Subhashini Ali? നരേന്ദ്രമോദിയുടെ ഭരണത്തെപ്പറ്റി  
• രാജ്യം നേരിട്ട വൻദുരന്തമാണ് മോദി സർക്കാർ. തൊഴിലില്ലായ്മയിൽ വലഞ്ഞ് യുവാക്കളും ആത്മഹത്യയിൽ അഭയംതേടി കർഷകരും ഈ ദുരന്തത്തിന് ഇരകളാവുകയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെയധികം വർധിച്ചു. നോട്ട്‌ പിൻവലിക്കൽ മൂലം സാധാരണക്കാരുടെ സമ്പാദ്യമെല്ലാം നഷ്ടമായി. ഒട്ടേറെ പേർക്ക്‌ തൊഴിൽ നഷ്ടമായി. ചരക്ക്‌-സേവന നികുതി കൂടി വന്നതോടെ ചെറുകിട വ്യാപാരമേഖലയുൾപ്പെടെ തകർച്ചയിലേക്ക് കൂപ്പുകുത്തി. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ രാഷ്ട്രീയം കലർത്താനും വിദ്വേഷവും വിഭാഗീയതയും പരത്താനുമാണ് ഭരണകൂടത്തിന്റെ ശ്രമം. 
 
? പ്രതിപക്ഷപാർട്ടികളുടെ മഹാസഖ്യത്തിന് എത്രത്തോളം കെട്ടുറപ്പ് അവകാശപ്പെടാനാവും 
• മോദിയെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം അവർക്ക് ബദലായി അധികാരത്തിലേക്ക് അവരോധിക്കപ്പെടേണ്ടത് ആരെന്ന ചോദ്യവും പ്രാധാന്യമർഹിക്കുന്നതാണ്. മതേതരത്വ, ജനാധിപത്യ നിലപാടുകളിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുസമീപനം വളരെ പ്രതികൂലമായ സാഹചര്യമാണ് വർഷങ്ങളായി രാജ്യത്ത് സൃഷ്ടിക്കുന്നത്. പാഠപുസ്തകങ്ങളിലൂടെ ചരിത്രം വളച്ചൊടിച്ചപ്പോൾപ്പോലും  പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. വർഗീയത, ദുരാചാരങ്ങൾ, പശുവിന്റെ പേരിലുള്ള നരഹത്യ തുടങ്ങിയ വിഷയങ്ങളിൽ ആർ.എസ്.എസും ബി.ജെ.പി.യുമായി അനുരഞ്ജനത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.  കാസർകോടും കണ്ണൂരും വടകരയിലും  ബി.ജെ.പി.യുടെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ല. യു.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള രഹസ്യധാരണയാണ് അത് തുറന്നു
കാട്ടുന്നത്.
 
?  തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ കാര്യത്തിൽ എന്താണ് നിലപാട്
• പ്രാദേശികപാർട്ടികൾ രാജ്യത്ത് വലിയ ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നർണായകമായ ഉത്തർപ്രദേശിൽ  എസ്.പി., ബി.എസ്.പി. സഖ്യം തന്നെ ഉദാഹരണം. റായ്ബറേലിയിലും അമേഠിയിലും അവർ സ്ഥാനാർഥികളെ നിർത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ, കോൺഗ്രസിന് പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധമല്ല നിലവിലുള്ളത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുശേഷം അവരുമായി കോൺഗ്രസിന്റെ സമീപനം എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പിനുശേഷം മാത്രമേ സഖ്യത്തെക്കുറിച്ച് തുറന്നുപറയാൻ കഴിയൂ.
 
