‘‘യഥാർഥ പ്രതിപക്ഷത്തിന്റെ കടമയും ധർമവുമാണ് സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയെന്നത്. അതുകൊണ്ടുതന്നെ ഞാനത് ചെയ്യും. കിഫ്ബി ബോണ്ടിന്റെ കാര്യത്തിൽ സർക്കാർ നടപടികൾ ദുരൂഹമാണ്’’ -രമേശ് ചെന്നിത്തല തന്റെ വാദങ്ങൾ ശക്തിയുക്തം നിരത്തുന്നു, തിരുവനന്തപുരത്ത് പത്രക്കാരുടെ മുന്നിൽ. സംസ്ഥാനം മുഴുവൻ ഓടിനടന്ന് യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണം നടത്തുന്നതിനിടയിലും സർക്കാരിനുനേരെയുള്ള ആക്രമണം ശക്തമാക്കാൻ രമേശ് ചെന്നിത്തല തയ്യാറാവുന്നു. അതിരാവിലെ തുടങ്ങുന്ന തിരക്കിന്റെ ഘോഷയാത്രയിൽ എല്ലായിടത്തും രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന്റെ ശബ്ദമാകുന്നു; കോൺഗ്രസുകാരുടെ ആവേശവും. ഫോണിലും മൈക്കിലും പത്രക്കാരോടും സംവദിച്ച് തിരഞ്ഞെടുപ്പുഗോദയിൽ പ്രതിപക്ഷനേതാവ് എന്നും സക്രിയമാണ്. പ്രതിപക്ഷനേതാവിനൊപ്പം ഒരുദിനം...

 യോഗയിൽ തുടക്കം; സസ്യാഹാരം

തിരഞ്ഞെടുപ്പായതോടെ യാത്രകളും യോഗങ്ങളും കാരണം ഉറക്കം കുറവാണ്. തലേദിവസം എത്ര തിരക്കുണ്ടായിരുന്നാലും എല്ലാ ദിവസവും കൃത്യം 5.30-ന് ഉറക്കമുണരും. എവിടെയായാലും മുടങ്ങാതെ യോഗ ചെയ്യും. നടത്തവും പതിവാണ്. തുടർന്ന് പത്രവായന. കന്റോൺമെന്റ് ഹൗസിലെ നടുമുറ്റത്ത് പത്രവായനയ്ക്കായി പ്രത്യേക സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പത്രങ്ങളും വിശദമായി വായിക്കും. 
പിന്നീട് കുളികഴിഞ്ഞാൽ പ്രാർഥനയാണ്. ഭാര്യ അനിത, മകൻ ഡോ. രോഹിത്, മരുമകൾ ശ്രീജ എന്നിവരോടൊപ്പം പ്രഭാതഭക്ഷണം. സസ്യാഹാരംമാത്രം. ദോശയും ഇഡ്ഡലിയുമാണ് പ്രിയമെന്ന് ഭാര്യ അനിത. രണ്ടുദോശയോ ഇഡ്ഡലിയോ ആണ് പതിവ്. ചായ കുടിച്ചുകൊണ്ട് തീൻമേശയ്ക്കുമുന്നിലിരുന്നുതന്നെ രാഷ്ട്രീയചർച്ച തുടങ്ങി. സംസ്ഥാനത്ത് ഇത്തവണ യു.ഡി.എഫ്. തരംഗമാണെന്ന് രമേശ് ചെന്നിത്തല ഉറപ്പിച്ചുപറയുന്നു. ലഘുവായി ഭക്ഷണംകഴിച്ച് ഔദ്യോഗിക തിരക്കുകളിലേക്ക്‌. ഇതിനിടയിൽ ഒട്ടേറെ ഫോൺകോളുകൾക്ക് മറുപടി നൽകുന്നുണ്ട്. പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഓരോ നിമിഷവും അന്നത്തെ പരിപാടികളുടെ സമയക്രമം ഓർമിപ്പിക്കുന്നുണ്ട്.

