ഇല്ല, ഇനി ശശികല തമിഴ്‌നാടിന്റെ രാഷ്ട്രീയനഭസിലില്ല. എക്കാലവും ജയലളിതയുടെ നിഴലായി നടന്ന ശശികലയ്ക്ക് മുന്നില്‍ അഴികളല്ലാതെ മറ്റൊന്നുമില്ല. എം.ജി.ആറും ജയലളിതയും ശൂന്യമാക്കിയ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക പ്രസ്ഥാനത്തിന് വ്യക്തികേന്ദ്രീകൃത നിയമാവലി ഇല്ലാതാവുകയാണ്. ദുര്‍ബലനെന്ന് എല്ലാവരാലും വാഴ്ത്തപ്പെട്ട പനീര്‍ശെല്‍വം തല്‍ക്കാലത്തേക്കെങ്കിലും അമരക്കാരനായി മാറുകയാണ്. 

മണ്ണാര്‍ഗുഡി മാഫിയയുടെ മുഖമെന്ന് അറിയപ്പെട്ട ശശികലയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല. റിസോര്‍ട്ടുകളില്‍ അടച്ചുവെക്കപ്പെട്ട ജനപ്രതിനിധികള്‍ അവര്‍ക്കിഷ്ടപ്പെട്ട കൂടുകളിലേക്ക് ചേക്കേറും. എത്ര പേര്‍ ശശികലയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം.

ഒരു തരത്തില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. എം.ജി.ആറിന്റെ ശവമഞ്ചത്തില്‍നിന്ന് വലിച്ചെറിയപ്പെട്ട ജയലളിത അധികാരരാഷ്ട്രീയത്തിന്റെ ആല്‍മരമായി മാറിയെങ്കില്‍ മറവിയിലേക്കു മറഞ്ഞത് എം.ജി.ആറിന്റെ പത്‌നി ജാനകി രാമചന്ദ്രനാണ്. ശശികലയെയും കാത്തിരിക്കുന്നത് ജാനകിയുടെ വിധി തന്നെയായിരിക്കും.

വര്‍ഷങ്ങളായി ജയലളിതയ്ക്കു പിന്നില്‍ അധികാരത്തിന്റെ ഇടനാഴികള്‍ നിയന്ത്രിച്ച ശശികലയ്ക്ക് മറ്റൊരാളെ മുന്നില്‍ നിര്‍ത്തി ഒന്നും നേടാനാവില്ല. നാലു വര്‍ഷം മാത്രമാണ് ശിക്ഷയെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് 10 വര്‍ഷമെങ്കിലും കാത്തിരിക്കണം. അപ്പോഴേക്കും തമിഴ് മണ്ണില്‍ ഒരു പാട് മഴയും വെയിലും പതിഞ്ഞിട്ടുണ്ടാകും.

ഡിസംബര്‍ ആറിന് പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍നിന്ന് രാജാജിഹാളിലേക്കും അവിടെനിന്ന് മറീന ബീച്ചിലെ എം.ജി.ആര്‍. മെമ്മോറിയല്‍ കോംപ്‌ളസിലേക്കും ജയലളിതയുടെ മൃതദേഹം കൊണ്ടു പോകുമ്പോള്‍ അധികാരബിബംബം പോലെ തൊട്ടടുത്ത് ശശികലയും ഉറച്ചുനിന്നിരുന്നു. ഒരു ക്യാമറക്കണ്ണിനും മാറ്റി നിര്‍ത്താന്‍ കഴിയാത്ത നിതാന്ത സാന്നിധ്യമായിരുന്നു അവര്‍. ജയലളിതയുടെ യാത്രാമൊഴി ചാനലുകളില്‍ 24*7 സമയവും തകര്‍ത്തോടുമ്പോള്‍ തോഴി ശശികലയെ പരാമര്‍ശിക്കാതെ ഒറു മാധ്യമ പ്രവര്‍ത്തകനും മാധ്യമ നിരീക്ഷകനും സൈന്‍ ഓഫ് പറയാന്‍ സാധിച്ചിരുന്നില്ല.

