ന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്തയെ ഉൾക്കൊള്ളുന്ന ഒരു ഭൗതികയിടമുണ്ടെങ്കിൽ അത് ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ഇന്ത്യാ ഗേറ്റിനും രാഷ്ട്രപതിഭവനും ഇടയിലുള്ള രണ്ടു മൈൽ ദൂരമായിരിക്കുമെന്ന് സംശയമെന്യേ പറയാം. രാജ്യഭരണത്തിന്റെ ഗേഹം ഒരറ്റത്ത്, മറുഭാഗത്ത് ത്യാഗത്തിന്റെ സ്മാരകം... രണ്ടിനും മധ്യേ പാർലമെന്റ് മന്ദിരം, മന്ത്രാലയങ്ങൾ, ഉന്നത സർക്കാർ കേന്ദ്രങ്ങൾ, ദേശീയ ആർക്കൈവ്‌സും മ്യൂസിയവും അതിനൊപ്പം കുടുംബങ്ങൾക്ക് ചുറ്റിക്കറങ്ങാനും കളിക്കാനും ഐസ്‌ക്രീം നുണഞ്ഞ് നടക്കാനുമായി വിശാലമായ പുൽത്തകിടി. അതെ, ഒരു ഭരണകൂടത്തിന്റെ ഇരിപ്പിടം, ജനങ്ങൾക്കിടയിൽ അവർക്ക് ഏറ്റവും എളുപ്പത്തിൽ, ആശ്രയിക്കാവുന്നതരത്തിൽ. അവരുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഉൾക്കൊള്ളുന്ന, ഭാവിയെ സ്വപ്നംകാണാൻ അനുവദിക്കുന്നതരത്തിൽ നിലകൊള്ളുന്നു.

കെട്ടകാലത്തെ നിർമാണോത്സവം

ഈ പ്രദേശത്താണ് ദേശീയ ഖജനാവിൽനിന്ന് ഇരുപതിനായിരം കോടി രൂപ മുടക്കി അത്യാഡംബരപൂർവം തങ്ങളുടെ സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പുതിയ പാർലമെന്റ് മന്ദിരംവരും. ഒരേപോലെയുള്ള മന്ത്രാലയമന്ദിരങ്ങൾ പണിയാൻ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു, ഉപരാഷ്ട്രപതിക്കായി പുതിയ വസതി, പ്രധാനമന്ത്രിയുടെ വസതി എന്നിവയെല്ലാം ഭരണകൂടത്തിന്റെ ഈ സൗധ പംക്തികളിൽപ്പെടും. കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിനിടയിൽപ്പെട്ട് രാജ്യം ഞെരുങ്ങുമ്പോഴും സെൻട്രൽ വിസ്തയെ ‘അവശ്യസേവന’മെന്ന് നിർലജ്ജം പ്രഖ്യാപിച്ച ഭരണവ്യവസ്ഥിതിയിൽ മണ്ണുമാന്തിയന്ത്രങ്ങൾ നിരന്തരം മുരളുകയും വേലിക്കെട്ടുകളുയരുകയും ചെയ്യുന്നു.

ദേശമൊരു ദുരന്തത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മുൻഗണനകൾ നിശ്ചയിക്കുന്നതിലുണ്ടായ അതിഭീകര തെറ്റാണിത്. അത്യാഡംബരപൂർണമായ ഈ  ‘മോഡിഫിക്കേഷ’നുവേണ്ടി ഇരുപതിനായിരം കോടി രൂപ ചെലവഴിക്കുന്നതിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാനാവില്ല. പക്ഷേ, വിളകൾക്ക് മിനിമം താങ്ങുവില അനുവദിക്കുന്നത് അംഗീകരിക്കുന്നതിനു പകരം കർഷകരെ അനന്തമായി സമരം ചെയ്യിക്കുന്ന, രണ്ടാംതരംഗത്തിനുമുമ്പ്‌ ആവശ്യമായ വാക്സിനെത്തിക്കാനുള്ള പണം കണ്ടെത്താൻ കഴിവില്ലാതിരുന്ന, ജനത പ്രാണവായുവിനുവേണ്ടി പിടയുമ്പോൾ ഓക്സിജനെത്തിക്കുന്നതിൽ പരാജയപ്പെട്ട, ആദ്യ ലോക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗതാഗത സംവിധാനമൊരുക്കാൻ വിസമ്മതിച്ച് നാടുകളിലേക്കെത്താൻ നൂറുകണക്കിന് കിലോമീറ്ററുകൾ അവരെ നഗ്നപാദരാക്കി നടക്കാൻ നിർബന്ധിതരാക്കിയ, വലിയ സാമ്പത്തിക പ്രതിസന്ധിയും റെക്കോഡ് തൊഴിലില്ലായ്മ നിരക്കും നേരിടുമ്പോഴും ഏറ്റവും തുച്ഛമായ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ച സർക്കാരാണ് ഇത്രയും ഭീമമായ തുക സെൻട്രൽ വിസ്തയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.

