ഏറ്റവും നീതിയുക്തവും ധാർമികവും ജനാധിപത്യപരവുമായ വീക്ഷണവും  ലോകബോധവും ഉണ്ടായിരുന്ന രാഷ്ട്രനേതാക്കൾപോലും ഭാവിചരിത്രത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും എബ്രഹാം ലിങ്കന്റെയും റൂസ്‌വെൽറ്റിന്റെയും മണ്ടേലയുടെയുമൊക്കെ സമാനതകളില്ലാത്ത പ്രശസ്തിയുടെ നിഴലിലും അവരുടെ നയസമീപനങ്ങൾക്കുനേരെയുള്ള ചൂണ്ടുവിരൽപ്പാടുകൾ കാണാൻകഴിയും. പക്ഷേ, എല്ലാ അപൂർണതകൾക്കുമപ്പുറം, ചരിത്രത്തിന്റെ വിനാശകരമായ വേലിയേറ്റങ്ങളെ അസാധാരണമായ ഇച്ഛാശക്തിയോടെ പിടിച്ചുനിർത്തിക്കൊണ്ട്‌  വരുംതലമുറകൾക്ക് അളവറ്റ സ്വപ്നവും പ്രതീക്ഷയുംനൽകി എന്നിടത്താണ് ഈ ശ്രേണിയിലുള്ള നേതാക്കളുടെ കാലാതിവർത്തിയായ പ്രസക്തി. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുകളയാനും നേർപ്പിക്കാനുമുള്ള ഏതൊരു ശ്രമവും അങ്ങേയറ്റം പരിഹാസ്യവും ചരിത്രനിഷേധവും റിപ്പബ്ലിക്കിന്റെ അടിസ്ഥാനമൂല്യങ്ങളോടുള്ള ആദരവില്ലായ്മയുമാണ്. 

മനപ്പൂർവമുള്ള  മറയിടൽ

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന കേന്ദ്രസർക്കാർ സ്ഥാപനം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററിൽനിന്ന് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹ്രുവിന്റെയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും ശക്തനായ വക്താവും ദേശീയപ്രസ്ഥാനത്തിന്റെ സാരഥിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുൾകലാം ആസാദിന്റെയും ചിത്രം ഒഴിവാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. സ്വാതന്ത്ര്യം എന്ന വാക്കും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ജനാധിപത്യചരിത്രവും ഓർമിക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം കടന്നുവരേണ്ട ചിത്രങ്ങളിൽ ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും നേതാജിയും ഉറപ്പായുമുണ്ടാകും. അപ്പോൾ നെഹ്രുവിനെയും ആസാദിനെയും ഒഴിവാക്കിക്കൊണ്ട് ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം’ കൊണ്ടാടുന്നത് നിഷ്കളങ്കമെന്ന് സമ്മതിക്കാൻ ഒരുതരത്തിലും പറ്റില്ല. ചരിത്രകാരന്മാരുടെ ‘പ്രഗല്ഭമായ നിര’തന്നെ നയിക്കുന്ന ഐ.സി.എച്ച്.ആർ.പോലുള്ള ഒരു സ്ഥാപനത്തിൽ ഒരു ചർച്ചയും എഡിറ്റിങ്ങുമില്ലാതെ ഒരു വൻപരിപാടിയുടെ പോസ്റ്റർ പുറത്തിറങ്ങില്ല എന്നുറപ്പാണ്. 

മാത്രമല്ല, ഇക്കഴിഞ്ഞ മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി വാർത്താവിതരണ പ്രക്ഷേപണവകുപ്പ് ഇന്ത്യയിൽ പലേടത്തും ചിത്രപ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നു. ആ ലിസ്റ്റിലുമുണ്ടായിരുന്നത് ഗാന്ധിജിയും പട്ടേലും സുഭാഷ്ചന്ദ്രബോസും മാത്രമായിരുന്നു. നെഹ്രുവും ആസാദുംമാത്രം ഒഴിവാക്കപ്പെട്ടു. അതുകൊണ്ടുതന്നെ തങ്ങൾക്ക്‌ അനഭിമതരായ നേതാക്കളെ ഇന്ത്യൻജനതയുടെ  പൊതുഭാവനയിൽനിന്ന്‌ മായ്ച്ചുകളയാനുള്ള സംഘടിതമായ രാഷ്ട്രീയാജൻഡയുടെ ഭാഗമാണിതെന്ന് ചരിത്രമറിയാവുന്ന ഏതൊരാൾക്കും പറയാൻപറ്റും.

