ലയാള ഭാഷയിലെ ആദ്യത്തെ കുറ്റാന്വേഷണ കഥാകാരന്‍ കാരാട്ട് അച്യുത മേനോനാണ്. സംശയമുള്ളവര്‍ക്ക് മലയാള സാഹിത്യചരിത്രം പരിശോദിക്കാം. അദ്ദേഹം തുടങ്ങിവെച്ച ആ സാഹിത്യശാഖ ബാറ്റണ്‍ ബോസിന്റെയും കോട്ടയം പുഷ്പനാഥിന്റെയും പരമാരയുടെയും മറ്റും ജനപ്രിയങ്ങളായ ഭീകരകൃതികളിലൂടെ വമ്പിച്ച പുരോഗതിയാണ് നേടിയത്. അവരുടെ നോവലുകള്‍ ഖണ്ഡ:ശ പ്രസിദ്ധീകരിച്ചുകൊണ്ടാണ് മലയാളത്തിലെ പല വാരികകളും ലക്ഷങ്ങളുടെ പ്രചാരം നേടിയടെുത്തതെന്നതും പരസ്യമായ രഹസ്യമാണ്. ആംഗലത്തിലെ ക്രൈം ഫിക്ഷന്‍ രഹസ്യമായും പരസ്യമായും ആസ്വദിക്കുന്ന ബുദ്ധിജീവികള്‍ക്ക് പക്ഷെ, മലയാളത്തിലെ ക്രൈം നോവലുകളോട് പരമപുച്ഛമാണ്. ആ സാഹിത്യശാഖയ്ക്ക് തുടക്കമിട്ട കാരാട്ട് അച്യുതമേനോനെയും മലയാളികള്‍ മറന്നു. മേനാന്റെ കുടുംബനാമം വഹിക്കുന്ന പിന്‍തലമുറക്കാരനായ പ്രകാശ് കാരാട്ടുപോലും ആ ഡിറ്റക്ടീവ് കഥാകാരന്റെ സംഭാവനയെക്കുറിച്ച് ഓര്‍മ്മിക്കുന്നില്ലെന്നതാണ് എന്നെ അമ്പരപ്പിച്ചത്. 

ക്രൈംഫിക്ഷന്റെ വായനക്കാരായ പ്രമുഖ ബുദ്ധിജീവികളുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ പ്രകാശ് കാരാട്ട് തനിക്ക് പ്രിയപ്പെട്ട ആ സാഹിത്യശാഖയെപ്പറ്റി വിശദമായി സംസാരിക്കുമ്പോള്‍പ്പോലും മാതൃഭാഷയായ മലയാളത്തില്‍ ആദ്യത്തെ കുറ്റാന്വേഷണകഥയെഴുതിയ കാരാട്ട് അച്യുതമേനോനെ സ്മരിക്കുന്നില്ല. രണ്ട് വര്‍ഷംമുമ്പ് ഒരു പ്രമുഖ ഇംഗ്ലീഷ് വാരിക ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം ഓണപ്പതിപ്പിലെ ദീര്‍ഘമായ അഭിമുഖസംഭാഷണത്തിലാണ് തന്റെ ഡിറ്റക്ടീവ് നോവല്‍ പ്രേമത്തെക്കുറിച്ച് സഖാവ് കാരാട്ട് വിശദമായി സംസാരിക്കുന്നത്. ആ ഓണപ്പതിപ്പിന്റെ ഗസ്റ്റ് എഡിറ്റര്‍ മലയാളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്‍ എന്‍.എസ്. മാധവനായിട്ടുകൂടി മലയാള ഡിറ്റക്ടീവ് നോവലുകളെക്കുറിച്ചൊരു ചോദ്യംപോലും ചോദിച്ചില്ലെന്നത് ഭാഷാഭിമാനികളെ സങ്കടത്തിലാഴ്ത്തുകതന്നെചെയ്യും. മലയാളം ഒരു ശ്രേഷ്ഠഭാഷയാണെന്ന വസ്തുത ആരു മറന്നാലും മാധവനെപ്പോലൊരു വലിയ സാഹിത്യകാരന്‍ മറക്കരുതായിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തോടുള്ള വിരോധമാണോ മാതൃഭാഷയായ മലയാളത്തോടുതന്നെയുള്ള പുച്ഛമാണോ ആ അവഗണനയ്ക്കു കാരണം?

