raj# ഇ.ജി. രതീഷ്‌

 

അധികാരം കിട്ടുമെന്ന തോന്നൽ കോൺഗ്രസുകാരെ ബാധിച്ചതായി ടോങ്കിലെ സ്വീകരണവേദി വിളിച്ചറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച നട്ടുച്ചയ്ക്കായിരുന്നു ടോങ്ക് ബസ് സ്റ്റാൻഡിനടുത്ത് സച്ചിൻ പൈലറ്റിന്റെ പ്രചാരണ യോഗം.

രണ്ടുമണിക്കൂറായി വെയിലത്തിരിക്കുകയാണ് ആയിരത്തോളം സ്ത്രീകൾ. അവർക്കുമുന്നിൽ മുഖ്യസംഘാടകൻ അക്ബർ ഖാൻ തന്റെ സ്വാധീനം പലരീതിയിൽ അറിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു താത്‌പര്യമില്ലാത്ത ഒരാൾ കൂടുതൽ പ്രസംഗിച്ചപ്പോൾ മൈക്ക് പിടിച്ചുവാങ്ങി. വേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയ വേറെ ഗ്രൂപ്പുകാരനായ യുവനേതാവിനെ പിടിച്ചിറക്കാൻ ശ്രമിച്ചു. മുകളിൽനിന്ന് ഫോൺ വഴി ഇടപെടലുണ്ടായപ്പോൾ പിൻവാങ്ങി.
‘‘രണ്ടു മണിക്കൂർ കഴിയാതെ പൈലറ്റ് വരില്ല. അതുവരെ ഇവർക്കൊക്കെ ഈ നാടകം കളിക്കാൻ സമയം കൊടുക്കണമെന്ന് അദ്ദേഹത്തിനറിയാം. എന്തായാലും ഒരു ഇരുപതിനായിരത്തോളം വോട്ടിന് സച്ചിൻ പൈലറ്റ് ജയിച്ചേക്കും’’ -പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ടോങ്കിലെ കേസർ കിരൺ ചാനലിന്റെ റിപ്പോർട്ടർ രാകേഷ് ശർമ പറഞ്ഞു.

ജയ്‌പുരിനെ അപേക്ഷിച്ച് വലിയമത്സരത്തിന്റെ പ്രതീതിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും വസുന്ധര രാജെ മന്ത്രിസഭയിലെ അംഗവും ബി.ജെ.പി. യുടെ ഏക മുസ്‌‌ലിം സ്ഥാനാർഥിയുമായ യൂനുസ് ഖാനും ഏറ്റുമുട്ടുന്ന ടോങ്കിൽ ഉള്ളത്. പട്ടണത്തിലുടനീളം ഇരുപാർട്ടികളുടെയും കൊടിതോരണങ്ങളും ബാനറുകളും നിറഞ്ഞിരിക്കുന്നു. കോൺഗ്രസിന്റെ ജില്ലാകമ്മിറ്റി ഓഫീസിൽ എല്ലാവരും ആവേശത്തിലാണ്. ‘‘വലിയ വിജയമായിരിക്കും. ഇന്നലെ വസുന്ധര രാജെയും നിതിൻ ഗഡ്കരിയും ഇവിടെ റോഡ്‌ഷോ നടത്തിയിട്ട് അഞ്ഞൂറാളുപോലും കൂടെയുണ്ടായില്ല. സീറ്റു കിട്ടാത്തതിനാൽ നിലവിലെ എം.എൽ.എ. മേത്ത ബി.ജെ.പി.യോട് സഹകരിക്കുന്നില്ല. മുസ്‌‌ലിം വോട്ടുകൾ യുനുസിന് കിട്ടില്ലെന്നുമാത്രമല്ല, ഗുജ്ജർ വോട്ടുകളും ഞങ്ങൾക്കായിരിക്കും.’’ -തിരക്കിനിടയിൽനിന്ന് പാർട്ടിയുടെ ലീഗൽ സെൽ കൺവീനറായ ജാവേദ് ഇക്ബാൽ പ്രവചിച്ചു.
അമ്പതിനായിരത്തോളം മുസ്‌ലിങ്ങളുള്ള മണ്ഡലമാണ് ടോങ്ക്. 46 വർഷമായി കോൺഗ്രസ് ഇവിടെ മുസ്‌ലിം സ്ഥാനാർഥികളെയും ബി.ജെ.പി. ഹിന്ദുക്കളെയുമേ മത്സരിപ്പിച്ചിട്ടുള്ളൂ. ഇത്തവണ ഇരുവരും ആ ചരിത്രം തിരുത്തി. സിറ്റിങ് എം.എൽ.എ. അജിത്കുമാർ മേത്തയെ വെട്ടിയാണ് നഗൗർ ജില്ലയിലെ ദീഡ്വാന മണ്ഡലത്തിലെ എം.എൽ.എ.യായ യൂനുസ് ഖാനെ വസുന്ധര രാജെ ടോങ്കിലേക്ക് നിയോഗിച്ചത്. കുറേ മുസ്‌ലിം വോട്ടുകളും പരമ്പരാഗത ഹിന്ദുവോട്ടുകളും ബി.ജെ.പി.ക്കു കിട്ടിയാൽ പൈലറ്റിന്റെ പണിപാളുമെന്ന് രാജെ കണക്കുകൂട്ടി.

