കോഴി മൂന്നുവട്ടം കൂവും മുമ്പേ അവരെന്നെ തള്ളിപ്പറഞ്ഞു

മാതൃഭൂമി പ്രതിനിധി അനിഷ്‌ ജേക്കബിന്‌ നൽകിയ അഭിമുഖം

? തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നോ  
= ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. കോവിഡ് ദുരിതങ്ങളിൽ നട്ടംതിരിയുന്ന ജനത്തിനു മുമ്പിൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ കാരുണ്യമായി മാറി. ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഞങ്ങൾ ഉന്നയിച്ചു. അവ സ്ഥാപിക്കുകയും സർക്കാർ പലതിൽനിന്നും പിൻവാങ്ങുകയും ചെയ്തു. എന്നാൽ, അരിക്ക് മുമ്പിൽ അഴിമതി നിന്നില്ല. രണ്ടു മാസത്തെ പെൻഷനും മറ്റും ഒരുമിച്ച് കിട്ടിയപ്പോൾ ജനങ്ങൾ മറ്റുകാര്യങ്ങൾ ഓർത്തില്ല. പ്രതിപക്ഷത്തിന് ഒരു ലെവൽ പ്ലേയിങ്‌ ഗ്രൗണ്ട് ഇല്ലാതെപോയി. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു.

? ന്യൂനപക്ഷങ്ങൾ കൈവിട്ടതോ 
= സി.എ.എ.യുടെ പ്രക്ഷോഭത്തിന്റെ കാലംമുതൽ അത്തരമൊരു ദിശാമാറ്റം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന് അവരുടെയിടയിൽ കൂടുതൽ സ്വീകാര്യത കിട്ടി. എന്നാൽ, ഇടതുപക്ഷം ചെയ്തത് ബി.ജെ.പി. ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ട് വാങ്ങി. മറുഭാഗത്ത് ബി.ജെ.പി.യുമായി രഹസ്യബന്ധമുണ്ടാക്കി. 69 മണ്ഡലങ്ങളിൽ സി.പി.എം. ബി.ജെ.പി. രഹസ്യധാരണയുണ്ടായിരുന്നു.

? തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പ്രതിപക്ഷനേതാവാകാൻ ആഗ്രഹിച്ചിരുന്നോ  
= ഫലം വന്നപ്പോൾത്തന്നെ മാറിനിൽക്കാനാണ് ആഗ്രഹിച്ചത്. അക്കാര്യം സഹപ്രവർത്തകരോടെല്ലാം പറയുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം മോശമായതുകൊണ്ടല്ലല്ലോ തോറ്റത്, ഇപ്പോൾ മാറേണ്ട എന്ന് ആദ്യംപറഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. എന്നോട് സംസാരിച്ച മുതിർന്നനേതാക്കളുടെ അഭിപ്രായവും അതുതന്നെയായിരുന്നു. മാറിനിൽക്കുന്നതിന് ഒരു മടിയും എനിക്കില്ലായിരുന്നു.

? ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സൂചന ലഭിച്ചിരുന്നോ 
= ഹൈക്കമാൻഡ് പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റംവരുത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് കഴിയുന്ന രീതിയിലൊക്കെ തിരക്കി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വീട്ടിൽ പോയിക്കണ്ട് ഉമ്മൻ ചാണ്ടി ഇക്കാര്യം ചോദിച്ചു. മല്ലികാർജുന ഖാർഗെ പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിന് മനസ്സറിയാനായി വന്നപ്പോഴും ഹൈക്കമാൻഡ് മാറ്റം ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. മുൻവിധിയൊന്നുമില്ലെന്നായിരുന്നു ഉത്തരം.

? തീരുമാനം വന്ന വഴിയേതാണ് 
= നിയമസഭാ കക്ഷിയിൽ എനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ, ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഞാൻ അനുസരിക്കും. അതിനെ ഇതുവരെയും എതിർത്തിട്ടില്ല. എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിർപ്പ്.

