russia electionപ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസമായ ഞായറാഴ്ച റഷ്യ ഉത്സവാഘോഷത്തിലായിരിക്കും എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം, പോളിങ് ബൂത്തിലേക്ക് വോട്ടർമാരെ എത്തിക്കാൻ നാടെങ്ങും ഏതെങ്കിലുംതരം ആഘോഷം നടത്തണമെന്നാണ് വ്ളാദിമിർ പുതിൻ സർക്കാരിന്റെ നിർദേശം. വിജയമുറപ്പിച്ചിരിക്കുന്ന പുതിന് തന്റെ തിരഞ്ഞെടുപ്പിന്റെ ജനസമ്മതി ലോകത്തെ ബോധ്യപ്പെടുത്താൻ 70 ശതമാനമെങ്കിലും വോട്ടുകിട്ടണമെന്നാണ് ആഗ്രഹം. അതിനാണ് പാട്ടുകച്ചേരികളും പ്രദർശനങ്ങളുമെല്ലാം നടത്തി തിരഞ്ഞെടുപ്പിനെ ഉത്സവമാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇവ കാണാനിറങ്ങുന്നവർ വോട്ടുചെയ്തേ മടങ്ങൂ എന്നാണ് പുതിന്റെ പ്രതീക്ഷ.

ഏഴുപേർ മത്സരരംഗത്തുണ്ടെങ്കിലും അവരൊന്നും പുതിന് വെല്ലുവിളിയല്ല. അദ്ദേഹത്തിന്റെ യഥാർഥ വെല്ലുവിളി സ്ഥാനാർഥിയല്ലാത്തയാളാണ്; അലക്സി നവാൽനി. പുതിന്റെ വിമർശകനായ അദ്ദേഹവും സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. നവാൽനിയുടെ സർക്കാർവിരുദ്ധമാർച്ചുകൾക്ക് ലഭിച്ചിരുന്ന വൻപിന്തുണ ഈ ബഹിഷ്കരണാഹ്വാനം സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക പുതിൻപക്ഷത്തിനുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഏതുവഴിക്കും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ അവർ ശ്രമിക്കുന്നത്.
 
നാലാമതും റഷ്യയുടെ പ്രസിഡന്റാവാനാണ് പുതിന്റെ മത്സരം. ആദ്യഘട്ടത്തിൽ 70 സ്ഥാനാർഥികൾ മത്സരിക്കാനൊരുങ്ങിയെത്തിയിരുന്നു. എന്നാൽ, സ്ഥാനാർഥിത്വ രജിസ്‌ട്രേഷൻ എന്ന കടമ്പ കടക്കാനായത് ഏഴുപേർക്കു മാത്രമാണത്. രജിസ്‌ട്രേഷന്റെ ആദ്യഘട്ടമായി സ്ഥാനാർഥികൾ അവരുടെ വിദേശബാങ്ക് അക്കൗണ്ടുകൾ വേണ്ടെന്നു വെക്കണം. വരുമാനത്തിന്റെയും സ്വത്തിന്റെയും വിശദവിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നല്കണം. പിന്തുണ തെളിയിക്കുന്ന ഒപ്പുകൾ 35 ദിവസത്തിനകം നല്കണം. പാർലമെന്റിൽ അംഗമല്ലാത്ത പാർട്ടിയുടെ പ്രതിനിധിയായാണ് മത്സരിക്കുന്നതെങ്കിൽ ഒരുലക്ഷം ഒപ്പുകളും സ്വതന്ത്രസ്ഥാനാർഥിയാകണമെങ്കിൽ മൂന്നുലക്ഷം ഒപ്പുകളുമാണ് വേണ്ടത്. അഞ്ചുശതമാനം ഒപ്പുകൾ വ്യാജമെന്ന് കണ്ടെത്തിയാൽ സ്ഥാനാർഥി അയോഗ്യനാവും. പാർലമെന്റിൽ അംഗത്വമുള്ള പാർട്ടികളുടെ പ്രതിനിധികൾക്ക് ഒപ്പിന്റെ ആവശ്യമില്ല.
 
പുതിൻ സ്വതന്ത്രൻ
2001-ൽ യുണൈറ്റഡ് റഷ്യ പാർട്ടി രൂപവത്കൃതമായപ്പോൾ മുതൽ അതിനൊപ്പമാണ് പുതിൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യുണൈറ്റഡ് റഷ്യയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ നടത്തിയ വർഷാവസാന പത്രസമ്മേളനത്തിലാണ് വരുന്ന തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യയുടെ സ്ഥാനാർഥിയായല്ല, സ്വതന്ത്രനായാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പുതിനും പാർട്ടിയും വഴിപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഇതിടയാക്കി.
 
