താങ്കൾ ഇപ്പോൾ സാങ്കേതിക വിദഗ്ധൻ മാത്രമല്ല, രാഷ്ട്രീയ നേതാവ് കൂടിയാണ്. ഈ തിരഞ്ഞെടുപ്പ് എത്രമാത്രം നിർണായകമാണ്

ഏതുതരത്തിലുള്ള രാജ്യമാണ് നിർമിക്കേണ്ടതെന്ന്  തീരുമാനമെടുക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങളാണ്.  ഒരു കാര്യം ഉറപ്പാണ്, ചരിത്രത്തിലെ ഏറ്റവും നിർണായകതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ ആത്മാവും ഇന്ത്യയെന്ന ആശയവും അപകടത്തിലാണ്. വൈവിധ്യം നിറഞ്ഞതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയായിരുന്നു പൂർവപിതാക്കൾ സ്വപ്നം കണ്ടത്. എന്നാൽ ആ ഇന്ത്യ അപകടത്തിലാണ്. രാജ്യം മുഴുവൻ ഒരുതരം ഭയം ബാധിച്ചിരിക്കുന്നു. അഭിപ്രായം പറയുന്നവരെ പാകിസ്താനി എന്ന് ആക്ഷേപിക്കുന്നു. എല്ലാ കാര്യങ്ങളും വളച്ചൊടിക്കപ്പെടുന്നു. 

മോദി സർക്കാർ അഴിമതിരഹിത സർക്കാരാണെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. കഴിഞ്ഞ യു.പി.എ. സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് ശരിയല്ലേ

ഈ അവകാശവാദം സത്യമല്ല. സർക്കാരിന്റെ പരിപാടികളുടെ പ്രചാരണത്തിനായി പരസ്യങ്ങൾക്ക് എത്ര കോടിയാണ് ഈ സർക്കാർ ചെലവിടുന്നത്. ഈ പണം എവിടെനിന്ന് വരുന്നു? തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്രയോ പണം ബി.ജെ.പി. ഒഴുക്കുന്നു? ഈ പണം അഴിമതിയുടെ ഭാഗമല്ലേ? 

പുൽവാമ സംഭവവും അതിർത്തിയിലെ സംഘർഷവും ബാലാകോട്ട് പ്രത്യാക്രമണവും തിരഞ്ഞെടുപ്പിന്റെ ദിശയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നുണ്ടോ

തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി, നോട്ടസാധുവാക്കൽ, ബിസിനസുകളുടെ തകർച്ച തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിൽ പ്രധാനവിഷയങ്ങളെന്നാണ് ഞാൻ കരുതുന്നത്. ശത്രുവെപ്പോഴും അതിർത്തിയിലുണ്ട് എന്ന തോന്നൽ സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്നതാണ്. അമേരിക്കയിൽ ട്രംപ് ചെയ്യുന്നതും ഇതുതന്നെയാണ്. നമ്മുടെ പ്രവർത്തനങ്ങളിലും പ്രകടനങ്ങളിലുമാണ് പ്രശ്നം എന്നതാണ് യാഥാർഥ്യം. അതിൽ വീഴ്ചകളുണ്ടെങ്കിൽ അത് മറയ്ക്കാൻ മറ്റ് കാരണങ്ങൾ കണ്ടെത്തരുത്. അഞ്ചുവർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ അവർ എന്തു ചെയ്തു? സാമ്പത്തികനില മെച്ചപ്പെടാൻ അവർ എന്ത് ചെയ്തു? അത് ജനങ്ങളോട് പറയൂ. 