അസത്യചരിത്രം എഴുതാൻ ശ്രമിക്കുന്നവർ

നെഹ്രുവിന്റെ ഓർമകൾ തമസ്കരിക്കാനും അദ്ദേഹത്തിന് വില്ലൻവേഷം നൽകാനുമുള്ള ശ്രമങ്ങൾ 2014 മുതൽ തുടങ്ങിയതാണ്.  ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണമായി പ്രധാനമന്ത്രിയും സംഘപരിവാർനേതാക്കളും നെഹ്രുവിനെ പ്രതിഷ്ഠിച്ചു. പട്ടേലിനെയും നെഹ്രുവിനെയും ‘നായകനും പ്രതിനായകനു’മായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വസ്തുതാവിരുദ്ധമായ സമാന്തരചരിത്രം ശൂന്യതയിൽനിന്ന്‌ സൃഷ്ടിക്കാനാണ് എല്ലാ തിരഞ്ഞെടുപ്പുവേളയിലും അവർ ശ്രമിച്ചത്. രാജസ്ഥാനിലെ മുൻ ബി.ജെ.പി. സർക്കാർ ആറാംക്ലാസിലെയും ഒൻപതാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽനിന്ന്‌ നെഹ്രുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ എടുത്തുകളഞ്ഞു. മാത്രമല്ല, 2017-ൽ ക്വിറ്റിന്ത്യാസമരത്തിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടെയും എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നാഷണൽ ആർക്കൈവ്‌സ് മുൻകൈയെടുത്തുകൊണ്ട് നടത്തിയ പ്രദർശനത്തിൽനിന്ന്‌  നെഹ്രുവിനെമാത്രം സമർഥമായി ഒഴിവാക്കിയിരുന്നു.

ഇതിനെക്കാൾ ഗുരുതരമായ ഒന്നാണ് നെഹ്രു മെമ്മോറിയൽ മ്യൂസിയം ലൈബ്രറിയുടെ സമ്പന്നവും അക്കാദമികവുമായ പൈതൃകത്തോട് കാണിച്ചത്. നെഹ്രുവിന്റെ ഓർമകളുടെയും ചിന്തകളുടെയും ഏറ്റവും മൂല്യവത്തായ സ്മാരകമാണ് നെഹ്രു മെമ്മോറിയൽ. ആ സ്മാരകത്തിന്റെ അനന്യതയെ മോദിസർക്കാർ തകർത്തത്, സംഘപരിവാർ അനുകൂലികളായ വലതുപക്ഷചിന്തകരെമാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചുകൊണ്ടാണ്. 

2016-ൽ, വർത്തമാനഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ സാമൂഹികനിരീക്ഷകരിലൊരാളായ പ്രതാപ് ബാനുമേത്ത, നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന്‌ രാജിവെച്ചിരുന്നു. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വാജ്‌പേയിയുടെ സെക്രട്ടറിയും സംഘപരിവാർ അനുഭാവിയുമായിരുന്ന ശക്തി സിൻഹയെ മ്യുസിയം ഡയറക്ടറാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. മാത്രമല്ല, ആ സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുൻപുവരെ  ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള ഇന്ത്യാ ഫൗണ്ടേഷൻ എന്ന സംഘപരിവാർ ‘തിങ്ക്ടാങ്കി’ന്റെ ഡയറക്ടറായിരുന്നു ശക്തി സിൻഹ. നെഹ്രുവിയൻ ചിന്തയുടെയും ലിബറൽ ബൗദ്ധികപാരമ്പര്യത്തിന്റെയും  നേർവിപരീതമായ ആശയങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾതന്നെ നെഹ്രുവിന്റെ ഏറ്റവും ഉദാത്തമായ സ്മാരകത്തെ പ്രതിനിധീകരിക്കുന്നത് നൈതികമല്ലെന്നും അത് നെഹ്രുവിയൻ ചിന്തയെ തമസ്കരിക്കാനുള്ള കൃത്യമായ അജൻഡയാണെന്നും പ്രതാപ്ബാനു മേത്ത അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 

