മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ ജന്മശതാബ്ദി അധികമാരുമറിയാതെ കടന്നുപോയത് നമ്മുടെ നീതിയുക്തമല്ലാത്ത, അല്ലെങ്കിൽ വിചിത്രമായ  ചരിത്രബോധ പക്ഷപാതത്തിന്റെ പ്രതിഫലനമാണ്

തൊണ്ണൂറുകളുടെ ആദ്യം അത്യന്തം അസ്ഥിരവും അക്രമകലുഷവുമായിരുന്ന, സാമ്പത്തികത്തകർച്ചയുടെയും കടക്കെണിയുടെയും വക്കിലെത്തിനിന്നിരുന്ന ഒരു ദരിദ്രരാഷ്ട്രത്തെ  ഇന്ന് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അംഗീകരിക്കപ്പെടുന്ന ഒരു സാമ്പത്തികശക്തിയാക്കിമാറ്റിയ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ച വ്യക്തിത്വത്തെയാണ് രാജ്യം മറന്നുപോയത്.

സോണിയാഗാന്ധിക്ക്‌ നരസിംഹറാവുവിനോട് അല്പവും താത്‌പര്യമില്ലായിരുന്നു എന്നതും കോൺഗ്രസിന്റെ രാഷ്ട്രീയപാരമ്പര്യത്തിൽ അദ്ദേഹത്തിന് അല്പവും സാംഗത്യം നൽകാൻ ഇഷ്ടമില്ലായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. മരണശേഷം അദ്ദേഹത്തിന്റെ ഓർമകളെത്തന്നെ ഡൽഹിയിൽനിന്നു നാടുകടത്താൻ കോൺഗ്രസ്‌ നടത്തിയ ശ്രമങ്ങളുടെകൂടി പശ്ചാത്തലത്തിൽ നോക്കുമ്പോൾ അങ്ങനെയൊരാളെ, അതും നെഹ്രു കുടുംബത്തിൽനിന്നല്ലാതെ ആദ്യമായി ഭരണകാലാവധി പൂർത്തിയാക്കിയ ഒരാളെ, ഓർക്കാൻ കോൺഗ്രസിന് താത്‌പര്യമില്ല എന്നത് വ്യക്തം.

എന്തായിരിക്കാം കാരണം?

കാരണം പലതുണ്ടാവാം, പലതും ന്യായീകരിക്കപ്പെടാവുന്നതും. ആ ചരിത്രദുരൂഹത അങ്ങനെ തുടരട്ടെ. രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണത്തിനുശേഷമുള്ള അസ്ഥിരാവസ്ഥയിൽനിന്നാണ് നരസിംഹറാവു എന്ന പ്രധാനമന്ത്രിയും ‘അഭിനവ ചാണക്യനും’ ജനിക്കുന്നത്. എഴുപതാം വയസ്സിൽ രാഷ്ട്രീയമൊക്കെ അവസാനിപ്പിച്ച് തന്റെ ജന്മനാടായ ആന്ധ്രയിൽ തിരികെപ്പോകാൻ തയ്യാറെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ തലയിൽ ആകസ്മികമായി സ്വപ്നത്തിൽപ്പോലും കരുതാത്ത പ്രധാനമന്ത്രിപദം വന്നുവീഴുന്നത്. തൊട്ടുമുമ്പ്‌ ഭരിച്ച വി.പി. സിങ്‌ രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അരാജകാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിരുന്നു. അദ്ദേഹം അധികാരത്തിനുവേണ്ടി ഇടതുപക്ഷത്തോടൊപ്പം കൂടെക്കൂട്ടിയ ബി.ജെ.പി. രഥയാത്രയിലൂടെ രാജ്യത്തെ രക്തപങ്കിലമാക്കിയ സമയം. അയോധ്യ ബി.ജെ.പി.യുടെ വളർച്ചയുടെ പ്രധാനഘടകമായിമാറിയ കാലം.