ബാലാകോട്ട് സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കണമെന്ന താങ്കളുടെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി തന്നെ നേരിട്ടു വന്നു. രാഷ്ട്രീയപരമായാണ് അതിനെ നേരിട്ടത്എന്റെ പ്രസ്താവനയിൽ എന്ത് തെറ്റാണുള്ളത്? നിങ്ങൾ എന്റെ സംസാരത്തിന്റെ വീഡിയോ കണ്ടു നോക്കൂ. നിങ്ങൾക്ക് അതെങ്ങനെ വളച്ചൊടിക്കാൻ കഴിയും? ഞാൻ പറഞ്ഞതിനെ പ്രതിരോധിക്കാൻ രാജ്യത്തെ പ്രധാനമന്ത്രി എന്തിനാണ് നാലുവട്ടം ട്വീറ്റ് ചെയ്യുന്നത്? അത്രമാത്രം പരിഭ്രാന്തി എന്തിനാണ് ? ഞാൻ ഒരു സാധാരണപൗരൻ മാത്രമാണ്. 77 വയസ്സായി, എനിക്ക് ഇന്ത്യയെക്കുറിച്ചാണ് ഉത്കണ്ഠ. എനിക്ക് മഹത്തായ ജീവിതംതന്ന എന്റെ ഇന്ത്യയാണിത്. എനിക്ക് വിദ്യാഭ്യാസംതന്ന രാജ്യമാണിത്. എന്റെ അച്ഛന് അതിനുള്ള പണമുണ്ടായിരുന്നില്ല. നാലാം ക്ലാസ് വരെ മാത്രം പഠിച്ച എന്റെ അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. ഒഡിഷയിലെ ഒരു ആദിവാസി ഗ്രാമത്തിലാണ് ഞാൻ വളർന്നതും ജീവിച്ചതും. ഈ രാജ്യം പിന്തുണച്ചതുകൊണ്ടുമാത്രം ഞാൻ ഗുജറാത്തിൽ പോയി വിദ്യാഭ്യാസം നേടി. പഠിക്കാനായി വിദേശത്തുപോയി. അങ്ങനെയുള്ള രാജ്യത്തിന് എന്നാൽകഴിയുന്നത് ചെയ്യണം എന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണ് ഞാൻ. രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ആശങ്കയുണ്ട്‌.

അഞ്ച് വർഷത്തിനിടയിൽ ഭരണനേട്ടങ്ങളില്ലെന്ന് പറയുന്നത് ശരിയാണോ ? ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ വൻ പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയില്ലേ

പച്ചക്കള്ളം പറയരുത്. ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നത് ഞങ്ങളാണ്. ഡിജിറ്റൽ ഇന്ത്യ എന്താണ്? ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കലല്ലേ പ്രധാനം? ഇപ്പോഴുള്ളതെല്ലാം കഴിഞ്ഞ 30 വർഷമായി നടപ്പാക്കിയതാണ്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായതല്ല. ടെലികോം വളർച്ചയ്ക്കുവേണ്ടി എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഞങ്ങളാണ് ചെയ്തത്. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിൻബലത്തിൽ എൺപതുകളുടെ മധ്യത്തിലാണ് ടെലികോം രംഗത്തേക്ക് ഇന്ത്യ കടന്നത്. ഞങ്ങളാണ് വിത്തുപാകിയത്. അന്ന് ഇരുപത് ലക്ഷം ടെലിഫോണുകളുണ്ടായിരുന്നു. ഗ്രാമ-നഗര ഭേദമില്ലാതെ രാജ്യംമുഴുവൻ പബ്ലിക് ടെലിഫോൺ ബൂത്തുകൾ (പി.സി.ഒ) വന്നത് ഓർമയില്ലേ ? ഇന്ന് 200 കോടി ഫോണുകൾ രാജ്യത്തുണ്ട്. ഇതിന്റെ എല്ലാ നേട്ടവും ഞാൻ ഒറ്റയ്ക്ക് അവകാശപ്പെടുന്നില്ല. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും  എന്റെ സാങ്കേതികമായ വൈദഗ്ധ്യവും ചേർന്നപ്പോഴാണത്‌ രൂപംകൊണ്ടത്. രാജ്യത്തെ ആയിരക്കണക്കിന് യുവ എൻജിനീയർമാരുടെയും  വ്യവസായികളുടെയും ഭരണകർത്താക്കളുടെയും ആത്മാർപ്പണമാണത്. ഇന്ത്യയിൽ ബ്രോഡ്ബാൻഡിന് അടിസ്ഥാന സൗകര്യമൊരുക്കിയതും ഞങ്ങളാണ്. മൻമോഹൻ സർക്കാരിന്റെ ഭരണകാലത്ത് നാഷണൽ നോളജ് നെറ്റ് വർക്കിലൂടെ ഡിജിറ്റൽ പണമിടപാടുകൾക്കുള്ള സംവിധാനങ്ങൾ നടപ്പാക്കി. ഇതെല്ലാം മോദി സർക്കാർ തുടർന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർ അതിനെ നശിപ്പിച്ചില്ലല്ലോ ? എന്നാൽ തങ്ങളാണ് ഡിജിറ്റൽ ഇന്ത്യ നടപ്പാക്കിയതെന്ന് മോദി അവകാശപ്പെടരുത്.

 രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ട്. ഇന്ദിരയുടെ കാലത്താണ് അതിന് തുടക്കം. ആ ബന്ധമാണോ ടെലികോം പദ്ധതിയിലേക്ക് എത്തിച്ചത്

1980-കളിൽ ഇന്ദിരാഗാന്ധിക്കുമുന്നിൽ ഞാൻ ഒരു സാങ്കേതിക പദ്ധതി അവതരിപ്പിക്കാനെത്തി. ഇന്ദിരയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യമായി രാജീവ് ഗാന്ധിയെ കാണുന്നതും അവിടെ വെച്ചായിരുന്നു. ടെലികോമും ഐ.ടി.യും ചേർന്ന് ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുമെന്നായിരുന്നു എന്റെ സങ്കല്പം. അതേക്കുറിച്ച് ഇന്ദിരയുടെമുന്നിൽ ഒരു പേപ്പർ അവതരിപ്പിക്കാനാണ് ഞാനും സംഘവും എത്തിയത്. അത് ചെയ്യാൻകഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുപ്പക്കാരിൽ വിശ്വാസമുണ്ടായിരുന്ന ഇന്ദിര പിന്തുണ നൽകി. 400 ഐ.ഐ.ടി. ബിരുദധാരികളെ പദ്ധതിക്കായി നൽകി. എന്നാൽ ആ പ്രോജക്ടിന്റെ കടലാസുപണികൾ പൂർത്തിയാകാൻ നാല് വർഷമെടുത്തു. 1984 ഓഗസ്റ്റിൽ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പക്ഷേ, ഒക്ടോബറിൽ ഇന്ദിര മരിച്ചു. പിന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. ചെറുപ്പക്കാരനായ രാജീവ് അധികാരത്തിൽ എത്തിയതോടെ പദ്ധതിക്ക് ആക്കംകൂടി. പദ്ധതി ആരംഭിച്ചതോടെ രാജ്യം മുഴുവൻ എസ്.ടി.ഡി. ടെലിഫോൺബൂത്തുകൾ വ്യാപകമായതൊക്കെ പഴയ തലമുറയ്ക്ക് അറിയാം. എന്നിട്ടാണ് മോദി പറയുന്നത് കഴിഞ്ഞ 50 വർഷമായി രാജ്യത്ത് ഒരു വികസനവും നടന്നില്ലെന്ന് !

 രാജീവ് ഗാന്ധിക്കുശേഷം ഗാന്ധികുടുംബത്തിലെ ഏറ്റവും പുതിയ തലമുറയ്ക്കൊപ്പവും താങ്കൾ പ്രവർത്തിക്കുന്നു. രാജീവും രാഹുലും തമ്മിൽ താരതമ്യം സാധ്യമാണോ

