1991 ഡിസംബറിലാണ് മുൻ സോവിയറ്റ് യൂണിയൻ ‘ഔദ്യോഗികമായി’ നിഷ്‌ക്രമണം ചെയ്യുന്നത്. അതിനും രണ്ടുമൂന്ന്‌ വർഷം മുമ്പുതന്നെ ആ യൂണിയൻ ഫലത്തിൽ ഇല്ലാതായിക്കഴിഞ്ഞിരുന്നു. 1991 മുതൽ 2021 വരെ റഷ്യയിൽ നിലനിന്നുപോരുന്ന രാഷ്ട്രീയവ്യവസ്ഥ ജനാധിപത്യമാണെന്നാണ് വെപ്പ്. എന്നാൽ, അക്ഷാർഥത്തിൽ അവിടെ പുലരുന്നത് ‘പുറംപൂച്ച് ജനാധിപത്യ’മത്രെ. ജനാധിപത്യത്തിന്റെ വളരെനേർത്ത മേൽപ്പാളിയുള്ള, അധികാരപ്രമത്തമായ സമഗ്രാധിപത്യമാണത്. വ്‌ളാദിമിർ പുതിന്റെ സവിശേഷശൈലിയും പ്രഹേളികാസമാനമായ പ്രവൃത്തികളും മിക്കപ്പോഴും അധികാരദുരഗ്രഹിച്ച തികഞ്ഞ ഒരു ഏകാധിപതിയെപ്പോലെയാണ്. അതുകൊണ്ടാണല്ലോ 2036 വരെ അധികാരത്തിൽ തുടരാനുള്ള ‘അവകാശം’ 68-കാരനായ പുതിൻ കഴിഞ്ഞ വർഷം ഭരണഘടനാഭേദഗതിയിലൂടെ സമ്പാദിച്ചത്. റഷ്യയിൽ വാസ്തവത്തിലുള്ളത് ഒരു ബഹുകക്ഷിവ്യവസ്ഥയല്ല, സമഗ്രാധിപത്യസഖ്യമാണ്.  ഈ സെപ്റ്റംബർ 17, 18, 19 തീയതികളിൽ റഷ്യയുടെ അധോസഭയായ ദ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിന്റെ പാർട്ടിയായ ‘യുണൈറ്റഡ് റഷ്യ’ 50 ശതമാനത്തോളം വോട്ടുനേടി മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ ജയിച്ചത് കഴിഞ്ഞ മൂന്നു ദശാബ്ദമായി റഷ്യൻ രാഷ്ട്രീയത്തെ അത്ര സൂക്ഷ്മമല്ലാതെ നിരീക്ഷിക്കുന്നവരെപ്പോലും തെല്ലും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നില്ല. കാരണം, അങ്ങനെയേ സംഭവിക്കുമായിരുന്നുള്ളൂ. കഴിഞ്ഞ ദ്യൂമ (Duma) തിരഞ്ഞെടുപ്പിൽ (2016) 54 ശതമാനം വോട്ടുനേടിയിരുന്നു ഈ പാർട്ടി.

ഏതാണ്ട് തകർന്ന സമ്പദ്‌വ്യവസ്ഥ, അടിക്കടിയുള്ള വിലക്കയറ്റം, വേതനത്തിലെ ഇടിവ്, കോവിഡിന്റെ കാര്യത്തിലുണ്ടായ വൻഅനാസ്ഥ, വിയോജനശബ്ദങ്ങളുടെ നിഷ്ഠുരമായ അടിച്ചമർത്തൽ, ജീവിതനിലവാരത്തിലെ അഭൂതപൂർവമായ താഴ്ച, പുതിന്റെ ശക്തനായ എതിരാളിയായ അലക്‌സി നാവൽനിയെ തുറുങ്കിലടച്ചത് തുടങ്ങി ഒട്ടേറെ പ്രതികൂലഘടകങ്ങളുണ്ടായിട്ടും 50 ശതമാനം വോട്ടും ദ്യൂമയിൽ മൂന്നിൽ രണ്ടുഭൂരിപക്ഷവും ഒപ്പിക്കാൻ എങ്ങനെ പുതിന് കഴിഞ്ഞു? മറ്റേതൊരു ജനാധിപത്യരാജ്യത്തിലാണെങ്കിലും ഭരിക്കുന്ന കക്ഷികൾക്ക് ഇത്തരം കാര്യങ്ങൾ വിനയായിത്തീരുമായിരുന്നു. എന്നിട്ടും പുതിൻ ജയിക്കുന്നതെന്തുകൊണ്ടാണ്? വോട്ടെടുപ്പിലെ കള്ളക്കളികളുടെയും കൃത്രിമത്തിന്റെയും വോട്ടുകച്ചവടത്തിന്റെയും അതാര്യമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെയും കാര്യമെല്ലാം അവിടെ നിൽക്കട്ടെ. 