‘‘നിങ്ങൾ നോക്കിക്കോളൂ. വിജയം ബി.ജെ.പി.ക്കൊപ്പമായിരിക്കും. മുഖ്യമന്ത്രിയാകാൻവേണ്ടി പെലറ്റും ഗഹ്‌ലോതും തിരഞ്ഞെടുപ്പിനുമുന്നേ അടികൂടുന്നത് ജനങ്ങൾ കാണുന്നുണ്ട്. കോൺഗ്രസിനുമുകളിൽ കാണുന്ന ഈ ബഹളമേയുള്ളൂ. ഉള്ളിൽ അവർ പൊള്ളയാണ്.’’ -ബി.ജെ.പി.യുടെ മുഖ്യ തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ വെച്ച് മീഡിയ കോ-ഓർഡിനേറ്റർ മഹേന്ദ്രസിങ് കോട്ട പറഞ്ഞു.

സച്ചിന്റെ കണക്കുകൂട്ടലുകൾ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി. വിജയിച്ച മണ്ഡലമാണിത്. അവിടേക്ക് കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സച്ചിൻ പൈലറ്റ് വന്നത് ചില കണക്കുകൂട്ടലോടെയാണ്. 2013-ൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വനിതാനേതാവായ സാക്കിയ ഇനാമായിരുന്നു. ഇവർക്കെതിരേ വിമതനായി മത്സരിച്ച ഡി.സി.സി. പ്രസിഡന്റ് സൗദ് സെയ്ദി രണ്ടാമതെത്തിയതോടെയാണ് ബി.ജെ.പി. വിജയിക്കുന്നത്. സൗദിന്റെ അച്ഛൻ ഡോ. അജ്മൽ സെയ്ദിയുടേത് ടോങ്കിലെ സ്വാധീനമുള്ള പ്രാചീന മുസ്‌ലിം കുടുംബമാണ്. ഇദ്ദേഹത്തിന്റെ അടുത്തസുഹൃത്താണ് സച്ചിന്റെ ഭാര്യാപിതാവായ മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അതിനാൽ ഇത്തവണ സൗദും സംഘവും പാർട്ടിക്കൊപ്പമുണ്ട്. മുപ്പതിനായിരത്തോളം ഗുജ്ജറുകൾ മണ്ഡലത്തിലുണ്ട്. ഇതേ സമുദായക്കാരനായ സച്ചിന് ഇവർ വോട്ടു ചെയ്യുമെന്നും കണക്കുകൂട്ടലുണ്ട്. അച്ഛൻ രാജഷ് പൈലറ്റ് സമീപമുള്ള ദൗസ ലോക്‌സഭാമണ്ഡലത്തിലെ എം.പി.യായിരുന്നു. സച്ചിന്റെ ആദ്യ തിരഞ്ഞെടുപ്പുവിജയവും അവിടെയായിരുന്നു, 28-ാം വയസ്സിൽ.