? വി.ഡി. സതീശന്റെ പേരുകൂടി വന്നതോടെ ഐ ഗ്രൂപ്പിൽ വലിയ വിള്ളൽ വീഴുകയായിരുന്നില്ലേ 
= ഹൈക്കമാൻഡ് അഭിപ്രായം ചോദിക്കുമ്പോൾ ഏതൊരാൾക്കും സ്വന്തം അഭിപ്രായം പറയാം. പറയണം. എന്നാൽ, എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രിവരെ പറഞ്ഞ ചില എം.എൽ.എ.മാർ പിറ്റേന്ന് നേരം വെളുത്തപ്പോൾ എന്നെ തള്ളിപ്പറയുകയായിരുന്നു. അതെന്നെ ഞെട്ടിച്ചു. ഞാൻ കൈപിടിച്ച് വളർത്തിയവർ അക്കൂട്ടത്തിലുണ്ട്. ഞാൻ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നൽകിയവരുണ്ട്. ഒരു സുപ്രഭാതത്തിൽ അവരെന്നെ തള്ളിപ്പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല.

? കടപ്പാടുകളുണ്ടെങ്കിലും സ്വതന്ത്രമായ നിലപാട് അവർക്ക് എടുത്തുകൂടെ 
= എടുക്കാം. ഒരെതിർപ്പുമില്ല. എന്നാൽ, അത് തുറന്നുപറയാനുള്ള ആർജവവും സത്യസന്ധതയും അവർ പുലർത്തേണ്ടിയിരുന്നു. എന്നോടൊപ്പമാണെന്ന് എന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാൻഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണ്. ഞാനും ജി. കാർത്തികേയനും എം.ഐ. ഷാനവാസും കരുണാകരന് ഏറ്റവും വാത്സല്യമുള്ള ചെറുപ്പക്കാരായിരുന്നു. എന്നാൽ, ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം വന്നപ്പോൾ അദ്ദേഹത്തോട് നേരിൽ അക്കാര്യം തുറന്നുപറഞ്ഞശേഷമാണ് ഞങ്ങൾ വേറിട്ടൊരു നിലപാട് എടുത്തത്. അതുകൊണ്ടുതന്നെ പിന്നീട് ഒരുമിച്ചു ചേരാനും ഞങ്ങൾക്കോ കരുണാകരനോ ഒരു മാനസികപ്രയാസവും തോന്നിയില്ല.

? താങ്കളെ വഞ്ചിച്ചെന്നു കരുതുന്ന ആളുകളോട് തുടർന്നുള്ള മനോഭാവം എന്തായിരിക്കും 
= മനുഷ്യസഹജമായ വികാരങ്ങളും പ്രയാസങ്ങളും എനിക്കുമുണ്ടല്ലോ. ഉയരങ്ങളിലെത്തണമെന്ന ആഗ്രഹം നല്ലതാണ്. എന്നാൽ, ബന്ധങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം.

? ഉമ്മൻ ചാണ്ടിയോടൊപ്പമുള്ളവരിലും ചോർച്ചയുണ്ടായല്ലോ 
= അദ്ദേഹത്തിനും അതിൽ വിഷമമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

? തലമുറമാറ്റം വേണമെന്ന ആവശ്യം യുവജനങ്ങളിൽ നിന്നുയരുക സ്വാഭാവികമല്ലേ 
= കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 53 യുവാക്കൾക്കാണ് ഞങ്ങൾ സീറ്റു നൽകിയത്. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ മൂന്നുപേരേ ജിയിച്ചുള്ളൂ.

? എ.ഐ.സി.സി. തലത്തിലുള്ള സ്ഥാനത്തേക്ക് ക്ഷണിച്ചാൽ സ്വീകരിക്കുമോ 
= എനിക്ക് പ്രവർത്തിക്കാൻ ഒരു സ്ഥാനവും വേണമെന്നില്ല. ഒരു പാർട്ടി പ്രവർത്തകനായിരുന്നാൽ മതി. പാർട്ടി ഏൽപ്പിച്ച പ്രതിപക്ഷ നേതാവെന്ന സ്ഥാനം കഴിവിന് പരമാവധി ഞാൻ പ്രവർത്തിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏതു കാര്യവും അനുസരിക്കുകയെന്നതാണ് ഇതുവരെയുള്ള എന്റെ രീതി.

