നിക്കെന്നും ഒരു അദ്‌ഭുതമായിരുന്നു കെ.എം. മാണിസാർ. 1986-ലെ കരുണാകരൻ മന്ത്രിസഭയിലും 2014-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലും ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. കെ.എസ്.യു.ക്കാലം  മുതൽക്കേ അദ്ദേഹത്തെ അറിയാമായിരുന്നെങ്കിലും 1982-ൽ ആദ്യമായി  നിയമസഭയിലെത്തിയശേഷമാണ് മാണിസാറുമായി ഏറെ അടുത്തത്. അന്നുമുതൽ രോഗാതുരനായി  നമ്മളിൽനിന്ന് വിടവാങ്ങുന്നതുവരെ അദ്ദേഹവുമായി  ആത്മബന്ധം പുലർത്താൻ കഴിഞ്ഞിരുന്നു. 

ഒരു പ്രാദേശികകക്ഷിയുടെ സമുന്നതനായ നേതാവായിരിക്കുമ്പോഴും നമ്മെ അദ്‌ഭുതപ്പെടുത്തുംവിധമുള്ള ദേശീയ-അന്തർദേശീയ കാഴ്ചപ്പാടുകൾ അദ്ദേഹം ഓരോ വിഷയത്തിലും പുലർത്തിപ്പോന്നിരുന്നു. കേരളീയസമൂഹം വളരെക്കാലം ചർച്ചചെയ്ത അധ്വാനവർഗ സിദ്ധാന്തം പോലുള്ള വിചാരധാരകൾ മുന്നോട്ടുവെച്ചതിലൂടെ  താൻ ഒരു പൊളിറ്റീഷ്യൻമാത്രമല്ല, മികച്ചൊരു സ്റ്റേറ്റ്‌സ്മാൻകൂടിയാണെന്ന് മാണിസാർ തെളിയിച്ചു.  അദ്ദേഹം അഭിഭാഷകവൃത്തിവിട്ട് രാഷ്ട്രീയത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്ത്യകണ്ട മികച്ച അഭിഭാഷകരിൽ ഒരാളായി മാറുമായിരുന്നെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തിലായാലും ഭരണരംഗത്തായാലും വിഷയങ്ങളെ ഇഴകീറി അപഗ്രഥിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടായിരിക്കണം അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം വാദിച്ച ഒരു കേസും തോറ്റിട്ടില്ലായിരുന്നെന്ന് പറയുന്നത്.

ഏതു രാഷ്ട്രീയപ്രതിസന്ധിയെയും അതിജീവിക്കാൻ സ്വതഃസിദ്ധമായ ഒരു കഴിവ് മാണിസാറിനുണ്ടായിരുന്നു. പലതവണ ഞാൻ അത് അടുത്തുനിന്ന്‌ കണ്ടിട്ടുണ്ട്.  വിൻസ്റ്റൺ ചർച്ചിൽ പറയാറുണ്ട് ‘kites rise highest against the wind, not with it (കാറ്റിനെതിരേ പറക്കുമ്പോഴാണ് പട്ടം കൂടുതൽ ഉയരങ്ങളിലേക്ക്  പോകുന്നത്, അല്ലാതെ കാറ്റിനൊപ്പം പറക്കുമ്പോഴല്ല)  ഏതു രാഷ്ട്രീയക്കൊടുങ്കാറ്റിനും എതിരേ ഉയർന്നുപറക്കാനുള്ള മാണിസാറിന്റെ ആരെയും അദ്‌ഭുതപ്പെടുത്തുന്ന കഴിവാണ് അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലെ അതുല്യപ്രഭാവനായ നേതാവാക്കി മാറ്റിയത്.

എന്റെ കുടുംബത്തിന് ഒരു കാരണവരെ പോലെയായിരുന്നു മാണിസാർ. എന്റെ വിവാഹശേഷം ഞാനും ഭാര്യയും തൊടുപുഴയിലെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ പാലായിൽ മാണിസാറിന്റെ വീട്ടിലെത്തുമായിരുന്നു. എത്രയോതവണ മാണിസാറിന്റെ ഭാര്യ കുട്ടിയമ്മച്ചേച്ചി ഞങ്ങൾക്ക് രണ്ടുപേർക്കും രുചികരമായ ആഹാരം വെച്ചുവിളമ്പി. 1986-ൽ ഞാനാദ്യം മന്ത്രിയായപ്പോൾ നന്തൻകോട്ടുള്ള ഉഷസ്സിലാണ് താമസിച്ചിരുന്നത്. അന്ന് എന്റെ തൊട്ടയൽപക്കത്ത് മാണിസാറായിരുന്നു. ഞങ്ങൾക്ക് സ്വന്തം വീടുപോലെയായിരുന്നു അദ്ദേഹത്തിന്റെ വസതിയും. നാലുതവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും എന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തത് അദ്ദേഹമായിരുന്നു. അത്രയേറെ പിന്തുണയാണ്  അദ്ദേഹം അക്കാലങ്ങളിലെല്ലാം തന്നിട്ടുള്ളത്.

