ഗൾഫ് കത്ത്

ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾ ഒടുങ്ങുമ്പോൾ  ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പിനെ കുറിച്ചുള്ള ചർച്ച സജീവമാകുകയാണ്‌.  ഇതുവരെ ലോകകപ്പിന് ആതിഥ്യം വഹിച്ച രാജ്യങ്ങളിൽ നിന്നെല്ലാം വിഭിന്നമായ സാമൂഹിക പശ്ചാത്തലമുള്ള ഖത്തറിൽ 2022- ൽ ഈ മഹാമേള എത്തുമ്പോൾ അതെങ്ങനെയായിരിക്കും എന്ന ചോദ്യമാണ് അതിൽ പ്രധാനം.  ഏതാനും അറബ്  രാജ്യങ്ങളിൽ നിന്ന് ഖത്തർ ഇപ്പോൾ നേരിടുന്ന ബഹിഷ്കരണവും ഉപരോധവും അതിനെ എങ്ങനെ ബാധിച്ചേക്കാം എന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

മേഖലയിൽ എല്ലാരംഗത്തും മേധാവിത്വമുള്ള, അത് ഫുട്‌ബോളിലായാലും സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിന് എതിരായി നടക്കുന്ന ഉപരോധം  ഒരു വർഷം പിന്നിടുമ്പോഴാണ് ലോകകപ്പിന്റെ ആരവവും ഉയർന്നുതുടങ്ങിയത് എന്നത് യാദൃച്ഛികം.    ഖത്തറിന് മുന്നിൽ സൗദി സഖ്യരാഷ്ട്രങ്ങൾ ഉന്നയിച്ചിരിക്കുന്നത് ആവശ്യങ്ങളുടെ പതിമ്മൂന്നിന പട്ടികയാണ്. ഒരു വർഷത്തിനിടയിൽ അതിൽ ഒന്നിൽപോലും ധാരണയുണ്ടാക്കാൻ ഖത്തർ തയ്യാറായിട്ടില്ല. എങ്കിലും ഉഭയകക്ഷി ചർച്ചകളിലൂടെ ഈ വർഷാവസാനം പ്രശ്ന പരിഹാരമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.  

  ലോകകപ്പ് ഫുട്‌ബോളിനായി ഖത്തർ ഒരുക്കം തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. അതേസമയം, ഈ ഉപരോധം ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നുണ്ട്. ഖത്തറിലേക്ക് ഈ മേള മുൻനിർത്തി തന്നെ ഒട്ടേറെ നിക്ഷേപകർ നേരത്തേതന്നെ പണമിറക്കിയിരുന്നു. ഉപരോധം ഇത്തരം കാര്യങ്ങളിലെല്ലാം തടസ്സങ്ങളുണ്ടാക്കി. അതിന് പുറമേയാണ്  ഫുട്‌ബോൾപനി മൂർച്ഛിക്കുന്ന ഘട്ടത്തിൽ അവിടെ എത്തുന്ന സന്ദർശകർ, വിശേഷിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർ ഖത്തറിന്റെ നിയമാവലികളുമായി എത്രമാത്രം പൊരുത്തപ്പെടും എന്ന ആശയക്കുഴപ്പം. റഷ്യയിലെ ലഹരിപൂക്കുന്ന കളിയാരവങ്ങൾക്ക് ഖത്തറിൽ എന്ത് സംഭവിക്കും എന്നതാണ് പല കോണുകളിൽ നിന്നും ഉയരുന്ന ചോദ്യം.

ഇറാനും തുർക്കിയും രംഗത്ത്‌  
വർഷം ഒന്ന് കഴിയുമ്പോൾ സൗദി സഖ്യത്തിനും അമേരിക്കയ്ക്ക് തന്നെയും തലവേദനയുണ്ടാക്കുന്ന ചില നീക്കങ്ങൾ ഖത്തർ നടത്തി എന്നതാണ് ഈ  ഉപരോധം ഉണ്ടാക്കിയ ചലനം. സൗദിയും യു.എ.ഇ.യുമെല്ലാം ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന ഇറാനുമായി ഖത്തർ ചങ്ങാത്തം പുലർത്തുന്നതാണ് ഈ പുതിയ സംഭവവികാസം. ആശയപരമായും നയതന്ത്ര രംഗങ്ങളിലും ഇറാനുമായി സൗദി സഖ്യരാഷ്ട്രങ്ങൾക്ക്‌ നേരത്തേ തന്നെ അകൽച്ചയും ശത്രുതയുമുണ്ട്. ശത്രുവിന്റെ ശത്രു മിത്രമാകുന്ന യുദ്ധനീതിയാണ് ഈ ഘട്ടത്തിൽ ഖത്തറിനും ഇറാനും സ്വീകാര്യമായത്. തുർക്കിയും ഒപ്പം ചേർന്നതോടെ ഉപരോധത്തെ വലിയൊരളവ് വരെ മറികടക്കാൻ ഖത്തറിന് സഹായകമായി. എന്നാൽ, ഈ ഉപരോധവും ഉത്‌പന്നങ്ങളുടെ ബഹിഷ്കരണവുമെല്ലാം ഇരു ഭാഗത്തും വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഖത്തറിലേക്ക് നിത്യോപയോഗ സാധനങ്ങൾ ഏറെയും പോയിരുന്നത് സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു. ആ കച്ചവടമാണ് ഇപ്പോൾ തുർക്കിയും ഒമാനുമെല്ലാം െെകയടക്കിയിരിക്കുന്നത്.  എങ്കിലും ആവശ്യങ്ങളിൽനിന്ന് കടുകിട മാറാൻ സൗദി സഖ്യം തയ്യാറായിട്ടില്ല.