? പുതിയ നേതൃത്വത്തെക്കുറിച്ച് 
= അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പോടെ കോൺഗ്രസ് തിരിച്ചുവരണം. കെ. സുധാകരനും വി.ഡി. സതീശനും ആ പാതയിലേക്ക് യു.ഡി.എഫിനെ നയിക്കാനുള്ള സാമർഥ്യമുണ്ട്. നിയമസഭയിലും പുറത്തും ആത്മാർഥമായ പിന്തുണ അവർക്ക് നൽകും. പാർട്ടി അധികാരത്തിൽ തിരിച്ചെത്തുകയെന്നത് മാത്രമാണ് എന്റെ സ്വപ്നം.


ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ജീർണതയിൽ കോൺഗ്രസ്‌ മുങ്ങി

മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന്‌ നൽകിയ അഭിമുഖം

? രണ്ടരവർഷത്തിനുശേഷം ചുമതലയൊഴിയുമ്പോൾ സ്വയം എങ്ങനെ വിലയിരുത്തുന്നു. വിജയമോ, പരാജയമോ
=  കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും  പൂർണമായി പിന്തുണയ്ക്കുമെങ്കിൽമാത്രം സ്ഥാനമേറ്റെടുക്കാമെന്നാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഹൈക്കമാൻഡിനോട് പറഞ്ഞത്. ആദ്യംവന്ന ലോക്‌സഭാതിരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റുനേടി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. അതിന് ഒരുപാട് ഘടകങ്ങളുണ്ട്. അതുകൊണ്ട് ഞാൻ വിജയമോ പരാജയമോ എന്ന് പ്രവർത്തകരും ചരിത്രവും വിലയിരുത്തട്ടെ.

? ഗ്രൂപ്പുകളുടെ സഹകരണമില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന്  താങ്കൾക്കും ബോധ്യമായോ
=  കോൺഗ്രസിൽ ഗാന്ധിജിയുടെ കാലത്തും തർക്കങ്ങളുണ്ടായിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ്ചന്ദ്രബോസും തമ്മിലുണ്ടായത് കാഴ്ചപ്പാടുകളുടെ പേരിലുള്ള പോരാട്ടമായിരുന്നു. 1969-ലും 1978-ലും  പാർട്ടി പിളർന്നതും ആശയപ്പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാൽ,  ദൗർഭാഗ്യകരമെന്ന് പറയട്ടെ, കേരളത്തിലെ ഇന്നത്തെ ചേരിതിരിവ് ആശയപരമല്ല. ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ജീർണത കേരളത്തിലെ കോൺഗ്രസിനെ അടിമുടി ബാധിച്ചു.  

