മൂന്നാറില്‍ തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരത്തെക്കുറിച്ച് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസാരിക്കുന്നു. മസ്‌കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ക്‌ളബ് കേരള വിഭാഗം ഓണാഘോഷപരിപാടികളുടെ  ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടൊപ്പം, എസ്.എന്‍.ഡി.പി വിവാദം, മധ്യവര്‍ഗത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം, ഫാസിസത്തെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെ കുറിച്ചും കാരാട്ട് സംസാരിക്കുന്നു. 

 

Prakash Karat
മസ്‌കറ്റില്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുന്ന പ്രകാശ് കാരാട്ട്

 

 

മൂന്നാറില്‍  സ്ത്രീ തൊഴിലാളികളുടെ മുന്‍കൈയില്‍ നടന്ന തൊഴിലാളി സമരം ശ്രദ്ധിച്ചു കാണുമല്ലോ. ട്രേഡ് യൂനിയനുകളെ ബഹിഷ്‌കരിച്ച് തൊഴിലാളികള്‍ ഒറ്റയ്ക്ക് ചൂഷണത്തെ പ്രതിരോധിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഇത് ട്രേഡ് യൂനിയനുകളുടെ പ്രതിസന്ധിയാണോ. ഇതിനെ എങ്ങിനെ കാണുന്നു?

 

മൂന്നാറില്‍ നടന്ന തൊഴില്‍സമരത്തിനു  സി.പി.എമ്മിന്റെ പിന്തുണയുണ്ട്. തൊഴിലാളികള്‍ ട്രേഡ് യൂനിയനുകളെ സമീപിച്ചില്ല എന്നത് വാസ്തവമാണ്. ട്രേഡ് യൂനിയനുകള്‍ മൂന്നാര്‍ സമരത്തില്‍  ഇടപെടലുകള്‍ നടത്തിയിട്ടില്ല. സി ഐ ടി യു അവിടെ പ്രധാന യൂനിയന്‍ അല്ല. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ നടക്കേണ്ട തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്ളിടത്ത്, തൊഴിലാളികള്‍ ട്രേഡ് യൂണിയനെ സമീപിച്ചില്ല എന്നത് ട്രേഡ് യൂണിയനുകളുടെ പാളിച്ച ആയി കണക്കാക്കാവുന്നതാണ്.

 

അതിനെ ട്രേഡ് യൂണിയന്റെ പരാജയം എന്നു തന്നെ പറയാമോ?

 

മൂന്നാറിലെ പ്രത്യേക സാഹചര്യത്തില്‍, അതെ. പക്ഷെ ട്രേഡ് യൂണിയന്‍ പരാജയമെന്ന് അതിനെ സാമാന്യവല്‍ക്കരിച്ച് പറയാനാവില്ല. കേരളത്തിലും ഇന്ത്യയിലുമായി ട്രേഡ് യൂണിയനുകള്‍ നയിക്കുന്ന ഒരുപാടു സമരങ്ങള്‍ ഉണ്ട്. 

 

വ്യക്തമായ നയങ്ങളും കാര്യപരിപാടികളും സംഘടിത നേതൃത്വവുമില്ലാത്ത പുതിയ രാഷ്ട്രീയം വേരുപിടിക്കുന്നത് എങ്ങിനെയാണ് കാണുന്നത്? ആം ആദ്മി പാര്‍ട്ടി മുതല്‍ മൂന്നാര്‍ സമരം വരെ പറയുന്നത് ഈ മാറ്റങ്ങളെ കുറിച്ചാണോ? 

 

മൂന്നാറിനെ സംബന്ധിച്ചിടത്തോളം തോട്ടം തൊഴിലാളികള്‍ സംഘടിതരാണ്. സാധാരണഗതിയില്‍ ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ ഒപ്പം നില്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം ശബ്ദമുയര്‍ത്തുകയുമാണ് വേണ്ടത്. അസംഘടിത മേഖലകളിലാണ് യഥാര്‍ത്ഥ തൊഴില്‍പ്രശ്‌നങ്ങള്‍ ഉള്ളത്. അതിന്റെ അര്‍ഥം ഇവര്‍ ബുദ്ധിമുട്ടുന്നില്ല എന്നല്ല. അസംഘടിത മേഖലയില്‍ നിരവധി തൊഴില്‍സമരങ്ങള്‍ അടുത്തിടെ നടന്നു. അപ്പോള്‍, ഈ രണ്ടുകാര്യങ്ങളും രണ്ടാണ്. മൂന്നാറിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നം അസംഘടിതമേഖലയിലെ പ്രശ്ങ്ങള്‍ പോലെയല്ല.

