ഹിന്ദുമതം ഒരു സാംസ്കാരിക ദർശനമാണ്. ഹിന്ദുത്വം എന്നത് ഒരു രാഷ്ട്രീയ പദ്ധതിയും. ഇസ്‌ലാമും ഇസ്‌ലാമിസവും തമ്മിലുള്ള അന്തരത്തെപോലെയോ അതിനെക്കാളേറെയോ സങ്കീർണമായ ഒരു അകലം ഹിന്ദു-ഹിന്ദുത്വ വാദി സംജ്ഞകളിലുണ്ട് എന്നത് നമ്മുടെ രാജ്യത്ത് ആവർത്തിച്ചുപറയേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട്. 

രാഹുൽ ഗാന്ധിയുടെ ജയ്‌പുർ പ്രസംഗത്തിലെ ഹിന്ദു-ഹിന്ദുത്വവാദി പരാമർശങ്ങളുടെ കാതൽ അവിടെയാണ്. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് എന്നാണ് രാഹുൽഗാന്ധി വിശദീകരിക്കുന്നത്. ഹിന്ദു എല്ലാ മതങ്ങളെയും ആദരിക്കുന്നവനാണ്. ഒന്നിനെയും പേടിക്കാത്തവനാണ്. ദ്രോഹം ചെയ്യാത്തവനാണ്. ഗാന്ധിജി ഹിന്ദുവായിരുന്നു. ഞാൻ ഹിന്ദുവാണ്. ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇവിടെ ഇപ്പോൾ ഹിന്ദുത്വവാദികളാണ് ഭരിക്കുന്നത്. ഹിന്ദുത്വ വാദികൾ എല്ലാം നശിപ്പിക്കുകയാണ്. ഇവിടെ ഹിന്ദുത്വവാദികളുടെ ഭരണം മാറി ഹിന്ദുക്കളുടെ ഭരണം വരണം. ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞതിലെ പ്രധാന ആശയങ്ങൾ. 

ഇതാദ്യമായല്ല രാഹുൽ ഗാന്ധി ഈ വിഷയം പറയുന്നത്. നേരത്തേ കോൺഗ്രസ്  സേവാഗ്രാമിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടിയിൽ ഹിന്ദു മതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം രാഹുൽഗാന്ധി പറഞ്ഞിരുന്നു. 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദ് രചിച്ച ‘സൺറൈസ് ഓവർ അയോധ്യ’ എന്ന പുസ്തകത്തിൽ സംഘപരിവാർ ഹിന്ദുമതത്തിന് ബാധ്യതയാണെന്ന നിരീക്ഷണത്തോട് ഹിന്ദുത്വസംഘടനകൾ  അസഹിഷ്ണുത കാണിച്ച സാഹചര്യത്തിലാണ് രാഹുൽഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. സഹിഷ്ണുതയുടെ പ്രതീകമായാണ് ഹിന്ദുവിനെ കാണേണ്ടത്. ലോകം അങ്ങനെയാണ് ഹിന്ദു സംസ്കാരത്തെ കണ്ടത്. ഹിന്ദു എല്ലാവരെയും സ്വീകരിച്ചവനാണ്. സ്വന്തം അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ആത്മീയതയാണ് അതിന്റെ പൊരുൾ. എന്നാൽ, ഹിന്ദുത്വം അങ്ങനെയല്ല. അത് അപരനെ സൃഷ്ടിക്കുന്നതാണ്. അകം ഇരുട്ടിലായിപ്പോയവരാണ്. രാഹുൽഗാന്ധി തന്നെ സേവാഗ്രാം പരിപാടിയിൽ പറഞ്ഞതുപോലെ, അഖ്‌ലാഖിനെ കൊല്ലുന്ന, സിഖുകാരനെ തല്ലുന്ന ഒന്ന് ഹിന്ദുത്വമാണ്. അത് ഹിന്ദുമതമല്ല. ഹിന്ദുമതഗ്രന്ഥങ്ങളോ ഉപനിഷത്തുക്കളോ അങ്ങനെ പറയുന്നില്ല, പഠിപ്പിക്കുന്നില്ല.

രാജ്യത്ത് ഇത്രമേൽ ദുരന്തപൂർണമായ ഭരണം നടക്കുമ്പോൾ ഈ ഭരണകൂടത്തെ വിമർശിക്കാൻ ഇവിടത്തെ ജീവൽപ്രശ്നങ്ങൾമാത്രം പറഞ്ഞാൽ പോരേ എന്ന് ചോദിക്കുന്നവരോടാണ്, രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി ഇവിടെ പറയുന്ന, ഉന്നയിക്കുന്ന രാഷ്ട്രീയവ്യവഹാരം ഈ ജീവൽ പ്രശ്നങ്ങളാണ്. തൊഴിലില്ലായ്മ, പട്ടിണി, നോട്ട് നിരോധനം, ജി. എസ്‌.ടി. സമ്പ്രദായത്തിലെ പിഴവ് എന്നിങ്ങനെയുള്ള വിഷയങ്ങൾ മുൻനിർത്തി സംസാരിച്ചുകൊണ്ടേയിരുന്നപ്പോൾ, ചൈന അതിർത്തിയിൽ  നമുക്കെതിരായി നടത്തുന്ന അധിനിവേശം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ അക്കമിട്ട് വിമർശിച്ചപ്പോൾ, ഇവിടെ ആർക്കാണ് അതുൾക്കൊള്ളാൻ കഴിഞ്ഞത്? ഈ ജീവൽപ്രശ്നങ്ങൾ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ ശക്തമായി പിടിച്ചുലയ്ക്കുന്നതായിരുന്നിട്ടും ഈ വിഷയങ്ങൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് തിരഞ്ഞെടുപ്പുകാലത്ത് ഒരു സംഗതിയേ അല്ലാതാകുന്നത് എന്തുകൊണ്ടാണ്? പാവപ്പെട്ട വലിയൊരു വിഭാഗത്തിന്‌ ഇത് മനസ്സിലാകാതെ പോകുന്നത് എന്ത് കാരണത്താലായിരിക്കും? ആ ഉത്തരമാണ് രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ പ്രസക്തിപറയുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് മാത്രമല്ല, സംഘപരിവാർ വിരുദ്ധ ചേരിയിലെ എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഈ വ്യവഹാരം ഏറ്റെടുക്കുകയാണ് വേണ്ടത്. ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഹിന്ദുവാണ് ഹിന്ദുത്വവാദിയല്ല നമുക്ക് വേണ്ടത് എന്നുപറയുന്നത് മറ്റു മതങ്ങളെയോ വിശ്വാസികളെയോ നിരാകരിക്കലല്ല എന്ന് മനസ്സിലാക്കാൻപോലും പക്ഷേ പലർക്കും കഴിയുന്നില്ല. 2017മുതൽ രാഹുൽ ഗാന്ധി ദേശീയ തലത്തിൽ വിവിധ ജീവൽ പ്രശ്നങ്ങളും അതുപോലെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും കോർപ്പറേറ്റ് വത്കരണം പോലുള്ള വിഷയങ്ങളും ഗൗരവത്തോടെ പറഞ്ഞതുപോലെ മറ്റേത് രാഷ്ട്രീയനേതാവ് പറഞ്ഞിട്ടുണ്ട് എന്ന പരിശോധന കൂടി നല്ലതാണ്.