ന്നാം യു.പി.എ. സർക്കാരിനുള്ള ഇടതുപക്ഷ പിന്തുണ പിൻവലിച്ചതിന്റെ തൊട്ടടുത്തദിവസം പ്രധാനമന്ത്രി മൻമോഹൻ സിങ്‌ പറഞ്ഞു; ‘‘അവർ ഇതുവരെ എന്റെ ഉറക്കം കെടുത്തുകയായിരുന്നു. മുൾമുനയിലൂടെയാണ് അവർ ഞങ്ങളെ നടത്തിച്ചത്’’.  ഇടതുപക്ഷമായിരുന്നു അദ്ദേഹം പറഞ്ഞ ആ അവർ. പൊതുമിനിമം പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ഇടതുപക്ഷം ചെലുത്തിയ സമ്മർദത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കടുത്ത വാക്കുകൾ. ആ പരിപാടിയിൽ സാമാന്യജനങ്ങൾക്കുവേണ്ടിയുള്ള നയങ്ങളും നടപടികളും കടന്നുവന്നത് ഇടതുപക്ഷത്തിന്റെ നിലപാടുമൂലമായിരുന്നു. തൊഴിലുറപ്പുനിയമവും വനാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും വിവരാവകാശ നിയമവും ഒന്നാം യു.പി.എ. സർക്കാരിനെ വ്യത്യസ്തമാക്കി.  മൃഗീയ ഭൂരിപക്ഷവുമായി കോൺഗ്രസ് ഭരിച്ചപ്പോഴൊന്നും ചിന്തിക്കാതിരുന്ന നിയമങ്ങളാണ് ഇവ ഓരോന്നും. ആ നിയമങ്ങൾ നടപ്പാക്കിക്കാൻ കാണിച്ച സമ്മർദമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയത്. 

നവലിബറലിസത്തിന്റെ ‘ന്യായം’ ?

രണ്ടാം യു.പി.എ. സർക്കാരിന് അത്തരം മുൾമുനകൾ ഒന്നുമില്ലായിരുന്നു. ഇടതുപക്ഷ പിന്തുണയുടെയോ  പൊതുമിനിമം പരിപാടിയുടെയോ ബാധ്യതകളൊന്നും ഇല്ലാതിരുന്ന ആ സർക്കാർ വളരെവേഗം ജനദ്രോഹത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടിൽ മുങ്ങിത്താണു. രണ്ടാം യു.പി.എ. കുംഭകോണങ്ങളുടെ കൂടാരമായിരുന്നു. സ്‌പെക്‌ട്രം കുംഭകോണം, കൽക്കരി കുംഭകോണം, എണ്ണപ്പാടം കുംഭകോണം തുടങ്ങിയവ ആയിരുന്നു അതിന്റെ മുഖമുദ്ര. നവലിബറൽ വികസനത്തിന്റെ അനിവാര്യഭാഗമാണ് അഴിമതി എന്നുപറഞ്ഞ് മൻമോഹൻ സിങ്‌ അതിനെ വെള്ളപൂശി. പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് അടിയറവെച്ചത് രണ്ടാം യു.പി.എ. ആണ്. ഒന്നും രണ്ടും യു.പി.എ.കൾ തമ്മിൽ നയപരമായും രാഷ്ട്രീയമായും വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആരുടെ താത്‌പര്യങ്ങൾക്ക് പ്രാമുഖ്യം കല്പിക്കണം എന്ന ചോദ്യത്തിൽനിന്ന് ഉണ്ടായതാണ് നയപരമായ വ്യത്യാസങ്ങൾ. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് അവയെ തമ്മിൽ ഗുണപരമായി വേർതിരിക്കുന്നത്. ഇടതുപക്ഷം സവിശേഷമായ സ്വാധീനംചെലുത്തിയ ഒന്നാം യു.പി.എ., ആ ‘മുൾമുന’ ഇല്ലാതിരുന്ന രണ്ടാം യു.പി.എ. അവയുടെ പാഠങ്ങൾ ഇന്ത്യൻരാഷ്ട്രീയം എന്നും വിലയിരുത്തേണ്ടതാണ്. 
 

