റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയെ കലാപഭൂമിയാക്കിയവരുടെ ലക്ഷ്യം എന്തായിരുന്നു? ഒരു  സുപ്രധാന ദിനത്തിൽ സ്വന്തം മാതൃഭൂമിയെ ആക്ഷേപിക്കൽ മാത്രമോ? രാജ്യത്ത് ഒരു വലിയ കലാപമുണ്ടാക്കലോ? രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കലോ? അതിനപ്പുറം 1984-ലെ ഞെട്ടിപ്പിക്കുന്ന  സിഖ് കലാപത്തിന് സമാനമായ മറ്റൊരു രക്തച്ചൊരിച്ചിൽ സൃഷ്ടിക്കലോ?  കർഷകസമരത്തിന്റെ പേരിൽ നടന്ന കലാപത്തെ രാജ്യം എത്ര ഗൗരവത്തോടെയാണ് കാണേണ്ടത് എന്നതാണ് ഈ സംശയങ്ങൾ സൂചിപ്പിക്കുന്നത്.

തീർച്ചയായും പ്രശ്നത്തിന്റെ  ഓരോ അംശവും നമ്മുടെ അന്വേഷണ ഏജൻസികൾ തിരയുകതന്നെ ചെയ്യും. ഇതിനകംതന്നെ ഒട്ടേറെ എഫ്.ഐ. ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഒന്നുകൂടി; ഈ കലാപത്തിന് പിന്നിലുള്ളത് ഈ കണ്ട കുറെ കർഷകനേതാക്കളും അവരുടെ കൂട്ടാളികളും മാത്രമല്ല; അതിനപ്പുറം ചില നീക്കങ്ങൾ, ചിന്തകൾ അതിന് പിന്നിലുണ്ടായിട്ടുണ്ട്. ആ ശക്തികളിലേക്കുകൂടി അന്വേഷണം പോകേണ്ടതുണ്ട്. ഇനി കർഷകന്റെയോ മറ്റെന്തിന്റെയും പേരിലോ ഇത്തരം ഭീകര, ദേശവിരുദ്ധ  നടപടികൾ നമ്മുടെ നാട്ടിൽ ഒരിടത്തും ഉണ്ടായിക്കൂടാ. ഇവിടെ ഒന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്; ആ കലാപം അരങ്ങുതകർക്കുമ്പോൾ, കല്ലും ട്രാക്ടറും മാരകായുധങ്ങളും തങ്ങൾക്കെതിരേ ചൊരിയുമ്പോഴും സംയമനം പാലിച്ച ഡൽഹിയിലെ പോലീസ് സേനയെ എങ്ങനെയാണ് അഭിനന്ദിക്കുക. അവരാണ് യഥാർഥത്തിൽ രാജ്യത്തെ രക്ഷിച്ചത്, സ്വന്തം ജീവൻ എറിഞ്ഞുകൊടുത്തുകൊണ്ടുതന്നെ.

ആസൂത്രണം ചെയ്തു?

ഡൽഹി അക്രമം നേരത്തേ ആസൂത്രണം ചെയ്തതാണ് എന്നതിപ്പോൾ ഏറക്കുറെ വ്യക്തമായിട്ടുണ്ടല്ലോ. അതിന്റെ നേതാക്കൾ വാർത്താ ചാനലുകളോടും മറ്റും പറഞ്ഞതൊക്കെ ഇപ്പോൾ  പൊതുമണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്. കൊടികൾക്കൊപ്പം വടികളും കമ്പിപ്പാരകളും മറ്റും കൊണ്ടുവരാൻ ആഹ്വാനം ചെയ്ത നേതാവുണ്ട്. റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോൾത്തന്നെ ട്രാക്ടർ പരേഡ് നടക്കുമെന്നും രണ്ടും ഇന്ത്യ ഗേറ്റിൽ ഒന്നിച്ചു ചേരുമെന്നുമുള്ള പ്രഖ്യാപനങ്ങളും നാം രാകേഷ് ടിക്കായത്തിനെപ്പോലുള്ളവരിൽ  നിന്ന് കേട്ടിരുന്നു. ട്രാക്ടർ ഡൽഹിയിലെത്തുന്നത് തടഞ്ഞാൽ കർഷകർ ബാരിക്കേഡുകൾ തകർക്കും; വേണമെങ്കിൽ പോലീസ് വെടിവെക്കട്ടെ എന്നൊക്കെ വിളിച്ചുകൂവിയത്  മറ്റൊരു കിസാൻ നേതാവായ ഗുർണാം സിങ് ചാരുണിയാണ്.