? ലോക്‌സഭാതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയപ്പോൾ തദ്ദേശ, നിയമസഭാതിരഞ്ഞെടുപ്പിൽ എവിടെയാണ് പിഴച്ചത്
= തദ്ദേശതിരഞ്ഞെടുപ്പിനുമുമ്പാണ് 25,000 ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ശ്രമിച്ചത്. 25,000 ബൂത്തുകളിൽ പുതിയ പ്രസിഡന്റുമാരെയും അത്രതന്നെ മഹിളാ വൈസ് പ്രസിഡന്റുമാരെയും ചുമതലയേൽപ്പിക്കാനായിരുന്നു തീരുമാനം. പ്രായോഗികതലത്തിൽ വന്നപ്പോൾ ആ കമ്മിറ്റികളൊക്കെ വിഭാഗീയതയുടെ പേരിൽ നിർജീവമായി. എ.ഐ.സി.സി.യിൽനിന്നോ വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സഹായധനം വാങ്ങിക്കാതെ, പ്രവർത്തകർ നൽകിയ സംഭാവനകൊണ്ടാണ് പാർട്ടി മുന്നോട്ടുപോയത്. തദ്ദേശതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നത് സത്യമാണ്. എങ്കിലും സി.പി.എമ്മിനെക്കാൾ നേരിയ വോട്ടിന്റെ ശതമാനം കൂടുതൽ ലഭിച്ചത് കോൺഗ്രസിനാണ്. ഓരോ വാർഡിലും ഏറ്റവുംമികച്ച സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് കൃത്യമായ മാർഗനിർദേശം നൽകിയിരുന്നു. ഇത് ഒരിടത്തും പാലിക്കപ്പെട്ടില്ല. എവിടെയെങ്കിലും പാലിച്ചോ, അവിടെ മികച്ച വിജയമുണ്ടായി. പിന്നെ സി.പി.എം.-ബി.ജെ.പി. രഹസ്യധാരണ. ഈ രഹസ്യധാരണയെക്കുറിച്ച് ഞാൻ പരസ്യമായി പറഞ്ഞിരുന്നു. ആർ.എസ്.എസ്. സഹയാത്രികനായ ബാലശങ്കർ ഇത് തുറന്നുപറഞ്ഞപ്പോൾ ഞെട്ടലോടെയാണ് കേരളം അതുകേട്ടത്. നിയമസഭാതിരഞ്ഞെടുപ്പിൽ ഇതാവർത്തിക്കുമെന്ന് ഞാൻ പറഞ്ഞു. മഞ്ചേശ്വരത്ത് സി.പി.എമ്മും ബി.ജെ.പി.യും ധാരണയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ വിമർശിക്കാൻ പാർട്ടിക്കുള്ളിൽ ആളുണ്ടായി. വോട്ടെണ്ണിയപ്പോൾ 3.6 ശതമാനം വോട്ട് സി.പി.എമ്മിന് അവിടെ നഷ്ടപ്പെട്ടിരിക്കുന്നു. സെലക്ടീവായി  സി.പി.എം.-ബി.ജെ.പി. ധാരണ നടപ്പാക്കി.

? കെ.പി.സി.സി. മാർഗനിർദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല
=  കെ.പി.സി.സി. നൽകുന്ന മാർഗനിർദേശം നടപ്പാക്കേണ്ടത് ഡി.സി.സി., ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളാണ്. ഇത് പാലിച്ചില്ല. പരാതികൾ കൂമ്പാരമായി എന്റെ മുന്നിലെത്തി. അപ്പോഴേക്കും ഏറെ വൈകിപ്പോയി. കുറ്റം എന്റേതാണോ. ഈ പരാജയത്തിൽ ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി., കെ.പി.സി.സി. കമ്മിറ്റികൾക്ക് ഉത്തരവാദിത്വമുണ്ട്. ഇത്  കൂട്ടുത്തരവാദിത്വമാണ്. ആരിലും ദുരുദ്ദേശ്യം ആരോപിക്കുന്നില്ല. ഗ്രൂപ്പുകൾ, പ്രാദേശികനേതാക്കളെ പിണക്കാതിരിക്കാൻ സ്വന്തക്കാരെ തിരുകിക്കയറ്റി. ഗ്രൂപ്പുകൾക്ക് പല സമ്മർദങ്ങൾക്കും വഴങ്ങേണ്ടിവന്നു. ഇത് ഉണങ്ങാത്ത മുറിവായിമാറി.
 
