വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ മലയാളിയായ ശ്രീജേഷിന് ഇനിയും പാരിതോഷികം പ്രഖ്യാപിക്കാത്തതിന് പ്രതിപക്ഷം സർക്കാരിനെ പഴിച്ചു. ഭരണപക്ഷം മെഡൽ ജേതാക്കളെ അഭിനന്ദിച്ചു. എം. മുകേഷ് വ്യത്യസ്തനായി. സ്വന്തമായി ഒരു ഒളിമ്പ്യനെ താൻ രാജ്യത്തിന് സമ്മാനിച്ച കഥയങ്ങ് പറഞ്ഞു. അധികമാരും കേൾക്കാത്ത കഥ.

പണ്ട് ഒരു അവിട്ടം നാളിൽ  കൊല്ലത്തെ പട്ടത്താനം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിൽ കായികമത്സരം. ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ അതുവഴിവന്നു. തനിക്കും മത്സരിക്കാൻ പറ്റുമോ എന്ന് മുകേഷിനോട് ചോദിച്ചു. ‘പിന്നെന്താ, നിന്റെ കാലിന് നല്ല നീളമുണ്ടല്ലോ, ചാട്ടത്തിന് ചേർന്നോ’ എന്ന് മുകേഷ് പ്രോത്സാഹിപ്പിച്ചു. ഏതുചാട്ടം വേണം?  ലോങ്, ഹൈ, ട്രിപ്പിൾ... ‘ലോങ് ആയിക്കോട്ടെ. അതാവുമ്പോൾ പരിശീലനം വേണ്ടാ’ എന്ന മുകേഷിന്റെ ഉപദേശം ശിരസ്സാവഹിച്ച് ആ ചെറുപ്പക്കാരൻ ഒറ്റച്ചാട്ടം. പിറ്റിനും വളരെ ദൂരത്തേക്ക്‌. പട്ടത്താനം ക്ലബ്ബിന്റെ ചരിത്രത്തിലാരും അങ്ങനെ ചാടിയിട്ടില്ല. അന്ന് ഒന്നാമതെത്തിയ  അദ്ദേഹം പിന്നീട് ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും ഒന്നാമതായി. ഒളിമ്പിക്സിലും പങ്കെടുത്തു. ആ മനുഷ്യൻ മറ്റാരുമല്ല. ഒളിമ്പ്യൻ സുരേഷ് ബാബു. അന്ന് അതുവഴി വന്നില്ലായിരുന്നെങ്കിൽ, മുകേഷിനെ കണ്ടില്ലായിരുന്നെങ്കിൽ ഒളിമ്പ്യൻ സുരേഷ് ബാബു ഉണ്ടാകുമായിരുന്നോ?  അതോർത്ത് മുകേഷ് അഭിമാനപുളകിതനായി.

‘‘ലോക്ഡൗണിൽപ്പെട്ട കലാകാരൻമാരുടെ മുഖത്തെ ദൈന്യം പുറത്തുകാണാത്തത് അവർ മാസ്ക് വെച്ചിരിക്കുന്നതുകൊണ്ടാണ്. എല്ലാ മാസ്കിനുംപിന്നിൽ ഒരു മുഖമുണ്ട് സാർ...’’ -മുകേഷിന്റെ തത്ത്വചിന്ത ഉണർന്നു. എന്നാൽ, സഭയിൽ അതിനൊരു അപവാദമുണ്ടായിരുന്നു. എ.എൻ. ഷംസീറിന്റെ മാസ്കില്ലാത്ത മുഖം. കഴിഞ്ഞദിവസം സ്പീക്കർ മുന്നറിയിപ്പുനൽകിയിട്ടും ഷംസീറിന് മാസ്കിനോടുള്ള അലർജി വല്ലപ്പോഴുമേ മാറിനിൽക്കൂ.