ആ സാന്നിധ്യം ഒരു തോഴിയുടെ കൂറിന്റെ നിഴല്‍ മാത്രമായിരുന്നില്ല. അതൊരു പ്രഖ്യാപനമായിരുന്നു. ജയലളിത തമിഴകത്ത് ബാക്കി വെച്ച ആ വലിയ വിടവിന് ഒരു ബദല്‍ സാന്നിധ്യമായി താനുണ്ടെന്ന സൂചനയുടെ പ്രഖ്യാപനം. വാക്കുകളിലൂടെയല്ലെങ്കിലും ചലനങ്ങളിലൂടെ അവരത് ജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. സുപ്രീം കോടതി വിധിയോടെ ശശികലയുടെ ജീവിതത്തിലെ ചരിത്രനിമിഷങ്ങള്‍ എല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകയാണ്. 

എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെ ചിന്നമ്മ അമ്മയാവാനുള്ള ദൂരം വിദൂരമല്ലന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 1987ല്‍ എം.ജി.ആര്‍. വിട പറഞ്ഞപ്പോള്‍ നേരിട്ടതു പോലെ വലിയ പ്രതിസന്ധിയാണ് ജയലളിതയുടെ വിടവാങ്ങലിനു ശേഷം എ.ഐ.എ.ഡി.എം.കെ. നേരിട്ടത്. ജയലാളിതയക്ക് ശേഷം പാര്‍ട്ടിയിലെ രണ്ടാമനാര് മൂന്നാമനാര് എന്നതിനു പോലും ഉത്തരമില്ലായിരുന്നു. ആ സന്ദര്‍ഭത്തില്‍ തോഴി എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയ നേതാവ് അല്ലാഞ്ഞിട്ടു കൂടി  ഉറ്റ തോഴിയായ ശശികലയ്്ക്കു ചുറ്റിലുമായി കറങ്ങി ശശികല തന്നെ വിശേഷിപ്പിച്ച ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടി.

1982-ല്‍ കടലൂര്‍ ജില്ലയിലെ ഉച്ചക്കഞ്ഞി വിതരണ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജയലളിത. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന ജയലളിതയുടെ വഴി എളുപ്പമാക്കാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് കുഡല്ലൂര്‍ കളക്ടര്‍ വി.എസ്.ചന്ദ്രലേഖയ്ക്ക എം.ജി.ആര്‍. അന്ന് നിര്‍ദേശം നല്‍കിയിരുന്നു. ശശികലയുടെ ജീവിത വിധി നിര്‍ണയിച്ച ഘട്ടമായിരുന്നു അത്. ജില്ലയില്‍ ഒരു ചെറിയ വീഡിയോ പാര്‍ലര്‍ നടത്തുകയായിരുന്നു ശശികലയ്ക്ക് പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്ന ഭര്‍ത്താവ് എം. നടരാജന്‍  വഴി പല  പൊതു പരിപാടികളും പകര്‍ത്താന്‍ അവസരം ലഭിച്ചു. 

കളക്ടര്‍ ചന്ദ്രലേഖയിലൂടെ ജയലളിതയിലേക്ക് ശശികലയെത്തുന്നതങ്ങനെയാണ്. 1983-ല്‍ ജയലളിത സംഘടിപ്പിച്ച കൂറ്റന്‍ വനിത റാലിയുടെ മുഴുവന്‍ ചിത്രീകരണവും ശശികലയുടെ നേതൃത്വത്തിലാണ് നടന്നത്. പാര്‍ട്ടിനായികയോളവും പാര്‍ട്ടിയോളവും വളരാന്‍ ശശികലയ്ക്ക വേദിയൊരുങ്ങുന്നതങ്ങനെയാണ്. 1987ല്‍ എം.ജി.ആറിന്റെ മരണത്തോടു കൂടി പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേക്ക് ശശികലയും ജയലളിതയ്ക്ക കൂട്ടായെത്തി. ജയലളിതയുടെ നിഴലായ് നിന്ന് തന്റെ സാമ്രാജ്യം ശശികല വിപുലപ്പെടുത്തുകയായിരുന്നു. ഉടൈ പിറവ സഹോദരി എന്നാണ് ജയലളിത ശശികലയെ വിശേഷിപ്പിച്ചത്. 