രാജീവിന്റെയും രാഹുലിന്റെയും വ്യത്യസ്തമായ സമയവും വ്യത്യസ്തമായ രാഷ്ട്രീയ കാലാവസ്ഥയുമാണ്. സ്വകാര്യവത്‌കരണം, ഉദാരീകരണം, സ്വതന്ത്ര കമ്പോളം തുടങ്ങിയവയ്ക്കു നേരേ കനത്ത എതിർപ്പുള്ള കാലമായിരുന്നു രാജീവിന്റെ ഭരണകാലം. 1991-ൽ ഉദാരീകരണം ഏർപ്പെടുത്തിയ ശേഷം കാര്യങ്ങൾ മാറി. ഭരണത്തിലിരിക്കുമ്പോൾ രാജീവിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ രാഹുൽ പോരാടുകയാണ്. വലിയ ഭരണയന്ത്രത്തോടാണ് പോരാട്ടം. രാഹുലിന്റെ ജോലി കഠിനമാണ്. അതിനാൽ രാഹുലിന് വളരെയധികം ഉൾക്കരുത്ത് വേണം. രാജീവ് ഒരു ദുരന്തത്തിലൂടെയാണ് കടന്നുവന്നത്. രാഹുൽ വ്യത്യസ്തമായ ഒരു അവസ്ഥയിലൂടെയാണ് വരുന്നത്. രണ്ടും വളരെ വ്യത്യസ്തം. 

പ്രധാനമന്ത്രിയാകാൻ രാഹുൽ യോഗ്യനാണോ

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങൾ ഒരു മികച്ച മനുഷ്യനാണോ എന്നതാണ്. രാജ്യത്തെ ദരിദ്രരെയും സാധാരണക്കാരെയും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഭരണത്തിന്റെ സങ്കീർണത മുഴുവൻ മനസ്സിലാകത്തക്കവിധം നിങ്ങൾ കാര്യങ്ങൾ പഠിച്ചിട്ടുണ്ടോ? നിങ്ങൾക്ക് വിശ്വാസമുള്ള ഒരു ടീമിനെ സംഘടിപ്പിക്കാൻ കഴിയുന്നുണ്ടോ? ജനാധിപത്യത്തിൽ അടിയുറച്ച ഒരു നേതാവായി നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുമോ? ഇതൊക്കെയാണ് ഒരു പ്രധാനമന്ത്രിയെ പരിഗണിക്കുമ്പോൾ പ്രധാനം. ഒരു ചർച്ചയിലോ സംവാദത്തിലോ നിങ്ങൾ വിജയിക്കുന്നുണ്ടോ എന്നതല്ല ചോദ്യം. നുണ പറയാൻ നിങ്ങൾക്ക് ശേഷിയുണ്ടോ എന്നതല്ല വിഷയം. അലറിവിളിച്ച് ആരെയെങ്കിലും ആക്രമിക്കാൻ താത്‌പര്യമുണ്ടോ എന്നതല്ല പ്രശ്നം. നിങ്ങൾ ജനങ്ങളെ സ്നേഹിക്കണം. ആരെങ്കിലും കരയുമ്പോൾ നിങ്ങളുടെ ഉള്ളിലും കരച്ചിൽ വരണം. ആരെങ്കിലും വേദനിച്ചാൽ നിങ്ങൾക്കും വേദനിക്കണം. ജനസമൂഹത്തിന്റെ മുകൾത്തട്ടിലേക്കല്ല, താഴോട്ട് നോക്കുന്നവനായിരിക്കണം മികച്ച നേതാവ്. അതിനുള്ള ശേഷി രാഹുലിനുണ്ട്. രാഹുൽ ഗാന്ധിക്ക് നേരെ അവർ ഉയർത്തുന്ന ആക്രമണങ്ങൾ നോക്കൂ. രാഹുൽ ഗാന്ധി അളക്കാനാവാത്തത്ര ആന്തരികകരുത്തുള്ള വ്യക്തിയാണ്. ഈ ആക്രമണങ്ങളിൽനിന്നെല്ലാം രാഹുൽ ഉയർന്നുവരും എന്ന് എനിക്കുറപ്പുണ്ട്.