വിവാഹക്ഷണംമുതൽ പ്രസംഗംവരെ

രാഹുൽഗാന്ധിയും സോണിയാഗാന്ധിയുമുൾപ്പെടെയുള്ള കേന്ദ്രനേതാക്കളുടെ കേരളസന്ദർശനം സംബന്ധിച്ച് ഡൽഹിയിൽനിന്നുള്ള ഫോൺ. ഇതിനിടെ പ്രചാരണപ്രവർത്തനങ്ങൾ അറിയിച്ച് നെയ്യാറ്റിൻകരയിലെ പ്രദേശികനേതാവിന്റെ വിളി. എല്ലാവരോടും കൃത്യമായ മറുപടിക്കുശേഷം അടുത്ത പരിപാടിയിലേക്ക്‌.8.30-ന് തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളുടെ അവലോകനയോഗം. വി.എസ്. ശിവകുമാർ എം.എൽ.എ.യും മറ്റ് ചുമതലക്കാരും കാത്തിരിക്കയാണ്. പിന്നീട് തിരഞ്ഞെടുപ്പുചർച്ചകൾ. അതിനിടയിൽ ഒരു പാർട്ടിപ്രവർത്തകൻ വിവാഹ ക്ഷണക്കത്തുമായെത്തി. കത്തുവാങ്ങി കുശലംപറഞ്ഞശേഷം വീണ്ടും രാഷ്ട്രീയചർച്ച.പ്രചാരണത്തിനായി പ്രതിപക്ഷനേതാവിന്റെ പ്രസംഗം റെക്കോഡ് ചെയ്യാൻ പരസ്യഏജൻസി കാത്തിരിക്കയാണ്. യോഗം കഴിഞ്ഞതും അവരുടെ ഊഴം. അതുകഴിഞ്ഞതും നേതാക്കളുൾപ്പെടെയുള്ള സന്ദർശകരുടെ നീണ്ട നിര. എല്ലാവരെയും കണ്ടുതീർന്ന് അടുത്ത പരിപാടിയിലേക്ക്‌.കോഴിക്കോട് വെളിമണ്ണ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം കോഴിക്കോട്ടുനിന്ന്‌ ആരംഭിച്ച യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാൻ സെക്രട്ടേറിയറ്റിനുമുന്നിലേക്ക്‌. പ്രചാരണത്തിന്റെ ഇടയിൽനിന്ന് സമരത്തിന്റെ ആവേശത്തിലേക്കാണ് പ്രതിപക്ഷനേതാവ് എത്തിയത്. ചെറിയപ്രസംഗം നടത്തി സമരം ഉദ്ഘാടനംചെയതു. വീണ്ടും കന്റോൺമെന്റ് ഹൗസിലേക്ക്‌. പിന്നെയും രാഷ്ട്രീയചർച്ചകൾ. 

 ‘കോൺഗ്രസ് ചരിത്രവിജയം നേടും’

ഇതിനിടയിൽ കോൺഗ്രസ് വിജയിക്കുന്നതിനുള്ള കാരണം അദ്ദേഹം സമർഥിച്ചു. ഇത്തവണ 20 സീറ്റിലും വിജയസാധ്യതയുണ്ടെന്ന ആത്മവിശ്വാസം മറച്ചുവെക്കുന്നില്ല. രാഹുൽഗാന്ധിയുടെ വരവ് കേരളത്തിൽ യു.ഡി.എഫിന് വൻ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാരിനെതിരേ ജനരോഷമുണ്ട്. വിശ്വാസികൾക്കൊപ്പം നിന്നത് കോൺഗ്രസ് മാത്രമാണെന്നത്‌ പ്രസക്തമാണ്. ബി.ജെ.പി. ശബരിമലയെ രാഷ്ട്രീയാവസരമാക്കി മാറ്റിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷവിഭാഗങ്ങൾ രാഹുൽഗാന്ധിക്കൊപ്പമാണ്. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പോടെ ദേശീയപാർട്ടിപദവി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മുഴുവൻ ഓടിനടന്ന് പ്രചാരണം. സാധാരണ രാവിലെ മുതൽ കുടുംബയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. വൈകുന്നേരം മുതൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഇതിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ചൂട് പ്രചാരണത്തെ ബാധിക്കുന്നുണ്ട്. ചൂടായതിനാൽ പകൽ ധാരാളം വെള്ളം കുടിക്കും. ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ വിശ്രമിക്കും. 

 കിഫ്ബി ബോണ്ടിനെതിരേ ആഞ്ഞടിച്ച് 

12 മണിക്ക് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിലേക്ക്‌.  മസാലബോണ്ടും ലാവലിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഞ്ഞടിച്ച് രേഖകളുടെ സഹായത്തോടെ പത്രസമ്മേളനത്തിൽ ശരിക്കും പ്രതിപക്ഷശബ്ദമായി. ഇതേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ശക്തമായ ഭാഷയിൽ സർക്കാരിനുനേരെ ആരോപണങ്ങൾ ഉന്നയിച്ചു. 
വീണ്ടും കന്റോൺമെന്റ് ഹൗസിലേക്ക്‌. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രാദേശികനേതാക്കളുമായി കൂടിക്കാഴ്ച. തിരക്കിനിടയിൽ പിറ്റേന്ന് കണ്ണൂരിലെ വിവിധ പരിപാടികളുടെ ചാർട്ട് തയ്യാറാക്കുന്നതിന്റെ വിളികൾ. 

