മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ നിന്ന് (ആർ.സി.ഇ.പി.) നിന്ന് വിട്ടുനിൽക്കാനുള്ള ധീരമായ തീരുമാനം, 2019 നവംബർ നാല് എന്ന ദിനത്തെ ഇന്ത്യൻ ചരിത്രരേഖകളിലെ നാഴികക്കല്ലായി മാറ്റും.
ഈ തീരുമാനത്തെ പ്രധാനമന്ത്രിതന്നെ മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്: ‘ആർ.സി.ഇ.പി.യിൽ ചേരുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ താത്പര്യം കണക്കാക്കുകയും അളക്കുകയും ചെയ്തപ്പോഴെല്ലാം, എനിക്ക് ദൃഢമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല; ഗാന്ധിജിയുടെ സ്വാശ്രയ നയമോ, എന്റെ വിവേകമോ ആർ.സി.ഇ.പി.യിൽ ചേരാൻ മനസ്സിനെ അനുവദിക്കുന്നില്ല’.
കർഷകരുടെയും ചെറുകിട-ഇടത്തരം വ്യവസായികളുടെയും തുണി വ്യവസായത്തിന്റെയും പാൽ, പാലുത്പന്നങ്ങൾ, മരുന്ന്, ഉരുക്ക്, രാസവ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവരുടെയും സംരക്ഷണത്തിനായി പ്രധാനമന്ത്രി ഏതറ്റംവരെയും പോവുമെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം.
വാണിജ്യനഷ്ടം, മാലിന്യ നിർമാർജനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ ആശങ്കകൾ കരാറിൽ ഉൾപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ അദ്ദേഹം കരാറിൽ വിട്ടുവീഴ്ചചെയ്യാൻ തയ്യാറായില്ല. ഏകപക്ഷീയവും നമ്മുടെ കർഷകരുടെയും സംരംഭകരുടെയും താത്പര്യങ്ങൾക്ക് വിരുദ്ധവുമായ ഇത്തരം അന്താരാഷ്ട്ര കരാറുകളിൽ ഇന്ത്യ പങ്കാളിയാകരുതെന്ന ഉറച്ച നിലപാടാണ് എനിക്കുമുള്ളത്.
കോൺഗ്രസിന്റെ നയങ്ങൾ
ഇന്ത്യയുടെ ഇത്തരം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ. സർക്കാർ എത്രമാത്രം പരാജയപ്പെട്ടുവെന്ന് നമ്മളെല്ലാവരും കണ്ടതാണ്. 2007-ൽത്തന്നെ ചൈനയുമായി മേഖലാ വ്യാവസായിക കരാറിന്റെ (റീജണൽ ട്രേഡ് എഗ്രിമെന്റ് -ആർ.ടി.എ.) കാര്യങ്ങൾ അവർ തുടങ്ങി. യു.പി.എ. ഭരണകാലത്ത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 23 മടങ്ങാണ് വർധിച്ചത്.
ഇന്ത്യയിലെ കർഷകരുടെയും വ്യവസായികളുടെയും താത്പര്യങ്ങളിൽ കോൺഗ്രസിന് എത്രമാത്രം വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. 2013-ലെ ബാലി കരാർ തന്നെ ഇതിന് ഉദാഹരണമാണ്. ലോക വ്യാപാര സംഘടനയുടെ യോഗത്തിൽ പങ്കെടുക്കവേ മൻമോഹൻ സിങ് സർക്കാരിൽ വാണിജ്യ മന്ത്രിയായിരുന്ന ആനന്ദ് ശർമ കാർഷിക സബ്സിഡിയും കർഷകർക്കുള്ള പിന്തുണവിലയും സംബന്ധിച്ചുള്ള നമ്മുടെ നിലപാടിനെ ദുർബലപ്പെടുത്തി. എന്നാൽ, 2014-ൽ മോദി അധികാരത്തിൽ വന്നയുടൻതന്നെ വാണിജ്യമന്ത്രി നിർമലാ സീതാരാമൻ ഇത് കർഷകർക്ക് നാശമാണെന്ന് തിരിച്ചറിഞ്ഞ് നിർദേശം തള്ളുകയായിരുന്നു.