ആറുവകുപ്പുകളുടെ ധനാഭ്യർഥനകളാണ് സഭ ചർച്ചചെയ്തത്. വിദ്യാഭ്യാസം, കല, സംസ്കാരം, പട്ടികജാതി-വർഗ ക്ഷേമം തുടങ്ങി സാമൂഹികക്ഷേമംവരെ. ഐ.സി. ബാലകൃഷ്ണൻ സംസാരിക്കവേ,  ശ്രീജേഷിന് ഇനിയും കേരളം പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചത് ഷാഫി പറമ്പിലാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതേറ്റുപിടിച്ചു. ശ്രീജേഷിന് ഹോക്കിയിലാണ് അഭിരുചിയെന്ന് കണ്ടുപിടിച്ചത് അധ്യാപകനാണ്. അത്തരത്തിൽ കേരളത്തിലെ എല്ലാ  കുട്ടികളുടെയും അഭിരുചി കണ്ടെത്താൻ പദ്ധതിവേണമെന്ന് പ്രമോദ് നാരായണൻ നിർദേശിച്ചു.  

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ രണ്ടരയിഞ്ച് സ്ക്രീനിലേക്ക്‌ കുട്ടികളുടെ മനസ്സും ചിന്തയും പരിമിതപ്പെടുത്തുന്നതിനോട് കെ.ബി. ഗണേഷ്‌കുമാറിന്  യോജിപ്പില്ല. ‘‘എത്രയുംവേഗം സ്കൂൾ തുറക്കണം. പുസ്തകങ്ങൾക്കുപകരം ടാബ് വേണം. വ്യാപനം കൂടുന്നില്ലെങ്കിൽ തിയേറ്ററുകൾ തുറക്കണം. പിന്നെ, ആനയ്ക്ക് ഹൈടെക് ആശുപത്രിയും വേണം’’ -നടനും ആനയുടമയുമായ ഗണേഷിന്റെ പട്ടിക നീണ്ടു.
പോലീസ് അതിക്രമങ്ങൾ സഭയിലെത്തിയാൽ പോലീസിന്റെ കുറിപ്പാണ് മുഖ്യമന്ത്രി വായിക്കുക. അട്ടപ്പാടി ആദിവാസി ഊരിൽ അതിരാവിലെ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് എൻ. ഷംസുദ്ദീൻ അടിയന്തരപ്രമേയം അവതരിപ്പിച്ചപ്പോൾ പതിവിനപ്പുറം തന്റെ പോലീസിനോട് തനിക്കുള്ള അദമ്യമായ പ്രണയം വിളിച്ചോതുന്ന ദീർഘഭാഷണംതന്നെ അദ്ദേഹം നടത്തി. കോവിഡ് കാലത്ത് പോലീസ് നടത്തിയ ത്യാഗപൂർണമായ പ്രവർത്തനവും ഓർമിപ്പിച്ചു. അത് തുടരുകയാണത്രേ പോലീസ്. 
അട്ടപ്പാടിയിലെ മേൽപ്പറഞ്ഞ പ്രവർത്തനം നന്നേ പുലർച്ചെ വേണമായിരുന്നോ എന്നകാര്യത്തിലേ മുഖ്യമന്ത്രിക്ക് നേരിയ സംശയമുള്ളൂ.
 മരംമുറി ബ്രദേഴ്‌സ്. കരുവന്നൂർ  സഖാക്കൾ, പുന്നാരമോൻ ആയങ്കി എന്നിവരെ പിടിക്കാൻ പോലീസ് ഈ ആർജവമൊന്നും കാട്ടിയില്ലല്ലോയെന്ന് ഷംസുദ്ദീൻ ചോദിച്ചു.  റൈറ്റ് സഹോദരങ്ങളെപ്പോലെ കേരളത്തിന് അവകാശപ്പെടാവുന്ന പ്രതിഭകളാണ് മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ സഹോദരങ്ങൾ അഥവാ മരംമുറി ബ്രദേഴ്‌സ് എന്നായിരുന്നു ഷംസുദ്ദീന്റെ പരിഹാസം. അടിയന്തരപ്രമേയം പട്ടികജാതി-വർഗ വകുപ്പിന്റെ ചർച്ചയിലും അലയടിച്ചു. യു.ഡി.എഫ്. ഭരണത്തിൽ നടന്ന മുത്തങ്ങയിലെ ആദിവാസിവേട്ട ഓർമിപ്പിച്ച് ഒ.ആർ. കേളുവും കെ. ശാന്തകുമാരിയുമൊക്കെ  പ്രതിപക്ഷത്തെ നേരിട്ടു.