കേരളത്തിൽനിന്ന്‌ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മാറ്റിവെച്ച തീരുമാനം റദ്ദുചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി സ്വാഗതാർഹമാണ്‌. തിരഞ്ഞെടുപ്പ്‌ ഏപ്രിൽ 30-ാം തീയതി നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഇപ്പോൾ എടുത്തിരിക്കയാണ്‌. മതിയായ കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ്‌ മരവിപ്പിച്ച നടപടി നിയമവൃത്തങ്ങളെ അദ്‌ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇൗ വിവാദം ഉയർത്തിയ നിയമപ്രശ്നങ്ങൾ പരിശോധിക്കപ്പെടേണ്ട ആവശ്യമുണ്ട്‌. 

ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ നടത്തപ്പെടുന്നത്‌. ഭരണഘടനയുടെ 324-ാം അനുച്ഛേദമനുസരിച്ച്‌ തിരഞ്ഞെടുപ്പുകൾ നിഷ്പക്ഷമായും നീതിപൂർവമായും നടത്താനുള്ള  പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പുകമ്മിഷനുണ്ട്‌. ഈ അനുച്ഛേദം നൽകുന്ന അധികാരങ്ങളെ ‘അധികാരങ്ങളുടെ റിസർവോയർ’ എന്നാണ്‌ സുപ്രീംകോടതി വിശേഷിപ്പിച്ചിട്ടുള്ളത്‌. അതായത്‌, തിരഞ്ഞെടുപ്പ്‌ കമ്മിഷൻ നിലവിലുള്ള നിയമങ്ങൾക്കധീനമായി പ്രവർത്തിക്കുകയും പ്രത്യേക നിയമവ്യവസ്ഥകളില്ലാത്ത സാഹചര്യങ്ങളിൽ 324-ാം അനുച്ഛേദം നൽകുന്ന അധികാരങ്ങൾ ഉപയോഗിക്കുകയുംചെയ്യുക എന്നുള്ള നിലപാടാണ്‌ കോടതി എടുത്തിട്ടുള്ളത്‌. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാനടപടികളും പൂർണമായും ജനപ്രാതിനിധ്യനിയമത്തിലെയും അതനുസരിച്ചുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥയ്ക്കനുസരിച്ചുമാത്രമാണ്‌ നടക്കുന്നത്‌.  

കാലാവധി അവസാനിക്കുംമുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്താമോ
ഇവിടെ ഉയർന്നുവന്നിരിക്കുന്ന ഒരു പ്രധാന നിയമപ്രശ്നം, രാജ്യസഭാംഗങ്ങളുടെ  കാലാവധി അവസാനിക്കുന്നതിനുമുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്തിയിരിക്കണം എന്നു നിഷ്കർഷിക്കുന്നതിന്‌  നിയമപരമായ അടിസ്ഥാനമുണ്ടോ എന്നുള്ളതാണ്‌. ജനപ്രാതിനിധ്യ നിയമത്തിലെ (1981) 12-ാം വകുപ്പ്‌ പ്രകാരം 12-ാം വകുപ്പ്‌ സൂക്ഷ്മമായി പരിശോധിച്ചാൽ ഉണ്ട്‌ എന്നുമനസ്സിലാകും. രാജ്യസഭയിൽനിന്ന്‌ കാലാവധിതീരുമ്പോൾ വിരമിക്കാൻ പോകുന്ന അംഗങ്ങളുടെ ഒഴിവിലേക്ക്‌ വിരമിക്കുന്നതിനുമുമ്പുതന്നെ തിരഞ്ഞെടുപ്പുനടത്തണമെന്ന നിർദേശം വ്യക്തമാക്കുന്നു. അടുത്തത്‌ കാലാവധി തീരുന്നതിനുമുമ്പ്‌ മൂന്നുമാസങ്ങൾക്കകം വിജ്ഞാപനമിറക്കാമെന്നുള്ള വ്യവസ്ഥയാണ്‌. വിജ്ഞാപനമിറക്കിയാൽ തിരഞ്ഞെടുപ്പ്‌ സംബന്ധിക്കുന്ന വിവിധ നടപടികൾ എപ്പോൾ എടുക്കണമെന്ന്‌ 39-ാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

