2017 ജൂണിൽ കടാശ്വാസം പ്രഖ്യാപിച്ചശേഷവും മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 4,500 കർഷകർ.  മനുഷ്യാവകാശപ്രവർത്തകനായ ജിതേന്ദ്ര ഗാഡ്‌ഗേക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്ക് 

2014    12360പേർ
2015    12602പേർ

കൃഷിയും അനുബന്ധമേഖലയും ജീവിതോപാധിയാക്കിയ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ വികാര വിചാരങ്ങൾതന്നെയാണ് തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുക. സെമിഫൈനൽ എന്നുവിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചത് കർഷകന്റെ വികാരമാണെന്ന തിരിച്ചറിവ് രാജ്യത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾക്കുണ്ടായിട്ടുണ്ട്. 

മാസവരുമാനം 6498 രൂപ

ദേശീയ സ്ഥിതിവിവരക്കണക്ക്‌ ഓഫീസ്‌ 2018-ൽ പുറത്തുവിട്ട കണക്ക്‌ അനുസരിച്ച് രാജ്യത്തിന്റെ പ്രതിശീർഷവരുമാനം 1,26,043 രൂപയാണ്. രാജ്യത്തെ തൊഴിൽമേഖലയുടെ 54.6 ശതമാനം വരുന്ന കർഷകന്റെ ശരാശരി വരുമാനമാകട്ടെ 77976 രൂപയും. അതായത്‌ മാസവരുമാനം 6498 രൂപ മാത്രം. ബിഹാർ, യു.പി. ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ദയനീയം.  
കാർഷികോത്‌പാദനരംഗത്തും കയറ്റുമതിരംഗത്തും രാജ്യം നേട്ടം കൊയ്യുമ്പോഴും കർഷകന്റെ ജീവിതം പച്ചപിടിക്കുന്നില്ല. 19 ടൺ ഉരുളക്കിഴങ്ങ് വിറ്റുകിട്ടിയ 490 രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മണിഓർഡർ അയച്ചുകൊടുത്ത പ്രതീപ് ശർമ എന്ന ആഗ്ര സ്വദേശി കർഷകരോഷത്തിന്റെ ഒരുദാഹരണം മാത്രം.

രേഖയിലില്ലാത്ത കർഷക മരണങ്ങൾ

കർഷക ആത്മഹത്യ കുറഞ്ഞിട്ടുണ്ടൈന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, മൂന്നുവർഷമായി രാജ്യത്ത് എത്ര കർഷകർ ആത്മഹത്യ ചെയ്തുവെന്ന കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ കണക്ക് തയ്യാറാക്കേണ്ട  നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ 2016, 2017, 2018 വർഷങ്ങളിൽ പൂർണ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടില്ല.
 1991-2015 കാലയളവിൽ മൂന്നേകാൽ ലക്ഷത്തോളം കർഷകരാണ് രാജ്യത്ത് ജീവനൊടുക്കിയത്. 2015-ൽ 12,602 കർഷക ആത്മഹത്യകളുണ്ടായി. 2016-ൽ ആത്മഹത്യ നിരക്ക് പത്തുശതമാനം കുറഞ്ഞ്  മരണം 11,370 ആയെന്നാണ് കേന്ദ്രകൃഷിമന്ത്രി രാധമോഹൻ സിങ്‌ പാർലമെന്റിനെ അറിയിച്ചത്. ക്രൈം റെക്കോഡ്സ്‌ ബ്യൂറോയുടെ താത്‌കാലിക കണക്കനുസരിച്ചാണിതെന്നാണ് മന്ത്രി പറഞ്ഞത്. മുഴുവൻ സംസ്ഥാനങ്ങളിലെയും കണക്ക് കിട്ടാത്തതുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കാത്തതെന്നാണ് ബ്യൂറോയുടെ വിശദീകരണം. കർഷക ആത്മഹത്യകൾ കുറഞ്ഞിട്ടില്ലെന്ന സംഘടനകളുടെ വാദം ഈ പശ്ചാത്തലത്തിലാണ്.

