ന്റെ ‘മുതിർന്ന സഹോദരൻ’ ജ്യോതിരാദിത്യ സിന്ധ്യ ഒരുവർഷംമുമ്പു ചെയ്തതുപോലെ, ജിതിൻ പ്രസാദയും ബി.ജെ.പി.യിലേക്ക് ചേക്കേറിയ സംഭവം വല്ലാതെ ഞെട്ടിക്കുന്നു. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് ഞാനിത് പറയുന്നത്.

ഇരുവരും എന്റെ സുഹൃത്തുക്കളായിരുന്നു. അവരെന്റെ വീട്ടിലേക്കുവരുകയും ഞാനവരുടെ വീട്ടിലേക്കുപോകുകയും ചെയ്തിട്ടുണ്ട്. ജിതിന്റെ വിവാഹത്തിലും ഞാൻ പങ്കെടുത്തിരുന്നു. ഇത് വ്യക്തികളെയോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയോ കുറിച്ചല്ല. അവരുടെ ചെയ്തികളിൽ എനിക്കുള്ള നിരാശ ഇതിനൊക്കെ ഉപരിയായ ഒന്നിൽ അധിഷ്ഠിതമായതാണ്. ഭാരതീയ ജനതാപാർട്ടിക്കും അവരുടെ സാമുദായിക വർഗീയത ഇന്ത്യയിലുയർത്തുന്ന ഭീഷണികൾക്കുമെതിരേ ഉച്ചത്തിൽ ശബ്ദമുയർത്തിയിരുന്ന രണ്ടുവ്യക്തികളായിരുന്നു സിന്ധ്യയും പ്രസാദയും.

എന്നാൽ ഇന്ന്, ഒരിക്കൽ തങ്ങൾ തള്ളിപ്പറഞ്ഞിരുന്ന അതേപാർട്ടിയുടെ മികച്ച കളിക്കാരായി ഇരുവരും ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇവിടെയുയരുന്ന പ്രധാനപ്പെട്ട ചോദ്യം, യഥാർഥത്തിൽ അവരെന്തിനുവേണ്ടിയാണ് നിലകൊണ്ടത് എന്നാണ്. അവരുടെ രാഷ്ട്രീയത്തിന് ജീവനേകിയ വിശ്വാസവും മൂല്യങ്ങളുമെന്തായിരുന്നു? അതോ, സ്വയം ഉന്നമനത്തിനും അധികാരത്തിനും വേണ്ടി മാത്രമുള്ളതായിരുന്നോ അവർക്ക് രാഷ്ട്രീയം?  ഒരു ധാർമികതയുമില്ലാത്ത വെറുമൊരു കരിയർമാത്രമായി രാഷ്ട്രീയം മാറിയോ?

രാഷ്ട്രീയം ആശയാധിഷ്ഠിതമായിരിക്കണം

എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ആശയാധിഷ്ഠിതമായിരിക്കണം. അല്ലാത്തപക്ഷം അതൊന്നുമല്ല. ധാർമികതയോ ദൃഢതയോ ഇല്ലാത്ത ഒരു കരിയറിലാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ഒരു ബാങ്കുദ്യോഗസ്ഥനായോ അഭിഭാഷകനായോ അക്കൗണ്ടന്റായോ നിങ്ങൾക്ക് പണമുണ്ടാക്കാം. ഒരു ചീഫ് എക്സിക്യുട്ടീവായി നിങ്ങൾക്ക് അധികാരം ​കൈയ്യാളാം.

അലക്കുപൊടിയുണ്ടാക്കുന്ന ഒരു കമ്പനിയുടെ മാനേജരുടെ പ്രത്യയശാസ്ത്രത്തെപ്പറ്റി ആരും ചോദിക്കാൻ പോകാറില്ലല്ലോ, ഉത്പന്നം നന്നായിരിക്കുന്നിടത്തോളം കാലം. എന്നാൽ, രാഷ്ട്രീയമങ്ങനെയല്ല. അത് വ്യത്യസ്തമാണ്. മെച്ചപ്പെട്ട ഒരുസമൂഹത്തിനായി ഓരോ ആശയങ്ങൾ കെട്ടിപ്പടുക്കുകയും അത് സാധ്യമാക്കാനായി സ്വയം സമർപ്പിക്കുകയും ചെയ്യുന്നവരാണ് രാഷ്ട്രീയപ്പാർട്ടികൾ. ആ സമൂഹത്തെ എങ്ങനെ കെട്ടിപ്പടുക്കണം, ആ ലക്ഷ്യം എങ്ങനെ നേടണം, അതിലേക്കുള്ള വഴി തുടങ്ങിയവയെക്കുറിച്ചുള്ള ഒരുകൂട്ടം വിശ്വാസങ്ങളാണ് അവരെ നയിക്കുന്നത്‌. അതാണ് അവരുടെ പ്രത്യയശാസ്ത്രം. ഒരിക്കൽ നിങ്ങൾ രാഷ്ട്രീയത്തിലിറങ്ങിക്കഴിഞ്ഞാൽ, ഒരു ബിരുദധാരി മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്യുന്ന കമ്പനിയെ തിരഞ്ഞെടുക്കുന്നതുപോലെ നിങ്ങൾക്ക് ഓരോരോ പാർട്ടികളെ തിരഞ്ഞെടുക്കാനാവില്ല. നിങ്ങളുടെ ദൃഢവിശ്വാസത്തിനനുസരിച്ചുള്ളതാണ് നിങ്ങൾ തിരഞ്ഞെടുക്കുക.

