റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡ് സമാധാനപരമായി നടത്താനാണ് സംയുക്ത കിസാൻമോർച്ച തീരുമാനിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പോലീസുകാരുമായി ചർച്ചചെയ്യുകയും എല്ലാ സംഘടനകളുടെയും ചുമതലപ്പെട്ടവർ അനുമതിപത്രത്തിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. പോലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് 26-ാം തീയതി നേരം പുലരുന്നതിന് മുൻപേതന്നെ അഞ്ച് അതിർത്തികളിലെയും ബാരിക്കേഡുകൾ മാറ്റിത്തരാമെന്ന് പറഞ്ഞിരുന്നു. പോലീസ് നൽകിയ ഉറപ്പ് പാലിക്കാത്തതാണ് തിക്രി, ഗാസിപ്പുർ അതിർത്തികളിലെ ലാത്തിച്ചാർജിലേക്ക് വഴിവെച്ചത്.

7.30-ന് അതിർത്തിയിലുള്ള പോലീസ് ഉദ്യോസ്ഥരോട് ബാരിക്കേഡ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞത് 11 മണിക്ക് ശേഷംമാത്രം മാറ്റാം എന്നാണ്. പോലീസ് വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ സ്വയം ബാരിക്കേഡുകൾ മാറ്റി, ഈ സമയത്ത് തിക്രി, ഗാസിപ്പുർ ഭാഗത്ത് ലാത്തിച്ചാർജ് ഉണ്ടായി. ഞങ്ങൾ നിന്നിരുന്ന സിംഘു അതിർത്തിയിൽ പോലീസ് സ്വയം ഒഴിഞ്ഞുമാറിത്തന്നു. ഞങ്ങളോട് സ്വയം മാറിക്കൊള്ളാനും പറഞ്ഞു.

സിംഘുഭാഗത്ത് കെ.എം.പി. റോഡിൽ മാത്രമാണ് സംഘർഷമുണ്ടായത്. ഇത് സംഭവിച്ചത് കർഷകനേതാക്കളോട് പറയാതെ നേരിട്ട് പോലീസ് ട്രാക്ടറുകളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിച്ചതാണ്. ഇതും എത്രയുംപെട്ടെന്ന് നേതാക്കൾ ഇടപെട്ട് അവസാനിപ്പിച്ചു. ഐ.ടി.ഒ. ഭാഗത്ത് കർഷകർ എത്തിയത് ആ വഴിക്ക് തിരിച്ചുപോകാനാണ്. അക്ഷർധാംഭാഗത്ത് ട്രാക്ടറുകൾ എത്തിയവിവരം അറിഞ്ഞ് മുതിർന്നപ്രവർത്തകർ അവരെ ഐ.ടി.ഒ. വഴി തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഐ.ടി.ഒ.യിൽ എത്തിയ ട്രാക്ടറുകളെ എന്തിനാണ് തടഞ്ഞതും ടയറുകളുടെ കാറ്റഴിച്ചുവിട്ടതും എന്ന ഞങ്ങളുടെ ചോദ്യത്തിന് പോലീസ് ഇതേവരെ ഉത്തരംതന്നിട്ടില്ല. ഇവിടെ പോലീസ് വെടിവെച്ചതിനാലാണ് ട്രാക്ടർ ഓടിച്ചിരുന്ന നവദീപ്‌സിങ് മരിച്ചതും ട്രാക്ടർ മറിഞ്ഞതും എന്നാണ് ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കർഷകർ പറഞ്ഞത്.