വർഗീയതയും രാഷ്ട്രീയ അവസരവാദവും അസ്ഥിരതയും  ചൂഴ്ന്നുനിൽക്കുമ്പോൾത്തന്നെ, എണ്ണ ഇറക്കുമതി ചെയ്യാൻപോലും തികയാത്തതരത്തിൽ ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇടിഞ്ഞുതാണിരുന്നു.  പ്രധാനമന്ത്രിക്കസേരയിൽ പിടിച്ചിരിക്കാനുള്ള ശ്രമങ്ങളുടെ ഇടയിൽ അതിനുമുമ്പ്‌ നാടുഭരിച്ച വി.പി. സിങ്‌ സാമ്പത്തികവിദഗ്‌ധർ നൽകിയ അപായസൂചനകൾ കണ്ടില്ലെന്നുനടിച്ചു. അപ്പോഴാണ് രാജീവ് ഗാന്ധി മരിക്കുന്നതും റാവു ഒരു ന്യൂനപക്ഷ സർക്കാരിന്റെ പ്രധാനമന്ത്രിയായി കടന്നുവരുന്നതും. 1984-ൽ  രണ്ടു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി. അപ്പോഴേക്കും 120 സീറ്റിലേക്ക് വളർന്നുകഴിഞ്ഞിരുന്നു എന്നോർക്കുക.

സാമ്പത്തിക നവീകരണത്തിന്റെ ശില്പി

പ്രധാനമന്ത്രി എന്നനിലയിൽ നരസിംഹറാവുവിന്റെ ഏറ്റവും വലിയ സംഭാവന ഇന്ത്യയുടെ സാമ്പത്തിക നവീകരണമാണ് എന്ന് സംശയലേശമെന്യേ പറയാവുന്നതാണ്. തീർത്തും യാഥാസ്ഥികനായി കരുതപ്പെട്ടിരുന്ന ഒരു വയോധികനാണ് അത്രയും കാലം അടച്ചുമൂടപ്പെട്ട്, ലൈസൻസ് രാജിൽപ്പെട്ടുകിടന്ന ഒരു രാജ്യത്തെ ലോകസാമ്പത്തിക വ്യവസ്ഥയുമായി സംയോജിപ്പിക്കാൻവേണ്ട കാതലായ മാറ്റങ്ങൾ വരുത്തിയെന്നത് പലർക്കും അതിശയകരമായി തോന്നിയേക്കാം. മുൻ പ്ലാനിങ്‌ കമ്മിഷൻ വൈസ് ചെയർമാൻ മൊണ്ടേക് സിങ്‌ അലുവാലിയ തന്റെ ‘ബാക്‌സ്റ്റേജ്’ എന്ന ആത്മകഥയിൽ ആ സംഘർഷഭരിതമായ നാളുകളെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്. ചിന്തിക്കാൻപോലും സമയം ലഭിക്കാത്തത്രയും പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ അതുവരെ രാജ്യം കണ്ടിട്ടില്ലാത്തവണ്ണം ദ്രുതഗതിയിലുള്ള നയവ്യതിയാനങ്ങൾക്കാണ് നരസിംഹറാവു നേതൃത്വം നൽകിയത്. രാഷ്ട്രീയക്കാരനല്ലായിരുന്ന ഡോക്ടർ മൻമോഹൻ സിങ്ങിനെ തന്റെ ധനകാര്യമന്ത്രിയായി, അതും ചരിത്രത്തിൽ ആദ്യമായി, നിയമിക്കുന്നത് ഇത്തരം കാര്യങ്ങളിൽ മുൻപരിചയമില്ലാത്ത  ഒരു ഭരണാധികാരി അവസരങ്ങൾക്കൊത്തുയർന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.

വായ്പകളുടെ തിരിച്ചടവ് മുടക്കുമെന്ന് ലോകം ഏറക്കുറെ വിശ്വസിച്ചിരുന്ന, 1991-92ൽ വെറും 1.4  ശതമാനം മാത്രം സാമ്പത്തികവളർച്ച നേടിയ ഒരു രാജ്യത്തെ തിരിച്ചുപിടിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, മറിച്ച്‌ ഒരു വർഷത്തിനുള്ളിൽത്തന്നെ (1992-93) 5.3 ശതമാനം വളർച്ചയുള്ള ഒരു സമ്പദ്‌വ്യവസ്ഥയായി മാറ്റുകയും ചെയ്തിരുന്നു. രൂപയുടെ വിനിമയമൂല്യം കുറച്ചതുമുതൽ സാമ്പത്തിക, കച്ചവട, വ്യവസായ, നികുതി, നിക്ഷേപ രംഗങ്ങളിൽ വരുത്തിയ സമൂലമായ പൊളിച്ചെഴുത്തുകളാണ് പിന്നീട് യു.പി.എ. ഒന്നും രണ്ടു സർക്കാരിന്റെ കാലങ്ങളിൽ നാം കണ്ട വമ്പൻ സാമ്പത്തികവളർച്ചയ്ക്കടിസ്ഥാനം. പലരുമറിയാതെപോയ ഒരു കാര്യം, തന്റെ രാഷ്ട്രീയരംഗത്തെ അനുഭവജ്ഞാനം വളരെ തന്ത്രപൂർവമായി പ്രയോഗിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് ഇത്തരം ഉടച്ചുവാർക്കലുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഉദാഹരണത്തിന്, രൂപയുടെ വിനമയമൂല്യം കുറച്ച നടപടി ഘട്ടങ്ങളായാണ് അദ്ദേഹം നടത്തിയെടുത്തത്‌. മറ്റു രാഷ്ട്രീയപ്പാർട്ടികളുടെയും ജനങ്ങളുടെയും പ്രതികരണം അളക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്.