 ? രാഹുൽഗാന്ധിയുടെ വയനാട്ടിലെ മത്സരത്തെക്കുറിച്ച്‌  
• രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ബി.ജെ.പി.ക്കെതിരായാണെന്ന് പറയുന്നു. ബി.ജെ.പി. സ്ഥാനാർഥി നിലവിലില്ലാത്ത മണ്ഡലത്തിൽ മത്സരം സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരേയാണ്. ഇത് നല്ലൊരു സൂചനയല്ല. 15 വർഷമായി അമേഠിയുടെ എം.പി.യായിട്ടും അതിൽ പത്തുവർഷം യു.പി.എ. രാജ്യത്ത് അധികാരത്തിലേറിയിട്ടും രാഹുൽ അമേഠിയിൽ എന്ത് വികസനമാണ് കാഴ്ച വെച്ചതെന്ന് പരിശോധിക്കണം. അമേഠിയിൽ 40  ശതമാനത്തോളം കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുകൊണ്ട് ബുദ്ധിമുട്ടുകയാണ്. പകുതിയിലധികം സ്ത്രീകൾ നിരക്ഷരരാണ്.  ഇതാണ് വസ്തുതയെന്നിരിക്കെ കേരളത്തിലെത്തിയപ്പോൾ രാഹുലിന്റെ ചോദ്യം ‘എവിടെ സ്കൂൾ, എവിടെ ആസ്പത്രികൾ’ എന്നൊക്കെയാണ്. അത് യാഥാർഥ്യത്തെ മറച്ചുവെക്കാനുള്ള അദ്ദേഹത്തിന്റെ തത്രപ്പാടാണ്. കാരണം അമേഠിയെ അപേക്ഷിച്ച് വയനാട് ഏറെ മുന്നിലാണ്. ഇവിടെ ഗോത്രവിഭാഗത്തിൽ നിന്നാണ് ശ്രീധന്യ എന്ന പെൺകുട്ടി സിവിൽസർവീസ് നേടിയത്. അവയ്ക്കെല്ലാം കാരണം സംസ്ഥാനത്തെ മികച്ച പദ്ധതികളാണ്. 
 
? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇത്തവണ എത്രത്തോളം മുന്നേറാനാവും  
• എൽ.ഡി.എഫ്.സർക്കാരിന്റെ ഭരണനേട്ടങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും. ഇടതുപക്ഷത്തിന് വൻഭൂരിപക്ഷത്തോടെ കൂടുതൽ സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പ്രളയം വന്നപ്പോഴും ‘നിപ’ വൈറസ് ബാധയുണ്ടായപ്പോഴും സംസ്ഥാനസർക്കാർ അചഞ്ചലവും ധീരവുമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം പ്രളയത്തിൽ തകർന്ന കേരളത്തെ സാമ്പത്തിക സഹായത്തിന്റെ വാതിലുകൾ അടച്ച് ദ്രോഹിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. 
 
? രാഷ്ട്രീയകൊലപാതകം സംസ്ഥാനത്ത് എല്ലായ്‌പ്പോഴും ചർച്ചയാവാറുണ്ട്. തിരഞ്ഞെടുപ്പിലെ ജനവിധിയെയും അത് കാര്യമായി ബാധിക്കാറുണ്ട്. രാഷ്ട്രീയകൊലപാതകങ്ങളുടെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രതിരോധത്തിലാവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടോ 
• രാഷ്ട്രീയകൊലപാതകം അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയകൊലപാതകം വിഷയമാക്കാൻ ശ്രമമുണ്ട്. സി.പി.എം.പ്രവർത്തകർ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണ് ആരും ചർച്ചചെയ്യാത്തത്. രാഷ്ട്രീയപ്പാർട്ടികൾ കൊലപാതകങ്ങളെ ഒറ്റക്കെട്ടായി നേരിടണം. കൊലപാതകത്തിൽ പങ്കെടുത്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. അതിനാൽത്തന്നെ അത്തരം ചർച്ചകൾ 
എൽ.ഡി.എഫിന്റെ വിജയസാധ്യതയ്ക്ക്  മങ്ങലേൽപ്പിക്കില്ല.
 
Content Highlights: Regional Parties show strength this Election say Subhashini Ali