 

Munnar rebellion
മൂന്നാറില്‍ തൊഴിലാളി സ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരത്തില്‍നിന്ന്. ചിത്രം: പി.പി.രതീഷ്

 

 

ആം ആദ്മി മറ്റൊരു പ്രതിഭാസം ആണ്. അത് ദല്‍ഹിയിലെ പ്രത്യേക സാഹചര്യത്തില്‍ നിന്നുമുണ്ടായ ഒന്നാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി അഭിമുഖീകരിക്കുന്ന എല്ലാ മല്‍പ്പിടുത്തങ്ങളും അവര്‍ അനുഭവിക്കുന്നുണ്ട്. ആം ആദ്മിയുടെ റിസല്‍ട്ടിന്  നമുക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അവസ്ഥകള്‍ മാറി മറിയുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

 

കേരളത്തില്‍ ഈയിടെ നടന്ന സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ എങ്ങിനെയാണ് കാണുന്നത്? ഹിന്ദുത്വം മധ്യവര്‍ഗത്തെ മതത്തിലൂടെ പിടിമുറുക്കുന്നതിനെ എങ്ങിനെയാണ് പ്രതിരോധിക്കേണ്ടത്?

 

ശ്രീ നാരായണ ഗുരുവുമായി ബന്ധപ്പെട്ട ഘോഷയാത്ര ചിലയിടങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം, ഞാന്‍ അതില്‍ നേരിട്ട് ഇടപെട്ടിട്ടില്ല, അത് ഓണാഘോഷ പരിപാടിയുടെ സമാപനമായിരുന്നു. ബാലസംഘം സംഘടിപ്പിച്ച  കുട്ടികള്‍ക്കുള്ള ഒരു സമാന്തര പരിപാടിയായിരുന്നു അത്. പക്ഷേ, ചിലയിടങ്ങളില്‍ അത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

 

കേരളത്തില്‍ എസ്എന്‍ഡിപിയുടെ ബിജെപി ബാന്ധവം പോലുള്ള കാര്യങ്ങളെ എങ്ങനെയാണ് കാണുന്നത്? സിപിഎമ്മിന് ഏതുവിധത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുക?

 

ഗുരു മുന്നോട്ട് വച്ച ആശയങ്ങളെയും ദര്‍ശനങ്ങളെയും എസ്എന്‍ഡിപി ചതിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യസംഘടനകളുടെ യഥാര്‍ത്ഥ മാനുഷികാശയങ്ങളില്‍ നുഴഞ്ഞു കയറുകയാണ് ആര്‍എസ്എസ് പോലുള്ള  ഹിന്ദുത്വസംഘടനകള്‍ ചെയ്യുന്നത്. അവരുമായി സഖ്യം സ്ഥാപിക്കുന്നതിലൂടെ യഥാര്‍ത്ഥ ആദര്‍ശങ്ങളുടെ വിരുദ്ധ ചേരിയിലാവുകയാണ് എസ്എന്‍ഡിപി. ഗുരുദര്‍ശനങ്ങളുടെ യഥാര്‍ത്ഥ അനുയായികള്‍ ഇത് തള്ളിക്കളയുക തന്നെ ചെയ്യും. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ യഥാര്‍ത്ഥ സന്ദേശം വളച്ചൊടിക്കുന്ന ഇത്തരം ട്രെന്‍ഡുകള്‍ ആളുകള്‍ തിരിച്ചറിയും. സിപിഎം ആശയപരമായാണ് ഇത്തരം കാര്യങ്ങളെ നേരിടുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം മതേതര ജനാധിപത്യശക്തികള്‍ പ്രബലമാണ്

 

മധ്യവര്‍ഗത്തിന്റെ അരാഷ്ട്രീയ വല്‍കരണം മൂര്‍ദ്ധന്യത്തിലെത്തിയ സാഹചര്യത്തില്‍, ഒരു തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയപാര്‍ട്ടിക്ക് എങ്ങനെയൊക്കെയാണ് അത്തരം വെല്ലുവിളികളെ അതിജീവിക്കാനാവുക?