ഇടതുപക്ഷ ലക്ഷ്യം

വിധിനിർണായകമായ എല്ലാ പോരാട്ടങ്ങളിലും മുഖ്യശത്രു ആരെന്ന് രാഷ്ട്രീയപ്പാർട്ടികൾക്ക് തീരുമാനിക്കേണ്ടിവരും. ഇടതുപക്ഷത്തെ സംബസിച്ച് സംശയത്തിന്റെ കണികപോലുമില്ല. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന ബി.ജെ.പി.യാണ് ഇടതുപക്ഷത്തിന്റെ മുഖ്യശത്രു. അവരെ അധികാരത്തിൽനിന്ന് കടപുഴക്കി എറിയുകയാണ് ഈ സമരത്തിലെ കേന്ദ്രകടമ. പാർലമെൻറിലെ ഇടതുപക്ഷ സ്വാധീനം വർധിപ്പിക്കലും കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിന്റെ അധികാരത്തിൽ കൊണ്ടുവരലും ഇടതുപക്ഷ ലക്ഷ്യമാണ്. നിലവിലെ സങ്കീർണമായ സാഹചര്യങ്ങൾ പഠിക്കുമ്പോൾ 2014 ആവർത്തിക്കുകയില്ലെന്ന് ഉറപ്പാണ്. ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷവും എൻ.ഡി.എ.യ്ക്ക് മൃഗീയഭൂരിപക്ഷവും ഇനി ഉണ്ടാവുകയില്ല. ഒരു തൂക്കുപാർലമെൻറായിരിക്കും ഉണ്ടാവുകയെന്ന് വിശ്വസിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. 
അത്തരമൊരു സന്ദിഗ്ധാവസ്ഥയിൽ ബി.ജെ.പി.ക്കെതിരേ ഉറച്ചുനിൽക്കുമെന്നുറപ്പുള്ള രാഷ്ട്രീയശക്തികളിൽ ഒന്നാംസ്ഥാനമാണ് ഇടതുപക്ഷത്തിനുള്ളത്. ബി.ജെ.പി.ക്കെതിരായ സമരത്തിൽ കോൺഗ്രസിന് പ്രധാനപ്പെട്ട ഒരുപങ്ക് വഹിക്കാൻ കഴിയേണ്ടതാണ്. എന്നാൽ, എത്ര കോൺഗ്രസ് നേതാക്കൾക്ക് ഈ സമരത്തിന്റെ  രാഷ്ട്രീയമർമം മനസ്സിലാക്കാനാവുന്നുണ്ട്?  രാവിലെ കോൺഗ്രസ് ആയിരുന്ന പല പ്രമുഖനേതാക്കളും ഉച്ചതിരിയുമ്പോൾ ബി.ജെ.പി. ആകുന്നത് ഇന്ന് വാർത്തയല്ലാതായിക്കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ പാർട്ടിയിൽനിന്നും ഗോഡ്‌സെയുടെ ആശയം പേറുന്ന പാർട്ടിയിലേക്കുള്ള ഈ കൂട്ടയോട്ടം ഇന്നത്തെ കോൺഗ്രസിന്റെ യഥാർഥസ്ഥിതി വിളിച്ചോതുന്നു. ജയിച്ചുവരുന്ന എത്ര എം.പി.മാർ തൂക്കുപാർലമെൻറ്്‌  വന്നാൽ ബി.ജെ.പി.യിലേക്ക് പോകാതിരിക്കും? കൃത്യമായ മറുപടിപറയാൻ ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരാൾക്കും കഴിയില്ല.