നവീകരണമാവാം, പക്ഷേ

കുടുംബാംഗങ്ങൾ സ്വീകരണമുറിയിൽ മരിച്ചുകിടക്കുമ്പോൾ കിടപ്പുമുറി പുതുക്കിപ്പണിയാൻ ആരെങ്കിലും തയ്യാറാകുമോ? എന്നാൽ, നിർദയവും നിരുത്തരവാദപരവുമായ സർക്കാർ ഈ ദുരന്തകാലത്ത് ചെയ്യുന്നത് അതുതന്നെയാണ്. മഹാമാരിക്കാലത്ത് പുതിയ പാർലമെന്റ് മന്ദിരത്തിനായി നിലമൊരുക്കൽ ചടങ്ങ് നടത്തുകയും പഴയ പാർലമെന്റിൽ നടക്കേണ്ടിയിരുന്ന പ്രവർത്തനങ്ങൾ റദ്ദാക്കുകയും (പാർലമെന്റിന്റെ രണ്ടു സമ്മേളനങ്ങൾ ഉപേക്ഷിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്) ചെയ്യുന്നതിലെ വൈരുധ്യം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. പുതിയ മന്ദിരം കെട്ടിയുയർത്തുന്നതിനു പകരം ലോക്‌സഭയെ  പഴയ സെൻട്രൽ ഹാളിലേക്ക് മാറ്റുന്നതുൾപ്പെടെ പഴയ പാർലമെന്റ് മന്ദിരത്തെത്തന്നെ വിപുലമായി നവീകരിക്കണമെന്ന ആവശ്യമുയർത്തിയ പാർലമെന്റംഗങ്ങളിൽ ഒരാളാണ് ഞാൻ. ആ നിലപാടിൽത്തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

അറുപതുകളിൽ നിർമിച്ച ശാസ്ത്രിഭവൻപോലുള്ള കെട്ടിടങ്ങൾ ഇടിച്ചുകളഞ്ഞതിനെയോ എം.പി.മാർക്ക് പുതിയ ഓഫീസുകൾ വരുന്നതിനെയോ ഞാനെതിർക്കുന്നില്ല. എന്നാൽ, സർക്കാർ ഓഫീസുകൾക്കെല്ലാം ഒരേരൂപം വേണമെന്നപേരിൽ, പ്രശ്നങ്ങളൊന്നുമില്ലാതെ നാഷണൽ മ്യൂസിയം കെട്ടിടവും അടുത്തകാലത്ത് പണിപൂർത്തിയാക്കിയ ജവാഹർ ഭവനുമടക്കം സർവവും പൊളിച്ചെറിയാനുള്ള പദ്ധതി അനാവശ്യവും അതിരുകടന്നതുമാണ്. പൊളിച്ച് പുനർനിർമിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം ഒഴിവാക്കിക്കൊണ്ട് നവീകരിക്കാൻ കഴിയുമായിരുന്ന കെട്ടിടങ്ങളാണ് നിലവിലുള്ളവയിൽ ഭൂരിഭാഗവും.

അധികാരഗർവിന്റെ മുദ്ര

ഈ അനാവശ്യതീരുമാനങ്ങളെടുക്കുന്നതിനുമുമ്പ്‌ അവർ ആരുമായാണ് ചർച്ചനടത്തിയത്‌? പരിസ്ഥിതി, പൈതൃക നിയമങ്ങളെ കാറ്റിൽപ്പറത്തുന്നതിനും ഡൽഹി മാസ്റ്റർപ്ലാനിനെ അവഗണിക്കുന്നതിനും നിർമാണങ്ങൾക്കാവശ്യമായ അനുമതികൾ വേഗത്തിൽ കൈവശപ്പെടുത്തുന്നതിലും അധികാരികൾ ആർക്കിടെക്ടുകളെയോ പരിസ്ഥിതിശാസ്ത്രജ്ഞരെയോ പാർലമെന്റംഗങ്ങളെയോപോലും കണക്കിലെടുത്തിട്ടില്ല. തകർക്കാൻപോകുന്ന കെട്ടിടങ്ങളിൽനിന്ന് പുരാതന കലാസൃഷ്ടികളും ലോലമായ കൈയെഴുത്തു പ്രതികളും പുതിയയിടത്തേക്ക് പുനഃസ്ഥാപിക്കുന്നതിലെ ഭീഷണിയെക്കുറിച്ച് പണ്ഡിതരും പുരാരേഖാവിദഗ്ധരും ഒരുപോലെ ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.

