നെഹ്രു കുടുംബം കോണ്‍ഗ്രസിന്  ഒരേസമയം തിരിയും ചുമടുമാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിന്റെ അമരത്തേക്ക് വരുമ്പോള്‍ തിരിയുടെ വെട്ടമാണോ  ചുമടിന്റെ ഭാരമാണോ കൂടുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ്സിനു മേല്‍ കുടുംബത്തെ അടിച്ചേല്‍പിക്കുകയെന്നത് നെഹ്രുവിന്റെ അജണ്ടയായിരുന്നില്ല. 1959 ല്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ അതിനോടുള്ള നെഹ്രുവിന്റെ സമീപനം  അനുകൂലമായിരുന്നില്ല. താന്‍ പ്രധാനമന്ത്രിയായിരിക്കെ മകള്‍ പാര്‍ട്ടി പ്രസിഡന്റാവുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു   നെഹ്രുവിന്റെ പ്രതികരണം. അന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് യു എന്‍ ധേബറാണ് ഇന്ദിരയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്നു ജി ബി പന്ത് അടക്കമുള്ളവര്‍ ഇതിനെ പിന്താങ്ങി. ഇന്ദിരയുടെ വളര്‍ച്ചയില്‍ വിലങ്ങുതടിയാവരുതെന്ന് പന്ത് നെഹ്രുവിനോട് പറയുകയും ചെയ്തു. മകള്‍ സ്വന്തം നിലയ്ക്ക് വളരെട്ടെയെന്നും താന്‍ അതില്‍ പ്രത്യേകിച്ച് പങ്കൊന്നും വഹിക്കില്ലെന്നുമുള്ള നിലപാടിലേക്ക് നെഹ്രു എത്തുന്നതങ്ങിനെയാണ്.  ഇന്ദിരയെ  മന്ത്രിസഭയില്‍ എടുക്കാന്‍ നെഹ്രു വിസമ്മതിക്കുകയും ചെയ്തു.  ശാസ്ത്രിക്ക് പകരമായി ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത് കാമരാജിന്റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റായിരുന്നു.

ഇന്ദിര പിന്നീട് സ്വയം വളര്‍ന്നു. കാമരാജിനെ വരെ ഒതുക്കാന്‍ കഴിയുന്ന നേതാവും ഭരണാധികാരിയുമായി. ഇന്ദിരയുടെ പ്രതാപകാലത്ത് ജഗ്ജീവന്‍ റാമും ശങ്കര്‍ദയാല്‍ ശര്‍മ്മയും ബറുവയുമൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിച്ചെങ്കിലും ഇന്ദിരയുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായിരുന്നു അവര്‍. ഇന്ദിരയാണ് ഇന്ത്യയെന്ന ബറുവയുടെ പ്രഘോഷണം ഈ നാണക്കേടിന്റെ ഉച്ചസ്ഥായിയായി. കോണ്‍ഗ്രസിനു മേല്‍ നെഹ്രുകുടുംബത്തിന്റെ ആധിപത്യം  ശരിക്കുമൊന്നുലഞ്ഞത് നരസിംഹറാവുവിന്റെ കാലത്തായിരുന്നു. 1992 മുതല്‍ 96 വരെ റാവു പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായിരിക്കെ നെഹ്രുകുടുംബത്തിന്റെ തീട്ടൂരങ്ങളായിരുന്നില്ല കോണ്‍ഗ്രസിനെ നയിച്ചത്. ഈ പരീക്ഷണം തുടര്‍ക്കഥയാക്കുന്നതിന് റാവുവിനായില്ല. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും 96 ലെ തിരഞ്ഞെടുപ്പിലെ പരാജയവും റാവുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. അതോടെ കോണ്‍ഗ്രസ് വീണ്ടും നെഹ്രു കുടുംബത്തിലേക്ക് തിരിച്ചു പോയി.

