sfiസീതാറാം യെച്ചൂരി മുതൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ വരെയുള്ള തിളങ്ങുന്ന വ്യക്തിത്വങ്ങളെ ഇന്ത്യൻ രാഷ്ട്രീയത്തിനു സമ്മാനിച്ച പ്രസ്ഥാനം. എസ്‌.എഫ്‌.ഐ. വിദ്യാർഥി  രാഷ്ട്രീയത്തിന്‌ കാമ്പസിനകത്തും പുറത്തും പുതിയ ഭാവുകത്വം നൽകിയ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയ്ക്ക്‌ അമ്പതാണ്ട്‌ തികയുകയാണ്‌

ലോകത്തെവിടെയും മാറ്റങ്ങൾക്കുവേണ്ടി നടന്ന ഉശിരൻ സമരങ്ങളിൽ വിദ്യാർഥികൾ ത്യാഗപൂർണമായ പങ്കുവഹിച്ചിട്ടുണ്ട്.  1908-ൽ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ 18 വയസ്സുകാരൻ ഖുദ്ദിറാം ബോസിനെപ്പോലുള്ള വിദ്യാർഥി രക്തസാക്ഷികൾ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടാൻ ആയിരക്കണക്കിന് വിദ്യാർഥികളെയും യുവാക്കളെയും ഉത്തേജിപ്പിച്ചു. 1931 മാർച്ച് 23-ന് തൂക്കിലേറ്റപ്പെട്ട സർദാർ ഭഗത്‌സിങ്‌ ദത്തിന്റെ ധീരത ഇന്ത്യൻ യുവത്വത്തിന്റെ പ്രതിഷേധാഗ്നി ആളിപ്പടരുന്ന സാഹചര്യം സൃഷ്ടിച്ചു. 

ഈ പശ്ചാത്തലത്തിലാണ് സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദ്യാർഥികളെ സംഘടിപ്പിച്ച് അണിനിരത്തുകയെന്ന കാഴ്ചപ്പാടോടുകൂടി 1936 ഓഗസ്റ്റ്‌ 
12-ാം തീയതി ലഖ്‌നൗവിൽ  അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ രൂപവത്‌കരണസമ്മേളനം ചേർന്നത്. പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉദ്ഘാടനംചെയ്ത സമ്മേളനത്തിൽ മുഹമ്മദലി ജിന്ന അധ്യക്ഷതവഹിച്ചു. ഈ സംഘടന സ്വാതന്ത്ര്യസമരത്തിൽ ധീരോജ്ജ്വല പങ്കുവഹിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യസമ്പാദനാനന്തരം ഇന്ത്യൻ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ ശക്തമായ വ്യത്യസ്തചിന്താഗതികൾ സംഘടനയിൽ അനൈക്യം സൃഷ്ടിച്ചു. 1960-കളുടെ മധ്യത്തിൽ കേരളത്തിൽ കേരള വിദ്യാർഥി ഫെഡറേഷന്റെ രൂപവത്‌കരണത്തിലേക്ക് നയിച്ചത് ഇതാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ സംസ്ഥാനതല സംഘടനകൾ രൂപവത്‌കരിക്കപ്പെട്ടു. ഇത്തരം സമരോത്സുക സംഘടനകൾ കൂടിച്ചേർന്നാണ് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) രൂപംകൊണ്ടത്.

ആ നാളുകൾ
തിരുവനന്തപുരം ടാഗോർ സെന്ററിനറി ഹാളിൽ  1970 ഡിസംബർ 27 മുതൽ 30 വരെ ചേർന്ന രൂപവത്‌കരണസമ്മേളനം എ.കെ.ജി.യാണ്  ഉദ്ഘാടനംചെയ്തത്. വിദ്യാർഥിസമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന എസ്.എഫ്.ഐ. പരിപാടി എന്ന രേഖ ചർച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യകടമ. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്നീ മുദ്രാവാക്യങ്ങൾ രക്തനക്ഷത്രാങ്കിതമായ ശുഭ്രപതാകയിൽ ആലേഖനംചെയ്യാനും സമ്മേളനം തീരുമാനിച്ചു. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന സമാപനപ്രകടനത്തിലും റാലിയിലും ഒരു 16 വയസ്സുകാരനായി പങ്കെടുത്ത ഓർമ ഇന്നും മങ്ങിയിട്ടില്ല.