പക്ഷേ, മോദിയുടെ പ്രഭാഷണചാതുര്യം ഒരു പ്രധാനമന്ത്രിക്ക് അനിവാര്യമല്ലേ

പ്രധാനമന്ത്രി സമർഥനായ പ്രഭാഷകനാകണമെന്ന് നിർബന്ധമില്ല. പ്രഥമമായി പ്രധാനമന്ത്രി സത്യസന്ധനായ, ആത്മാർഥതയുള്ള, മനുഷ്യനായിരിക്കണം. അദ്ദേഹത്തിന്റെ മനസ്സ് ശരിയായിരിക്കണം. ജനങ്ങളെ കേൾക്കുന്ന ആളായിരിക്കണം. തന്റെ കൈയിൽ എല്ലാ ഉത്തരങ്ങളും ഉണ്ടെന്ന് ചിന്തിക്കാത്ത ഒരാളായിരിക്കണം. സ്വന്തം പിഴവുകൾക്ക് മറ്റുള്ളവരെ പഴിക്കാത്ത ഒരാളായിരിക്കണം. സംസാര സ്വാതന്ത്ര്യം നൽകുന്ന വ്യക്തിയായിരിക്കണം. എപ്പോഴെങ്കിലും ആരെങ്കിലും സംസാരിക്കാൻ ശ്രമിക്കുമ്പോൾ  ആക്ഷേപങ്ങൾ കൊണ്ട് മൂടും. ഉടൻ ചർച്ച തുടങ്ങും, ദേശദ്രോഹിയാണോ അല്ലയോ എന്ന്. അതിനാൽ ഭൂരിപക്ഷം പേരും ഒന്നും സംസാരിക്കില്ല. കാരണം, സംസാരിച്ചാൽ അവർ ഉടൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അയച്ച് നിങ്ങളുടെ വീട് റെയ്‌ഡ് ചെയ്യിക്കും. ഇത്തരം കാര്യങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒന്നിലും ഒരു ശേഷിയുമില്ലാത്ത ചുരുക്കംചില  ആളുകൾചേർന്ന് മുഴുവൻ രാജ്യത്തെയും തട്ടിയെടുത്തിരിക്കുന്നു. മോദി കരുത്തനാണെന്ന് ചിലർ പറയുന്നു. എല്ലാവരെയും എപ്പോഴും കുറ്റപ്പെടുത്തുന്ന ഒരാളെയാണോ കരുത്തൻ എന്ന് കരുതേണ്ടത് ?

രാഹുൽ ഗാന്ധി വയനാട് മണ്ഡലം തിരഞ്ഞെടുത്തതിനെതിരേ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷങ്ങൾക്ക് മേധാവിത്വമുള്ള മണ്ഡലം തിരഞ്ഞെടുത്തതാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. എന്ത് പറയുന്നു

ഇതൊക്കെ വ്യാജപ്രചാരണങ്ങളാണ്. എവിടെ മത്സരിക്കണം എന്ന തീരുമാനം രാഹുലിന്റെ അവകാശമാണ്. അതേക്കുറിച്ച് മറ്റുള്ളവർ ആശങ്കപ്പെടുന്നത് എന്തിനാണ് ? ദക്ഷിണേന്ത്യക്കും അധികാരഘടനയിൽ അർഹമായ സ്ഥാനം ലഭിക്കണമെന്ന് തോന്നിയപ്പോഴാണ് രാഹുൽ, ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ തീരുമാനിച്ചത്. 

പ്രിയങ്കയുടെ വരവ് കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്ത് മാറ്റമാണുണ്ടാക്കുക

തീർച്ചയായും കോൺഗ്രസിന് ഗുണം ചെയ്യും. എന്നാൽ എത്രമാത്രം എന്നതാണ് ചോദ്യം. പ്രിയങ്ക രാഹുലിന് വലിയ പിന്തുണയായിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ അവരിരുവരും ഒരുമിച്ചാണ് വളർന്നത്. പരസ്പരം താങ്ങായി നിന്നുകൊണ്ട്. അത്തരമൊരു അനുകൂലാന്തരീക്ഷം പ്രിയങ്ക രാഹുലിന് നൽകും. എളിമയും ലാളിത്യവും ഇന്ത്യയെക്കുറിച്ച് വികാരവുമുള്ള വ്യക്തിയാണ് പ്രിയങ്ക. അത്തരമൊരാൾ തന്റെ സമീപത്തുണ്ടായിരിക്കുന്നത് രാഹുലിന് എപ്പോഴും നല്ലതാണ്.