ഉത്തരം പറയേണ്ടത് സർക്കാർ

സമരത്തിന്റെ ഇടയിൽക്കടന്ന് സംഘർഷമുണ്ടാക്കാൻ ശ്രമങ്ങൾ മുൻപും നടന്നു. ഇത്തരത്തിൽ ഒരു വ്യക്തിയെ പിടികൂടി മാധ്യമപ്രവർത്തകരുടെ മുന്പിൽവെച്ച് പോലീസിന് കൈമാറിയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഒന്നുംതന്നെ പോലീസ് അന്വേഷണം നടത്താത്തതിനാൽ ഇതും സർക്കാർ ചെയ്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

റിപ്പബ്ലിക് ദിന ട്രാക്ടർ റാലി ഏർപ്പെടുത്തിയപ്പോൾത്തന്നെ സംയുക്ത കിസാൻ മോർച്ച എല്ലാ ട്രാക്ടറിലും ദേശീയപതാക വേണം എന്ന് പറഞ്ഞിരുന്നു. ഇത്രയധികം ദേശീയപതാകയുമായി എത്തിയവർക്ക് രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെ അപമാനിക്കാൻ കഴിയില്ല. രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെ അപമാനിക്കാനാണ്‌ കർഷകർ വന്നതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചവരുടെ കുതന്ത്രങ്ങളെ തുറന്നുകാണിക്കാൻ പോന്നതുതന്നെയായിരുന്നു മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദീപ് സിദ്ദുവും നരേന്ദ്രമോദിയും അമിത്ഷായും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും. ദീപ്‌സിദ്ദു തുറന്നുപറഞ്ഞു നിഷാൻ സാഹിബ്‌ ഉയർത്തിയത് തന്റെ കൂടെയുള്ളവരാണെന്ന്.
1200 സി.ആർ.പി.എഫ്. ജവാന്മാർ ഉണ്ടായിരുന്ന ചെങ്കോട്ടയിൽ നിഷാൻ സാഹിബ് ഉയർത്തിയവനെ പിടികൂടാൻ കഴിയാതിരുന്നത് എന്താണ്? ദീപ് സിദ്ദു കർഷകരോട് ചെങ്കോട്ടയുടെ അകത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അരമണിക്കൂർ കഴിഞ്ഞാണ് ‘നിഷാൻ സാഹിബ്’ ഉയർത്തിയത്. ഈ അരമണിക്കൂർ പോലീസ് എന്തുചെയ്യുകയായിരുന്നുവെന്ന് ഉത്തരം പറയേണ്ടത് സർക്കാരാണ്.

സമരത്തിന്റെ ജനപിന്തുണകണ്ട് വിറളിപിടിച്ച് സർക്കാർ പറഞ്ഞതെല്ലാം വിഡ്ഡിത്തങ്ങളായി. സമരത്തെ താറടിക്കൻ നടത്തുന്ന പുതിയ നാടകങ്ങളും തുറന്നുകാണിക്കപ്പെടുന്നു. ഓരോ വർഷവും ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു സമൂഹത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തെ ദേശദ്രോഹികളുടെ പേര് ചാർത്തി തകർക്കാൻ ശ്രമിക്കുന്നവരുടെ പേരുകൾ ചരിത്രത്തിൽ നാളെ ക്രൂരതയുടെ പര്യായപദങ്ങളായി ഉപയോഗിക്കപ്പെടും. വേദനയുടെ ആഴംകൂടുന്നതനുസരിച്ച് സമരത്തിന്റെ തീവ്രത കൂടും. കൊടുംമഞ്ഞിൽ 60 ദിവസം തെരുവിൽ പിന്നിട്ട സമരതീക്ഷ്ണതയിൽ നിന്നും കർഷകസമൂഹത്തിന്റെ വേദന മനസ്സിലാക്കാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ അതിനർഥം നിങ്ങൾ ഒരുപാട് ക്രൂരരാണ് എന്നുള്ളതാണ്. അപവാദപ്രചാരണങ്ങൾക്ക് പകരം ആശ്വാസവാക്കുകളെങ്കിലും പറഞ്ഞ് കർഷകന്റെ മനസ്സിനെ ഒന്നു തണുപ്പിച്ചുകൂടെ. ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചുകൂടെ...

(രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നാഷണൽ കോ-ഓർഡിനേറ്ററാണ് ലേഖകൻ)