ഈ വ്യവസ്ഥയനുസരിച്ച്‌ വിജ്ഞാപനം ഇറക്കിയതിനുശേഷമുള്ള ഏഴാമത്തെ ദിവസം നാമനിർദേശപത്രിക നൽകാനുള്ള അവസാനദിവസമാണെന്നും അതിന്റെ പിറ്റേദിവസം സൂക്ഷ്മപരിശോധനനടത്തണമെന്നും അതിന്റെ രണ്ടാംദിവസം പത്രിക പിൻവലിക്കാനുള്ള അവസാനത്തീയതിയാണെന്നും അതിനുശേഷം ഏഴാം ദിവസം തിരഞ്ഞെടുപ്പ്‌ നടത്തണമെന്നുമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതായത്‌, പത്രിക സമർപ്പിക്കുന്ന അവസാനത്തീയതിക്കുശേഷം 17-ാം ദിവസം തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ഈ വകുപ്പിലുള്ളത്‌. മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും വിജ്ഞാപനം ഇറക്കുകയും അതിനുശേഷം 17 ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ്‌ നടത്തുകയും ചെയ്യാം. 
അംഗങ്ങളുടെ കാലാവധി തീരുന്നതിനുമുമ്പ്‌ സുഗമമായി തിരഞ്ഞെടുപ്പ്‌ നടത്താനുള്ള ഒരു രീതിയാണ്‌ നിയമത്തിലുള്ളത്‌. 

കഴമ്പില്ലാത്ത വാദങ്ങൾ

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പും സഭയുടെ കാലാവധി തീരുന്നതിനുമുമ്പ്‌ നടത്തമെന്നുള്ളതാണ്‌ നിയമവ്യവസ്ഥ. കാലാവധി തീരുന്നതിനുമുമ്പ്‌ വിജ്ഞാപനം ഇറക്കാമെന്നുമാത്രമേ നിയമത്തിൽ പറയുന്നുള്ളൂവെന്നും തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ പറഞ്ഞിട്ടില്ലെന്നുംമറ്റുമുള്ള വാദഗതികൾ ഇതിനിടെ ഉയർന്നുവന്നിട്ടുണ്ട്‌. ആ വാദങ്ങളിൽ ഒരു കഴമ്പുമില്ല.
കാലാവധി തീരുന്നതിനുമുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്തുകയെന്നുള്ള രീതിയാണ്‌ തിരഞ്ഞെടുപ്പുനിയമത്തിലുള്ളത്‌. അതുകൊണ്ടാണ്‌ കാലാവധി തീരുന്നതിനുമുമ്പ്‌ വിജ്ഞാപനം ഇറക്കാമെന്ന്‌ വ്യവസ്ഥചെയ്തിരിക്കുന്നത്‌. കാലാവധി കഴിഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ നടത്താമായിരുന്നെങ്കിൽ ഈ വ്യവസ്ഥ ആവശ്യമില്ലായിരുന്നു. പക്ഷേ, കമ്മിഷന്റെ ഭാഗത്തുണ്ടായ പിഴവുമൂലം കാലാവധി തീരുന്നതിനുമുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്താൻ കഴിയാതെ വരുകയാണുണ്ടായത്‌. മറ്റൊരു പ്രശ്നം കാലാവധി തീരാൻ പോകുന്ന സഭയ്ക്ക്‌ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടോയെന്നുള്ളതാണ്‌. ധാർമികപ്രശ്നം ഉയർത്തിയതുതന്നെ നിയമപരമായി പ്രശ്നമില്ലെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌. ജനപ്രാതിനിധ്യനിയമത്തിൽ ഒരിടത്തും അങ്ങനെയൊരു വിലക്കില്ല. നേരെ മറിച്ച്‌ യാദൃച്ഛികമായി ഉണ്ടാവുന്ന ഒഴിവിലേക്ക്‌ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നും സീറ്റൊഴിഞ്ഞ അംഗത്തിന്റെ കാലാവധി ഒരു വർഷത്തിൽ കുറവാണെങ്കിൽ തിരഞ്ഞെടുപ്പ്‌ നടത്തേണ്ട ആവശ്യമില്ലെന്നും ഈ നിയമത്തിന്റെ 151 എ വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്‌. കാലാവധി തീരുന്ന നിയമസഭാംഗങ്ങൾക്ക്‌ വോട്ടുചെയ്യാൻ അവകാശമില്ല എന്നുണ്ടെങ്കിൽ നിയമത്തിൽ വ്യക്തമായി അങ്ങനെയൊരു വ്യവസ്ഥ ചെയ്യാമായിരുന്നു. 