വേദിയിലെ അവതാരകൻ സച്ചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയെന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. പാർട്ടി അങ്ങനെ തീരുമാനിച്ചിട്ടില്ല എന്നതൊന്നും ടോങ്കുകാർക്ക് പ്രശ്നമല്ല. അവസാനദിവസമായിട്ടും സവായി മധോപുരിൽ പ്രചാരണത്തിന് പോയിട്ടാണ് സ്വന്തംമണ്ഡലത്തിലേക്ക് അദ്ദേഹം വരുന്നത്. അതുതന്നെ അതിരുകടന്ന ആത്മവിശ്വാസത്തിനു തെളിവാണ്. മൂന്നുമണിയോടെ സച്ചിൻ പൈലറ്റ് എത്തിയപ്പോൾ വേദി പൂരപ്പറമ്പായി. തൂവെള്ളവസ്ത്രവും പാൽപ്പുഞ്ചിരിയുമായി കോളേജ് യൂണിയൻ നേതാവിനെപ്പോലുള്ള 42-കാരൻ പെട്ടെന്ന് സദസ്സിനെ െെകയിലെടുത്തു. ‘‘മോദിജിയും അമിത്ജിയും യോഗിജിയും ഒന്നിച്ചു ശ്രമിച്ചാലും രാജസ്ഥാനിൽ അധികാരത്തിലേറുന്നതിൽനിന്ന് കോൺഗ്രസിനെ തടയാനാവില്ല.’’ -പ്രസംഗം മൂന്നുമിനിറ്റിൽ അവസാനിപ്പിച്ചു.

പ്രചാരണത്തിൽ പതിവുള്ള ഇനമാണ് തുലാഭാരം. ബദാംകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ യുവതാരത്തിനെ തൂക്കം നോക്കിയത്. ഉന്തിത്തള്ളിയെത്തിയ അണികൾ തുലാഭാരത്തട്ടും തകർത്ത് പൊത്തോയെന്ന് മേൽക്കുമേൽ വീണു. പൈലറ്റിനെ സുരക്ഷാഭടൻമാർ സംരക്ഷിച്ച് വാഹനത്തിലേക്ക് നയിച്ചു. 2014-ലെ മോദി തരംഗത്തിൽ അജ്മേർ ലോക്‌സഭാമണ്ഡലത്തിൽ സച്ചിൻ പൈലറ്റ് പരാജയപ്പെട്ടതാണ്. വിജയിയായ സൻവർലാൽ ജാട്ട് മരിച്ചതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പ് വന്നു. ആ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷനെന്ന നിലയിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് പൈലറ്റ് തിരിച്ചുവന്നത്. ടോങ്ക് കടന്ന് പൈലറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണാധികാരിയാകുമോയെന്നാണ് അറിയാനുള്ളത്.


ഗിരിജാ വ്യാസ്‌ വരുമോ?

ഹരിലാൽ രാജഗോപാൽ | ചിത്രം: മധുരാജ്

raj‘‘ഞാൻ ഒരു എളിയ കോൺഗ്രസ് പ്രവർത്തക. പാർട്ടി പറയുന്ന ഏതുത്തരവാദിത്വവും സ്വീകരിക്കും.’’ -മുതിർന്ന കോൺഗ്രസ് നേതാവ് ഗിരിജാ വ്യാസ് പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിനുള്ള മറുപടി. സച്ചിൻ പൈലറ്റ്-അശോക് ഗഹ്‌ലോത് വടംവലി പരിധിവിട്ടാൽ ഗിരിജാജിക്ക് സാധ്യതയുണ്ടെന്ന് ഉദയ്‌പുരിലെ ആരാധകർ കരുതുന്നു. തിരഞ്ഞെടുപ്പുപ്രചാരണം കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് ഗിരിജാവ്യാസ്. രാവിലെ എഴുന്നേറ്റ് പുജയ്ക്കൊരുങ്ങുകയാണ്. ഈ മുൻ കേന്ദ്രമന്ത്രിയുടെ ഉദയ്‌പുരിലെ ആർഭാടരഹിതമായ പഴയവീട്ടിൽ നിറയെ കൃഷ്ണന്റെ മേവാഡി ശൈലിയിലുള്ള ചിത്രങ്ങൾ. രാജീവിനൊപ്പമുള്ള സ്വന്തം ചിത്രവുമുണ്ട്.

‘‘മാഡത്തിനു വലിയ താത്പര്യമാണ് ഗിരിജാജിയെ, കല്യാണംപോലും കഴിക്കാതെ രാഷ്ട്രസേവനത്തിനിറങ്ങിയതല്ലേ? പരിചയ സമ്പന്ന. പോരെങ്കിൽ അധ്യാപികയും കവിയും. മുഖ്യമന്ത്രിയാവാൻ സർവഥാ യോഗ്യ.’’ -വീടിനുപുറത്ത് അവരെ കാത്തുനിന്ന പ്രൊഥ നിർമൽ സിങ് കണക്കു കൂട്ടി. ‘‘കോൺഗ്രസിനു നൂറു സീറ്റിനുമേലെ ഒരു വിഷമവുമില്ലാതെ കിട്ടും നിങ്ങളുടെ അനുമാനമെന്താണ്?’’ ഗിരിജാ
വ്യാസിന്റെ മുഖത്ത് ആകാംക്ഷ.