1991ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ശക്തിയാര്‍ജ്ജിച്ചത് ശശികലയാണ്.. പിന്നീട് ശശികലയുടെ മരുമകന്‍ വി.എന്‍. സുധാകരന്റെ കല്യാണ മാമാങ്കം തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവരുത്തി. വിവാഹത്തിന് വേണ്ടി ചെലവിട്ട കോടികളും സര്‍വ്വാഭരണ വിഭൂഷിതകളായി നിലകൊണ്ട ശശികലയുടെയും ജയലലിതയുടെയും ചിത്രങ്ങളും പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. അഴിമതിയുടെ മുഖമായി ജയലളിതയുടെ പ്രതിച്ഛായ മാറുന്നതങ്ങനെയാണ്. കള്ളപ്പണക്കേസില്‍ പെട്ട് ശശികല അറസ്റ്റ് ചെയ്യപ്പെടുന്നത് 1996ലാണ്. 10 മാസത്തെ ജയില്‍ ശിക്ഷയും അന്നവര്‍  അനുഭവിക്കേണ്ടി വന്നു.

ദേവഗൗഡ സര്‍ക്കാര്‍ കേന്ദ്ര ഭരണവും ഡി.എം.കെ. സംസ്ഥാന ഭരണവും കയ്യാളിയിരുന്ന അക്കാലത്ത് ജയലളിതയ്‌ക്കെതിരെ നിലകൊള്ളാന്‍ ശശികലയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും തന്റെ വിശ്വാസ്യതയ്ക്കും കൂറിനും കോട്ടം തട്ടിക്കാതെ അവര്‍ ജയലളിതയക്കൊപ്പം ഉറച്ചു  നിന്നു. ആ ബന്ധം ദൃഢമാകുന്നതങ്ങനെയാണ്. പക്ഷെ ആ ബന്ധത്തില്‍ രണ്ട് തവണ വിടവുകളുണ്ടായി. 1996-ലും 2011-ലും. ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന ശശികലയെ പുറത്താക്കുന്നതില്‍ വരെ എത്തിച്ചു ആ വിള്ളലുകള്‍. 

പക്ഷെ ജയലളിതയിലേക്കുള്ള ശശികലയുടെ ഓരോ മടങ്ങിപ്പോക്കും കൂടുതല്‍ ശക്തിയോടെയായിരുന്നു. തന്റെ അമ്മ ജീവനുണ്ടായിരുന്നെങ്കില്‍ തനിക്കു വേണ്ടി എന്തെല്ലാം ചെയ്യുമായിരുന്നോ അതെല്ലാമാണ് ശശികല തനിക്കു വേണ്ടി ചെയ്യന്നതെന്നു വരെ ജയലളിത ഒരിക്കല്‍ പറയുകയുണ്ടായി. ജയലളിതയുടെ പല സുപ്രധാന തീരുമാനങ്ങളുടെയും ഉറവിടം ആയിത്തീരുന്നതില്‍ വരെ ജയലളിതയ്ക്ക ശശികലയോടുള്ള വിശ്വാസ്യത വളര്‍ന്നു. 

30 വര്‍ഷമായി ശശികല ജയയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രതികൂല ഘട്ടങ്ങളില്‍ ജയലളിത തിരിച്ചെത്തിയപോലെ തിരിച്ചു വരാനുള്ള രാഷ്ട്രീയ നേതൃപാഠവവും ബൗദ്ധികതയും ജീവിത സാഹചര്യയും ശശികലയ്ക്കില്ല.