ആരോപണങ്ങൾക്കൊണ്ട് പുകമറ സൃഷ്ടിച്ച് വ്യക്തികളെയും ഭരണഘടനാസ്ഥാപനങ്ങളെയും തകർക്കാനുള്ള ഈ ശ്രമങ്ങൾ മാതൃകയായി എല്ലാവരും സ്വീകരിച്ചാൽ ജനാധിപത്യത്തിന്റെ സുഗന്ധം നഷ്ടമാകും. രാഷ്ട്രീയത്തിൽ ദുർഗന്ധം വമിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്പീക്കർ പറയുന്നു. പേര് പറഞ്ഞില്ലെങ്കിലും അത് പ്രതിപക്ഷനേതാവിനുള്ളതാണ് 


ഈ ഉപദേശം നൽകേണ്ട വ്യക്തിതന്നെയാണ് ശ്രീരാമകൃഷ്ണൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസ്സിൽക്കയറി കസേരയും കംപ്യൂട്ടറും തകർത്തെറിഞ്ഞ് അട്ടഹാസം മുഴക്കിയവരിൽ അദ്ദേഹം മുമ്പിലുണ്ടായിരുന്നു. ഇതിനെ ദുർഗന്ധംവമിപ്പിച്ചു എന്നുപോലും പറയാനാവില്ല. ലോകത്തിന്റെ മുമ്പിലേക്ക് കേരളത്തിന്റെ ജനാധിപത്യപവിത്രതയെ കൊന്ന് കുപ്പയിലെറിഞ്ഞതാണ്. അദ്ദേഹമാണ് ജനാധിപത്യത്തിന്റെ സുഗന്ധത്തെക്കുറിച്ച് ഇപ്പോൾ ഉപദേശിക്കുന്നത്.

 എന്താണ് സ്പീക്കർചെയ്ത തെറ്റ്

 76 കോടിരൂപ ചെലവിട്ട് നിർമിച്ച നിയമസഭാമന്ദിരത്തിലിരുന്ന് നാലരവർഷംകൊണ്ട് 100 കോടിയിലധികം രൂപയുടെ നവീകരണ അനുബന്ധ പദ്ധതികൾ നടത്തിയ ഏക സ്പീക്കറാണിത്. 1998-ൽ എല്ലാ സജ്ജീകരണത്തോടെയും മനോഹരമായും പണിപൂർത്തിയാക്കിയ ശങ്കരനാരായണൻ തമ്പിഹാൾ ഒന്നാം ലോകകേരളസഭയ്ക്കായി 1.84 കോടിരൂപമുടക്കി പുതുക്കിപ്പണിതു. ഇതെല്ലാം രണ്ടാം കേരളസഭയ്ക്കുവേണ്ടി പൊളിച്ചുമാറ്റി വീണ്ടും നവീകരിച്ചു. 16.65 കോടിരൂപയാണ് ഇതിനുള്ള ചെലവ് കണക്കാക്കിയത്. ഒറ്റമുണ്ടും ഉടുപ്പുമായി ജീവിതകാലം മുഴുവൻ ഒരു ത്യാഗിവര്യനെപോലെ ജീവിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു ശങ്കരനാരായണൻ തമ്പി. അദ്ദേഹത്തിന്റെ പേരിലുള്ള ഹാളിലാണ് ഒരു കമ്യൂണിസ്റ്റ് ഭരണത്തിൽ കമ്യൂണിസ്റ്റുകാരനായ ഒരു സ്പീക്കർ ഇതൊക്കെ ചെയ്യുന്നത്. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്നപേരിൽ രണ്ടുപരിപാടി നടത്തി. ഇതിനായി ചെലവാക്കിയത് 2.62 കോടി. പരിപാടിയുടെ നടത്തിപ്പിന് അഞ്ചുപേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചു. ഇവർ ഇപ്പോഴും തുടരുന്നു. അവർക്ക് ഇതുവരെ നൽകിയ ശമ്പളം 21.61 ലക്ഷം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 7.5 ലക്ഷം മുടക്കി നിർമിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചുമാറ്റി ഇ.എം.എസ്.സ്മൃതി സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന് ചെലവ് 82.56 ലക്ഷം. 8.1 കോടിരൂപയ്ക്ക് ഹിമാചൽ പ്രദേശിൽ എൻ.ഐ.സി. പൂർത്തിയാക്കിയ ഇ-നിയമസഭ പദ്ധതിക്ക് ഇവിടെ നൽകിയത് 52.32 കോടിക്കുള്ള ഭരണാനുമതി. ഇതൊന്നും പുകമറയല്ല, വസ്തുതകളും തെളിവുകളുംമാത്രമാണ്. ഇനി പറയൂ, ഈ സ്പീക്കറുടെ ധൂർത്തും അഴിമതിയും ഇനിയും മിണ്ടാതിരിക്കണോ?