ആസാദിനെയും മായ്ക്കാൻ ശ്രമം

നെഹ്രുവിനെപ്പോലെ തമസ്കരിക്കപ്പെട്ട മറ്റൊരു ദേശീയനേതാവ് മൗലാന ആസാദാണ്. ഹിന്ദുരാഷ്ട്രത്തിന്റെ ശക്തനായ വക്താവായിരുന്ന സവർക്കർ ഐ.സി.എച്ച്.ആറിന്റെ ആദ്യപോസ്റ്ററിൽ സ്ഥാനംപിടിച്ചപ്പോൾ, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും മുൻനിരപ്പോരാളിയായിരുന്ന ആസാദ് തഴയപ്പെട്ടു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ആസാദിന്റെ ജന്മദിനമായ നവംബർ 11,  ദേശീയ വിദ്യാഭ്യാസദിനമായി 2008 മുതൽ ആഘോഷിച്ചുവരുകയാണ്. ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന്‌ ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അതുപോലെ മറ്റെല്ലാ ജനവിഭാഗങ്ങളും ഒരുപോലെ അവകാശികളാണെന്നും ‘അപരത്വം’ ഒരു മിത്താണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച നേതാവായിരുന്നു ആസാദ്. വിഭജനകാലത്ത്, ഡൽഹിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽനിന്നുകൊണ്ട് ഇന്ത്യൻ മുസ്‌ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യം’ എന്ന് വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്ന ആസാദ്, നെഹ്രുവിനും പട്ടേലിനുമൊപ്പം തോളോടുതോൾ ചേർന്നുകൊണ്ടാണ് ആധുനിക മതേതര-ജനാധിപത്യ ഇന്ത്യയെന്ന സ്വപ്നത്തിന് വിത്തുപാകിയത്.           

മായാത്ത  ബിംബങ്ങൾ

എത്ര തിരസ്കരിക്കാനും മായ്ക്കാനും ശ്രമിച്ചാലും ഇല്ലാതാകുന്ന ഒന്നല്ല ഇന്ത്യൻ മനസ്സിൽ നെഹ്രുവിന്റെയും ആസാദിന്റെയും സ്ഥാനം. ചരിത്രപുസ്തകങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനായകവത്‌കരണത്തെയും നിരന്തരമായ തമസ്കരണത്തെയും അതിലംഘിച്ചുനിൽക്കുന്ന സവിശേഷമായ വ്യക്തിത്വം അവർക്കുണ്ട്. നെഹ്രുവിനും ആസാദിനും ധാരാളം തെറ്റുകൾ പറ്റിയിട്ടുണ്ട്. അവരുടെ നയങ്ങളിൽ അപഭ്രംശങ്ങളും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വിമർശനത്തിനും വിശകലനത്തിനും വീണ്ടുവിചാരത്തിനും അപാരസാധ്യതകൾ നൽകുന്ന പൈതൃകമാണ് അവർ ബാക്കിയാക്കിയത്. എങ്കിലും നെഹ്രുവിന്റെയും ആസാദിന്റെയും ചരിത്രത്തെപ്പോലും ഭയക്കുന്നവർ ഓർമിക്കേണ്ട ഒന്നുണ്ട്: വിജയങ്ങൾക്കും പരാജയങ്ങൾക്കുമപ്പുറം, വ്യക്തിഗതനന്മകൾക്കും തിന്മകൾക്കുമപ്പുറം ഇന്ത്യയെന്ന സങ്കീർണമായ റിപ്പബ്ലിക്കിന് രൂപവും ഭാവവും മിഴിവും പകരാൻ എല്ലാ പരിമിതികൾക്കിടയിലും നെഹ്രുവും ആസാദും പട്ടേലുമൊക്കെ അടങ്ങുന്ന നേതാക്കൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ഇവരുടെ ഓർമകളെ തുടച്ചുകളയാൻ എത്ര ശ്രമിച്ചാലും ഒരു ദേശത്തിന്റെ മുഴുവൻ ഹൃദയമിടിപ്പായി, ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളുടെ നിറവായി ഈ പേരുകൾ എക്കാലത്തും നിലനിൽക്കും.    
(അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ലേബർ റിസർച്ച് കൺസൾട്ടന്റാണ് ലേഖിക)