സ്വതന്ത്രറഷ്യകണ്ട ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനും കാര്യശേഷിയുടെ മറുധ്രുവവുമായിരുന്ന പ്രസിഡന്റായിരുന്നു ബോറിസ് യെൽസിൻ. 1991-’96 കാലത്ത് ബോറിസ് യെൽസിന്റെ ആദ്യ ഊഴത്തിൽ, ഈ ലേഖകൻ റഷ്യയിലുണ്ടായിരുന്നു. ഭൂമിയിലെ നരകമെന്ന്‌ ഓരോ റഷ്യക്കാരനും ദൈനംദിന ജീവിതത്തിൽ അനുനിമിഷം അനുഭവവേദ്യമായ കാലം. 1996-ൽ യെൽസിൻ വീണ്ടും മത്സരിച്ചു. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗെന്നഡി ഷ്യുഗാനോവായിരുന്നു എതിരാളി.  പല ശുദ്ധാത്മാക്കളും വിചാരിച്ചത് ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം പിഴുതെറിയപ്പെടുമെന്നായിരുന്നു. സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. തുടർന്ന്, 1999 വരെ ആ പഴയ കമ്യൂണിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം തന്നെ റഷ്യ ഭരിച്ചു!. 

കമ്യൂണിസ്റ്റുകളുടെ നിലപാട്‌

ഇനി കാര്യത്തിലേക്ക് വരാം. ഈ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യക്കുപിന്നിൽ 19 ശതമാനം വോട്ടുനേടിയത് 1993-ൽ സ്ഥാപിതമായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷനായിരുന്നു. 77-കാരനായ ഗെന്നഡി ഷ്യുഗാനോവാണ് ഇപ്പോഴും നേതാവ്. ദ്യൂമയിൽ പുതിന്റെ പല നയങ്ങളെയും സർവാത്മനാ പിന്തുണയ്ക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. പക്ഷേ, പുറമേ അത്യാവശ്യം പ്രതിപക്ഷ നാട്യങ്ങളൊക്കെയുണ്ട്. ഈ കമ്യൂണിസ്റ്റ് പാർട്ടിയെ പൊതുവേ വിളിക്കുന്നത് പുതിന്റെ ‘കൂറുള്ള പ്രതിപക്ഷം’  എന്നും പോക്കറ്റ് പ്രതിപക്ഷമെന്നുമാണ്. അതുകൊണ്ട് പുതിന്‌ ഷ്യുഗാനോവിനോട് ഒരു പ്രതിപക്ഷനേതാവ് എന്ന നിലയിൽ ബഹുമാനമുണ്ടാകാനേ തരമുള്ളൂ. പക്ഷേ, ഇദ്ദേഹത്തിനുനേരെയുള്ള രോഷം കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ശക്തമാണ്. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി റാഡിക്കലാകണമെന്ന പക്ഷക്കാരാണവർ. 

പിന്നെ ദ്യൂമയിലുള്ള പാർട്ടികൾ (ദ്യൂമയിൽ അംഗത്വം കിട്ടാൻ തിരഞ്ഞെടുപ്പിൽ അഞ്ചുശതമാനം വോട്ടെങ്കിലും കിട്ടണം) ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ (എൽ.ഡി.പി.ആർ.), ജസ്റ്റ് റഷ്യ, എന്നിവയാണ്. ഇതിൽ എൽ.ഡി.പി.ആർ. പുതിന് വിശ്വസിക്കാവുന്ന പ്രതിപക്ഷമാണ്. 

ഇനി ദ്യൂമയിലേക്ക് 2026-ലും 2031-ലും തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024-ലും 2030-ലും നടക്കും. അപ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനമായിരിക്കുമോ റഷ്യൻ രാഷ്ട്രീയത്തിന്റെ പരിവർത്തനമായിരിക്കുമോ സംഭവിക്കുക? കാത്തിരുന്നു കാണാം.

പുതിനാധിപത്യം

പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളിലായി രണ്ടുപതിറ്റാണ്ടിലേറെയായി റഷ്യൻ ഭരണതലപ്പത്ത്  വ്‌ളാദിമിറോവിച്ച് പുതിനുണ്ട്. നാലുതവണ പ്രസിഡന്റും രണ്ടുതവണ പ്രധാനമന്ത്രിയും. വിമർശനങ്ങളെ മറികടന്ന് 83 വയസ്സുവരെ (2036) താൻതന്നെ രാജ്യം ഭരിക്കുമെന്നുറപ്പിക്കാൻ ഭരണഘടനാഭേദഗതിയും വരുത്തി. 