പാലായിൽ ചെന്നാൽ ഇരുപതുവയസ്സുള്ള ചെറുപ്പക്കാരനും എൺപതു വയസ്സുള്ള വൃദ്ധനും അദ്ദേഹത്തെ വിളിക്കുന്നത് മാണിസാർ എന്നാണ്.  താൻ പ്രതിനിധാനംചെയ്യുന്ന മനുഷ്യരുമായുള്ള ആത്മബന്ധമാണ് തന്റെ രാഷ്ട്രീയത്തെ മുന്നോട്ടുചലിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയ നേതാവായിരുന്നു മാണിസാർ. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരിക്കൽപ്പോലും പാലായിൽ  കാലിടറാതിരുന്നതും. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച മന്ത്രി, ഏറ്റവും കൂടുതൽതവണ മന്ത്രിയും എം.എൽ.എ.യും ആയ നേതാവ് എന്ന  വിശേഷണങ്ങൾ അദ്ദേഹത്തിന് ചാർത്തിക്കിട്ടുമ്പോഴും അദ്ദേഹം പറയാറുള്ളത് ഒന്നു മാത്രമായിരുന്നു: ‘‘ജനങ്ങളിൽനിന്ന് പഠിക്കുകയും അവരെ ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് ഒരു  നേതാവ് ജനകീയനാവുന്നത്.’’ 

2015-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഞാൻ ആഭ്യന്തരമന്ത്രിയും മാണിസാർ ധനകാര്യമന്ത്രിയും ആയിരുന്നു. ആ സമയത്താണ് ബജറ്റവതരവേളയിൽ സഭ പ്രക്ഷുബ്ധമായത്. നിയമസഭ സംഘർഷഭൂമിയായി മാറുമ്പോഴും അക്ഷോഭ്യനായി നിന്നുകൊണ്ട് തന്റെ കർത്തവ്യനിർവഹണം കഴിഞ്ഞതിനുശേഷമേ അദ്ദേഹം മടങ്ങിയുള്ളൂ. ഏതുവലിയ  പ്രതിസന്ധിയെയും തന്റെ ചെറുചിരിയാൽ മാണിസാർ നിഷ്‌പ്രഭമാക്കുമായിരുന്നു. ചെറിയ ഒരു  ഇടവേളയിൽ അദ്ദേഹം യു.ഡി.എഫിൽനിന്ന് മാറിനിന്നെങ്കിലും ഇത് എന്റെ വീടാണെന്ന് പറഞ്ഞാണ് അദ്ദേഹം തിരിച്ചുവന്നത് എന്ന് ഞാനോർക്കുന്നു.
2006-ലെ ഇടതുഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി തന്റെ സ്വാശ്രയ വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിന്റെ തലനാരിഴകീറി പരിശോധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ ബിൽ കോടതിയുടെ വരാന്തയിൽപ്പോലും നിൽക്കില്ല. കൃത്യമായി അതുപോലെ സംഭവിച്ചു.  

പാലക്കാട്ടുനടന്ന സി.പി.എമ്മിന്റെ പ്ളീനത്തിൽ മുഖ്യപ്രഭാഷകനായി മാണിസാർ പോയപ്പോഴും അദ്ദേഹം സംസാരിച്ചത് തന്റെ അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ചായിരുന്നു. കർഷകരെക്കുറിച്ചും ചെറുകിട കച്ചവടക്കാരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചുമായിരുന്നു. എന്നും അദ്ദേഹം സംസാരിച്ചതും നിലകൊണ്ടതും അവർക്കുവേണ്ടിയായിരുന്നു. മുതലാളിയും തൊഴിലാളിയും അല്ലാതെ മൂന്നാമതൊരു വർഗമുണ്ടെന്നും അവർ സ്വന്തംനിലയിൽ തങ്ങളുടെ ഭൂമിയിലും സ്ഥാപനങ്ങളിലും അധ്വാനിച്ചുജീവിക്കുന്ന വിഭാഗമാണെന്നുമുള്ള ഒരു പരിപ്രേക്ഷ്യം മാണിസാർ മുന്നോട്ടുവെച്ചു. അവരെയാണ് അദ്ദേഹം അധ്വാനവർഗമെന്നു വിളിച്ചത്. ഒരുപക്ഷേ, വരും കാലങ്ങളിലായിരിക്കും മാണിസാർ മുന്നോട്ടുവെച്ച  ഈ ചിന്തയുടെ പ്രസക്തി ലോകം ചർച്ചചെയ്യാൻ പോകുന്നത്.

മാണിസാർ ചരിത്രത്തിന്റെ ഭാഗമായിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. പല രാഷ്ട്രീയ   പ്രതിസന്ധികളെയും നേരിടുമ്പോൾ ഞാനോർക്കും അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്. അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യം ഇല്ലാതായെങ്കിലും ആത്മീയമായസാന്നിധ്യം ഏതു പ്രതിസന്ധിയിലും എനിക്ക് താങ്ങാണ് എന്ന് തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കുമുന്നിൽ കോടി പ്രണാമങ്ങൾ.

Content Highlights: ramesh chennithala writes about k m mani