‘‘അവരുടെ കാലംകഴിഞ്ഞു. വെറുതേ ദിവാസ്വപ്നം കാണുകയാണ്.’’ -ബി.ജെ.പി. കാര്യാലയത്തിലെ ദിനേശ്സിങ് പരിഹസിച്ചു. ഗിരിജാവ്യാസിന്റെ എതിരാളി ചില്ലറക്കാരനല്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ. മുൻ സംസ്ഥാനസെക്രട്ടറിയായ അദ്ദേഹം മേവതിൽ പാർട്ടിക്ക് സ്വാധീനുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. അഭ്യന്തരമന്ത്രിയുടെ വീടിനുമുന്നിൽ കുട്ടികൾ ഷട്ടിൽ കളിക്കുന്നു. ആയുധധാരികളോ അനുചരവൃന്ദമോ ഇല്ല. ‘‘കേന്ദ്രത്തിൽ ഭരണമുള്ളതുകൊണ്ട് സംസ്ഥാനത്തും ബി.ജെ.പി. വരണം. വരും. നോക്കൂ, റോഡുകളൊക്കെ വികസിച്ചില്ലേ?’’ -പ്രവർത്തകർ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് റോഡ് വികസനത്തിൽ പുരോഗതിയുണ്ടായി എന്നതുനേര്. മോദിയുടെയും അമിത് ഭായിയുടെയും റാലികൾ, ക്ഷീണിച്ച ബി.ജെ.പി.ആത്മവിശ്വാസത്തിന് ഉണർവേകി എന്ന് അവർ പറയുന്നു.

സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം വന്നാൽ രാജസ്ഥാൻ ഗുജറാത്തു പോലാകും. ഊഷരമായ രാജസ്ഥാനിലേക്ക് പഞ്ചാബിൽനിന്നു വെള്ളം കൊണ്ടുവരുന്ന പ്രവൃത്തിക്ക്  മോദിജി തുടക്കമിട്ടു കഴിഞ്ഞു. ജയ്സാൽമർ വരെ വെള്ളമെത്തിക്കഴിഞ്ഞു. ഭരണത്തുടർച്ച സ്വപ്നംകാണുന്ന കട്ടാരിയയുടെ അനുയായികൾ പറഞ്ഞു.

ലോകത്തിലെ കാല്പനിക നഗരങ്ങളിലൊന്നായ ഉദയ്‌പുരിൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹപൂർവാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ നടക്കുകയാണ്. സിറ്റി പാലസിലും പിച്ഛോല തടാകതീരത്തുമൊക്കെ വമ്പൻ സെറ്റുകളുടെ പണി തകൃതി. സായിപ്പന്മാരാണ് മേൽനോട്ടം. വലിയ പളുങ്കുവിളക്കുകൾ ശ്രദ്ധയോടെ  ലോറികളിൽനിന്നിറയ്ക്കുന്നു. കൊട്ടാരത്തിലെ പലസ്ഥലത്തും സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ‘‘ജോധ്പുരിൽ പോയപ്പോൾ ഉമെയ്ദ് ഭവൻ കൊട്ടാരത്തിൽ കടത്തിവിട്ടില്ല. പ്രിയങ്ക ചോപ്രയുടെ കല്യാണാഘോഷം. ഇവിടെ വന്നപ്പോൾ ഇങ്ങനെ.’’ -ഒരു സംഘം മുബൈ മലയാളികൾ പരാതി പറഞ്ഞു. പ്രത്യേകം ചാർട്ടർ ചെയ്ത ഇരുനൂറോളം വിമാനങ്ങൾ എട്ടിനും ഒമ്പതിനും നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ വരുന്നവരെയും കൊണ്ട് ഉദയ്‌പുരിലെ ചെറിയ വിമാനത്താവളത്തിലിറങ്ങും. ഉദയ്‌പുരിൽ തത്കാലം ചർച്ച തിരഞ്ഞെടുപ്പല്ല എന്നു ചുരുക്കം.