1998 ല്‍ സോണിയഗാന്ധി  പ്രസിഡന്റാവുമ്പോള്‍ കോണ്‍സ്രിന്റെ നില പരുങ്ങലിലായിരുന്നു. നെഹ്രുവിനോ ഇന്ദിരയ്‌ക്കോ രാജീവിനോ  ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല.  2004 ലെ തിരഞ്ഞെടുപ്പില്‍ സോണിയ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അന്നത്തെ ഒട്ടു മിക്ക കോണ്‍ഗ്രസ് നേതാക്കളും വിശ്വസിച്ചിരുന്നില്ല. സഖ്യകക്ഷി നേതാക്കളായിരുന്ന ലാലുപ്രസാദ് യാദവും കരുണാനിധിയുമാണ് അന്ന് സോണിയയുടെ നേതൃത്വത്തില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വിജയത്തിലേക്ക് നയിച്ചതിനേക്കാള്‍ വലിയൊരു നീക്കം സോണിയ നടത്തിയത് അധികാരം വേണ്ടെന്നു വെച്ചപ്പോഴായിരുന്നു. ആ പൊളിറ്റിക്കല്‍ മാസ്റ്റര്‍സ്‌ട്രോക്ക് ഏല്‍പിച്ച പ്രഹരത്തിന്റെ ക്ഷീണം മാറാന്‍ സംഘപരിവാറിന് ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു.
 
 സോണിയ നേരിട്ട പ്രതിസന്ധി രാഹുലിന് മുന്നിലില്ല. കൈവിട്ടൊരു കളിയാണ് സോണിയ 2004 ല്‍ കളിച്ചത്. ആ കളി പക്ഷേ, വിജയം കണ്ടു. തൊഴിലുറപ്പ് പദ്ധതി , വിവരാവകാശ നിയമം തുടങ്ങിയ കിടിലന്‍ ജനക്ഷേമ പദ്ധതികളിലൂടെ ഒന്നാം യുപിഎ സര്‍ക്കാരിനെ ഒരു സംഭവമാക്കി മാറ്റാനും സോണിയ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനു കഴിഞ്ഞു. 2 ജിയുടെ കരിനിഴലില്‍ 2014 ല്‍ വീഴുമ്പോള്‍ പക്ഷേ, കോണ്‍ഗ്രസിന്റെ നില ദയനീയമായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃ സ്ഥാനം അവകാശപ്പെടാന്‍ പോലുമാവാതെ 44 എന്ന ദുര്‍ബ്ബല അംഗസംഖ്യയിലേക്ക് ഒതുക്കപ്പെട്ട കോണ്‍ഗ്രസിന്റെ തലപ്പത്തേക്കാണ് ഇപ്പോള്‍ രാഹുല്‍ കടന്നുവരുന്നത്. പരാജയങ്ങളുടെ മുനമ്പില്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍  രാഹുലിന് പക്‌ഷേ, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുണ്ട്. സോണിയ ശരദ്പവാറിലും കൂട്ടരില്‍ നിന്നും നേരിട്ടതുപോലൊരു വെല്ലുവിളി രാഹുലിന് മുന്നിലില്ല.

 യുപിഎ സര്‍ക്കാരില്‍ മന്ത്രിയാവാനുള്ള ക്ഷണം രാഹുല്‍ നിരസിക്കുകയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ രാഹുലിനുവേണ്ടി പ്രധാനമന്ത്രി സ്ഥാനം ഒഴിയന്‍ മന്‍മോഹന്‍സിങ് സദാ തയ്യാറായിരുന്നു. ആ പ്രലോഭനം അതിജീവിക്കുന്നതിന് രാഹുലിന് കഴിഞ്ഞുവെന്നത് നിസ്സാരമല്ല. ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും അനുഭവങ്ങള്‍ക്ക് പകരം മറ്റൊന്നില്ല. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ രക്ഷപ്പെടുത്തുന്നതിനായി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കോപ്പി കീറിയെറിഞ്ഞ രാഹുല്‍ പഴങ്കഥയായിരിക്കുന്നു. അമേരിക്കയിലെ ബെര്‍ക്ക്‌ലി സര്‍വകലാശാലയില്‍ നടത്തിയ സംവാദം പകര്‍ന്നു നല്‍കിയ  പ്രതിച്ഛായായില്‍ നില്‍ക്കുന്ന ഈ പുതിയ രാഹുലിനെ  അവഗണിക്കാനാവില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ഒരു കാലം രാഹുല്‍ മറന്നിരിക്കാനിടയില്ല. ഒരു സമ്പൂര്‍ണ്ണ പരാജയമാണ് എന്ന് രാഹുലിനെ ഇന്ത്യയിലെ രാഷ്ട്രീയ പണ്ഡിതന്മാര്‍ എഴുതിത്തള്ളിയതും വിസ്മരിക്കാനാവില്ല. ഈ തിരിച്ചടികള്‍ മറികടന്നാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്കെത്തുന്നത്.