ദേശീയ തലത്തില്‍ അറിയപ്പെടുന്ന മലയാളിയായ ഒരു മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായതിനാല്‍ പ്രകാശ് കാരാട്ടിന്റെ മലയാളത്തോടുള്ള ഈ അവഗണനയുടെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്ന അദ്ദേഹത്തിന്റെ മലയാളി ആരാധകരിലൊരാളാണ് ഞാനും. ആ ആലോചനയ്ക്ക് പുതിയ ദിശ തുറന്ന് തന്നത് കേരളത്തിലെ പ്രമുഖ സാമൂഹികചിന്തകനും ദളിതപക്ഷപാതിയും സൈദ്ധാന്തികനുമായ ഡോ. എം. കുഞ്ഞാമനാണ്. പുരോഗമനവാദികളെന്നറിയപ്പെടുന്ന ഇടതുപക്ഷക്കാരില്‍പ്പോലുമുള്ള പലതരം മേല്‍ക്കോയ്മാനാട്യങ്ങളെപ്പറ്റി സംസാരിക്കവെ ഡോ. കുഞ്ഞാമന്‍ പറുന്നു: 'പ്രകാശ് കാരാട്ട് നന്നായി മലയാളം സംസാരിക്കും. ലളിതമായി, സുഗമമായി. ഞാന്‍ പ്രകാശിനെ കാണുമ്പോഴൊക്കെ സംസാരിക്കുന്നത് മലയാളത്തിലാണ്, ബോധപൂര്‍വ്വം. പക്ഷെ, അദ്ദേഹം കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. ഒരു മലയാളി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ വേറൊരു മലയാളി അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നു. ഇംഗ്ലീഷ് പറയുന്നതില്‍ സാമൂഹികമായ, ഔന്നത്യത്തിന്റെ, സുപ്പീരിയോറിറ്റിയുടെ അംശമുണ്ട്. ഇതൊക്കെ ഒരുതരം മേല്‍ ക്കോയ്മ സ്ഥാപിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്.' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 50. 20018) 
        
അപ്പോഴതാണ് കാര്യം. മലയാളത്തിലെ ഡിറ്റക്ടീവ് നോവലിനോടോ മലയാള ഭാഷയോടോ പ്രത്യേകിച്ച് വിരോധമെന്നും ആ ധീരസഖാവിനില്ല. പാര്‍ട്ടിസ്നേഹിയായ ഒരു മാര്‍ക്സിസ്റ്റിന്റെ അടവുനയം മാത്രമാണത്. ഡോ.കുഞ്ഞാമന്റെ വിശദീകരണം വായിച്ചപ്പോള്‍ ചിരകാലമായുള്ള എന്റെ മറ്റൊരു സംശയമാണ് നിശ്ശേഷം നീങ്ങിയത്. മലയാളം മാത്രമറിയാവുന്ന എന്റെ കുഗ്രാമത്തിലെ കര്‍ഷകരോട് ആ നാട്ടുകാരന്‍തന്നെയായ ചാക്കോ ഉപദേശി എന്തിനാണ് ഇംഗ്ലീഷില്‍ സുവിശേഷം പ്രസംഗിക്കുന്നതെന്ന ചോദ്യം എന്നെ കുട്ടിക്കാലം മുതലേ അലട്ടിയിരുന്നു. പത്താം ക്ലാസ് തോറ്റപ്പോള്‍ നാടുവിട്ടുപോയി വര്‍ഷങ്ങള്‍ക്കുശേഷം പാസ്റ്ററായി തിരിച്ചെത്തിയ ഞങ്ങളുടെ നാട്ടുകാരന്‍ തന്നെയായ അന്ത്രയോസ് ഉപദേശിയായിരുന്നു, ഞങ്ങള്‍ക്കായി അത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നത്. പാസ്റ്റര്‍മാരുടെ ഒരു പതിവ് രീതിയിതാണെന്നല്ലാതെ അതിന്റെ കാരണമെന്തന്ന് ഞങ്ങള്‍ ഗ്രാമീണര്‍ക്കറിയില്ലായിരുന്നു. വര്‍ഷങ്ങളായി കൊണ്ടുനടന്നിരുന്ന ആ സംശയത്തിന് കുഞ്ഞാമന്റെ അഭിമുഖം അറുതിവരുത്തി എന്ന് പറഞ്ഞാല്‍പ്പോരാ, പ്രകാശിനോടുള്ള ബഹുമാനം ഇരട്ടിക്കുകയും ചെയ്തു.
          
