• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Features
More
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

ശാസ്ത്രത്തിന് എന്തു സംഭാവനയാണ് ഗോള്‍വാള്‍ക്കര്‍ നല്‍കിയത്? തീരുമാനം പിന്‍വലിക്കണം- മുഖ്യമന്ത്രി

Pinarayi Vijayan
Dec 11, 2020, 10:49 PM IST
A A A

ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്തു സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതുണ്ട്

# പിണറായി വിജയൻ, മുഖ്യമന്ത്രി
pinarayi
X

ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരത്ത് ചാരിറ്റബിൾ സൊസൈറ്റി ആയി 1990-ൽ തുടങ്ങിയ സ്ഥാപനത്തെയാണ് പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജി എന്ന പേരിൽ അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്. 2007-ൽ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കി കേന്ദ്രസർക്കാർ അതിനെ പരിവർത്തനം ചെയ്തു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 20 ഏക്കർ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ സംസ്ഥാന സർക്കാർ വിട്ടുകൊടുത്തത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് അതുണ്ടായത്. ജഗതിയിലുള്ള മെയിൻ കാമ്പസിനുപുറമേ മറ്റു രണ്ടു കാമ്പസുകൾകൂടി ഇന്ന് കേരളത്തിൽ ആർ.ജി.സി.ബി.ക്ക് ഉണ്ട്. തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിലും എറണാകുളത്ത് കളമശ്ശേരിയിലുള്ള ബയോനെസ്റ്റിലും.

കേരളം നട്ടുവളർത്തിയ സ്ഥാപനം

കേരളം നട്ടുവളർത്തിയ സ്ഥാപനമാണ് ആർ.ജി.സി.ബി. അതിന്റെ വിപുലീകരണം ഈ നാടിന്റെയാകെ ആഗ്രഹമാണ്. ആ സ്ഥാപനത്തിന്മേലാണ് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവയ്ക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയ്ക്ക് വകയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നാമധേയത്തിൽ സ്ഥാപനം അറിയപ്പെടുന്നതിലും ആരും എതിർപ്പുന്നയിച്ചിട്ടില്ല. ശാസ്ത്രഗവേഷണ രംഗത്ത് അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സ്ഥാപനത്തിന്റെ ഏതു വളർച്ചഘട്ടത്തിലും ശാസ്ത്രപഠനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ യശസ്സ് ആഗോള തലത്തിലുയർത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഔചിത്യം. പ്രഫുല്ലചന്ദ്ര റായിയും ജഗദീഷ് ചന്ദ ബോസും ശ്രീനിവാസ രാമാനുജനും സി.വി. രാമനും മുതൽ ശകുന്തളാദേവിയും കല്പനാ ചൗളയും വെങ്കി രാമകൃഷ്ണനും വരെയുള്ള ശാസ്ത്രപ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് എന്നതും ഈ സന്ദർഭത്തിൽ ഓർക്കണം.

കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഈ ഗവേഷണ സ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കാനാണ്. അതുകൊണ്ടു മാത്രമാണ് അതിന് മാധവ സദാശിവ ഗോൾവാൾക്കറുടെ പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഈയൊരു ഘട്ടത്തിൽ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതുതന്നെ കഴിഞ്ഞ നാളുകളിൽ എൽ.ഡി.എഫ്. സർക്കാരിന്റെ കീഴിൽനടന്ന വികസന ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് ജനശ്രദ്ധ അകറ്റാനും ഇത്തരത്തിലുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് ചർച്ചകളെ തിരിച്ചുവിടാനുമാണ്. രാഷ്ട്രീയതിമിരം ബാധിച്ച തീരുമാനമാണിത്.

ഗോൾവാൾക്കർ എന്തു സംഭാവന നൽകി

ഇവിടെ ഓർക്കേണ്ട പ്രധാന കാര്യം നാമകരണത്തിന്റെ പ്രശ്നം ഉയർന്നുവന്നിരിക്കുന്നത് ഒരു ശാസ്ത്രഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് എന്നതാണ്.

ശാസ്ത്രാവബോധം വളർത്താൻ ഇന്ത്യൻ പൗരന് ഉത്തരവാദിത്വമുണ്ടെന്ന് നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 51 എ -യിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്തു സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട 1940-കളിൽ ആർ.എസ്.എസിന്റെ പരമോന്നത നേതാവായിരുന്നു ഗോൾവാൾക്കർ. ബ്രിട്ടീഷുകാർക്കെതിരേ പൊരുതുന്നതല്ല തങ്ങളുടെ ധർമം എന്നും തങ്ങളുടെ മതത്തിനുവേണ്ടി പോരാടുന്നതാണ് ആർ.എസ്.എസിന്റെ കർത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് സ്വയംസേവകർ ഗുരുജിസ്ഥാനം നൽകിയ ഗോൾവാൾക്കർ. 1945 മുതൽ രാജ്യത്തെമ്പാടും അലയടിച്ച ബഹുജന കർഷകത്തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടോടി. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വതന്ത്ര ഇന്ത്യയിൽ 1973-വരെ ആർ.എസ്.എസിന്റെ സർ സംഘചാലകായി പ്രവർത്തിച്ച ഗോൾവാൾക്കർ ഒരിക്കൽപ്പോലും സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ്. ആസ്ഥാനത്ത് ഇന്ത്യൻ പതാക ഉയർത്തിയിട്ടില്ല.

 ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ 1950-ൽ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. വ്യക്തികൾക്ക് ആവശ്യത്തിൽക്കൂടുതൽ അധികാരങ്ങൾ നൽകുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോൾവാൾക്കർ അതിനെ എതിർത്തു. ലോകത്തെ ഏറ്റവും മഹത്തായ നിയമസംഹിത പ്രദാനംചെയ്തത് മനുവാണെന്നും അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്തിയാണദ്ദേഹം. മനുസ്മൃതിയിൽ പുരുഷന് സ്ത്രീക്കുമേൽ ഉണ്ടാകേണ്ട അധികാരത്തെക്കുറിച്ചുൾപ്പെടെ പറയുന്നത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നായിരുന്നു ഗോൾവാൾക്കറുടെ ഇംഗിതം. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോൾവാൾക്കർ ശ്രമിച്ചത്. 1950-ൽ നാം റിപ്പബ്ലിക് ആയ ദിവസംമുതൽ പത്തുവർഷത്തേക്ക് മാത്രമേ ഡോ. അംബേദ്കർ പട്ടികജാതിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ വേണമെന്ന് പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷേ, അത് തുടർന്നുകൊണ്ടിങ്ങനെ പോവുകയാണ്. ജാതിയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങൾ തുടരാനുള്ള സ്ഥാപിതതാത്‌പര്യങ്ങൾ വളർത്തുമെന്നും സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവർ ഇഴുകിച്ചേരുന്നതിന് ഇത് തടസ്സമാണ് എന്നുമാണു സംവരണത്തെക്കുറിച്ച് ഗോൾവാൾക്കർ അഭിപ്രായപ്പെട്ടത്.

സ്വതന്ത്ര ഇന്ത്യയിൽ നാം നമുക്കുവേണ്ടി തയ്യാറാക്കി നൽകിയ ഭരണഘടന നിലനിൽക്കുകയും അതിൻപ്രകാരം ഇന്ത്യക്കാരായ എല്ലാവരും സമന്മാരായ പൗരന്മാരായിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽത്തന്നെ ഉള്ള ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും ‘വിചാരധാര’യിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. ജാതിവ്യവസ്ഥയും അതിൻപ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നു വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘപരിവാറിന്റെ ‘ഗുരുജി’യായി സ്ഥാനം നേടിയത്. ഹിറ്റ്‌ലറുടെ കീഴിൽ ജർമനിയിൽ നടന്ന വംശഹത്യയിൽനിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠം ഉൾക്കൊള്ളാനുണ്ട് എന്ന് (‘നാം, നമ്മുടെ ദേശീയത നിർവചിക്കപ്പെടുമ്പോൾ’) എഴുതിയ ഗോൾവാൾക്കർ വൈവിധ്യങ്ങൾ സംരക്ഷിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനും ഉദ്‌ബോധിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്.

എന്തൊരു വൈരുധ്യം

ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരിൽ അറിയപ്പെടുന്നത് വൈരുധ്യമാണ്. അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്കൃതത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരിൽ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്രസർക്കാർ ചിന്തിക്കണം. വിവേകമില്ലാത്ത ഈ തീരുമാനത്തിൽ നിന്ന് രാജ്യതാത്‌പര്യത്തിന്റെ പേരിൽ പിന്മാറണം.  കേരളത്തിന്റെ കുഞ്ഞാണ് ആർ.ജി.സി.ബി. അതുകൊണ്ടുതന്നെ അതിന്റെ വികസനഘട്ടത്തിൽ പേര് തീരുമാനിക്കുന്നത് കേരളത്തിന്റെകൂടി അഭിപ്രായം മാനിച്ചുകൊണ്ടാവണം. അതാണ് ജനാധിപത്യമര്യാദ. ഭരണഘടന അനുശാസിക്കുന്ന അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണം. അതാണ് നാടിന്റെ പുരോഗതിക്ക് അനിവാര്യം.

Content Highlights: Rajiv Gandhi Centre for Biotechnology campus, Golwalkar, cm pinarayi vijayan

PRINT
EMAIL
COMMENT
Next Story

ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ

നേരത്തേ 11 നിയമസഭാസീറ്റിൽ മത്സരിച്ച എൻ.സി.പി., ഇടതുമുന്നണിയിൽ വന്നുപോകുന്ന കക്ഷികൾക്കായി .. 

Read More
 

Related Articles

'ഗുരുജിയുടെ പേര് കൊടുക്കും ഖേദമുള്ളവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക്'
News |
News |
ആര്‍.ജി.സി.ബി കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; എതിർപ്പുമായി കോണ്‍ഗ്രസും സിപിഎമ്മും
News |
ആര്‍ജിസിബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണം- രമേശ് ചെന്നിത്തല
Health |
ചെലവുകുറഞ്ഞ ദ്രുതപരിശോധനാ കാര്‍ഡുമായി രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജി
 
  • Tags :
    • M. S. Golwalkar
    • Rajiv Gandhi Centre for Biotechnology
More from this section
T P Peethambaran master
ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ
governor
20,000 പട്ടയങ്ങൾകൂടി വിതരണംചെയ്യും; ഗവർണറുടെ നയപ്രഖ്യാപനം
Joe Biden
കാപ്പിറ്റോളിലെ മിന്നലാക്രമണം അതിജീവിച്ച് അമേരിക്ക
gail
മാറണം നാടിനുവേണ്ടി...
sfi
ശുഭ്രപതാകയുടെ ചരിത്രം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.