 2004ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് പറഞ്ഞൊരു കാര്യമുണ്ട്. '' ഇതൊരു ദുരന്തമാണ്. പക്‌ഷേ, ഈ ദുരന്തം അവസരമാക്കി മാറ്റാന്‍ നമുക്ക് കഴിയണം. '' ദുരന്തത്തിനിരയായ മത്സ്യതൊഴിലാളികള്‍ക്ക് പുതിയ ബോട്ടുകളും വീടുകളുമൊക്കെ നല്‍കുക വഴി അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് മന്‍മോഹന്‍ പറഞ്ഞത്. അത് വലിയൊരു പരിധി വരെ നിറവേറപ്പെടുന്നത് ഇന്ത്യ കാണുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്നിപ്പോള്‍ ഒരു ദുരന്തനാടകത്തിലെ കഥാപാത്രം പോലെയാണ്. ഈ ദുരന്തം അവസരമാക്കുകയെന്നത് രാഹുലിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ജനാധിപത്യത്തിന്റെ പരിസരങ്ങള്‍ അവേശഭരിതമാവുന്ന കാഴ്ചയാണ് രാഹുലിന്റെ ആരോഹണമെന്നും പറയാനാവില്ല. നെഹ്രുകുടുംബാംഗം എന്നതാണ് ഈ പദവിയിലേക്ക് രാഹുലിനെ കൊണ്ടുവരുന്ന പ്രഥമ യോഗ്യത. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ അംഗീകരിച്ചുവെന്ന് പറയുമ്പോഴും അവര്‍ക്ക് മുന്നില്‍ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഈ ആരോപണത്തിന്റെ  കരിനിഴലില്‍ നിന്ന് മോചിതനാവാന്‍ രാഹുല്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഒരുപക്ഷേ, അമ്മ ചെയ്തതുപോലെ പ്രധാനമന്ത്രിസ്ഥാനം മുന്നില്‍ വന്നു നിന്നാല്‍ ആ വാഗ്ദാനം നിരസിക്കേണ്ട അവസ്ഥയും രാഹുലിന് നേരിടേണ്ടി വന്നേക്കാം.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ അവസാന പിടിവള്ളിയാണ്. സോണിയയുടെ അനാരോഗ്യാവസ്ഥയില്‍  ഇന്നിപ്പോള്‍ കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്താന്‍ രാഹുലല്ലാതെ മറ്റൊരാളില്ല. ഇനിയങ്ങോട്ട് കോണ്‍ഗ്രസിനെ രാഹുല്‍ എങ്ങിനെ നയിക്കും എന്നിടത്താണ് കോണ്‍ഗ്രസിന്റെ ഭാവി. താനല്ലാതെ മറ്റൊരു നേതാവുണ്ടാവരുത് എന്ന ഇന്ദിരയുടെ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കിയത്. കാമരാജും  നീലം സഞ്ജീവ റെഡ്ഡിയും നിജലിംഗപ്പയും എസ് കെ പാട്ടീലുമൊക്കെ ഒതുക്കപ്പെട്ട ഇടങ്ങളിലേക്കാണ് ഡിഎംകെയും തെലുഗുദേശവും ശിവസേനയുമൊക്കെ വേരുകള്‍ പടര്‍ത്തിയത്. ഏറ്റവുമൊടുവില്‍ ജഗന്‍മോഹനെ  ഒതുക്കാനായി ആന്ധ്ര തന്നെ ബലികൊടുത്ത ചരിത്രവും കോണ്‍ഗ്രസിനുണ്ട്. ഈ ചരിത്രം മാറ്റിവെച്ച് പഞ്ചാബില്‍ അമരീന്ദര്‍ സിങിനെ കൊണ്ടുവന്ന കരുനീക്കമാണ് രാഹുല്‍ പിന്തുടരേണ്ടത്. പ്രാദേശികതലത്തില്‍ ശക്തമായ കോണ്‍ഗ്രസ് നേതൃത്വമുടലെടുത്താല്‍ മാത്രമേ മോദിയേയും ബിജെപിയേയും പിടിച്ചുകെട്ടാനാവുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം രാഹുല്‍ ഉള്‍ക്കൊള്ളുമെന്നതിന്റെ സൂചനയാണ് ഗുജറാത്തില്‍ അല്‍പേഷ് താക്കൂറിനെപോലുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിനു പിന്നിലെന്നു വേണം കരുതാന്‍.