പാർട്ടിയെന്നാൽ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കായി പണിതുയർത്തപ്പെട്ട സ്ഥാപനവത്കൃതമായ ചട്ടക്കൂടല്ല, മറിച്ച് രാഷ്ട്രീയജീവിതമാർഗത്തിൽ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ള തത്ത്വങ്ങളുടെയും വിശ്വാസങ്ങളുടെയും ആശയങ്ങളുടെയും ഒരുകൂട്ടം കൂടിയാണ്.

ടീമിനെ ഉപേക്ഷിക്കുമ്പോൾ

ഒരുവർഷം ഒരാൾക്കും അടുത്തവർഷം മറ്റൊരാൾക്കും വേണ്ടി കളിക്കുന്ന ഐ.പി.എൽ. പോലെയാകരുത് രാഷ്ട്രീയം. ലേബൽ, ജേഴ്‌സി, സഹകളിക്കാർ എന്നിവയല്ലാതെ ഐ.പി.എലിൽ തിരഞ്ഞെടുക്കാൻ മറ്റൊന്നുമില്ല. എന്നാൽ,  രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ തത്ത്വപരവും വിശ്വാസപരവുമായ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഒന്നുകിൽ നിങ്ങൾ പൊതുമേഖലയിലേക്ക് അതിക്രമിച്ചുകയറുന്നവരെ വിശ്വസിക്കുന്നു. അല്ലെങ്കിൽ സ്വതന്ത്രമായ നടത്തിപ്പിൽ. ഒന്നുകിൽ നിങ്ങൾ സമഗ്രമായ, ഏവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിൽ വിശ്വസിക്കുന്നു. അല്ലെങ്കിൽ വർഗീയമായി വിഭജിക്കപ്പെട്ട സമൂഹത്തിൽ. പാർശ്വവത്കരിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ നിങ്ങളാഗ്രഹിക്കുന്നു, അല്ലെങ്കിൽ ആളുകളെ സ്വയംപ്രതിരോധത്തിനായിമാത്രം ചേർത്തുനിർത്തുന്നവരാകാം. ഒരു വിശ്വാസസംഹിത അതിന്റെ വിപരീതസംഹിതയെ തടയാൻ ശ്രമിച്ചുകൊണ്ടിരിക്കും.

ഐ.പി.എലിൽ നിങ്ങളുടെ ടീം വേണ്ടത്ര മുന്നേറുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലോ അല്ലെങ്കിൽ നിങ്ങളാഗ്രഹിച്ച ബാറ്റിങ് പൊസിഷൻ മാനേജ്‌മെന്റ് അനുവദിച്ചുതന്നില്ലെങ്കിലോ ഒക്കെ മറ്റൊരു ടീമിലേക്ക് ചേക്കേറാം. ആരുമതിനെ പഴിക്കില്ല. മെച്ചപ്പെട്ട അവസരമുള്ള, കിരീടം നേടാൻ സാധ്യതയുള്ള, കൂടുതൽ വരുമാനം കിട്ടുന്നയിടം തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ‚ രാഷ്ട്രീയത്തിൽ, നിങ്ങൾ തിരഞ്ഞെടുക്കേണ്ട മാർഗമിതല്ല. 

അതെന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് ആ തത്ത്വത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് നിങ്ങളാ ‘ടീമി’ലുള്ളത്. നിങ്ങളുടെ ടീം എത്ര മോശം സ്ഥിതിയിലാണെന്ന് കരുതിയാലും അതെപ്പോഴും നിങ്ങളുടെ ടീമായിരിക്കും; നിങ്ങളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്. അതിന്റെ ക്യാപ്‌റ്റൻ നിങ്ങളെ എത്ര മോശം രീതിയിൽ കൈകാര്യം ചെയ്തുവെന്നുപറഞ്ഞാലും ആശയങ്ങൾ നിങ്ങളുടെ രാഷ്ട്രീയത്തിൽ അന്തർലീനമാണെന്ന കാരണത്താൽ നിങ്ങളുടേതിനു നേർവിപരീതമായ ആശയങ്ങൾ പുലർത്തുന്ന മറ്റൊരു ക്യാപ്റ്റനോടു നിങ്ങൾക്ക് കൂറ്‌്‌ പ്രഖ്യാപിക്കാനാവില്ല.