 ഇതൊന്നും സ്പീക്കർ എന്നനിലയിൽ ഒരു വ്യക്തിമാത്രം ചെയ്യുന്നകാര്യമല്ലെന്ന് ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ജനപ്രതിനിധികൾ അടങ്ങുന്ന സമിതി പരിശോധിക്കുന്നുണ്ടല്ലോ

 എല്ലാം സ്പീക്കർ ഒറ്റയ്ക്കുചെയ്ത കാര്യങ്ങളാണ്. ഇ-നിയമസഭ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 2017 ഫിബ്രവരിയിൽ ഊരാളുങ്കൽ അപേക്ഷ നൽകി. 2019 ജനുവരിയിൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നു. 2019 മാർച്ചിൽ 52.32 കോടിരൂപയുടെ ഈ പദ്ധതിക്ക് സ്പീക്കർ ഭരണാനുമതി നൽകുന്നു. മാത്രമല്ല, മൂന്നുമാസം കഴിഞ്ഞപ്പോൾ 13.59 കോടിരൂപ ഊരാളുങ്കലിന് മൊ​ബി​ലൈസേഷൻ അഡ്വാൻസ് തുകയും നൽകുന്നു. ഇതെല്ലാം ചെയ്തത് സ്പീക്കർ സ്വന്തം നിലയിലാണ്. ഈ ഘട്ടത്തിലൊന്നും ജനപ്രതിനിധികളുടെ സമിതി രൂപവത്കരിച്ചിട്ടില്ല. 2020 ജനുവരിയിലാണ് പദ്ധതി നിർവഹണമേൽനോട്ടത്തിന് എം.എൽ.എ.മാരുടെ സമിതിയെ നിശ്ചയിച്ചത്. കരാർ നൽകി, അഡ്വാൻസ് പണവും നൽകിയശേഷം രൂപവത്കരിച്ച ഈ സമിതിക്ക് എങ്ങനെയാണ് കരാറിന്റെ ഉത്തരവാദിത്വമുണ്ടാകുക. മാത്രമല്ല, ഇതുപോലെ പാലാരിവട്ടം പാലം നിർമാണത്തിന് കരാറുകാർക്ക് അഡ്വാൻസ് തുക നൽകിയെന്നതാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെതിരേ കേസെടുത്തിട്ടുള്ളത്. അതേനിയമം ശ്രീരാമകൃഷ്ണനും ബാധകമല്ലേ?.

 ഇബ്രാഹിംകുഞ്ഞ് നടത്തിയ തെറ്റിനെ ഇതുമായി താരതമ്യംചെയ്യുന്നതിൽ കഴമ്പില്ല, രണ്ടും രണ്ടാണെന്നാണ് സ്പീക്കർ വിശദീകരിച്ചിട്ടുള്ളത്