 ‘പട്ടം പോലെ’

ചരടുപൊട്ടിയ ഒരു പട്ടംപോലെ രാഷ്ട്രീയ ആകാശങ്ങളിൽ ഉഴറുകയാണ് കോൺഗ്രസ്. ഭൂമിയിലെ സത്യങ്ങൾ കാണാനോ അതിൽ സ്വന്തം നിലപാട് സ്വീകരിക്കാനോ അവർക്ക് ആകുന്നില്ല.  നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കും എതിരേ ഗർജിച്ച കോൺഗ്രസ് ഒടുവിൽ സ്വന്തം പാർട്ടി അധ്യക്ഷനെ നിയോഗിച്ചത് കേരളത്തിലെ വയനാട്ടിൽ ഇടതുപക്ഷ സ്ഥാനാർഥിയെ എതിർക്കാനാണ്. ബി.ജെ.പി.വിരുദ്ധ സമരത്തിന്റെ ഭൂമിക എവിടെയാണെന്ന് അവർക്ക് അറിയില്ല. മുഖ്യശത്രുവായ ബി.ജെ.പി.യെ എതിർക്കുന്നതിനുപകരം ഇടതുപക്ഷത്തോട് അങ്കംകുറിക്കാനാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. വയനാട്ടിൽ ബി.ജെ.പി.ക്ക് ഒരു സ്ഥാനാർഥിയില്ല (അവിടെ എൻ.ഡി.എ.സ്ഥാനാർഥി ബി.ഡി.ജെ.എസുകാരനാണ്). കേരളത്തിൽ ബി.ജെ.പി. പ്രബലശക്തിയുമല്ല. എന്നിട്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എന്തുകൊണ്ട് വയനാട്ടിൽ മത്സരിക്കാൻ എത്തുന്നു? ബി.ജെ.പി. സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയോടല്ല എൽ.ഡി.എഫ്. സ്ഥാനാർഥി, സി.പി. ഐ. നേതാവ് പി.പി. സുനീറിനോടാണ് യുദ്ധം ചെയ്യേണ്ടതെന്ന തീരുമാനം കോൺഗ്രസിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ വിളംബരമാണ്. ഒന്നാം യു.പി.എ.യുടെയും രണ്ടാം യു.പി. എ.യുടെയും അനുഭവപാഠങ്ങൾ ഈ പശ്ചാത്തലത്തിലാണ് കൂടുതൽ പ്രസക്തമാകുന്നത്.

എൻ.ഡി.എ. ഭരണത്തിനുശേഷം ഒരു തൂക്ക് പാർലമെന്റ് ഉണ്ടായപ്പോൾ എങ്ങനെയും അധികാരം കൈക്കലാക്കാൻ ആർ.എസ്‌.എസ്‌. നേതൃത്വത്തിൽ ബി.ജെ.പി. എല്ലാ ശ്രമങ്ങളും നടത്തി. ആ നീക്കത്തിൽ അവർ വിജയിക്കുമോ എന്ന ആശങ്ക മതേതര ഭാരതത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചു. ആ ചരിത്ര ദശാസന്ധിയുടെ സൃഷ്ടി ആയിരുന്നു  ഒന്നാം യു.പി.എ. സർക്കാർ. ഇടതുപക്ഷം കൈക്കൊണ്ട അചഞ്ചലമായ ബി.ജെ.പി. വിരുദ്ധ നിലപാടുകൊണ്ടാണ് ഒന്നാം യു.പി.എ. സർക്കാർ ജന്മംകൊണ്ടത്.