കൂടുമാറ്റത്തിലെ നൈതികത

പാർട്ടിയെന്നാൽ തീർച്ചയായും നിങ്ങളുടെ തത്ത്വങ്ങൾക്കുവേണ്ടിയുള്ള വിശുദ്ധഗേഹമല്ല. ചുമതലകളുള്ള ആളുകളുള്ള, അവരുടെ എല്ലാത്തരം പക്ഷപാതങ്ങളും കുറവുകളും ബലഹീനതകളുമുള്ള, രക്തവും മാംസവുമുള്ള ഒരു സംഘടനാസംവിധാനംകൂടിയാണ്. നിങ്ങൾ വിലമതിക്കുന്ന ആശയങ്ങൾ പാർട്ടിക്കുണ്ടാകാം. എന്നാൽ, അത് വോട്ടർമാരിലേക്കെത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടിട്ടുണ്ടാകും. അല്ലെങ്കിൽ നല്ല ആശയങ്ങൾ ഒരിക്കലും തിരഞ്ഞെടുപ്പിൽ നല്ല ഫലമുണ്ടാക്കില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടാക്കുന്നവണ്ണം കാര്യക്ഷമമല്ലാത്ത രീതിയിലാകാം അതിന്റെ പോക്ക്.

ഇക്കാരണങ്ങളെല്ലാംകൊണ്ട് പാർട്ടി വിട്ടുപോകാൻ പലപ്പോഴും നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ, നിങ്ങൾ നിങ്ങളെയും ഭൂതകാലത്തിൽ നിലകൊണ്ടിട്ടുള്ള സകലതിനെയും ബഹുമാനിക്കുന്നുണ്ടെങ്കിൽ സമാന നിലപാടുള്ള പാർട്ടിയിലേക്കുപോകുകയോ അല്ലെങ്കിൽ ആശയങ്ങളോടു യോജിച്ച നിലപാടുള്ള സ്വന്തം പാർട്ടി രൂപവത്‌കരിക്കുകയോ ആണ് ചെയ്യേണ്ടത്. ആശയപരമായി എതിർഭാഗത്തുള്ള പാർട്ടിയിലേക്ക് നിങ്ങൾക്കൊരിക്കലും കൂടുമാറാനാവില്ല.

മുൻകാലങ്ങളിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ബഹുഭൂരിപക്ഷം ആളുകളുടെയും ചിന്താഗതി ഇങ്ങനെയായിരുന്നു. അവർ അവരുടെ പാർട്ടി വിട്ടു, പിളരുകയോ ലയിക്കുകയോ ചെയ്തു. അല്ലെങ്കിൽ സ്വന്തം പാർട്ടി തന്നെയുണ്ടാക്കി. എന്നാൽ, സ്വന്തം വിശ്വാസത്തെ ഒരിക്കലും വിട്ടുകളഞ്ഞില്ല.

കരിയർ അധിഷ്ഠിത രാഷ്ട്രീയം

എന്നാൽ, ഈ അടുത്തവർഷങ്ങളിലായി കരിയറധിഷ്ഠിത രാഷ്ട്രീയക്കാരുടെ വരവാണ് നാം കാണുന്നത്. ഒരു ലക്ഷ്യമെന്ന നിലയിലല്ലാതെ,  പ്രൊഫഷനായിക്കണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ചിലർ. സ്വന്തം ഉന്നമനമെന്ന ലക്ഷ്യമല്ലാതെ ആശയങ്ങളോ താത്പര്യങ്ങളോ അവർക്ക് അപ്രധാനമാണ്. ഏതുകാരണത്താലുമായിക്കോട്ടെ തങ്ങൾ ചേർന്ന പാർട്ടി നല്ലസ്ഥിതിയിൽ അല്ലായെങ്കിൽ, അതിനെ വിജയത്തിലെത്തിക്കാനുള്ള സുദീർഘവും ബുദ്ധിമുട്ടേറിയതുമായ പോരാട്ടത്തിന് അയാൾ തയ്യാറല്ലെങ്കിൽ, അതിനർഥം എന്തിലാണ് താൻ വിശ്വസിക്കുന്നത് എന്നതല്ല അദ്ദേഹത്തിന്റെ പ്രാഥമികപരിഗണന. മറിച്ച്, ഇതിൽനിന്ന് എന്താണ് എനിക്കുള്ളത് എന്നാണ്. രാഷ്ട്രീയം, പരാജയം, പുനരുജ്ജീവനം, പരിവർത്തനം എന്നീ പ്രക്രിയകളിലും അദ്ദേഹം അക്ഷമനായിരിക്കും. പ്രോത്സാഹിപ്പിക്കാനോ പ്രതിരോധിക്കാനോ ഉള്ള മൂല്യങ്ങളാലും തത്ത്വങ്ങളാലും പ്രചോദിതനാകാത്ത, രാഷ്ട്രീയ കരിയറിസ്റ്റെന്ന നിലയിൽ അടുത്ത സ്ഥാനക്കയറ്റത്തിൽ മാത്രമായിരിക്കും അയാളുടെ ശ്രദ്ധ. അതിപ്പോൾത്തന്നെ വേണമെന്നായിരിക്കും അദ്ദേഹത്തിന്, ഭാവിക്കായി കാത്തിരിക്കാൻ അവർ ഒരുക്കമേയല്ല.