? ഗ്രൂപ്പുകളുടെ അതിപ്രസരം മുറിച്ചുകടക്കാൻ താങ്കൾക്ക് എന്തുകൊണ്ടാണ് സാധിക്കാതെപോയത്
=  ഗ്രൂപ്പിൽനിന്ന് കോൺഗ്രസിനെ പൂർണമായി മോചിപ്പിക്കാൻ കഴിയുമോ. അംഗീകരിക്കാൻകഴിയാത്ത പലവിഷയത്തിലും ഞാൻ കടുംപിടിത്തം പിടിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ അഭിപ്രായം തുറന്നുപറഞ്ഞു. പ്രസിഡന്റായി പ്രവർത്തിച്ച രണ്ടരവർഷത്തിൽ  ഭാരവാഹികളെ കിട്ടാൻപോലും ഒരുവർഷത്തിലേറെ  കാത്തിരിക്കേണ്ടിവന്നു. എല്ലാവരുടെയും സഹകരണം വേണ്ടേ. ഗ്രൂപ്പുകൾക്കെതിരേ സംഘർഷത്തിനോ സംഘട്ടനത്തിനോ തയ്യാറായിരുന്നെങ്കിൽ ഇതിലും എത്രയോമുമ്പ്‌ ഞാൻ കെ.പി.സി.സി.യുടെ പടിയിറങ്ങേണ്ടിവരുമായിരുന്നു.

? ഭാരവാഹികളെ കിട്ടാൻ ഒരുവർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്
= ഭാരവാഹികളുടെ എണ്ണത്തിലുള്ള തർക്കമായിരുന്നു കാരണം. വിലപ്പെട്ട ഒരുവർഷം നഷ്ടപ്പെട്ടു. ഭാരവാഹികളുടെ എണ്ണം 21-ൽ കൂടരുതെന്ന് നിർബന്ധം പിടിച്ചു. തർക്കമായി. ഒടുവിൽ ഒരുവർഷം പിന്നിട്ടിട്ടും ഭാരവാഹികളെ നിശ്ചയിക്കാൻ കഴിയുന്നില്ലെന്ന വിമർശനമായി. ഒടുവിൽ വിട്ടുവീഴ്ചചെയ്യേണ്ടിവന്നു. പിന്നെ കിട്ടിയതാവട്ടെ ജംബോ കമ്മിറ്റി. എം.പി.മാരും മുതിർന്നനേതാക്കളും ഭാരവാഹികളുടെ ലിസ്റ്റ്  തരും. ഒരു പ്രസിഡന്റ് എന്തുചെയ്യണം. 

? തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത്  മുന്നണിയും പാർട്ടിയും എടുത്ത പലതീരുമാനങ്ങളും താങ്കൾ അറിഞ്ഞിരുന്നില്ല എന്നത് സത്യമാണോ
=  അതേക്കുറിച്ച് ഇപ്പോൾ ഒരു പോസ്റ്റ്‌മോർട്ടം നടത്താൻ ആഗ്രഹിക്കുന്നില്ല. ബാലുശ്ശേരിയിലെയും എലത്തൂരിലെയും സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചശേഷമാണ് അവർ പരിഗണനയിലുണ്ട് എന്നുപോലും ഞാനറിയുന്നത്. അത് കൂട്ടായ്മയിൽ എടുത്ത തീരുമാനമാണെന്ന് പറയാനാവില്ല.

? കേരളത്തിൽ സി.പി.എമ്മാണോ ബി.ജെ.പി.യാണോ മുഖ്യ എതിരാളിയെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇപ്പോഴും ആശയവ്യക്തതയില്ല എന്ന ആരോപണം ശരിയാണോ
= രാജ്യത്ത് ഏറ്റവുംവലിയ ഭീഷണി ബി.ജെ.പി.യുടെ  വർഗീയഫാസിസമാണ്. ഇത് കേരളത്തിലെ ഗ്രാമങ്ങളിലും വേരുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ആപത്‌കരമായ സൂചനയാണ്. വർഗീയഫാസിസ്റ്റുകളെ വളരാൻ അനുവദിച്ചുകൂടാ. എന്നാൽ, ആ വർഗീയഫാസിസത്തിനനുകൂലമായ നിലപാടെടുത്ത പാർട്ടിയാണ് സി.പി.എം. ദേശീയപ്രസ്ഥാനകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയും ഹിന്ദുമഹാസഭയും കൈകോർത്ത് കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.
 ഈ രണ്ടുശക്തികളെയും തോൽപ്പിക്കാൻകഴിയുന്ന ദ്വിമുഖതന്ത്രമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടത്.