1, 2, 3 എഗ്രിമെന്റ് എന്നറിയപ്പെട്ട ആണവക്കരാറിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ വിധേയത്വം കോൺഗ്രസിൽ മേൽക്കൈ നേടിയപ്പോൾ ഒന്നാം യു.പി.എ. പരീക്ഷണം പരാജയപ്പെട്ടു. ബി.ജെ.പി.യുടെ വരവിന് കളമൊരുക്കിയത് സത്യത്തിൽ രണ്ടാം യു.പി.എ.യുടെ ഹിമാലയൻ പരാജയങ്ങളും കോൺഗ്രസിന്റെ നയവൈകല്യങ്ങളുമാണ്. അഞ്ചുകൊല്ലത്തെ ബി.ജെ.പി. ഭരണത്തിനിടയിൽ ഫലപ്രദമായ പ്രതിപക്ഷമാകാൻപോലും പലപ്പോഴും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ദാരിദ്ര്യത്തെക്കുറിച്ചും സാധാരണക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാൻ കോൺഗ്രസ് ദുർബലമായ ശ്രമങ്ങൾ നടത്തി. മതേതര ജനാധിപത്യശക്തികളുടെ ഐക്യത്തെപ്പറ്റിയും ഇടയ്ക്കിടെ അവർ വർത്തമാനം പറഞ്ഞു. 

പാർലമെന്റിൽ നരേന്ദ്രമോദിക്കെതിരേ രാഹുൽഗാന്ധി വിശദമായ ആക്രമണം നടത്തി. അതിനൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ കാണിച്ച പരിഹാസനാടകം ആ നേതാവിന്റെയും പാർട്ടിയുടെയും കഥയില്ലായ്മയുടെ തെളിവായി എന്നും അവശേഷിക്കും. തന്റെ പ്രസംഗത്തിനൊടുവിൽ മോദിയുടെ അടുത്തേക്ക് നടന്നുചെന്ന് അദ്ദേഹത്തെ കെട്ടിപ്പുണർന്നു, രാഹുൽ ഗാന്ധി. പിന്നീട് ആരെയോ നോക്കി നടത്തിയ ഒരു കണ്ണിറുക്കൽകൂടി ആയപ്പോൾ കോൺഗ്രസിന്റെ മോദിവിമർശനത്തിന്റെ നാടകം പൂർത്തിയായി ! 

ഗൗരവം ഉൾക്കൊള്ളാത്ത കോൺഗ്രസ്‌

രാജ്യത്തെ രക്ഷിക്കാനുള്ള മഹത്തായ സമരത്തിന്റെ ഗൗരവവും അർഥവ്യാപ്തിയും ഉൾക്കൊള്ളാൻ കോൺഗ്രസ് പരാജയപ്പെടുകയാണ്. ഗാന്ധി-നെഹ്രു പാരമ്പര്യങ്ങളുടെ സത്തയിൽനിന്നും കോൺഗ്രസ് ബഹുദൂരം അകന്നുപോവുകയാണ്. ആ അകൽച്ച മുഖ്യശത്രു ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥലജല വിഭ്രാന്തിയിലേക്ക് കോൺഗ്രസിനെ നയിക്കുകയാണ്. നെഹ്രൂവിയൻ ദർശനം ഒരിക്കലും അന്ധമായ  ഇടതുപക്ഷവിരോധത്തെ ശരിവെക്കുന്നില്ല. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ശക്തിപ്പെട്ടുകൂടെന്ന് നിർബന്ധമുള്ള ചൂഷകവർഗ ശക്തികളെ സന്തോഷിപ്പിക്കുന്ന നയമാണത്. ബി.ജെ.പി.ക്ക് സ്ഥാനാർഥി ഇല്ലാത്ത വയനാട്ടിൽ ഇടതുപക്ഷത്തെ എതിർക്കാൻ രാഹുൽഗാന്ധി വരുന്നത് കോൺഗ്രസിന്റെ നെഹ്രൂവിയൻ പാരമ്പര്യത്തിന് മുറിവേൽപ്പിച്ചുകൊണ്ടാണ്. അതിന് ആ പാർട്ടി കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. 

(സി.പി.ഐ. നേതാവും രാജ്യസഭാ അംഗവുമാണ് ലേഖകൻ)