ജപ്പാനീസ് കഥ

അതുപോലെതന്നെയാണ് വിദേശനിക്ഷേപം സ്വരൂപിക്കുന്നതിൽ അദ്ദേഹം നേരിട്ട് നടത്തിയ ഇടപെടലുകൾ. അക്കാലത്ത്‌ ജപ്പാനാണ് വമ്പൻ  വിദേശനിക്ഷേപങ്ങൾ നടത്തിയിരുന്ന ഒരു രാജ്യം എന്നതിനാൽ അദ്ദേഹം ജപ്പാനിലെ വ്യവാസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ നടത്തിയ ഒരു രസകരമായ അനുഭവം അലുവാലിയ വിവരിക്കുന്നുണ്ട്. യാത്രയ്ക്കുമുമ്പ്‌ സോണി കമ്പനിയുടെ ചെയർമാൻ അക്കിയോ മോരിതയോട് ഇന്ത്യയിൽ നിക്ഷേപം നടത്തണമെന്നും അതിനുവേണ്ടി 100 ശതമാനം ഓഹരിനിക്ഷേപം അനുവദിക്കാമെന്നു പറയണമെന്നും അലുവാലിയ അദ്ദേഹത്തോട് അഭ്യർഥിച്ചപ്പോൾ അദ്ദേഹം ഒന്നും പറയാതെ തന്റെ സ്വതസിദ്ധമായ ചുണ്ടുകൂർപ്പിക്കൽ (pout) പ്രദർശിപ്പിച്ചത്രെ. സോണി ഇന്ത്യയിൽ നിക്ഷേപം നടത്തിയാൽ ലോകം ശ്രദ്ധിക്കുമെന്നും ധാരാളം ആഗോളബ്രാൻഡുകൾ പിന്നാലെവരുമെന്നുമായിരുന്നു അലുവാലിയയുടെ കണക്കുകൂട്ടൽ. ഒരുതരത്തിലുമുള്ള ഉറപ്പും റാവു നൽകിയിരുന്നില്ലെങ്കിലും മോരിതയെക്കണ്ടപ്പോൾ റാവു മറ്റൊരാളായിമാറി: ‘‘മിസ്റ്റർ മോരിത, ഒരു സോണി ടെലിവിഷൻ സ്വന്തമാക്കുക എന്നതാണ് എനിക്കറിയാവുന്ന എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹം. എന്തേ താങ്കൾ ഇന്ത്യയിൽ ഒരു ഫാക്ടറി തുറക്കുന്നില്ല. അവിടത്തെ ഒരു വലിയ മാർക്കറ്റാണ് താങ്കൾക്ക് നഷ്ടമാവുന്നത് എന്നുതോന്നുന്നില്ലേ?’’ ഇത്രയും നേരായ ഒരു ചോദ്യം ഒരു പ്രധാനമന്ത്രിയിൽനിന്നും മോരിത പ്രതീക്ഷിച്ചിരുന്നില്ല. കരുതിയതുപോലെതന്നെ മോരിത 100 ശതമാനം ഓഹരിയുടെ കാര്യം ഉന്നയിച്ചു. ലേശം പുഞ്ചിരിയോടെ റാവു പറഞ്ഞു: ‘‘നിങ്ങൾ അപേക്ഷിക്കൂ, നമുക്ക് നോക്കാം.’’ അങ്ങനെയാണ് സോണി ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇങ്ങനെ എത്രയെത്ര കഥകൾ!