1951-ൽ ഉണ്ടാക്കിയ ജനപ്രാതിനിധ്യനിയമത്തിൽ ധാരാളം ഭേദഗതികൾ ഇതിനോടകം നടത്തിയിട്ടുണ്ട്‌. എന്നാൽ, ഇതുവരെ പാർലമെന്റ്‌ അങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നിട്ടില്ല.  അതിനർഥം നിലവിലിരിക്കുന്ന നിയമവ്യവസ്ഥ പര്യാപ്തമാണെന്നും മാറ്റേണ്ട ആവശ്യമില്ലെന്നും നിയമനിർമാതാക്കൾ വിശ്വസിക്കുന്നുവെന്നാണ്‌. ജനപ്രാതിനിധ്യനിയമത്തിന്റെ 152-ാം വകുപ്പിൽ പറയുന്നത്‌ ‘that Legislative assembly’ എന്നാണ്‌. അതായത്‌, നിലവിലുള്ള നിയമസഭാ റിട്ടേണിങ്‌ ഓഫീസർ നിലവിലിരിക്കുന്ന നിയമസഭയിലെ അംഗങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കണമെന്നത്‌. വിജ്ഞാപനം ഇറക്കുമ്പോൾ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ റിട്ടേണിങ്‌ ഓഫീസറെ നിയമിക്കുന്നു. വിജ്ഞാപനം ഇറക്കുന്നത്‌ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പാണ്‌. അപ്പോൾ വിജ്ഞാപനം ഇറക്കുന്ന സമയത്ത്‌ നിലവിലിരിക്കുന്ന നിയമസഭയിലെ അംഗങ്ങളാണ്‌ വോട്ടുചെയ്യേണ്ടതെന്നുള്ളത്‌ സ്പഷ്ടമാകുന്നു.

ഹൈക്കോടതി നിലപാട്‌

നിയമവ്യവസ്ഥകളിൽ വ്യക്തതയുള്ളതുകൊണ്ടാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കാലാവധി തീരുന്നതിനുമുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്താൻ ആദ്യം തീരുമാനിച്ചത്‌. പക്ഷേ, ആ തീരുമാനം കേന്ദ്രസർക്കാരിന്റെ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റിയത്‌ കമ്മിഷന്റെ സ്വാതന്ത്ര്യത്തിനും സത്‌പേരിനും കളങ്കം ചാർത്തുന്നതാണ്‌. കേന്ദ്രസർക്കാരിന്‌ തങ്ങളുടെ അഭിപ്രായം പറയാം. പക്ഷേ, കമ്മിഷൻ നിയമങ്ങളുടെ അടിസ്ഥാനത്തിൽമാത്രമേ തീരുമാനമെടുക്കാൻ പാടുള്ളൂ. ഈ കാര്യത്തിൽ കേരള ഹൈക്കോടതി എടുത്ത നിലപാട്‌ ശ്ളാഘനീയമാണ്‌. മതിയായ കാരണങ്ങളില്ലാതെയാണ്‌ കമ്മിഷൻ തിരഞ്ഞെടുപ്പ്‌ മരവിപ്പിച്ചത്‌. 324-ാം അനുച്ഛേദം അങ്ങനെയൊരു അധികാരം കമ്മിഷന്‌ നൽകിയിട്ടില്ല. 
 
ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