കടക്കെണിയിൽ 

2016-ലെ ദേശീയ സാമ്പിൾ സർവേ അനുസരിച്ച് 50 ശതമാനം കർഷകരും കടക്കെണിയിലാണ്. ശരാശരി 47,000 രൂപയാണ് ഒരു കർഷകന്റെ ബാധ്യത. രാജ്യത്തെ ഒമ്പതുകോടി കർഷകരിൽ 70 ശതമാനത്തിനും തങ്ങളുടെ വരുമാനംകൊണ്ട് കുടുംബം പുലർത്താൻ പറ്റുന്നില്ലെന്നും സർവേ പറയുന്നു. 
ഉത്പന്നങ്ങൾക്ക് മതിയായ വിലകിട്ടാത്തതും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശവും കടവും അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു. 23 ഉത്പന്നങ്ങൾക്ക് മാത്രമാണ് കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. നൂറുകണക്കിനു വിളകളെ ആശ്രയിച്ചുകഴിയുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടുന്നില്ല. വിള ഇൻഷുറൻസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിലെ പലവ്യവസ്ഥകളും കർഷകന് ഫലത്തിൽ ആനുകൂല്യം കിട്ടുന്നതിന് തടസ്സമാവുകയാണ്. 

കേരളത്തിലും കർഷക ആത്മഹത്യ  

കേരളത്തിൽ കർഷക ആത്മഹത്യ ഇല്ലെന്നാണ് 2018 മാർച്ചിൽ കേരളനിയമസഭയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകിയത്. എന്നാൽ, കർഷക ആത്മഹത്യയ്ക്ക് കുറവൊന്നും ഉണ്ടായിട്ടില്ലെന്നാണ് യാഥാർഥ്യം. ഈവർഷം ജനുവരിയിൽമാത്രം ഇടുക്കിയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതേമാസം വയനാട്ടിലും കണ്ണൂരിലും കർഷക ആത്മഹത്യയുണ്ടായി. ഇവരൊന്നും സർക്കാർ രേഖകളിൽ ഇടംപിടിക്കുന്നില്ലെന്നാണ് മന്ത്രിയുടെ അവകാശവാദത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. 

ആശ്വസിപ്പിക്കാൻ 6000

ചെറുകിട കർഷകർക്ക് ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചു. രണ്ട് ഹെക്ടറിൽ താഴെയുള്ളവർക്കാണ് സഹായധനം. 12 കോടി കർഷകർക്ക് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. മൂന്നു ഗഡുക്കളായി തുക നൽകും. ആദ്യ ഗഡു നൽകിത്തുടങ്ങി.

പൊള്ളിച്ചകർഷക സമരങ്ങൾ

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറ്റവും വലിയ കർഷകസമരങ്ങൾക്ക് സാക്ഷ്യംവഹിച്ച വർഷങ്ങളാണ് കടന്നുപോകുന്നത്. ഉത്പന്നങ്ങൾക്ക് ന്യായമായ വില, കാർഷിക കടം എഴുതിത്തള്ളൽ, വിള ഇൻഷുറൻസ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിണ്ടുകീറിയ പാദങ്ങളുമായി അവർ കിലോമീറ്ററുകളോളം പദയാത്ര നടത്തി. ആത്മഹത്യചെയ്ത കർഷകന്റെ പ്രതീകമായി തലയോട്ടിയും എല്ലിൻ കഷണവുമായി ഡൽഹിയിലെത്തി പ്രതിഷേധിച്ചു, വിൽക്കാനാവാതെ കെട്ടിക്കിടന്ന ടൺ കണക്കിന് ഉള്ളിയും ഉരുളക്കിഴങ്ങും തക്കാളിയും റോഡിൽ തള്ളി...മഹാരാഷ്ട്രയിൽ, തമിഴ്‌നാട്ടിൽ, മധ്യപ്രദേശിൽ, ജാർഖണ്ഡിൽ... നൂറുകണക്കിന് കർഷക സമരങ്ങളാണ് പോയവർഷങ്ങളിൽ നടന്നത്.