പ്രതിപക്ഷ ഐക്യം എങ്ങും കാര്യമായി കാണാനില്ലല്ലോ

എല്ലാ പാർട്ടികൾക്കും അവരവരുടേതായ പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്. അത് ജനാധിപത്യഘടനയിൽ സ്വാഭാവികമാണ്. ഏകാധിപത്യസംവിധാനമല്ല ഈ കൂട്ടായ്മക്കുള്ളത്. എന്നാൽ യുക്തമായ സമയത്ത് എല്ലാവരും ഒരുമിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അനിവാര്യമായ ഘട്ടത്തിൽ എല്ലാവരും യോജിപ്പിലെത്തും.

ഈ പ്രതിപക്ഷ കൂട്ടായ്മയിൽ ഇടതുപാർട്ടികളുടെ പങ്കാളിത്തം എന്തായിരിക്കും? താങ്കൾ ഉൾപ്പടെയുള്ളവർ പ്രോത്സാഹിപ്പിക്കുന്ന ഉദാരീകരണം, സ്വകാര്യവത്‌കരണം തുടങ്ങിയ  നയങ്ങളെ എക്കാലത്തും ഇടതുപാർട്ടികൾ എതിർത്തിരുന്നു

ഇടതുപാർട്ടികൾക്ക് എക്കാലത്തും ജനങ്ങളോട് ആഭിമുഖ്യമുണ്ട്. പലരും അവഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നത്, ലോകവ്യാപകമായി ശ്രദ്ധിച്ചാൽ അവിടങ്ങളിലെ ഇടതുപക്ഷമാണ്. പണ്ട് ഞാൻ സോവിയറ്റ് യൂണിയനിൽ പോയിരുന്ന കാലത്ത് ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ട്. 30-40 വർഷം മുമ്പുതന്നെ അവിടെ സമ്പൂർണ സാക്ഷരതയുണ്ട്. അവരുടെ നല്ല വശങ്ങൾ കാണൂ. അവർക്ക് ജനങ്ങളോട് അനുഭാവമുണ്ട്. അവരിൽനിന്ന് പലകാര്യങ്ങളും ഞാൻ പഠിച്ചിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അവരുടെ നിലപാടുകളോട് വിയോജിപ്പുകളുമുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുവരവിനോട് ഒരുകാലത്ത് അവർ വിമുഖത കാട്ടിയിരുന്നു. എന്നാൽ അവർ അത് മാറ്റി. ഇടതുപാർട്ടികൾ കാലങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെടേണ്ടതുണ്ട്. അത് തീർത്തും അവരുടെ വിഷയമാണ്. അവരിൽ നിന്ന് നല്ല കാര്യങ്ങൾ എടുക്കണം. അവരോട് ചേർന്ന് പ്രവർത്തിക്കണം. എവിടെയാണോ യോജിക്കാൻ കഴിയുന്നത് അവിടെ യോജിക്കാൻ കഴിയും. ജനാധിപത്യത്തിൽ എല്ലാവർക്കും അവരവരുടേതായ സ്ഥാനമുണ്ട്.

അദ്വാനിയുടെ വെളിപ്പെടുത്തൽ സമയോചിതം

 ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണദ്ദേഹം. രണ്ട് കാര്യങ്ങളാണദ്ദേഹം ബ്ലോഗിൽ കുറിച്ചത്. അവ സമയോചിതവും കാലികപ്രസക്തവുമാണ്. ബി.ജെ.പി. തങ്ങളുടെ എതിരാളികളെ ശത്രുക്കളായോ ദേശവിരുദ്ധരായോ മുൻപൊരിക്കലും കണ്ടിരുന്നില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.