ജനങ്ങളെ സംബന്ധിച്ചാണെങ്കിലോ? രാജ്പഥ് ഇനിമുതൽ അവരുടെ വിശാലമായ പഴയ ഇടമായിരിക്കില്ല. പകരം നിരനിരയായി ഇരുവശങ്ങളിലും മുഖമില്ലാത്ത സർക്കാർ കെട്ടിടങ്ങളുയരും. ആർക്കിടെക്ട് ജെ.ആർ. കർട്ടിസിന്റെ വാക്കുകൾ കടമെടുത്താൽ ‘ഒരുപോലെയുള്ള വിരസമായ ബോക്സുകൾ അടുക്കിവെച്ചപോലുള്ള കെട്ടിടങ്ങളുടെ നിര വിചിത്രമായ സ്വേച്ഛാധിപത്യത്തെക്കുറിക്കുന്നതാണ്’. പ്രധാനമന്ത്രിയുടെ വസതിയുടെ സാന്നിധ്യം സുരക്ഷാ ആശങ്കകളും സഞ്ചാരനിയന്ത്രണങ്ങളും സൃഷ്ടിക്കുന്നതോടെ പൊതുജനങ്ങൾക്ക് വിസ്തയിലേക്കുള്ള സ്വാതന്ത്ര്യം കുറയും. ല്യൂട്ടന്റെ ഡൽഹിയെന്നാൽ മോദിത്വഭാഷയിൽ അഴിമതിയുടെയും വരേണ്യതയുടെയും പര്യായം മാത്രമാണ്. ‘ല്യൂട്ടന്റെ ഡൽഹിയെ’ നിലവാരംകൂടിയ അടിസ്ഥാനസൗകര്യങ്ങളാൽ മാറ്റിപ്പണിയുന്നത് വെറും ഭരണകൂടാധിപത്യത്തിന്റെ പ്രതീകവും. അത് രാജ്യത്തിന് ഒരു വലിയ നഗരപൈതൃകം സമ്മാനിക്കുകയുമില്ല. ‘പിന്തിരിപ്പനും പാരിസ്ഥിതിക വിരുദ്ധവുമായ ഒരു നഗരപദ്ധതി’ എന്നാണ് ഒരു പ്രമുഖ അന്താരാഷ്ട്ര വാസ്തുശാസ്ത്ര മാസിക സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് പറഞ്ഞത്. ഒരിക്കൽ സ്വതന്ത്രവും അനായാസവുമായി സഞ്ചരിക്കാനാകുമായിരുന്ന രാജ്പഥിനെമുഴുവൻ കാലഹരണപ്പെട്ട വാസ്തുവിദ്യനിറഞ്ഞ അതിസുരക്ഷാ മേഖലയാക്കിമാറ്റി.

ഭാര്യമാരിലുള്ള തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായി ഭാര്യയുടെ കുടുംബപ്പേരു മാറ്റുന്നതിനുപുറമേ അവളുടെ സ്വന്തം പേരുപോലും മാറ്റിയിരുന്നു ആര്യവർത്തത്തിലെ പുരുഷന്മാർ. അവ ഓർമിപ്പിക്കുന്നതാണ് ദേശീയ തലസ്ഥാനത്തെ തങ്ങളുടെ പ്രതിച്ഛായയ്ക്കനുസരിച്ച് പുനർനിർമിക്കുന്ന ഭാരതീയ ജനതാപാർട്ടി സർക്കാരിന്റെ തീരുമാനം. ല്യൂട്ടന്റെ ഡൽഹിയുടെ ഭൗതികമുഖം മാറ്റുന്നത് അടിസ്ഥാനപരമായി അധികാരഗർവ് കാണിക്കലാണ്. ദേശീയ തലസ്ഥാനത്ത് മോദിത്വത്തിന്റെ ചാപ്പകുത്താനുള്ള ആഗ്രഹവും.