പാര്‍ട്ടി പ്രസിഡന്റെന്ന നിലയില്‍ ഗുജറാത്തിലായിരിക്കും ആദ്യം രാഹുല്‍ പരീക്ഷിക്കപ്പെടുക. അവിടെ ബിജെപിക്ക് കാലിടറിയാല്‍ ഇനിയങ്ങോട്ട് കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രാഹുല്‍ യുഗമായിരിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്പുതന്നെ രാഹുലിനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ സോണിയ തീരുമാനിച്ചതിനു പിന്നിലും ഈ സവിശേഷ ഘടകങ്ങളുണ്ടായിരിക്കണം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടാല്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ മുന്നേറ്റം സുഗമമാവണമെന്നില്ല. അതിനു മുമ്പുതന്നെ പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനായാല്‍ 2019 ലെ തിരഞ്ഞെടുപ്പു വരെ രാഹുലിന് മുന്നില്‍ വന്‍ വെല്ലുവിളികളുയരാനിടയില്ല.

സോണിയ പ്രസിഡന്റായ സാഹചര്യമില്ല ഇന്നുള്ളത്. വാജ്‌പേയിയുടെയും അദ്വാനിയുടെയും ബിജെപിയല്ല നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ബിജെപിയാണ് രാഹുലിന്റെ എതിരാളികള്‍. ഏത് കളത്തിലും കളിക്കാനറിയാവന്നവരാണ് ഇരുവരും. ജയിക്കാനായി ഏതറ്റം വരെ പോവാനും മടിക്കാത്തവര്‍. പുത്തൂരം തറവാട്ടിലെ പഴയ അടവുകള്‍കൊണ്ട് ഈ രാഷ്ട്രീയ ചേവകരെ നേരിടാം എന്ന് കരുതിയാല്‍ അതുപോലൊരു മണ്ടത്തരമുണ്ടാവില്ല. കളിക്കാനും  പുതിയ അടവുകള്‍ പഠിക്കാനും ഇനിയിപ്പോള്‍ ഏറിയാല്‍ ഒന്നരക്കൊല്ലം. നെഹ്രു ജനിക്കുന്നതിനും നാലുകൊല്ലം മുമ്പാണ് അലന്‍ ഒക്‌ടേവിയന്‍ ഹ്യും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. വര്‍ത്തമാനകാലം ശോഭനമല്ലെങ്കിലും വലിയൊരു ഭൂതകാലം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കുമില്ല. ആ പഴയ ശോഭ തിരിച്ചുപിടിക്കേണ്ട ദൗത്യമാണ് രാഹുലിന് കൈവന്നിരിക്കുന്നത്.   ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ചരിത്രമാവുമോ അതോ ചരിത്രം സൃഷ്ടിക്കുമോയെന്ന് കണ്ടറിയാന്‍  ഇനിയിപ്പോള്‍ നമ്മള്‍ അധികം കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നില്ല.

content highlights: rahul gandhi, congress