kr gouri amma
കെ.ആര്‍. ഗൗരിയമ്മ| Photo: Mathrubhumi Archives 

വിശ്വസിച്ച പ്രത്യയശാസ്ത്രത്തിനായി സ്വജീവിതം ത്യജിച്ച, അവിടെനിന്ന് തുടച്ചുമാറ്റപ്പെട്ടിട്ടും സധൈര്യം പോരാടിയ ഒരു ധീരവനിത കേരളചരിത്രത്തിൽ ഗൗരിയമ്മയെപ്പോലെ മറ്റൊരാളുണ്ടോ എന്ന്‌ സംശയമാണ്.  ആകസ്മികതകളുടെ ആകത്തുകയാണ് അവരുടെ ജീവിതം. ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിട്ട് വക്കീലും പിന്നെ രാഷ്ട്രീയക്കാരിയുമായി.

ഒരിക്കലുമാവില്ലെന്ന് അച്ഛന് വാക്കുകൊടുത്തിട്ടും കമ്യൂണിസ്റ്റായി. കുടുംബിനിയാവാൻ ഏറെ കൊതിച്ചിട്ടും ദാമ്പത്യം തകർന്നുപോയി. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പാർട്ടി അധികാരത്തിലെത്തിയപ്പോൾ ഒടുവിൽ തഴയപ്പെട്ടു. കുടുംബജീവിതം മറന്ന് സി.പി.എമ്മിനൊപ്പം നിന്നിട്ടും അവിടെനിന്ന് പുറത്താക്കപ്പെട്ടു. പാർട്ടിയുണ്ടാക്കണമെന്ന് ആഗ്രഹിക്കാതെത്തന്നെ ജെ.എസ്.എസ്. പിറന്നു. 

ഈ ആകസ്മികതകൾക്കിടയിലും അവരുടെയുള്ളിൽ വിപ്ലവത്തിന്റെ കനൽ അണയാതെ നിന്നു. തൊഴിലാളിപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്ക് ആദ്യമടുത്ത സഹോദരൻ കെ.ആർ.സുകുമാരനിലൂടെയാണ് ഗൗരിയമ്മ പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്നത്. പാർട്ടി ശക്തിപ്പെടുത്താൻ തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചയാളാണ് സുകുമാരൻ. 1947-ൽ ഗൗരിയമ്മയുടെ അച്ഛൻ കളത്തിപ്പറമ്പിൽ രാമൻ മരിച്ച വർഷമായിരുന്നു പുന്നപ്ര-വയലാർ സമരം. അതിനുശേഷം പാർട്ടി നേതാക്കളുടെ പേരിലുള്ള കേസുകൾ വാദിച്ചു ഗൗരിയമ്മ. അതേവർഷം പി.കൃഷ്ണപിള്ള ഗൗരിയമ്മയ്ക്ക്‌ പാർട്ടി അംഗത്വം നൽകി. പിന്നീടങ്ങോട്ട് ഐതിഹാസികമായിരുന്നു ആ ജീവിതം. 

ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയാണ് രാഷ്ട്രീയമെന്ന പുതിയകാല ‘പ്രത്യയശാസ്ത്ര’ത്തിനുനേരേ മുഖംതിരിച്ചുനിന്നു ഗൗരിയമ്മ. ഗുരുവചനങ്ങൾ കേട്ടാണ് അവർ വളർന്നത്. കണ്ടുവളർന്നത് അനുകമ്പയുടെ പാഠങ്ങളും. നാലായിരം ഏക്കറോളം നെൽക്കൃഷിയും നൂറ്്‌ ഏക്കറോളം തെങ്ങിൻതോപ്പുമുണ്ടായിരുന്നു കളത്തിപ്പറമ്പിൽ രാമന്. മത്സ്യ പാട്ടക്കൃഷി വേറെയും. ഇല്ലാത്തവരെ അദ്ദേഹം കൈയയച്ചു സഹായിച്ചു. ശ്രീനാരായണഗുരുവും മഹാകവി കുമാരനാശാനുമെല്ലാം കളത്തിപ്പറമ്പുവീട്ടിലെ സന്ദർശകരായിരുന്നു. എല്ലാം കണ്ടുവളർന്ന് രാഷ്ട്രീയക്കാരിയായപ്പോഴും ഗൗരിയുടെ ഉള്ളിൽ ഗുരുവിന്റെ അപരപ്രിയത്വം എന്ന ആശയം കെടാതെനിന്നു.

പ്രണയവും വിവാഹവും

എ.കെ.ജി.യുടെ വിവാഹാഭ്യർഥന നിരസിച്ച ഗൗരി, ജയിൽവാസത്തിനിടയിലാണ് ടി.വി.തോമസുമായി അടുക്കുന്നത്. ആദ്യമെല്ലാം ഒഴിഞ്ഞുമാറിയ ഗൗരി പതിയെ ടി.വി.യെ ഇഷ്ടപ്പെട്ടു. 1948-ൽ കൽക്കട്ട തീസിസ് പ്രഖ്യാപിച്ചതോടെയാണ് ഗൗരിയമ്മ അറസ്റ്റിലായത്. 1950-ൽ ജയിൽമോചിതയായെങ്കിലും വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. പിന്നീട്, തിരുവിതാംകൂർ, തിരുക്കൊച്ചി നിയമസഭകളിലേക്കുള്ള വിജയവും അറസ്റ്റും മാറിമാറിവന്നു.