അത്തരം അന്താരാഷ്ട്ര ഉടമ്പടി കൈകാര്യം ചെയ്യുന്നതിൽ മോശം ചരിത്രമുള്ള കോൺഗ്രസ്, ആർ.സി.ഇ.പി.യിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ ബഹുമതി ഏറ്റെടുക്കാൻ തീവ്രമായി ശ്രമിക്കുന്നു എന്നത് വിചിത്രമാണ്. വാസ്തവത്തിൽ, കോൺഗ്രസിന്റെ ദീർഘവീക്ഷണത്തിന്റെ അഭാവമാണ് ഇന്ത്യയെ ഈ കൂട്ടായ്മയുടെ ഭാഗമാകാൻ സമ്മതിച്ചത് എന്നതാണ് ചരിത്രം തെളിയിക്കുന്നത്.
രാജ്യ താത്പര്യങ്ങൾ സംരക്ഷിച്ചു
ആർ.സി.ഇ.പി. ചർച്ചകളിൽ, നമ്മൾ എല്ലായ്പ്പോഴും രാജ്യ താത്പര്യങ്ങൾ മികച്ചരീതിയിൽ സംരക്ഷിച്ചു. അംഗരാജ്യങ്ങളുമായി ചേർന്ന് സേവനമേഖലകൾ ഇന്ത്യയ്ക്കായി തുറക്കുക, ഇന്ത്യയിൽ നിന്നുള്ള ഉയർന്ന കയറ്റുമതി പോലുള്ള അനുകൂല വ്യവസ്ഥകൾ അംഗീകരിക്കുക തുടങ്ങിയവയായിരുന്നു അത്.
ഇന്ത്യ ആർ.സി.ഇ.പി.യുടെ ഭാഗമാവാൻ കോൺഗ്രസ് ഏറെ ആഗ്രഹിച്ചിരുന്നു. 2014 ജനുവരി ഒന്നിന് ബാധകമായ ഇറക്കുമതിത്തീരുവ അടിസ്ഥാന നിരക്കായി എടുക്കാമെന്നാണ് അവർ സമ്മതിച്ചിരുന്നത്.
ആർ.സി.ഇ.പി. സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയും വാണിജ്യമന്ത്രി പീയൂഷ് ഗോയലും കർഷകരുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഉത്പാദന വ്യവസായങ്ങളുടെയും താത്പര്യങ്ങൾ മുന്നോട്ടുവെക്കുകയും ഇന്ത്യയുടെ താത്പര്യത്തിനുവേണ്ടി സുപ്രധാനമായ ഭേദഗതികൾ ആവശ്യപ്പെടുകയും ചെയ്തു.
ഇറക്കുമതിത്തീരുവ ഭേദഗതി, കസ്റ്റംസ് തീരുവയുടെ അടിസ്ഥാന നിരക്കിലെ മാറ്റങ്ങൾ, ‘സൗഹൃദ രാഷ്ട്ര’ നിയമത്തിലെ മാറ്റങ്ങൾ, നിക്ഷേപം നിർണയിക്കുമ്പോൾ ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ മാനിക്കുക തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ട ആവശ്യങ്ങൾ.
ദക്ഷിണ കൊറിയയുമായുള്ള ആസിയാൻ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിപ) എന്നിവ ഞങ്ങൾ വിലയിരുത്താൻ തുടങ്ങിക്കഴിഞ്ഞു. ജപ്പാൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, മറ്റ് വികസിത രാജ്യങ്ങൾ എന്നിവയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ കർഷകർക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഉത്പാദന മേഖലയ്ക്കും വളരെയധികം പ്രയോജനം ചെയ്യും.
നിബന്ധനകൾ അംഗീകരിക്കേണ്ടി വരും
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യകുതിക്കുമ്പോൾ, ആർ.സി.ഇ.പി. അംഗങ്ങൾക്ക് വളരെക്കാലം നമ്മളെ അവഗണിക്കാൻ കഴിയില്ലെന്നും നമ്മുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ വരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അതേസമയം, സ്വതന്ത്രവ്യാപാരക്കരാർ വഴി ആസിയാൻ രാജ്യങ്ങളുമായി നമ്മൾ വിജയകരമായ സാമ്പത്തിക ബന്ധം പുലർത്തിപ്പോരുന്നുമുണ്ട്. ആർ.സി.ഇ.പി. നിരസിക്കുന്നതിലൂടെ, ചൈനീസ് വ്യവസായങ്ങൾ നമ്മുടെ വ്യവസായങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രതികൂല ഫലങ്ങളെ ഇതുവഴി നമ്മൾ ശക്തമായി സംരക്ഷിച്ചു. നമ്മളെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രഥമവും പ്രധാനവുമാണ്.