ്ത 277 രക്തസാക്ഷികളെയും ഓർമിക്കാനും ഇനി വരാനിരിക്കുന്ന വെല്ലുവിളികളെ ഏറ്റെടുക്കാനുമുള്ളതാണ് ഈ വേള. - വി.പി.സാനു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്