ഡോ. കുഞ്ഞാമന്റെ വ്യാഖ്യാനത്തോട് പക്ഷെ, എനിക്ക് തീര്‍ത്തും യോജിക്കുവാന്‍ കഴിയുന്നില്ലെന്ന് പറയാതെവയ്യ. വാസ്തവത്തില്‍, പാപികളും അജ്ഞരുമായ കുഞ്ഞാടുകളെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ആനയിക്കുവാന്‍ കണ്ഠക്ഷോഭംചെയ്യുന്ന സുവിശേഷപ്രസംഗകരായ പാസ്റ്റര്‍മാരെപ്പോലെ ഒരു സന്ധിയില്ലാസമരത്തിലേര്‍പ്പെട്ടിരിക്കുകയാണല്ലോ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രധാനിയായ പ്രകാശ് കാരാട്ടും. അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തെ സമത്വസുന്ദരമായ സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗത്തിലേക്ക് (അവിരാമം) നയിച്ചു കൊണ്ടേയിരിക്കുന്ന ധീരസഖാവ് പ്രകാശ് കാരാട്ട് മലയാളത്തിലാണോ സംസാരിക്കേണ്ടത്? അല്ലേയല്ല. കുഞ്ഞാടുകളെ നേര്‍വഴിക്ക് നയിക്കാനും ബൂര്‍ഷ്വാസിക്കുമേല്‍ വിജയംനേടാനും ആധിപത്യത്തിന്റെ ഭാഷയായ ഇംഗ്ലീഷ് തന്നെയാണ് എന്തുകൊണ്ടും നല്ലതെന്ന് അറിയാത്തവരല്ല പ്രകാശിനെ വിമര്‍ശിക്കുന്നത്. പറഞ്ഞുവന്നപ്പോള്‍ വിഷയത്തില്‍നിന്ന് വ്യതിചലിക്കുകയായിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യമാണല്ലോ നമ്മുടെ ചിന്താവിഷയം.
          
ബന്ധുവായ കാരാട്ട് അച്യുതമേനോനെയും മാതൃഭാഷയായ മലയാളത്തെയും മറന്നതുകൊണ്ടല്ല ധീരസഖാവ് അഭിമുഖത്തില്‍ അതേക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്നും മലയാളത്തില്‍ സംസാരിക്കാത്തതെന്നും നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നുമല്ല, കാരാട്ട് അച്യുതമേനോന്‍ എന്ന മലയാളി തുടക്കമിട്ട ആ സാഹിത്യശാഖയാണ് ഊണിലും ഉറക്കത്തിലും അദ്ദേഹത്തെ നയിക്കുന്നത്. അതുകൊണ്ടാണ് ബി.ജെ.പി ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ധീരസഖാവിന് ആസ്വാദ്യകരമായി കാണാന്‍ കഴിയുന്നത്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായി മാറിയ ഭരണകൂടമല്ല, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന ബോദ്ധ്യം ഉണ്ടാവുന്നത്. ഡിറ്റക്ടീവ് നോവലിന്റെ നല്ല വായനക്കാര്‍ക്ക് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഈ ഹിന്ദുത്വ ഫാസിസത്തെ ഒരു ക്രൈം ത്രില്ലറായി ആസ്വദിക്കുവാന്‍ കഴിയും. കാരാട്ട് അച്യുതമേനോന്റെ സാഹിത്യശാഖയോട് താല്‍പ്പര്യമുള്ള പ്രകാശ് കാരാട്ടിന്റെ സാഹിത്യാഭിരുചി ആര്‍ജ്ജിച്ചാല്‍ നിങ്ങള്‍ക്കും ഇപ്പോഴത്തെ സംഘപരിവാര ഭീകരതയെ പേടിയില്ലാതെ കാണാനാവും. മാര്‍ക്സിസം വായിച്ചുണ്ടായ ഈ ഫാസിസ്റ്റ് ഭീതിക്ക് ഡിറ്റക്ടീവ് സാഹിത്യം മാത്രമേ മറു മരുന്നുള്ളൂ എന്ന് ജനാധിപത്യവിശ്വാസികള്‍ മനസിലാക്കിയാല്‍ അവര്‍ക്കുതന്നെ നല്ലത്. മുന്നിലെ യാഥാര്‍ത്ഥ്യംകണ്ട് പേടിച്ചു മരിക്കുന്നതിലും നല്ലതല്ലേ ഡിറ്റക്ടീവ് നോവല്‍ വായിച്ച് പേടിച്ച് രസിക്കുന്നത്? 
നിങ്ങള്‍ന്നെ പറയിന്‍.