  • സോവിയറ്റ് ചാരസംഘടന കെ.ജി.ബി.ക്കുവേണ്ടി കിഴക്കൻ ജർമനിയിലടക്കം 15 കൊല്ലത്തോളം പ്രവർത്തിച്ച പുതിൻ,  എഫ്.എസ്.ബി.യുടെയും (കെ.ജി.ബി.യുടെ പിൻഗാമി) തലവനായി. 
  • 1999 ഓഗസ്റ്റിൽ താത്കാലിക പ്രധാനമന്ത്രിയായി രംഗപ്രവേശം. അതേവർഷം ഡിസംബർ 31-ന് പ്രസിഡന്റ് ബോറിസ് യെൽസിൻ രാജിവെച്ച് പുതിനെ താത്കാലിക പ്രസിഡന്റാക്കി. 
  • 2000 മാർച്ചിൽ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി പ്രസിഡന്റ് പദവിയിൽ. 2004-ൽ രണ്ടാമതും (2008 വരെ ഭരണത്തിൽ) 
  • റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ടുതവണയേ പ്രസിഡന്റാവാനാവുമായിരുന്നുള്ളൂ. അതിനാൽ 2008-ൽ പ്രധാനമന്ത്രിപദം സ്വീകരിച്ച പുതിൻ, അനുയായി ദിമിത്രി മെദ്‌വെദേവിനെ പ്രസിഡന്റാക്കി. 
  • 2012-ൽ വീണ്ടും പ്രസിഡന്റായശേഷം തിരിച്ചിറക്കമുണ്ടായിട്ടില്ല. പ്രസിഡന്റിന്റെ ഭരണകാലാവധി നാലിൽനിന്ന് ആറാക്കി. 2036 വരെ ഇനി രാജ്യം ഭരിക്കും. 

പകയ്ക്ക്‌ ഇരയായ എതിരാളികൾ

അന്ന പൊളിറ്റ്കോവ്‌സ്‌കയ: ചെച്‌നിയയിൽ റഷ്യ നടത്തുന്ന യുദ്ധത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച അന്വേഷണാത്മക പത്രപ്രവർത്തക. 2006-ൽ പുതിന്റെ പിറന്നാൾദിനത്തിൽ അന്ന വെടിയേറ്റുമരിച്ചു. അന്നയ്ക്കൊപ്പം പ്രവർത്തിച്ച നതാലിയ എസ്തെറിമോവ, അവരുടെ അഭിഭാഷകൻ സ്റ്റാനിസ്‌ലാവ് മെർകെലോവ് എന്നിവരും പിന്നീട് കൊല്ലപ്പെട്ടു. 

അലക്സാണ്ടർ ലിത്വിനെങ്കോ: റഷ്യയുടെ മുൻ ചാരനും പിന്നീട് ബ്രിട്ടനിലേക്ക് കൂറുമാറുകയും ചെയ്ത ലിത്വിനെങ്കോയെ 2006-ൽ ചായയിൽ റേഡിയോ ആക്ടീവ് പൊളോണിയം-210 കലർത്തിനൽകിയാണ് കൊന്നത്. ബ്രിട്ടനിലെ ഹോട്ടലിലായിരുന്നു സംഭവം. 

സെർജി സ്ക്രിപാൽ: 2018 മാർച്ചിലാണ് മുൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കും നേരെ ഇംഗ്ലണ്ടിൽവെച്ച് റഷ്യൻ ചാരൻമാർ നോവിചോക് വിഷവാതകപ്രയോഗം നടത്തുന്നത്. ഇരുവരും ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും അയൽവാസിയായ സ്ത്രീ മരിച്ചു. 
ബോറിസ് നെമത്‌സോവ്: പുതിന്റെ വിമർശകനും പ്രതിപക്ഷനേതാവുമായ അദ്ദേഹം 2015-ൽ വെടിയേറ്റുമരിച്ചു.  

യൂറി ചെകോചിഖിൻ: പത്രപ്രവർത്തകനായ അദ്ദേഹം 2003-ൽ വിഷബാധയേറ്റുമരിച്ചു

അലെക്സി നവൽനി: പ്രതിപക്ഷനേതാവായ അദ്ദേഹത്തിനുനേരെ 2020 ഓഗസ്റ്റിൽ വിമാനയാത്രയ്ക്കിടെ നോവിചോക് വിഷപ്രയോഗമുണ്ടായി. ജർമനിയിലെ ചികിത്സയ്ക്കുശേഷം ജിവിതത്തിലേക്ക് തിരികെവന്നു. ഇപ്പോൾ റഷ്യൻ ജയിലിൽ.

റഷ്യൻ പാർലമെൻറിലെ (ഫെഡറൽ അസംബ്ലി) അധോസഭയായ ദ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിന്റെ യുണൈറ്റഡ് റഷ്യ പാർട്ടി ഇത്തവണ 49.8 ശതമാനം വോട്ടാണ് നേടിയത്. 2016-ൽ 54 ശതമാനം വോട്ടുനേടിയിരുന്നു. 

• ദ്യൂമയിലെ അംഗങ്ങൾ -450

സോവിയറ്റ് യൂണിയൻ തകരുമ്പോൾ അവിടെയുണ്ടായിരുന്ന ലേഖകൻ മഹാരാജാസ്‌ കോളേജ് ചരിത്രാധ്യാപകനാണ്