ബാബറി കറ

സാമ്പത്തികനവീകരണത്തിന്റെ പേരിൽമാത്രം വിഖ്യാതനായി കരുത്തപ്പെടേണ്ട (അദ്ദേഹത്തിനെക്കുറിച്ച്‌ പുസ്തകമെഴുതിയ മൻമോഹൻ സിങ്ങിന്റെ മുൻ മാധ്യമ ഉപദേശകൻ സഞ്ജയ് ബാരു അങ്ങനെയാണ് വിശ്വസിക്കുന്നത്) റാവുവിന്റെ സത്‌പ്പേര് തകർന്നടിയുന്നത് അദ്ദേഹത്തിന്  ബാബറി മസ്ജിദ് സംരക്ഷിക്കാനായില്ല എന്നതുകൊണ്ടാണ്. വി.പി. സിങ്ങിന്റെ കാലത്തുതന്നെ ബി.ജെ.പി. അയോധ്യയെ ഒരു അപകടകരമായ ഹിന്ദുവികാരമായി മാറ്റിക്കഴിഞ്ഞിരുന്നെങ്കിലും ബാബറി മസ്ജിദിന്റെ നശീകരണം അദ്ദേഹത്തിന് തടയാൻ കഴിയുമായിരുന്നു എന്ന് ഇന്നും പല നിരീക്ഷകരും വിശ്വസിക്കുന്നു. ഉത്തർപ്രദേശിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം കേന്ദ്രസർക്കാർ ഏറ്റെടുക്കാനുമുള്ള ഒരു അടിയന്തരപദ്ധതി കേന്ദ്ര ആഭ്യന്തരവകുപ്പ് തയ്യാറാക്കിയിരുന്നെങ്കിലും സംഘപരിവാർ സംഘടനകളുമായി ചർച്ചനടത്തി പ്രശ്നം പരിഹരിക്കാമെന്നായിരുന്നു റാവുവിന്റെ പക്ഷം. ഇത് മനഃപൂർവമായിരുന്നു എന്നും കോൺഗ്രസിന്റെ മതേതരസ്വഭാവത്തിന് തകർച്ചതുടങ്ങുന്നത് ഇവിടെനിന്നാണെന്നുമാണ് പലരും കരുതുന്നത്.

പ്രധാനമന്ത്രിയാവുന്നതിനുമുമ്പ്‌ മിടുക്കനായ മന്ത്രിയൊന്നുമായിരുന്നില്ലെങ്കിലും വർഷങ്ങളോളമുള്ള രാഷ്ട്രീയ, ഭരണ പരിചയവും പാണ്ഡിത്യവും ഉള്ളയാളായിരുന്നു നരസിംഹറാവു. പതിനേഴു ഭാഷകൾ കൈകാര്യം ചെയ്യാനറിയാമായിരുന്ന, ധാരാളം വായിക്കുമായിരുന്ന, പുതിയ  സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ള ഒരന്തർമുഖൻ. പക്ഷേ, രാഷ്ടീയരംഗത്ത് അദ്ദേഹം ഏറക്കുറെ ഒരു പരാജയമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വത്തിൽനിന്നും പ്രത്യക്ഷമായ മതനിരപേക്ഷതയില്ലായ്മയിൽനിന്നുമാവാം ഒരുപക്ഷേ, ബി.ജെ.പി. ഏറ്റവും ഊർജം സമാഹരിച്ചതും പിന്നീട് കോൺഗ്രസിന്റെതന്നെ വിഭവങ്ങളുപയോഗിച്ച് വളർന്നതും. ചന്ദ്രസ്വാമി എന്ന കളങ്കിത ആൾദൈവവുമായുള്ള അദ്ദേഹത്തിന്റെ അവിശുദ്ധബന്ധങ്ങളും ഹർഷദ് മേത്ത സംഭവത്തിൽ അദ്ദേഹത്തിന്റെ പങ്ക് ആരോപിക്കപ്പെട്ടതും തമിഴ്നാട്ടിലെ കോൺഗ്രസ്‌ പിളർന്നതിനുപിന്നിലെ രാഷ്ട്രീയവും കശ്മീർപ്രശ്നം കൂടുതൽ വഷളായതുമൊക്കെ റാവു എന്ന പ്രധാനമന്ത്രിയുടെ ദുരൂഹത വർധിപ്പിക്കുന്നു. എങ്കിലും എന്തൊക്കെപ്പറഞ്ഞാലും സാമ്പത്തിക നവീകരണനത്തിന്റെ ശില്പി എന്നനിലയിൽ അദ്ദേഹം ഇപ്പോഴുള്ളതിൽക്കൂടുതൽ യശസ്സർഹിക്കുന്നു എന്നതിൽ തർക്കമില്ല.

(യു.എൻ.ഡി.പി. മുൻ ഏഷ്യ പസഫിക് സീനിയർ  ഉപദേശകനായിരുന്ന ലേഖകൻ രാഷ്ട്രീയനിരീക്ഷകനാണ്‌)