ഉച്ചഭക്ഷണത്തിനുശേഷം  മൂന്നുമണിക്കുതന്നെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിൽ. പ്രചാരണവിഭാഗം തയ്യാറാക്കിയ സി.ഡി. പ്രകാശനം. പ്രവർത്തകർക്കായി ചെറിയ പ്രസംഗം.  നേതാക്കളുമായി രാഷ്ട്രീയചർച്ച. മാധ്യമപ്രവർത്തകർക്കായി ചില വിഷയങ്ങളിൽ പ്രതിപക്ഷനേതാവിന്റെ അഭിപ്രായം പറയാൻ വീണ്ടും സമയം കണ്ടെത്തി.

 പ്രവർത്തകരുടെ ആവേശം

വീണ്ടും കന്റോൺമെന്റ് ഹൗസിലെ യോഗങ്ങളിലേക്ക്‌. വൈകീട്ട് മലയിൻകീഴിലാണ് ആദ്യ പൊതുയോഗം. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ പരിപാടിയായിരുന്നു മലയിൻകീഴിൽ. അങ്ങോട്ടേക്കുള്ള യാത്രയിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ വിജയത്തെക്കുറിച്ചും പ്രതിപക്ഷനേതാവിന് സംശയമില്ല. ഇത്തവണ ആറ്റിങ്ങൽ തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണ് അദ്ദേഹം പങ്കുെവച്ചത്. 

മലയിൻകീഴ് ജങ്ഷനിൽ വെടിക്കെട്ടിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെയാണ് പ്രവർത്തകരുടെ സ്വീകരണം. നേരത്തേതന്നെ വൻജനക്കൂട്ടം പ്രതിപക്ഷനേതാവിനെക്കാത്ത് ഇവിടെയെത്തിയിരുന്നു.
താത്കാലികമായി തയ്യാറാക്കിയ സമ്മേളനവേദിക്ക്‌ ഏറെ മുന്നിൽെവച്ചുതന്നെ പ്രവർത്തകർ കൂട്ടമായെത്തി പ്രിയപ്പെട്ട നേതാവിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. പ്രവർത്തകരുടെ ആവേശത്തെ കൂടുതൽ ഉച്ചത്തിലാക്കി അവർക്കിടയിലൂടെ വേദിയിലേക്ക്‌. പീതാംബരക്കുറുപ്പും വി.എസ്. ശിവകുമാറും എൻ. ശക്തനുമുൾപ്പെടെയുള്ള നേതാക്കളോടൊപ്പം വേദിയിലെത്തി. തോർത്തും ഷാളുകളും വേദിയിലെ മുൻനിരയിലിരുന്നവർക്കായി നൽകി പ്രസംഗപീഠത്തിലേക്ക്‌.

സി.പി.എമ്മിനെയും ബി.ജെ.പി.യെയും പ്രതിക്കൂട്ടിലാക്കുന്ന ദീർഘമായ പ്രസംഗം കൈയടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. അടൂർ പ്രകാശിനെ വിജയിപ്പിക്കാൻ ആഹ്വാനം.
രാഹുൽഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് ഇവിടത്തെ പ്രവർത്തകർക്കുള്ള അംഗീകാരമാണെന്ന് അവരെ ഓർമിപ്പിച്ച് മലയിൻകീഴിൽനിന്ന് മടങ്ങിയപ്പോൾ സന്ധ്യ പിന്നിട്ടിരുന്നു. പിന്നീട് കരമന ജങ്ഷനിൽ ശശി തരൂരിന് വോട്ടഭ്യർഥിച്ചെത്തിയപ്പോൾ സമയം രാത്രി 7.30 പിന്നിട്ടു. പ്രവർത്തകരുടെ ആവേശത്തിന് ഇവിടെയും കുറവുണ്ടായില്ല. സി.പി. ജോൺ ഉൾപ്പെടെയുള്ള നേതാക്കളോടൊപ്പം വേദിയിലേക്ക്‌. രാത്രി വൈകി ശ്രീകണ്ഠേശ്വരത്തും പൊതുയോഗത്തിൽ ഉദ്ഘാടകൻ.  വിശ്രമത്തിന് സമയമില്ലാതെ രാത്രി 8.45-ന് കൊച്ചുവേളിയിൽനിന്ന് മംഗലാപുരം എക്സ്പ്രസിൽ കണ്ണൂരിലേക്ക്‌. പ്രതിപക്ഷനേതാവിനൊപ്പം തിരഞ്ഞെടുപ്പുചർച്ചകൾ ചൂളംവിളിച്ച് കണ്ണൂരിലേക്ക്‌. 

Content Highlights: Ramesh Chennithala Election Campaign