1974-ൽ െകാൽക്കത്തയിൽ ചേർന്ന രണ്ടാം അഖിലേന്ത്യാസമ്മേളനമാണ് ഞാൻ പ്രതിനിധിയായി സംബന്ധിക്കുന്ന ആദ്യ അഖിലേന്ത്യാസമ്മേളനം; അതിനുമുമ്പ് പാലക്കാട്ടും കോട്ടയത്തും കൊല്ലത്തും നടന്ന സംസ്ഥാനസമ്മേളനങ്ങളിൽ പ്രതിനി ധിയായിരുന്നു. പി.സുന്ദരയ്യ ഉദ്ഘാടനംചെയ്ത ​െകാൽക്കത്താസമ്മേളനത്തിന്റെ മുഖ്യസംഭാവന വിശദമായ ഒരു ‘വിദ്യാഭ്യാസപ്രമേയം’ ചർച്ചചെയ്ത് അംഗീകരിച്ചതാണ്. 
1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥയ്ക്കുനേരെനടന്ന എസ്.എഫ്.ഐ.യുടെ ഉശിരൻ സമരങ്ങളും കൽക്കത്ത സമ്മേളനം അംഗീകരിച്ച വിദ്യാഭ്യാസപ്രമേയത്തെ മുൻനിർത്തിയുള്ള പ്രചാരണപ്രക്ഷോഭങ്ങളും എസ്.എഫ്.ഐ.ക്ക്, വ്യത്യസ്തമായ ഒരു വിദ്യാർഥിസംഘടനയെന്ന അംഗീകാരം പകർന്നുനൽകി. അടിയന്തരാവസ്ഥക്കാലത്തിന് മുമ്പുതന്നെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളിലും കുറെ സ്കൂളുകളിലും സംഘടനയ്ക്ക് സ്വാധീനംസ്ഥാപിക്കാൻ സാധിച്ചു. എന്നാൽ, വൻമുന്നേറ്റമുണ്ടായത് 1977-ൽ രാജ്യം ജനാധിപത്യസ്വാതന്ത്ര്യവും പൗരാവകാശങ്ങളും വീണ്ടെടുത്ത പ്രസന്നമായ അന്തരീക്ഷത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ത്യാഗപൂർണവും സാഹസികവുമായ ചെറുത്തുനിൽപ്പുകളും അതിൽ എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥിസംഘടനകൾ നടത്തിയ ഇടപെടലും കെ.എസ്.യു.വും കൂട്ടാളികളും വിദ്യാർഥിരംഗത്ത് ദയനീയമായി ഒറ്റപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. നാലുപതിറ്റാണ്ടിലേറെ അതിൽ മാറ്റംവരുത്താൻ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥിസംഘടനയെന്ന് വ്യാജമായ വീമ്പുപറച്ചിൽ നടത്തിയിരുന്നവർക്ക് സാധിച്ചിട്ടില്ല എന്ന് വ്യക്തം.
അടിയന്തരാവസ്ഥക്കാലത്തെ മാറിയ സാഹചര്യത്തിൽ, വിദ്യാർഥിപ്രതിഷേധം വ്യത്യസ്തരൂപങ്ങളിൽ സംഘടിപ്പിക്കാൻ നടത്തിയ ഭാവനപൂർണമായ ശ്രമങ്ങൾ എസ്.എഫ്.ഐ.യുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

പന്തലിച്ച വളർച്ച
ഒരുലക്ഷത്തി ഇരുപത്തിനാലായിരം അംഗങ്ങളാണ് ഒന്നാം അഖിലേന്ത്യാസമ്മേളനകാലത്ത് ഇന്ത്യയിലാകെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽമാത്രം 14 ലക്ഷത്തിലധികമാണ് അംഗങ്ങൾ. അഖിലേന്ത്യാതലത്തിൽ 42 ലക്ഷത്തോളവും. അമ്പതുവർഷംമുമ്പ് ഏതാനും വിദ്യാഭ്യാസസ്ഥാപനങ്ങളിൽമാത്രമായിരുന്നു സംഘടനയ്ക്ക് വിദ്യാർഥി യൂണിയന്‌ ജയിക്കാനായിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. വലിയ വളർച്ചയാണ് അരനൂറ്റാണ്ടിൽ എസ്.എഫ്.ഐ. നേടിയത് എന്ന് ചുരുക്കം. 

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കാൻ കൂസലില്ലാത്ത തീവ്രവലതുപക്ഷ ശക്തികൾ ആധിപത്യംനേടുന്ന അത്യന്തം ആപത്‌കരമായ ഇക്കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിന്റെ കടമകൾ വളരെ വലുതാണ്. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണത്തിനും വർഗീയവത്‌കരണത്തിനും അമിതമായ ക്രേന്ദീകരണത്തിനുമെതിരായ സമരപരമ്പരകൾ ശക്തമാക്കേണ്ടതുണ്ട്. 
സംയോജനകാലത്താണ് അവകാശപ്രക്ഷോഭങ്ങളുടെ പര്യായമായി മാറിക്കഴിഞ്ഞിട്ടുള്ള എസ്.എഫ്.ഐ. യുടെ ഇന്നലകളിലേക്കുള്ള തിരിഞ്ഞുനോട്ടം 50-ാം വാർഷികവേളയിൽ നടക്കുന്നത്. ജനാധിപത്യ-മതേതര-പുരോഗമന മൂല്യങ്ങൾ മുറുകെപ്പിടിച്ച്, പഠനവും സമരവും ഹൃദയത്തോട് ചേർത്തുപിടിച്ച് മുന്നോട്ടുപോകാനും അതോടൊപ്പം ബലഹീനതകളും തിരിച്ചറിയാനാകുന്ന തെറ്റുകുറ്റങ്ങളും തിരുത്താനും ഈ ചരിത്രമുഹൂർത്തം എസ്.എഫ്.ഐ.ക്ക് അവസരമൊരുക്കുമെന്ന്‌ കരുതുന്നു.

വിദ്യാർഥികളുടെ അവകാശത്തിനു പുറമേ, എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനുവേണ്ടിയും സംഘടന പൊരുതുന്നു.  അടിയന്തരാവസ്ഥയ്ക്കെതിരേ ശക്തമായി പോരാടിയ പ്രസ്ഥാനം കൂടിയാണ് എസ്.എഫ്.ഐ. ഇത്തരം പോരാട്ടങ്ങളുടെ കൂടി ഫലമായിട്ടാണ് ഇത്രയും കാലത്തിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർഥിപ്രസ്ഥാനമായി മാറാൻ കഴിഞ്ഞതും. - പ്രകാശ് കാരാട്ട് (സി.പി.എം. മുൻജനറൽ സെക്രട്ടറി,  എസ്‌.എഫ്‌.ഐ. മുൻ ദേശീയ പ്രസിഡന്റ്‌)

(പൊളിറ്റ്‌ ബ്യൂറോ അംഗമായ ലേഖകൻ ‘78-‘81 കാലഘട്ടത്തിൽഎസ്.എഫ്.ഐ. ദേശീയ പ്രസിഡന്റായിരുന്നു )