പാർട്ടിയെക്കാൾ വലിയ വ്യക്തിത്വമായി വളർന്നുകഴിഞ്ഞതിനാലാണ് അദ്ദേഹം സ്വതന്ത്രനായി ജനവിധി തേടുന്നതെന്നാണ് റഷ്യാനിരീക്ഷകരുടെ വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിക്കുകയാണെന്ന് ഡിസംബർ 17-ന് പുതിൻ പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന്റെ പൊതുജനസമ്മതി 81 ശതമാനമായിരുന്നു. യുണൈറ്റഡ് റഷ്യ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പാർലമെന്റിന്റെ ജനപ്രീതി 41 ശതമാനം മാത്രവും. ലെവാദ എന്ന സ്വതന്ത്രസ്ഥാപനം നടത്തിയ സർവേയിലെ വിവരമാണിത്. അടുത്തിടെ നടത്തിയ സർവേയിലും സ്ഥിതി വ്യത്യസ്തമല്ല. പാർട്ടിയെക്കാൾ മുമ്പിൽ പുതിൻ തന്നെയാണ്. മാത്രമല്ല, 69 ശതമാനം വോട്ടർമാരും പുതിൻ വീണ്ടും അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
 
പുതിൻ കഴിഞ്ഞാൽ സ്വീകാര്യതയുള്ളത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന പാവെൽ ഗ്രുദിനാണ്. അതാകട്ടെ ഏഴുശതമാനം മാത്രം. ഒരുശതമാനത്തിനുമേൽ വോട്ടുകിട്ടാൻ സാധ്യതയുള്ളത് രണ്ടുസ്ഥാനാർഥികൾക്കുകൂടി മാത്രമാണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വ്ലാദിമിർ ഷിരിനോവ്‌സ്കിയും സിവിൽ ഇനിഷ്യേറ്റീവ്‌സ് പാർട്ടിയുടെ സെനിയ സോബ്ചാക്കും. 
 
അമിതപ്രതീക്ഷയില്ല
1991-ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം നടക്കുന്ന ഏഴാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. സോവിയറ്റ് അനന്തര സാമ്പത്തികരാഷ്ട്രീയ അരക്ഷിതാവസ്ഥയിൽനിന്ന് റഷ്യയെ കരകയറ്റുന്നതിൽ മുന്നിലുണ്ടായിരുന്നു പുതിൻ. ഈ വസ്തുതയുടെ പിൻബലമുണ്ട് പുതിന്റെ ജനപ്രീതിക്ക്‌. പുറംലോകത്തിന് സ്വേച്ഛാധിപതിയാവുമ്പോഴും രാജ്യത്തിനുള്ളിൽത്തന്നെ എതിർസ്വരം ഉയരുമ്പോഴും അവയെ ഇരുചെവിയറിയാതെ നിശ്ശബ്ദമാക്കുമ്പോഴും പുതിന്റെ പിന്തുണ കുറയാതെ നിൽക്കുന്നതിനു കാരണവും ഇതാണ്.
 
2000-2008-ൽ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് റഷ്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വേഗത്തിലായത്. രാജ്യത്തെ ദരിദ്രരുടെ എണ്ണം പാതിയായി കുറഞ്ഞു. പിന്നെയുണ്ടായ ആഗോളസാമ്പത്തിക പ്രതിസന്ധിയും പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും റഷ്യയെ കഷ്ടപ്പെടുത്തിയപ്പോൾ ദേശസ്നേഹത്തിലൂന്നിയ പ്രതിജ്ഞാബദ്ധതയാണ് പുതിൻ ജനത്തിനിടയിൽ വളർത്തിയെടുത്തത്. യുക്രൈനുമായി ഇപ്പോഴും തുടരുന്ന സംഘർഷവും ക്രിമിയയെ ബലമായി പിടിച്ചെടുത്തതുമെല്ലാം ഇതിന് ആയുധമാക്കി. റഷ്യ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തെ സുരക്ഷിതമാക്കാൻ കരുത്തുള്ളവൻ താനാണെന്നുമുള്ള വിശ്വാസമാണ് അദ്ദേഹം നേടിയെടുത്തത്.
 
ബ്രിട്ടനുവേണ്ടി ചാരപ്പണി ചെയ്തിരുന്ന പഴയ റഷ്യൻ ചാരൻ സെർജി സ്‌ക്രിപലിനും മകൾ യൂലിയയ്ക്കും നേരെയുണ്ടായ ചാവേറാക്രണമാണ് തിരഞ്ഞെടുപ്പിനെ അല്പമെങ്കിലും ചൂടുപിടിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന വിശ്വാസത്തിൽ ആ രാജ്യത്തിന്റെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി. യു.എസും ജർമനിയും ഫ്രാൻസും ബ്രിട്ടനെ പിന്തുണച്ചു. ബ്രിട്ടന്റെ നടപടി നവാൽനി സ്വാഗതം ചെയ്തു. ഇത് തിരഞ്ഞെടുപ്പ് വിഷയമായി അവതരിപ്പിക്കുന്നുണ്ട് നവാൽനിയും കൂട്ടരും. 23 ബ്രിട്ടീഷ് നയതന്ത്ര‌‍‍ജ്ഞരെ തിരഞ്ഞെടുപ്പ് തലേന്നു പുറത്താക്കി കരുത്തുകാട്ടി പുതിൻ.
ജയമുറപ്പാക്കിയ പുതിന് പ്രസിഡന്റ് പദത്തിൽ ആറുവർഷം പൂർത്തിയാക്കിയാൽ 24 വർഷം തുടർച്ചയായി അധികാരത്തിലിരുന്നയാളാവും. 2004 മുതൽ 2008 വരെയുള്ള പ്രധാനമന്ത്രിസ്ഥാനവും ചേർത്താണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെപ്പോലെ ആജീവനാന്തം അധികാരത്തിലിരിക്കാൻ ഭരണഘടന ഭേദഗതി ചെയ്യില്ലെന്നാണ് പുതിന്റെ വാക്ക്.