 രണ്ടും രണ്ടല്ലെന്നുമാത്രമല്ല, ശ്രീരാമകൃഷ്ണൻ ചെയ്തത് അതിനെക്കാൾ കൂടിയ കുറ്റവുമാണ്. പാലാരിവട്ടം പാലം നിർമിച്ചത് ഇബ്രാഹിം കുഞ്ഞായതുകൊണ്ടല്ല അദ്ദേഹം പ്രതിയായത്. കരാർകമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയെന്നതാണ്. ആ അഡ്വാൻസ് തുകയ്ക്ക് പലിശനിശ്ചയിച്ചാണ് അദ്ദേഹം അനുവദിച്ചത്. ഇതേരീതിയിലാണ് ഊരാളുങ്കലിന് ശ്രീരാമകൃഷ്ണനും അഡ്വാൻസ് നൽകിയത്. അതിന് പലിശപോലും ഈടാക്കിയിട്ടുമില്ല. പ്രത്യേക കേസായി പരിഗണിച്ച് 13.59 കോടി രൂപ അഡ്വാൻസായി നൽകണമെന്ന് സ്പീക്കർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള നിയമസഭാസെക്രട്ടേറിയറ്റിന്റെ ഉത്തരവിലുള്ളത്. പിന്നെ എങ്ങനെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേ ചുമത്തിയ കുറ്റം സ്പീക്കർക്ക് ബാധകമാകാതിരിക്കുന്നത്.

 താങ്കൾക്കെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് ആരോപണം ഉന്നയിച്ചുതുടങ്ങിയതെന്ന് സ്പീക്കർ പറയുന്നുണ്ടല്ലോ

 എനിക്കെതിരേയുള്ള അന്വേഷണം ഞാൻ നേരിട്ടുകൊള്ളും. പക്ഷേ, ഒരുകാര്യം ഓർക്കണം. ഇതേകേസിൽ  സർക്കാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രിമാരായ രണ്ടുപേർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാൻ തെളിവില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ എനിക്കെതിരേ അന്വേഷണം നടത്താൻ സ്പീക്കർ അനുമതി നൽകിയത് തെളിവുണ്ടോയെന്ന് പരിശോധിക്കുകപോലും ചെയ്യാതെയാണെന്ന് വ്യക്തമല്ലേ. 

 സ്വർണക്കടത്തിൽ സ്പീക്കറെ സംശയത്തിന്റെ നിഴലിൽനിർത്തുന്നത് പ്രതിപക്ഷ നേതാവുകൂടിയല്ലേ  

 ഈ കേസിലുൾപ്പെടെ സ്പീക്കറുടെ പങ്ക് ചൂണ്ടിക്കാട്ടി പ്രചരിക്കുന്ന കഥകൾ ഏറെയുണ്ടെങ്കിലും അതൊന്നും ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. പക്ഷേ, പുറത്തുവരേണ്ട വിവരങ്ങൾ ഏറെയുണ്ട്. എന്തായാലും നിയമസഭ നടക്കുന്ന ദിവസത്തെ തിരക്കിനിടയിൽ സ്വപ്നയുടെ ക്ഷണം സ്വീകരിച്ച്, ഇതേകേസിലെ പ്രതിയുടെ സ്ഥാപനം ഉദ്ഘാടനംചെയ്യാൻ ഓടിയപ്പോയ ആളാണ് ശ്രീരാമകൃഷ്ണൻ. ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾ വിദേശത്തുപോകുമ്പോൾ അനുമതി വാങ്ങേണ്ടതുണ്ട്. സ്പീക്കറുടെ പല വിദേശയാത്രകളും അനുമതിയില്ലാതെയാണ്. അതിൽ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്നതും ആരെയൊക്കെ കണ്ടുവെന്നതും അന്വേഷണത്തിലൂടെ വെളിെപ്പടേണ്ടതാണ്. സ്വർണക്കടത്ത് കേസിലുൾപ്പെടെ അദ്ദേഹത്തിന് പങ്കുണ്ടോയെന്നും അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്. പ്രതികളുടെ മൊഴികൾ കോടതിയിലുണ്ട്. അത് അന്വേഷണ ഏജൻസികൾ പുറത്തുവിടുംവരെ അദ്ദേഹം പരിശുദ്ധനാണെന്ന് കരുതാനാവില്ല.