 

നവ ലിബറലിസവും ആഗോളീകരണവും സമൂഹത്തില്‍ പ്രത്യേകിച്ചും മധ്യ വര്‍ഗത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടിയ്ക്ക് ബോധ്യമുണ്ട്. ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടിപ്ലീനത്തില്‍ മധ്യവര്‍ഗ്ഗത്തിലും പുതുതലമുറയിലും പാര്‍ട്ടി നടത്തേണ്ടുന്ന സമീപന രീതികളെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളെ പാര്‍ട്ടി ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. 

 

രാജ്യം ഫാസിസത്തിന്റെ നിഴലിലാണെന്ന് കരുതുന്നുണ്ടോ? ഇന്ത്യപോലെ വ്യത്യസ്തതകളുള്ള ഒരു രാജ്യത്ത് സമഗ്രാധിപത്യത്തിന് നിലനില്‍ക്കുക എളുപ്പമാണോ?

 

അതിനെ ഫാസിസം എന്നല്ല സമഗ്രാധിപത്യത്തിന്റെ അപകടാവസ്ഥ എന്നാണു വിളിക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥയില്‍ ഊന്നി നില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം സ്വേഛാധിപത്യ നടപടികള്‍ അപകടകരം തന്നെ ആണ്. ഇത് ഡെമോക്രാറ്റിക് രാജ്യമാണ്. ഇവിടെ ഏതു തരം ഭക്ഷണം കഴിക്കണം എന്നതും ഏതുതരം വസ്ത്രം ധരിക്കണം എന്നതും നിയന്ത്രിക്കപ്പെടുന്നത് അംഗീകരിക്കാന്‍ പറ്റില്ല. 

 

Kalburgi
പ്രൊഫ. കല്‍ബുര്‍ഗി

 

 

കര്‍ണാടകയിലെ പ്രൊഫ. കല്‍ബുര്‍ഗിയുടെ വധം പോലുള്ള പ്രശ്‌നങ്ങളെ എങ്ങിനെയാണ് കാണുന്നത്? എതിര്‍സ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന രാജ്യത്ത് സിപിഎം പോലുള്ള സംഘടനകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന റോള്‍ എന്തൊക്കെയാണ്?

 

പ്രൊഫ. കല്‍ബുര്‍ഗിയുടെ കൊലപാതകം മഹാരാഷ്ട്രയിലെ നരേന്ദ്ര ദാബോല്‍ക്കാര്‍, ഗോവിന്ദ പന്‍സാരെ എന്നിവരുടെ കൊലപാതങ്ങളുടെ അതേ  ശ്രേണിയിലാണ്. മൂന്നുദിവസം മുമ്പാണ് പന്‍സാരെയുടെ കൊലപാതകത്തിലെ ഒരു കണ്ണിയെ അറസ്റ്റ് ചെയ്തത്. സനാതന്‍ സംസ്ഥ എന്ന സംഘടനയിലെ മുഴുസമയ പ്രവര്‍ത്തകനാണ് അയാള്‍. ആ സംഘടന ആര്‍എസ്എസിനെക്കാള്‍ അപകടകാരിയാണ്. തികച്ചും നിര്‍ഭാഗ്യകരമാണ് ഇത്.

 

പെരുമാള്‍ മുരുഗനെ പോലെ ഒരാള്‍ക്ക് എഴുത്ത് നിര്‍ത്തി മറ്റൊരിടത്തെക്ക് നീങ്ങേണ്ടി വന്നു എന്നതും നിര്‍ഭാഗ്യകരമാണ്. പെരുമാള്‍ മുരുഗന്‍ കാസ്റ്റ് ഷോവനിസത്തിന്റെ ഇരയാണ്. എഴുത്തിലേക്ക് അദ്ദേഹം തിരിച്ച് വരുമെന്ന് തന്നെ പ്രത്യാശിക്കാം. പ്രൊഫസര്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ട കര്‍ണ്ണാടകയിലെ ദാര്‍വാദില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സിപിഎം മുന്‍നിരയിലുണ്ടായിരുന്നു. എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും എതിരായി സിപിഎം തീര്‍ച്ചയായും ഉണ്ടാകും.