നെഹ്രു കുടുംബവാഴ്ചയെന്ന് ആക്ഷേപിക്കാൻ എതിരാളികൾക്ക് അവസരം ബാക്കിയുണ്ടെങ്കിലും രാഹുൽ ഗാന്ധി എന്ന ചെറുപ്പക്കാരനായ പ്രസിഡന്റിന്റെ രംഗപ്രവേശം 132 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ പുതിയ അധ്യായമാണ്. നേതാവെന്നനിലയിൽ രാഹുൽ ഗാന്ധിയുടെ പരീക്ഷണഘട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. അടിമുടി വെല്ലുവിളിനിറഞ്ഞ കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ കടിഞ്ഞാൺ കൈയിലെടുക്കുന്നത്. 1998-ൽ സോണിയാഗാന്ധി അധ്യക്ഷപദവി ഏറ്റെടുത്ത കാലത്തിനു സമാനം.

രാജ്യമൊട്ടാകെ തകർന്നുകൊണ്ടിരിക്കുന്ന പാർട്ടിക്ക് ജീവശ്വാസം നൽകുകയാണ് രാഹുലിന്റെ പ്രഥമകടമ. അതിലുണ്ടാകുന്ന വിജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും ദേശീയ അധ്യക്ഷൻ എന്ന നിലയിൽ രാഹുലിന്റെ ഭാവി. പാർട്ടിക്കുള്ളിലെ കലഹങ്ങൾ നിയന്ത്രിക്കുകയും കരുത്തരായ എതിരാളികളെ നേരിടുകയും ചെയ്യുക എന്നത് എളുപ്പമല്ലെന്ന് രാഹുലിനും അറിയാം.
അധ്യക്ഷനായി രാഹുലിന്റെ ആരോഹണത്തിൽ അദ്‌ഭുതത്തിനിടമില്ല. സോണിയയായിരുന്നു അധ്യക്ഷയെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി രാഹുൽ ഗാന്ധിയാണ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാനതീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. സോണിയയുടെ അനാരോഗ്യം, രാഹുലിന്റെ പ്രതീക്ഷിക്കുന്ന സ്ഥാനാരോഹണം എന്നീ രണ്ടു ഘടകങ്ങളായിരുന്നു ഇതിനു കാരണം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻപിടിച്ചതും സഖ്യം ഉൾപ്പടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുത്തതും രാഹുലായിരുന്നു.

ഇതേസമയം, രാഹുലിന്റെ വരവ് മുൻകൂട്ടിക്കണ്ട് വ്യക്തിഗത ആക്ഷേപങ്ങളിൽ തളച്ചിടാനായിരുന്നു തുടക്കംമുതൽ ബി.ജെ.പി. ഉൾ​െപടെയുള്ള എതിർപക്ഷ പാർട്ടികൾ ശ്രമിച്ചത്. പാർട്ടിക്കുള്ളിൽ പഴയ പടക്കുതിരകളുടെ എതിർപ്പും ഒപ്പമുണ്ടായിരുന്നു. യുവരാജ, പപ്പുമോൻ തുടങ്ങിയ ആക്ഷേപങ്ങളുയർത്തി ദുർബലനെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള എതിരാളികളുടെ ശ്രമങ്ങൾക്ക്, രാഹുലിന്റെ സ്വന്തം ചെയ്തികളും സഹായമായി. പാർട്ടി പ്രതിസന്ധിയിൽ കുടുങ്ങുമ്പോൾ, അജ്ഞാതവാസത്തിനിറങ്ങുന്ന നേതാവെന്ന പ്രതീതി പൊതുസമൂഹത്തിൽ സൃഷ്ടിച്ചത് എതിരാളികളല്ല, രാഹുൽ തന്നെയാണ്. സോണിയയ്ക്കുശേഷം ആരെന്ന ചോദ്യത്തിന് പ്രിയങ്ക എന്ന് മറുപടിപറയാനാണ് കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം ആദ്യംമുതൽ ശ്രമിച്ചത്. ഇന്ദിരാഗാന്ധിയുമായുള്ള രൂപസാമ്യം, രാഹുലിനേക്കാൾ നേതൃഗുണമുണ്ടെന്ന തോന്നൽ എന്നിവയാണ് പ്രിയങ്കയുടെ പേര് മുന്നോട്ടുവയ്ക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ, താനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെ ആ സാധ്യത അടഞ്ഞു. എങ്കിലും രാഹുലിനോടുള്ള അപ്രിയം ചില മുതിർന്ന നേതാക്കളിൽ ബാക്കിനിൽക്കും. പക്ഷേ, കഴിഞ്ഞ ആറുമാസമായി രാഹുലിന്റെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവരിൽ ചിലർ അഭിപ്രായം മയപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഹുലിന് ലഭിച്ച ജനപിന്തുണയും അവരെ സ്വാധീനിച്ചിരിക്കാം.   

രാഷ്ട്രീയപരിചയമേതുമില്ലാതെയാണ് സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷപദമേറ്റെടുത്തത്. എന്നാൽ, സോണിയയ്ക്കൊപ്പംനിന്ന് പതിമ്മൂന്ന് വർഷം രാഷ്ട്രീയം പഠിച്ചിട്ടാണ് രാഹുൽ അധ്യക്ഷപദവിയിലെത്തുന്നത്. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് രാഹുൽ സജീവ രാഷ്ട്രീയരംഗത്തിറങ്ങുന്നത്. 2007-ൽ പാർട്ടി ജനറൽ സെക്രട്ടറിയായി. 2013-ൽ ജയ്‌പുരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ്  ഉപാധ്യക്ഷനായത്. യു.പി.എ. ഭരണകാലത്ത് മന്ത്രിപദമേറ്റെടുക്കാൻ സമ്മർദമുണ്ടായെങ്കിലും രാഹുൽ വഴങ്ങിയില്ല. പഠിക്കാനായി സമയം വേണമെന്നായിരുന്നു രാഹുലിന്റെ വാദം. യു.പി.എ. സർക്കാരിന്റെ നയങ്ങളിൽ ഇടപെട്ട് ചിലപ്പോഴെങ്കിലും രാഹുൽ ഈ പഠനാനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ യു.പി.എ. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് പൊതുവേദിയിൽ കീറിയെറിഞ്ഞ് രാഹുൽ നടത്തിയത് അത്തരം ഒരിടപെടലായിരുന്നു. സ്വന്തം പാർട്ടി നിയോഗിച്ച പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന ആക്ഷേപം കോൺഗ്രസിനുള്ളിലും പുറത്തും ഉയരാൻ  ഇടയാക്കിയ ഈ സംഭവത്തെ പ്രകീർത്തിച്ചവരും കുറവല്ല. പ്രതിസന്ധികളിൽ രൂപപ്പെട്ടതാണ് രാഹുൽഗാന്ധിയുടെ വ്യക്തിജീവിതം. മുത്തശ്ശിയും അച്ഛനും വധിക്കപ്പെട്ടതും ഭയാശങ്കകൾ നിറഞ്ഞ ബാല്യവും രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അപക്വതാവാദമുയർത്തി ആക്ഷേപിക്കുന്നവർ പലപ്പോഴും മറന്നുപോകുന്ന ഈ ജീവചരിത്രമാണ് രാഹുലിന്റെ രാഷ്ട്രീയ മൂലധനം.