അതിനിടെ ടി.വി.യുമായി പ്രണയബദ്ധയായ ഗൗരി വിവാഹത്തിനുമുമ്പ്‌ രണ്ടുതവണ ആ ബന്ധത്തിൽനിന്ന് അകലാൻ ശ്രമിച്ചു. ടി.വി.ക്ക് മറ്റു രണ്ടു സ്ത്രീകളുമായുള്ള അടുപ്പം അറിഞ്ഞശേഷമായിരുന്നു അത്. ആദ്യ സ്ത്രീയിൽ കുട്ടിയുള്ളത് ഗൗരിയമ്മ അറിഞ്ഞപ്പോൾ ടി.വി. അവരോട് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. രണ്ടാംതവണ പാർട്ടി ഗൗരിയമ്മയിൽ സമ്മർദം ചെലുത്തി. വിവാഹക്കാര്യം പാർട്ടി അംഗീകരിച്ചതാണെന്നും അതിൽനിന്ന് പിന്മാറാനാവില്ലെന്നുമായിരുന്നു പാർട്ടി നിലപാട്. ഗൗരിയമ്മ എതിർത്തില്ല.

1957-ലാണ് ബാലറ്റിലൂടെ ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിൽവന്നത്. ടി.വി.യും ഗൗരിയും മന്ത്രിമാർ. 1957 മേയ് 30-ന് ആ ചരിത്രവിവാഹം നടന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ അവരുടെ ദാമ്പത്യത്തിൽ കരിനിഴൽ വീഴാൻ തുടങ്ങി. പാർട്ടികൾ ഇരുധ്രുവങ്ങളിലേക്കായപ്പോൾ ടി.വി., സി. പി.ഐ.യ്ക്കൊപ്പം നിന്നു. ഗൗരിയമ്മ സി.പി.എമ്മിനോടൊപ്പവും.

1967-ൽ രണ്ടാം ഇ.എം.എസ്. സർക്കാരിൽ വീണ്ടും ഇരുവരും മന്ത്രിമാരായി. ടി.വി.ക്ക് റോസ് ഹൗസും ഗൗരിയമ്മയ്ക്ക് സാനഡുമായിരുന്നു അനുവദിക്കപ്പെട്ട മന്ത്രിമന്ദിരങ്ങൾ. പക്ഷേ, ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇരുപാർട്ടികളിലുള്ള മന്ത്രിമാർ ഒരുമിച്ചുകഴിയുന്നത് ശരിയല്ലെന്നും മാറിത്താമസിക്കണമെന്നും സി.പി.എം. ഗൗരിയമ്മയോട് ആവശ്യപ്പെട്ടു. ബംഗാളിലെ രേണുക ചൗധരിയെപ്പോലെ ഗൗരിയമ്മ മാറണം എന്നായിരുന്നു വാദം. ബംഗാളല്ല ഇത്‌ കേരളമാണെന്നും മന്ത്രിസ്ഥാനത്തിനുവേണ്ടി ഭർത്താവിനെ ഉപേക്ഷിക്കാനാവില്ലെന്നുമായി ഗൗരിയമ്മ. നിർബന്ധമാണെങ്കിൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കാമെന്നായപ്പോൾ പാർട്ടി അയഞ്ഞു. പക്ഷേ, ആ അവസ്ഥ അധികം നീണ്ടില്ല. 

പാർട്ടിരഹസ്യങ്ങൾ ചോരുമെന്നുപറഞ്ഞ് രണ്ടായുള്ള ജീവിതം അത്തവണ ആവശ്യപ്പെട്ടത് സി.പി.ഐ.യാണ്. ടി.വി.ക്കുമേൽ സമ്മർദം മുറുകി. ടി.വി. ഗൗരിയമ്മയെ അവഗണിക്കാൻ തുടങ്ങി. റോസ് ഹൗസിൽ ഭക്ഷണം പോലും കിട്ടാതായതോടെ ഗൗരിയമ്മ സാനഡുവിലേക്ക് മടങ്ങി. റോസ് ഹൗസിനും സാനഡുവിനുമിടയിലെ കൊച്ചുഗേറ്റിൽ താഴുവീണു. ടി.വി.യെ ഗൗരിയമ്മ ഒരിക്കലും വെറുത്തിട്ടില്ല. സ്ത്രീ ഒരു പുരുഷനെ ആത്മാർഥമായി സ്നേഹിച്ചുകഴിഞ്ഞാൽ പിന്നീട് ആ പുരുഷന്റെ എത്ര തെറ്റുകുറ്റങ്ങൾ അറിഞ്ഞാലും അയാളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ തയ്യാറാവില്ലെന്നാണ്‌ ഗൗരിയമ്മ പിന്നീട്‌ പറഞ്ഞത്. 

content highlights: samjad narayanan remembers kr gouri amma