 യോഗേന്ദ്ര യാദവ് കർഷകനേതാവായി നിറഞ്ഞാടുന്നതും നാം ഇതിനിടെ കണ്ടുവല്ലോ. ആറ് കേന്ദ്രങ്ങളിൽനിന്ന് ട്രാക്ടർ റാലികൾ തുടങ്ങുമെന്നും റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോൾത്തന്നെ ട്രാക്ടർ പരേഡും നടക്കുമെന്നും പ്രഖ്യാപിച്ചത് അദ്ദേഹമാണ്. അതായത് പോലീസുമായി സംസാരിച്ചുണ്ടാക്കിയ ധാരണകൾ കാറ്റിൽ പറത്തിക്കൊണ്ട് എന്തുംചെയ്യാമെന്ന നിർദേശം അവർ പരസ്യമായി നൽകി. മാത്രമല്ല ഇതൊക്കെ ഒന്നിച്ചുപരിശോധിച്ചാൽ അവർ ലക്ഷ്യമിട്ടത് റിപ്പബ്ലിക് പരേഡ് അലങ്കോലമാക്കുക എന്നതുതന്നെയാണ്. അതിന് നമ്മുടെ പ്രതിപക്ഷ കക്ഷിനേതാക്കളും ഒത്താശ ചെയ്തുവോ എന്നതാണ് ആശങ്കയുണർത്തുന്ന സംശയം.

ഉത്തരവാദിത്വം ആർക്കൊക്കെ

വിവരമില്ലാത്തവരല്ല  ഈ പ്രഖ്യാപനങ്ങളൊക്കെ നടത്തിയത്   എന്നത് പ്രധാനമാണ്.  പ്രതിഷേധം മാത്രമല്ല ലക്ഷ്യമിട്ടത്, അതിനപ്പുറം എന്തൊക്കെയോ, അതാണ് സൂചിപ്പിച്ചത്, ഡൽഹിയെ കലാപ ഭൂമിയാക്കുക എന്നത് അതിലൊന്ന് മാത്രമാണ്. അതോടെ പോലീസിന് ശക്തമായി പ്രതികരിക്കേണ്ടിവരും. റിപ്പബ്ലിക്ദിനത്തിൽ ഇന്ത്യയുടെ തലസ്ഥാനനഗരിയെ ചോരയിൽ കുളിപ്പിച്ചുകിടത്താമെന്ന് അവർ ചിന്തിച്ചുവെന്നും കരുതാൻ നാം
നിർബന്ധിതമാവുന്നു. നേരത്തേ പറഞ്ഞതുപോലെ,  1984-ലെ സിഖ് കലാപത്തിന് സമാനമായ ദാരുണ സംഭവങ്ങൾ സ്വപ്നം കണ്ടവരുണ്ട് എന്ന് തീർച്ച.

അവിടെ കർഷകർ മാത്രമല്ല,  ഈ സമരത്തിന് പിന്തുണ നൽകിവന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ റോളും വിസ്മരിച്ച്  മുന്നോട്ടുപോകാനാവുമോ; സംശയമാണ്. റിപ്പബ്ലിക്ദിനത്തിൽ അഴിഞ്ഞാടാൻ കുറേപ്പേരെ  കയറൂരിവിട്ടത്  അവരുംകൂടിയാണ്.  ചില നേതാക്കൾ അന്നുതന്നെ തലയൂരാൻ ശ്രമിച്ചത് നാംകണ്ടു. ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അവർ പറഞ്ഞുവെച്ചത്. പക്ഷേ, അന്നുരാവിലെവരെ സമര സഖാക്കളുടെ  തോളിൽ െെകയിട്ടുനടന്നവർ ഇതൊന്നും തിരിച്ചറിഞ്ഞില്ല എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവില്ലേ; ഈ ട്രാക്ടർ പരേഡിനെ സർക്കാരിനെതിരായ ജനരോഷമായി കാണാനും അതിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാനും തയ്യാറായവർക്ക് ആ അക്രമങ്ങളിൽ പങ്കില്ലെന്ന് പറഞ്ഞാൽ?

നിസ്സാരമായി കണാൻ വയ്യ

അതിലെല്ലാമുപരി, ഇപ്പോൾ നടന്നത് രാജ്യത്തിനെതിരായ കടന്നാക്രമണമാണ്; രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ വാളാണ് ആ കലാപകാരികൾ എടുത്തുവീശിയത്. ചുവപ്പുകോട്ടയിൽ ദേശീയ പതാകയെ അപമാനിക്കുക മാത്രമല്ല അവിടെ ഖലിസ്ഥാന്റെ പതാക ഉയർത്തുക കൂടി ചെയ്തു. അമേരിക്കയിലെ ഒരു സിഖ് പ്രസ്ഥാനം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ഖലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് രണ്ടരലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിച്ചിരുന്നല്ലോ.  

അതിനനുസൃതമായി നടന്ന നീക്കത്തെ ലളിതമായി, നിസ്സാരമായി കാണുക വയ്യ. അത് ദേശവിരുദ്ധ പദ്ധതിയാണ്, സംശയമേയില്ല. കർഷകസമൂഹത്തെ മുന്നിൽ നിർത്തിക്കൊണ്ടുള്ള ദേശവിരുദ്ധനീക്കം. യഥാർഥകർഷകർ ഇതുകണ്ട് ദുഃഖിക്കുമെന്നതിൽ സംശയമില്ല. നമ്മുടെ മാതൃഭൂമി, ഭാരതാംബ, ഇന്നിപ്പോൾ കണ്ണീർ ഒഴുക്കുകയാണ്. ഈ ദുഷ്ടലാക്ക് രാജ്യം തിരിച്ചറിയുന്നു എന്നതാണ് ആശ്വാസം.

(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)