നഷ്ടത്തിന്റെ കണക്കുകൾ
  ഉപരോധം ഖത്തറിനും വലിയ നഷ്ടമാണ് ഈ ഒരു വർഷം നൽകിയത്.  ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ വിമാനങ്ങൾ ഖത്തറിലേക്ക് പറക്കാറില്ല. ഖത്തറിന്റെ വിമാനത്തിന് ഇവിടങ്ങളിലേക്കും പ്രവേശനമില്ല. വ്യോമപാതയും തുറന്നുകൊടുത്തിട്ടില്ല. അത്യാവശ്യത്തിന് മാത്രമായി ചിലതിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് മാത്രം. സൗദി, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യകരാറുകളാണ് ഖത്തറിന് വലിയതോതിൽ നഷ്ടമായത്. ഈ വർഷത്തോടെ ഗൾഫ് നാടുകൾ മൂല്യവർധിത നികുതിപ്രാബല്യത്തിൽ കൊണ്ടുവരുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. സൗദിയും യു.എ.ഇ.യും അത് നടപ്പാക്കിയെങ്കിലും ഖത്തർ ഇപ്പോൾ അതിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. കുവൈത്ത് അടുത്തവർഷം നടപ്പാക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഫലത്തിൽ 1981  മേയിൽ ഗൾഫ് രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ ഗൾഫ് സഹകരണകൗൺസിൽ (ജി.സി.സി.) വലിയ സഹകരണമോ കൂട്ടായ്മയോ ഇല്ലാതെ നിഷ്‌ക്രിയമായ അവസ്ഥയിലേക്ക് മാറി. മൂന്നു മാസം മുമ്പ് കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ കുവൈത്ത് സിറ്റിയിൽ നടന്ന ജി.സി.സി.യോഗം പതിനഞ്ച് മിനിറ്റ്‌ കൊണ്ടുതന്നെ അവസാനിച്ചതും ഈ ശീതയുദ്ധത്തിന്റെ തുടർച്ച തന്നെയായിരുന്നു.

ജി.സി.സി.യിൽനിന്ന് ഖത്തറിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് വരെ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്.   ഉപരോധത്തെ അനുകൂലിക്കാനോ എതിർക്കാനോ തുടക്കം മുതൽ  കുവൈത്തും ഒമാനും തയ്യാറായിരുന്നില്ല. ഇപ്പോൾ ഖത്തറിനെ ജി.സി.സി.യിൽ നിന്ന് മാറ്റാനുള്ള  നീക്കത്തോടും ഇരുരാജ്യങ്ങളും  അനുകൂലമായി  പ്രതികരിച്ചിട്ടില്ല എന്നതാണ് ജി.സി.സി.യെ ഇപ്പോഴും പേരിനെങ്കിലും ഒന്നാക്കി നിലനിർത്തുന്നത്. ഇതിനിടയിൽ സൗദിയും യു.എ.ഇ.യും ചേർന്ന് പുതിയൊരു സഹകരണ കൗൺസിലിനും രൂപം നൽകി.

 ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സൗദിസഖ്യം  അധികം വൈകാതെ ഖത്തർ സഹായിക്കുന്ന തീവ്രവാദി പ്രസ്ഥാനങ്ങളുടെയും  അവരെ സഹായിക്കുന്ന വ്യക്തികളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. യു .എ.ഇ., സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് സംയുക്ത പ്രസ്താവനയായാണ് ഇക്കാര്യം വന്നത്. ഖത്തർ അധികൃതരുമായി  നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജീവകാരുണ്യ സ്ഥാപനങ്ങളും വ്യക്തികളുമടങ്ങുന്ന ആ  പട്ടികയെയും ഖത്തർ നിരാകരിച്ചിരുന്നു.  ഭീകരതയ്ക്കെതിരേ പോരാടാനും സഹായധനം നിർത്തലാക്കാനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേയും നിലകൊള്ളാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാ​െണന്ന ആവർത്തനവുമായാണ് ഈ സംയുക്ത  പ്രസ്താവന പുറത്തുവന്നത്.  

കാര്യങ്ങൾ ഇത്തരത്തിൽ  എവിടെയുമെത്താതെ നീങ്ങുമ്പോൾ ഏറെ ആശങ്കയോടെ നിൽക്കുകയാണ് ഗൾഫ്-അറബ് നാടുകളിലെ വ്യാപാരകേന്ദ്രങ്ങൾ.  വിപണി  പരസ്പരം തുറന്നുകൊടുത്തുകൊണ്ട് എല്ലാ ഗൾഫ് നാടുകളും പലേടത്തും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പ്രവാസി മലയാളികളും ഇതിൽ ധാരാളം. അതിർത്തികൾ അടച്ചും കപ്പൽ, വിമാന സർവീസുകൾ റദ്ദാക്കിയും ശക്തമായ സൂചനയാണ് സൗദിയും യു.എ.ഇ യും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന്  നൽകിയത്. ഇതോടെ ഖത്തറിലെ വാണിജ്യ വ്യാപാര കേന്ദ്രങ്ങളിൽ മുതലിറക്കിയവരുടെ ആശങ്ക അനന്തമായി നീളുകയാണ്. ഇതുതന്നെയാണ് ആയിരക്കണക്കിന് ഖത്തർ പൗരന്മാരുടെയും അവസ്ഥ. അവർക്കും പറയാൻ നഷ്ടത്തിന്റെ വലിയ കണക്കുകളുണ്ട്.  ഇതോടൊപ്പമാണ്  ഖത്തറിൽ നാലുവർഷത്തിനപ്പുറം നടക്കേണ്ട ലോകകപ്പ് ഫുട്‌ബോളിനെ കുറിച്ചുള്ള സംസാരങ്ങളും.