അടുത്ത തിരഞ്ഞെടുപ്പിനപ്പുറം എന്തെന്ന് ചിന്തിക്കാനുള്ള ജന്മസിദ്ധമായ കഴിവ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാർക്കില്ല. എവിടെയാണോ നിൽക്കുന്നത് അവിടെയവർക്ക് പ്രതീക്ഷകൾ കാണാൻ കഴിയുന്നില്ലെങ്കിൽ മറ്റെവിടേക്കെങ്കിലും മാറുന്നതിൽ അവർക്കൊരു കുറ്റബോധവും തോന്നില്ല; അതൊരു വിജയപക്ഷമായിരിക്കുന്നിടത്തോളം.

ഇതല്ല ശരിയായ രാഷ്ട്രീയം

കേരളത്തിലെ രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ വ്യത്യസ്തരാണ്. ദൃഢവിശ്വാസത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയതാണവരെല്ലാം. പ്രത്യയശാസ്ത്രപരമായ വൈരുധ്യം പുലർത്തുന്നവർക്കിടയിൽ ചാടിക്കളിക്കുന്നവരെ വളരെ അപൂർവമായേ നിങ്ങൾക്കു കാണാനാകൂ. ഒരു കരുണാകരൻ കോൺഗ്രസ് വിട്ടാൽ, അദ്ദേഹം അതിന്റെ മറ്റൊരു രൂപമുണ്ടാക്കും. ഒരു ചാക്കോ കോൺഗ്രസ് വിട്ടാൽ അദ്ദേഹം സമാന നിലപാടുള്ള എൻ.സി.പി.യിലേക്കു പോകും. അവരൊരിക്കലും സി.പി.എമ്മിലോ ബി.ജെ.പി.യിലോ ചേരില്ല. ഈ യുവാക്കളായ കരിയറിസ്റ്റുകൾ ഒരു തദ്ദേശപാർട്ടിയിലേക്കാണു പോയിരുന്നതെങ്കിൽ അതിനെക്കുറിച്ച് ഇത്രത്തോളം ചിന്തിക്കില്ലായിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ നിലകൊള്ളുന്നതെന്തിനുവേണ്ടിയെന്ന് പറഞ്ഞുവോ അതിന്റെയെല്ലാ ശത്രുവായ ഒരിടത്തേക്കാണവർ ചേക്കേറിയത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനോദ്ദേശ്യത്തെ നിരാകരിക്കുന്നതാണത്.

നിങ്ങൾ ഇപ്പോൾ പറയുന്നതിനു വിപരീതമായി പണ്ടുപറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള പഴയ വീഡിയോകളും പത്രറിപ്പോർട്ടുകളും കാണുമ്പോൾ നിങ്ങൾക്ക് നാണക്കേട്‌ തോന്നാറുണ്ടോയെന്ന് ആരെങ്കിലും ഈ രാഷ്ട്രീയക്കാരോടു ചോദിച്ചേക്കും. അതോ ഇപ്പോഴുള്ളതുപോലെ, നിങ്ങൾ മാറ്റിവെച്ച ബോധ്യങ്ങളെക്കുറിച്ചു പശ്ചാത്താപമില്ലാതെ, മതിപ്പുളവാക്കുംവിധം സംസാരിച്ചുവെന്ന് സ്വയം അഭിനന്ദിക്കുമോ?. ജിതിൻ പ്രസാദയെ ബി.ജെ.പി.യിൽ ചേരാൻ പ്രേരിപ്പിച്ചതെന്ത് എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് മാധ്യമങ്ങൾ നിറയെ. എന്നാൽ, എന്റെ ചോദ്യം വ്യത്യസ്തമാണ്. രാഷ്ട്രീയം എന്തിനുവേണ്ടിയാണ്? എനിക്കു ഭയമുണ്ട്. ഇതല്ല ശരിയായ രാഷ്ട്രീയം.