സംഘാടകരെപ്പോലും അതിശയിപ്പിച്ച ജനസഞ്ചയത്തിനുമുന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തിയപ്പോൾ പ്രവാസലോകം മാത്രമല്ല, ലോകമാകെ കണ്ടത് പുതിയൊരു നേതാവിനെയായിരുന്നു. കോൺഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുത്തശേഷം ആദ്യമായി യു.എ.ഇ. സന്ദർശിക്കാനെത്തിയ രാഹുലിന്റെ മൂന്നുദിവസത്തെ പര്യടനം അക്ഷരാർഥത്തിൽ വൻ വിജയമായി. ആയിരങ്ങളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞ പൊതുസമ്മേളനം മാത്രമായിരുന്നില്ല അതിന് അടിസ്ഥാനം. യു.എ.ഇ.  രാഷ്ട്രനേതാക്കളിൽ പലരുമായും ഔപചാരികമായ ചർച്ചകൾ നടത്താനും കോൺഗ്രസ് അധ്യക്ഷന് അവസരമൊരുങ്ങി. 

മോദിക്ക് വെല്ലുവിളി
രാജ്യത്തെ വ്യവസായ വാണിജ്യ രംഗങ്ങളിലെ പ്രമുഖരായ ഇന്ത്യക്കാരുമായുള്ള സംവാദം, വിദ്യാർഥികളുമായുള്ള സംവാദം എന്നിങ്ങനെ ഏതാനും പരിപാടികൾ വേറെയും. എല്ലായിടത്തും ഒരു കാര്യം രാഹുലിനുമുമ്പ് സംസാരിച്ചവരോ കൂടെ സഞ്ചരിച്ചവരോ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു -ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം അവസാനിക്കും അടുത്ത പ്രധാനമന്ത്രിയായി രാഹുൽഗാന്ധി അധികാരത്തിലെത്തും. ഈ സന്ദേശം നൽകാൻ രാഹുൽഗാന്ധിയും എല്ലായിടത്തും വരികൾക്കിടയിലൂടെ ശ്രമിച്ചു.

താങ്കൾ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായാൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന ചോദ്യങ്ങൾ  സംവാദവേദികളിലെല്ലാം ഉയർന്നതിനു പിന്നിലും അത്തരം ആസൂത്രണങ്ങൾ ഉണ്ടായിരിക്കണം. ജനുവരി പത്തുമുതൽ 13 വരെയായിരുന്നു യു.എ.ഇ.യിൽ രാഹുലിന്റെ പര്യടനം.  ഓരോ വേദിയിലേക്കും എത്തുന്നതിനുമുമ്പ് മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള ഗൃഹപാഠങ്ങൾ നടത്തിവന്നു എന്ന് സദസ്സിനും ബോധ്യപ്പെടാൻ രാഹുലിന്റെ പ്രകടനം തന്നെ ഉത്തരം.

അവസാനമായി നടത്തിയ പത്രസമ്മേളനത്തിലും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുസഖ്യം മുതൽ ശബരിമല വരെ ഉത്തരങ്ങളിൽ വ്യക്തതയുണ്ടായിരുന്നു. ശബരിമല വിഷയത്തിൽ നേരത്തേയെടുത്ത നിലപാടുകൾക്ക് ഒരു തിരുത്ത് വരുത്താനും രാഹുൽ ശ്രദ്ധിച്ചു. കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകരുടെയും നേതൃത്വത്തിന്റെയും സമ്മർദമാവാം ഇതിന് കാരണം. എന്തായാലും പാർട്ടി കേരളഘടകത്തിന് അതൊരു വലിയ സഹായവുമായി.

ഗൃഹപാഠത്തിന്റെ ഗുണങ്ങൾ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അധ്യക്ഷനെന്ന നിലയിൽ സാം പിത്രോഡയായിരുന്നു എല്ലായിടത്തും രാഹുലിന്റെ സഹായിയും സഹയാത്രികനും. കോൺഗ്രസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കാൻ പോകുന്ന വിഷയങ്ങളുടെ ഒരു ടീസർ തന്നെയായിരുന്നു രാഹുൽ യു.എ.ഇ. വേദികളിൽ  അവതരിപ്പിച്ചത്. അതിൽ ജി.എസ്.ടി. മുതൽ റഫാൽ ഇടപാടുകൾ വരെയുണ്ട്. രാജ്യത്തിന്റെ ‘ചൗക്കിദാറി’നെ കണക്കറ്റ് പരിഹസിക്കാനും രാഹുൽ ഓരോ വേദിയും ഉപയോഗിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരികസമ്മേളനം എന്ന നിലയിലായിരുന്നു സ്വീകരണം ഒരുക്കിയതെങ്കിലും ഫലത്തിൽ അത് കോൺഗ്രസിന്റെ കരുത്തുകാണിക്കാനുള്ള വേദി തന്നെയായി.

എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിലേറെയാണ് ഡൽഹിയിൽനിന്നുള്ള നേതൃസംഘം ദുബായിൽ തമ്പടിച്ച് പരിപാടികൾ ആസൂത്രണം ചെയ്തത്. മോദിക്ക് സ്വീകരണമൊരുക്കാൻ മുന്നിട്ടുനിന്ന വ്യവസായ പ്രമുഖരെയെല്ലാം രാഹുലിന് വേണ്ടിയും രംഗത്തിറക്കാനും സ്വീകരണത്തിന്റെ അമരക്കാരാക്കാനും അവർക്കായി. അല്ലെങ്കിൽ ഭാവി പ്രതീക്ഷയിൽ  അതിനായി വ്യവസായ പ്രമുഖരും മുന്നിൽ നിന്നു. എന്തായാലും മോദിക്ക് ലഭിച്ച സ്വീകരണം പോലെയോ അതിലേറെയോ ആവേശവും ജനപങ്കാളിത്തവും രാഹുലിന്റെ പൊതുസമ്മേളനത്തിലും ദൃശ്യമായി എന്നത് സംഘാടകർക്ക് നൽകിയ ആവേശവും ആത്മവിശ്വാസവും ചെറുതല്ല.

സ്വീകരണം വിജയിപ്പിച്ചതിന് ആദ്യ ദിവസം എല്ലാവർക്കും നന്ദി പറഞ്ഞ കൂട്ടത്തിൽ രാഹുൽ കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകരെ പ്രത്യേകം പരാമർശിക്കാനും മറന്നില്ല. പിറ്റേന്ന് മുസ്‌ലിംലീഗിനും കെ.എം.സി.സി.ക്കും വലിയ നന്ദിപറയാനും രാഹുൽ തയ്യാറായി.  നരേന്ദ്രമോദിക്ക് പിന്തുണയുമായി എത്താറുള്ള സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ രാഹുലിനുവേണ്ടിയും കാര്യമായി ഉണ്ടായി. ദിവ്യസ്പന്ദനയുടെ നേതൃത്വത്തിൽ ഒരു സംഘം ഓരോ മിനിറ്റിലും രാഹുലിന്റെ പര്യടനം സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും എത്തിച്ചു. സോഷ്യൽ മീഡിയയുടെ സ്വാധീനവും സൈബർ ഇടങ്ങളിലെ സാന്നിധ്യവും എങ്ങനെയാണോ മോദിയും സംഘവും ഉപയോഗിച്ചത്, അതേ പാതയിൽ തന്നെയാണ് രാഹുലിന്റെ ബ്രിഗേഡും സഞ്ചരിച്ചത്. ഫലത്തിൽ എല്ലാത്തിനും ഒപ്പത്തിനൊപ്പം എന്ന മട്ടിലായി കാര്യങ്ങൾ.